Family

മക്കള്‍ക്കിടയിലെ വഴക്ക് നിങ്ങള്‍ക്കൊരു തലവേദനയാണോ?

മക്കള്‍ വീട്ടിലായിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ വഴക്കും അടിപിടിയും ചീത്തവിളിയും കരച്ചിലും സാധാരണമാണ്. നിത്യേന എല്ലാ വീട്ടിലും സംഭവിക്കുന്നതാണിത്. എന്നാല്‍ മാതാപിതാക്കളുടെ ഉത്കണ്ഠക്കും അസ്വസ്ഥതക്കും ഇടംനല്‍കാതെ നിത്യേനയുള്ള ഈ വഴക്കുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതാണ് പ്രധാനം. മക്കള്‍ക്കിടയിലെ വഴക്കുകളെ ക്രിയാത്മകമായി കൈകാര്യം ചെയ്യാനും പരിഹരിക്കാനും സഹായിക്കുന്ന ഏതാനും ചിന്തകളാണ് ഈ ലേഖനത്തിലൂടെ നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. ഫലപ്രദമായ രീതിയില്‍ ക്രിയാത്മകമായി കൈകാര്യം ചെയ്യുകയാണെങ്കില്‍ വഴക്കുകള്‍ ഗുണകരമാണെന്ന് നാം ആദ്യമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വഴക്കുകള്‍ക്കിടെ ആത്മനിയന്ത്രണം പാലിച്ച് ദേഷ്യപ്പെടുകയോ അട്ടഹസിക്കുകയോ ചെയ്യാതെ കോപത്തെ അടക്കി നിര്‍ത്തി സഹോദരങ്ങളോട് എങ്ങനെ സഹവര്‍ത്തിക്കാം എന്ന് കുട്ടിയെ നമുക്ക് പഠിപ്പിക്കാം. വഴക്കിന് പകരം എങ്ങനെ സഹകരിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാമെന്ന് അവനപ്പോള്‍ ചിന്തിക്കും. അപ്പോള്‍ വഴക്കുകള്‍ ശത്രുതയിലേക്കും വിദ്വേഷത്തിലേക്കും പ്രതികാരത്തിലേക്കും വഴിമാറാതിരിക്കാന്‍ പേശികളേക്കാള്‍ കൂടുതലായി ബുദ്ധിയായിരിക്കും അവര്‍ ഉപയോഗിക്കുക.

സഹോദരങ്ങളുള്ള എല്ലാ വീട്ടിലും വഴക്കുകളും സ്വാഭാവികമാണ്. ആ വഴക്ക് അവസാനിപ്പിക്കല്‍ ശ്രമകരമായ ജോലിയാണ്. വഴക്കിന് നിരവധി കാരണങ്ങളുണ്ടെന്നതാണ് കാരണം. സഹോദരങ്ങള്‍ക്കിടയിലെ ഒരുതരം അസൂയ വഴക്കുകള്‍ക്ക് പ്രേരകമാവാം, പ്രത്യേകിച്ചും മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ വിവേചനമുണ്ടെന്ന് അവര്‍ക്ക് തോന്നുമ്പോള്‍. അല്ലെങ്കില്‍ മാതാപിതാക്കള്‍ തന്നെ പരിഗണിക്കാനായി അവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാവാം അത്. സംസാരം, സ്പര്‍ശനം, ആലിംഗനം കൊണ്ടെല്ലാമുള്ള അവരുടെ വൈകാരിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെന്നതാണ് കാരണം. കുട്ടിയുടെ മാനസിക സന്തുലിതത്വത്തിന്റെ അടിസ്ഥാനമാണത്. അല്ലെങ്കില്‍ ചെറിയ കുട്ടി വലിയ കുട്ടിയെ അനുകരിക്കുന്നതാവാം. ചിലപ്പോഴെല്ലാം വഴക്കിന് കാരണം കളിയും വിനോദവുമായിരിക്കാം. വഴക്ക് കളിപ്പോട്ടം പോലുള്ള എന്തിന്റെയെങ്കിലും പേരിലാണെങ്കില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കാത്തതായിരിക്കാം കാരണം. ഗാര്‍ഹികാതിക്രമങ്ങള്‍ നടക്കുന്ന വീട്ടില്‍ വളരുന്ന കുട്ടി മാതാപിതാക്കള്‍ക്കിടയിലെ വഴക്കുകള്‍ കാണുകയും ജീവിതത്തില്‍ അത് പകര്‍ത്തുകയും ചെയ്യുന്നു. അവന്റെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായി വഴക്ക് മാറുകയും ചെയ്യുന്നു.

