Current Date

Search
Close this search box.
Search
Close this search box.

ഫിഖ്ഹിന്റെയും ഫിലോസഫിയുടെയും വഴിയും ലക്ഷ്യവും

ഞാനൊരു ഫഖീഹോ( പ്രമാണ പണ്ഡിതന്‍ )ഫിലോസഫറോ( ദാര്‍ശനികന്‍ ) അല്ല.എന്നാല്‍ ഫിഖ് ഹും ഫിലോസഫിയും ഉള്ളടക്കമായ ഇസ്‌ലാമിക ചിന്താപദ്ധതിയുടെ വികാസ പരിണാമങ്ങളെ സാധ്യമായ അളവില്‍ വായിക്കാന്‍ ശ്രമിച്ച ഒരു ചരിത്ര വിദ്ധ്യാര്‍ത്ഥിയെന്ന നിലയില്‍ ചിലത് കുറിക്കക്കുകയാണ്.

ഫിഖ്ഹിന്റെയും ഫിലോസഫിയുടെയും വഴിയും ലക്ഷ്യവും സമാന്തരവും വ്യത്യസ്ഥവുമാണെങ്കിലും അത് പലപ്പോഴും ഇടകലരുകയും സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തതാണ് ഇസ്‌ലാമിക ചിന്തയുടെ ചരിത്രം.തീ പാറുന്ന വൈജ്ഞാനിക സംവാദത്തിന് തിരി കൊളുത്തിയ അത്തരം സംഘര്‍ഷങ്ങള്‍ കൂടി ചേര്‍ന്നതാണ് ഇസ്‌ലാമിക ചിന്തയെന്ന് പറയുന്നത്.പരസ്പരം ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതമായ പ്രസ്തുത സംവാദത്തിലെ ഭാഷയും ശൈലിയുമൊന്നും നമ്മളൊക്കെ ഇപ്പോള്‍ ആഗ്രഹിക്കുന്ന അത്ര മാന്യമോ സുഖകരമോ ആയിരുന്നുവെന്ന പറയാനാവില്ല.ബ്രാന്റിങ്ങും പരിഹാസ്യവും കൊണ്ട് സുലഭമായിരുന്നു അത്.അക്ഷര വായനക്കാര്‍ , ലോകം തിരിയാത്തവര്‍, യുക്തിവാദി, സിന്‍ദീഖ് തുടങ്ങിയവയെല്ലാം ഇന്നത്തെ പോലെ അന്നത്തെയും ബ്രാന്റിഗുകളായിരുന്നു.താരീഖുല്‍ മിലലുവന്നിഹല്‍ .അള്‍ ഫർഖു ബൈനല്‍ ഫിറഖ് ,താഹാഫത്തുല്‍ ഫലാസിഫ ,തഹാഫത്തുത്തഹാഫുത് ,അല്‍മുന്‍ഖിദു മിന ള്ളലാല്‍ ,മിന്‍ഹാജുസ്സുന്ന തുടങ്ങിയ ക്യതികള്‍ വായിച്ചാല്‍ ഈ സംവാദത്തിന്റെ ഒരേകദേശ ധാരണ നമുക്ക് ലഭിക്കും.മുസ്‌ലിം ലോകം ആദരവോടെ കാണുന്ന അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനി,ഇമാം ഗസ്സാലി,ഇബ്‌നുര്‍റുഷ്ദ് ,ഇബ്‌നു തൈമിയ തുടങ്ങിയവരുടെതാണ് ഈ ക്യതികള്‍ എന്ന് കൂടി മനസ്സിലാക്കുക.വ്യക്തമാക്കി പറഞ്ഞാല്‍ പ്രസ്തുത സംവാദത്തില്‍ ഇരുപക്ഷത്തും അണിനിരന്നവരാണ് ഈ മഹാന്‍മാര്‍ എന്ന് സാരം.അത് കൊണ്ട് അവരുടെ മഹത്വത്തിന് യാതൊരു പോറലും ഏറ്റിട്ടില്ല.കാരണം ആ സംവാദങ്ങളാണ് ഇസ്‌ലാമിക ചിന്തയെ ഒരു വശത്ത് ഈര്‍ജ്ജസ്സലാമാക്കി നിര്‍ത്തിയതോടൊപ്പം മറു വശത്ത് ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളിലും അനുഷ്ടാനങ്ങളിലും അതിന്റെ സ്രോതസ്സുകളിലുമുള്ള പൊതു സമൂഹത്തിന്റെ ബോധ്യം ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്തത് .അതിനാല്‍ തന്നെ ഇസ്‌ലാമിക നാഗരികതയുടെ സുവര്‍ണ കാലത്തിന്റെ തിരുശേഷിപ്പുകളാണ് അവയെല്ലാം.

