Current Date

Search
Close this search box.
Search
Close this search box.

മുഖം തിരിക്കലല്ല, മനസ്സുവെക്കലാണ് പുണ്യം

ഇത് വായിക്കുമ്പോൾ നിങ്ങൾ എങ്ങോട്ടാണ് മുഖം തിരിച്ചിരിക്കുന്നത്? അതൊരു വിഷയമല്ല. പക്ഷേ, നിങ്ങളുടെ മനസ്സിലെന്താണുള്ളത്, അതൊരു വിഷയം തന്നെയാണ്. നിങ്ങളെന്താണ് പ്രവർത്തിക്കുന്നത്‌, അതും പ്രധാനമാണ്. മനസ്സും കർമ്മവും ഒരേ നേർരേഖയിൽ വരണം. വൈരുദ്ധ്യങ്ങളാൽ പരസ്പരം ഇടയരുത്. മനസ്സിൽ ദൈവമുണ്ടാകണം, പിന്നെ മനുഷ്യനും. സ്രഷ്ടാവിനെ വിശ്വസിക്കുകയും സൃഷ്ടികളെ സ്നേഹിക്കുകയും ചെയ്യണം. സ്രഷ്ടാവിനെ അറിഞ്ഞവൻ, സൃഷ്ടികൾക്ക് അനുഭവമാകണം. ഇങ്ങനെ, സാക്ഷാൽ ദൈവവും സമസൃഷ്ടിയായ മനുഷ്യനും സന്ധിക്കുന്ന മനസാണ് ആത്മീയതയുടെ ഉറവുകൊണ്ട് നിറവാകുന്നത്. അവിടെ, പുണ്യം പരമസത്യത്തെ പ്രാപിക്കുന്നു.

‘പുണ്യ-പാപ’ങ്ങളെക്കുറിച്ച ചില പാരമ്പര്യ ധാരണകളെ കീഴ്മേൽ മറിച്ചിടുന്നുണ്ട് സത്യവേദം; ‘നിങ്ങൾ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ മുഖം തിരിക്കുക എന്നതല്ല പുണ്യം’! രണ്ടാം അധ്യായത്തിലെ നൂറ്റി എഴുപത്തിയേഴാം വചനാരംഭമാണിത്. രൂപങ്ങൾ മാത്രമുള്ള ആരാധാനാ ചടങ്ങുകൾ കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താമെന്ന് നിങ്ങൾ കരുതേണ്ടതില്ല. മനസ്സിൽ കയറാത്ത ദൈവം, നാവിലുണ്ടായിട്ട് കാര്യമില്ല. ഹൃദയം തൊടാത്ത ആരാധനാജഡങ്ങൾ ഫലം തരികയുമില്ല. വേദദർശനത്തെ ആചാര സമുച്ചമായി കാണരുത്, അത് വിശ്വാസ വിശുദ്ധിയും ധർമ്മസംഹിതയുമാണെന്ന മൗലികപാഠം എത്ര കാവ്യാത്മകമായാണ് ഈ വചനം വരച്ചുവെക്കുന്നത്.

Also read: നാഥനോട് ചേർന്നിരിക്കുന്ന വേളകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന മനസുകൾ

വിശ്വാസത്തിൻ്റെ പൂർണ്ണതയിലേക്ക് ഉയരൂ; ദൈവത്തെ, മാലാഖമാരെ, ദൂതൻമാരെ, വേദഗ്രസ്ഥങ്ങളെ അറിഞ്ഞ് അംഗീകരിക്കൂ. അതിനുപരി, അവനവൻ്റെ കർമ്മങ്ങളെക്കുറിച്ച് ഉത്തരവാദിത്ത ബോധമുള്ളവരാകൂ! കാരണം, കർമ്മങ്ങൾക്ക് കണക്ക് കൊടുക്കേണ്ടി വരും. ഈ വിശ്വാസമൂലങ്ങൾ വേദധർമ്മത്തിൻ്റെ ആത്മചൈതന്യമാണ്. മനസിൽ നിറഞ്ഞ ആ വെളിച്ചം, തണലും കരുതലും സ്നേഹവും സാന്ത്വനവുമായി ചുറ്റുപാടുള്ള മനുഷ്യരിലേക്കൊഴുകണം. ‘നിങ്ങൾക്ക് പ്രിയങ്കരമായ നിങ്ങളുടെ പണം’ പാവങ്ങളുടെ പശിയടക്കണം, അതാണ് പുണ്യം. അതേ വചനം തുടരുന്നു. അടുത്ത ബന്ധുക്കൾ, അനാഥർ, അഗതികൾ, അഭയാർത്ഥികൾ, തെരുവ് ജീവിതങ്ങൾ, കൈ നീട്ടുന്നവർ, അന്യായമായി തടവിലാക്കപ്പെട്ടവർ… അവർക്ക് സഹായമായി നിങ്ങളുടെ കൈകൾ നീളുന്നുണ്ടോ എന്ന് നോക്കി മാത്രമേ, ദൈവത്തിലേക്ക് ഉയർത്തിയ നിങ്ങളുടെ കൈകളിലേക്ക് പ്രാർത്ഥനയുടെ ഉത്തരമെത്തൂ! ഇതിനു ശേഷമാണ്, ഈ വചനത്തിൽ ‘നിർബന്ധ പ്രാർത്ഥന’ പറഞ്ഞത്, നിർബന്ധ ദാനത്തിൻ്റെ അകമ്പടിയോടെത്തന്നെ!

Also read: പുറത്തു വരുന്നത് പട്ടിണിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

മനുഷ്യരിലൂടെയാണ് ദൈവത്തിലേക്കുള്ള വഴിയെന്ന്, നിങ്ങളാചരിക്കുന്ന കേവല മതത്തിൽ നിന്ന് വേദ ദർശനത്തിലേക്ക് ഇനിയുമൊത്തിരി ഉയരം കയറാനുണ്ടെന്ന് ഈ വചനം നമ്മെ താക്കീത് ചെയ്യുന്നു. ജീർണ്ണിച്ചു പോയ പൂർവ്വസമുദായങ്ങൾ, സത്യവേദക്കാരേ നിങ്ങളിൽ പുനർജ്ജനിക്കരുത് എന്ന മുന്നറിയിപ്പുമുണ്ട്. അതുകൊണ്ട്, പ്രിയമുള്ളവരേ, സത്യവേദത്തോട് സത്യസന്ധത കാണിക്കൂ, മനസ്സുകൊണ്ട് വചന സാരങ്ങളിലേക്ക് ഊളിയിടൂ. മനസ്സിൽ ദൈവസാന്നിധ്യമുണ്ടാകും, മനുഷ്യർക്ക് അവിടെ ഒരിടവും!

Related Articles