Also read: ഡൽഹിയിലെ രാജകീയ ജലസംഭരണി

ബുദ്ധിപരമായ പരിഹാര ശ്രമത്തിന്റെ ഭാഗമാണ് നിങ്ങള്‍ ദൂരെ നിന്ന് വഴക്ക് നിരീക്ഷിക്കല്‍. തെറ്റുകാരനും അതിക്രമിയും ആരാണെന്ന് മനസ്സിലാക്കാനാണത്. മിക്കപ്പോഴും പരാതിയുമായി അവര്‍ നിങ്ങളുടെയടുത്തെത്തും. ഓരോരുത്തര്‍ക്കും മറ്റേയാളുടെ അതിക്രമത്തിനെതിരെയുള്ള തെളിവുകള്‍ സമര്‍പ്പിക്കാനുണ്ടാകും. ആരുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ നിങ്ങളെയിത് സഹായിക്കും. തെറ്റ് ആരുടെ ഭാഗത്താണെന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ ശിക്ഷണത്തിനായി ഈ വഴക്കിനെ ഉപയോഗപ്പെടുത്തണം. പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാനുള്ള ഭാവി പരിഹാരങ്ങള്‍ അവര്‍ക്ക് മുമ്പില്‍ വെക്കണം. അട്ടഹസിക്കുകയോ കോപിക്കുകയോ അടിക്കുകയോ ചെയ്യാതെ ശാന്തമായി അവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നീതിയോടെയായിരിക്കണം വര്‍ത്തിക്കേണ്ടത്. തെറ്റ് ചെറിയ കുട്ടിയുടെ ഭാഗത്താണെങ്കില്‍ അവനൊപ്പമല്ല നിങ്ങള്‍ നില്‍ക്കേണ്ടത്. മറിച്ച് അതിക്രമം കാണിച്ചവനെതിരെ ഇരക്കൊപ്പമാണ് നില്‍ക്കേണ്ടത്. വഴക്കിലേക്ക് എത്തിച്ച കാര്യങ്ങളെ കുറിച്ച് അവരോട് ചര്‍ച്ച ചെയ്യണം. കളിപ്പാട്ടം ഒരാള്‍ പിടിച്ചുവെച്ചതാണ് വഴക്കിന്റെ കാരണമെങ്കില്‍ എപ്പോഴും കളിപ്പാട്ടം നീ തന്നെ കൈവശം വെക്കുന്നത് നീതിയാണോ എന്ന് കുട്ടിയോട് ചോദിക്കണം. സഹോദരങ്ങളോടുള്ള ഇടപഴകലില്‍ എങ്ങനെ നീതിമാനാകാമെന്ന് അവര്‍ക്ക് വിവരിച്ചു കൊടുക്കുകയും സഹോദരങ്ങള്‍ക്കിടയിലെ സഹകരണത്തിനും സ്‌നേഹത്തിനും പ്രചോദനം നല്‍കുകയും വേണം.

Also read: സന്താന പരിപാലനം രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്

വഴക്ക് ആവര്‍ത്തിക്കുകയാണെങ്കില്‍ അതിന് നിയമങ്ങള്‍ വെക്കണം. വഴക്കിനിടെ അടി, കടി, തൊഴി, ചീത്തപറയല്‍ തുടങ്ങിയവക്ക് വിലക്കേര്‍പ്പെടുത്തല്‍ അതിന്നുദാഹരണമാണ്. അതേസമയം സംവാദവും ചര്‍ച്ചയും മുഖത്തോ മര്‍മസ്ഥാനങ്ങളിലോ തൊടാതെയുള്ള ശാരീരിക സംഘട്ടനവും അനുവദിച്ചു കൊടുക്കുകയും ചെയ്യാം. എന്നാല്‍ പരിഹാര ശ്രമത്തില്‍ ഏറ്റവും പ്രധാനം മാതാപിതാക്കള്‍ മക്കളുടെ വൈകാരിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കലാണ്. അതവരുടെ മനസ്സിനെ സ്വസ്ഥവും ശാന്തവുമാക്കും. കുട്ടിയില്‍ ഒരു തെറ്റായ സ്വഭാവം കാണുമ്പോള്‍ കുട്ടിയെയല്ല, ആ സ്വഭാവത്തെയായിരിക്കണം വിമര്‍ശിക്കേണ്ടത്. അവരില്‍ സഹകരണം കാണുമ്പോള്‍ അതിനെ പ്രശംസിക്കുകയും വേണം. അതവരിലെ സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ചൈതന്യത്തെ ശക്തിപ്പെടുത്തും. വഴക്കുകളെ ക്രിയാത്മകമായി കൈകാര്യം ചെയ്യാനും മക്കളുടെ ശിക്ഷണത്തില്‍ ഫലപ്രദമായി അവയെ ഉപയോഗപ്പെടുത്താനും സഹായിക്കുന്ന ചില പരിഹാര മാര്‍ഗങ്ങളാണിവ.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close