Editors Desk

അസം തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരെ നാം മറന്നുകൂട

മറ്റേതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും അതിവേഗമാണ് കോവിഡ് പടര്‍ന്നു പിടിക്കുന്നത്. അതിനെ നേരിടാനുള്ള എല്ലാ നടപടിക്രമങ്ങളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു പോകുകയാണല്ലോ. നമുക്കറിയാം പൗരത്വ പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയിലേക്കാണ് ഇന്ത്യയിലേക്ക് മറ്റൊരു ഭീഷണിയായി കൊറോണ വൈറസ് എത്തുന്നത്. രാജ്യത്ത് ഒരു പ്രത്യേക മതവിഭാഗക്കാരെ ഇന്ത്യയില്‍ നിന്നും ആട്ടിപ്പുറത്താക്കാനുള്ള ബില്ലാണ് പൗരത്വ ഭേദഗതി നിയമമെന്ന പേരില്‍ ബി.ജെ.പി ഭരണകൂടം നിര്‍മിച്ചെടുത്തിരുന്നത്. ഇതിന്റെ നടപടിക്രമങ്ങളായ എന്‍.പി.ആറും എന്‍.ആര്‍.സിയുമായി അമിത് ഷായും കൂട്ടരും ദ്രുതഗതിയില്‍ മുന്നോട്ടു പോകുകയാണ്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ അഞ്ച് മാസത്തിലധികമായി തുര്‍ന്നുകൊണ്ടിരുന്ന മുഴുവന്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോവിഡിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ബി.ജെ.പി ശ്രമിച്ചതും നാം ഷഹീന്‍ ബാഗിലും ജാമിഅ മില്ലിയ്യ ക്യാംപസിലും കണ്ടതാണ്.

പൗരത്വ ഭേദഗതി ബില്ലിന്റെ ഒന്നാമത്തെ രൂപമായ എന്‍.ആര്‍.സി,എന്‍.പി.ആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത് അസമില്‍ നിന്നായിരുന്നു. അതിന് ശേഷമാണ് രാജ്യമൊട്ടുക്കും പൗരത്വ പട്ടിക നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അസമില്‍ അന്തിമ പൗരത്വ പട്ടിക പുറത്തിറക്കിയതോടെ ലക്ഷങ്ങളാണ് പൗരന്മാരല്ലാത്തവരായി മാറിയത്. ഇത്തരക്കാരെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി തടങ്കല്‍ കേന്ദ്രങ്ങളില്‍ അടക്കുകയും ചെയ്തിരുന്നു. ഈയവസരത്തില്‍ അസമിലെ തടങ്കല്‍പാളയങ്ങളില്‍ കഴിയുന്ന അസം ജനതയെ നാം മറന്നുകൂട. ഏറെ ഭയാനകമായ വാര്‍ത്തകളാണ് അസമിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധിയാളുകളെ കൂട്ടത്തോടെ തിങ്ങിനിറച്ചാണ് ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചേക്കുമെന്ന ഭീതിയിലാണ് ഇവിടെയുള്ളവരും.

ജയിലുകളില്‍ തിങ്ങിനിറഞ്ഞാണ് കഴിയുന്നതെന്നും സാമൂഹിക അകലം പാലിക്കുക എന്നത് ഇവിടെ അസാധ്യമാണെന്നും തടങ്കല്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ പറയുന്നു. മിക്ക കുടുംബങ്ങളിലും മാതാപിതാക്കള്‍ തടങ്കലിലും മക്കള്‍ വീടുകളിലും തിരിച്ചും ആണ്. ഒരു കുടുംബത്തിലെ തന്നെ കുറച്ചുപേര്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുകയും ചിലര്‍ പട്ടികക്ക് പുറത്താകുകയും ചെയ്തു. മിക്ക കേന്ദ്രങ്ങളിലും തടവുകാര്‍ക്ക് വേണ്ട വൈദ്യ സഹായം ലഭിക്കുന്നില്ല. മാത്രവുമല്ല ഏറെ വൃത്തിഹീനമാണ് തടങ്കല്‍ കേന്ദ്രങ്ങളെല്ലാം. ഇതെല്ലാം പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറുന്നു. ആളുള്‍ പൊതുഹാളുകളില്‍ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്. ഒരു റൂമില്‍ 50 ആളുകളാണുള്ളത്. തടങ്കല്‍ കേന്ദ്രം ആരംഭിച്ച 2009 മുതല്‍ നിരവധിയാളുകളാണ് ഇവിടെ വെച്ച് മരിച്ചത്. കഴിഞ്ഞ ദിവസം 60കാരിയായ റാബിദ ബീഗം ക്യാന്‍സര്‍ ബാധിച്ച് മരിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു. ബംഗ്ലാദേശില്‍ നിന്നും കുടിയേറിപാര്‍ത്തവരാണെന്ന് ആരോപിച്ചാണ് മിക്കവരെയും പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയത്.

ജയിലുകളില്‍ പ്രാഥമിക മാനുഷിക പരിഗണകള്‍ ലഭിക്കുന്നില്ലെന്നും ആവശ്യത്തിന് ബെഡുകളോ ടോയ്‌ലറ്റുകളോ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍, മറ്റു രാജ്യങ്ങള്‍ ചെയ്യുന്ന പോലെ തടവുകാര്‍ക്കുള്ള മാനുഷിക പരിഗണനകള്‍ നല്‍കി ഇത്തരം തടവുകാരെ വിട്ടയക്കണമെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ആവശ്യപ്പെടുന്നത്. ജാമ്യം തേടി മിക്ക തടവുകാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്ത് കുറ്റത്തിനാണ് തങ്ങളെ തടവില്‍ പാര്‍പ്പിച്ചതെന്ന് പോലുമറിയാത്ത അസം തടവുകാരുടെ വിഷയത്തില്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. അവര്‍ക്കായി മനമുരുകി പ്രാര്‍ത്ഥിച്ച് പുറത്ത് കാത്തിരിക്കുകയാണ് നിരവധി കുടുംബങ്ങള്‍ എന്നതും ഈയവസരത്തില്‍ നാം കാണാതിരിക്കരുത്.

Facebook Comments
Related Articles
Close
Close