Also read: മുഖം തിരിക്കലല്ല, മനസ്സുവെക്കലാണ് പുണ്യം

ഇസ്‌ലാമിന്റെ വിശ്വാസങ്ങളിലും അനുഷ്ഠാന ക്രമങ്ങളിലും അതിന്റെ പ്രമാണ സാമഗ്രികളിലുമെല്ലാം പൂര്‍ണവിശ്വാസം ഉള്ളവര്‍ തന്നെയായിരുന്നു മിക്കവാറും മുസ്‌ലിം ദാര്‍ശനികര്‍ .പക്ഷെ അവരുടെ വിശകലന രീതിയും സമീപനവും ഉയര്‍ന്ന ബുദ്ധി ജീവികള്‍ക്ക് മാത്രം യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഉതകുന്നതും എന്നാല്‍ സാധാരണക്കാരില്‍ പലതരം കണ്‍ഫ്യൂഷനുകള്‍ സ്യഷ്ടിക്കുന്നതുമായിരുന്നു. പ്രത്യേകിച്ച് ദീനി വിജ്ഞാനങ്ങളില്‍ അവഗാഹമില്ലാത്ത, എന്നാല്‍ പ്രബുദ്ധമായ ചിന്താ ശേഷി കൊണ്ട് അനുഗ്രഹീതരായ യുവാക്കളെ അവരുടെ വിശകനങ്ങളും സമീപനങ്ങളും വല്ലാതെ ആകര്‍ഷിക്കുകയും അത് അവരില്‍ ചിന്താപരമായ കാലുഷ്യത്തിന് കാരണമാകുകയും ചെയ്തു.യഥാര്‍ത്ഥത്തില്‍ ഇത്തരം ചിന്താപരമായ കാലുഷ്യമൊന്നും ഈ ദാര്‍ശനികന്‍മാര്‍ക്കുണ്ടായിരുന്നില്ല. അവര്‍ എല്ലാ അർത്ഥത്തിലും ഉറച്ച വിശ്വാസികളും ഭക്തിയുടെ ഉടമകളും തന്നെയായിരുന്നു.ഒറ്റ ഉദാഹരണം മാത്രം പറയാം. അങ്ങേയറ്റം ഭക്തനായ ഒരു ദാര്‍ശനികനും ശാസ്ത്ര പ്രതിഭയുമായിരുന്നു ഇബ് നുസീന.ഖുര്‍ആനില്‍ നിന്ന് അല്‍പമെങ്കിലും പാരായണം ചെയ്യാതെ അദ്ദേഹം ഒരു ദിവസം പോലും തന്റെ പരീക്ഷണ ശാലയിലേക്ക് പോയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ചരിത്രം പറയുന്നു.തഹജ്ജുദ് നമസ്‌ക്കാരവും അദ്ദേഹം പതിവാക്കിയിരുന്നു.എന്നാല്‍ ഇമാം ഗസ്സാലിയും ഇബ് നു തൈമിയും അടക്കം മറ്റ് പലരും അദ്ദേഹത്തിനെതിരെ ഉന്നയിച്ച വിമര്‍ശനം കേട്ടാല്‍ ഇബ്‌നു സീനയുടെ ചരിത്രം അറിയുന്ന ആരും അല്‍ഭുതപെട്ട് പോകും .അത്രക്ക് രൂക്ഷമായിരുന്നു അത് .പ്രവാചകത്വത്തിന്റെ സ്വഭാവത്തെ കുറിച്ചും സുന്നത്തിന്റ നിലയെ കുറിച്ചുമെല്ലാം സാധാരക്കാരില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഇബ് നു സീനയുടെ ചില വിശകനങ്ങളായിരുന്നു ആ വിമര്‍ശനത്തിന് കാരണം.സാധാരണക്കാരുടെ ഇസ്ലാമിക ജീവിതം സംരക്ഷിക്കുന്നതിലായിരുന്നു ഫഖീഹിന്റെ നോട്ടവും ശ്രദ്ധയും എന്നതാണ് ഈ വിമര്‍ശനത്തിനാധാരം. തിരിച്ച് ദാര്‍ശനികന്‍മാരും ഫഖീഹുകളെ അതി രൂക്ഷമായി ആക്രമിക്കുന്നുണ്ട്.ഇബ്‌നുര്‍റുഷ്ദിന്റെ തഹാഫത്തുത്തഹാഫുത്ത് അതിന്റെ മികച്ച മാത്യകയാണ് .ആദ്യ കാലത്ത് മുഅ് തസിലികള്‍ തൗഹീദ് നിഷേധികള്‍ എന്ന് വരെ അക്കാലത്തെ ഫഖീഹുകളെ ആക്ഷേപിക്കുന്നുണ്ട്.

Also read: നാഥനോട് ചേർന്നിരിക്കുന്ന വേളകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന മനസുകൾ

ഈ ചരിത്ര കഥനത്തിലൂടെ ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് ഇത്തരം ആശയപരമായ സംഘര്‍ഷവും സംവാദവും ഇസ്‌ലാമിക സമൂഹത്തില്‍ ഒരു പുതമയുള്ള കാര്യമല്ല എന്നും അതില്‍ ഭയപ്പെടാന്‍ ഒന്നുമില്ല എന്നും സൂചിപ്പിക്കാനാണ്.ഇസ്‌ലാമിക പ്രസ്ഥാനത്തിനുള്ളിലെ ഇത്തരം ആശയ സംഘര്‍ഷവും വൈവിധ്യവും നമ്മെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന് കാരണം ഞാന്‍ മനസ്സിലാക്കുന്നത് നമ്മള്‍ ഇസ്ലാമിനെ വായിച്ചത് ഏക ശിലാത്മകമായ ഒരു രാഷ്ട്രീയ ചിന്ത എന്ന് നിലക്ക് മാത്രമായതാണ് .അതിനിടയില്‍ സയ്യിദ് മൗദൂദി പറഞ്ഞ ഒരു വാചകം നാം അധികം ശ്രദ്ധിച്ചില്ല .അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് ‘ഫിഖ് ഹിലും ഇല്‍മുല്‍ കലാമിലും എനിക്ക് എന്റെതായ വീക്ഷണമുണ്ട് .അത് പ്രസ്ഥാന നിലപാടായി മനസ്സിലാക്കുകയോ അങ്ങനെ ഒരു വീക്ഷണം വെച്ച് പുലര്‍ത്താന്‍ പാടില്ല എന്ന് പ്രസ്ഥാനം എന്നോട് പറയുകയോ ചെയ്യരുത്’ ഇവിടെ ഇല്‍മുല്‍ കലാം എന്നതിന്റെ ഉദ്ദേശ്യം ദാര്‍ശനിക സമീപനമാണ്.അതിനാല്‍ ഇരു കൂട്ടര്‍ക്കുമിടയിലെ സംവാദം നടക്കട്ടെ.അതിര് കവിച്ചിലുകളില്‍ നിന്ന് ക്രമേണെയെങ്കിലും രണ്ട് കൂട്ടരും പുറത്ത് കടന്നാല്‍ മതി.

Related Articles