Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും സ്ത്രീയുടെ ഭരണാധികാരവും

അബൂ ബക്‌റ(റ)യില്‍നിന്ന്! നിവേദനം. അദ്ദേഹം പറഞ്ഞു: ‘പേര്‍ഷ്യക്കാര്‍ കിസ്‌റയുടെ മകളെ രാജ്ഞിയായി വാഴിച്ച വിവരമറിഞ്ഞപ്പോള്‍ നബിതിരുമേനി പറഞ്ഞു: തങ്ങളുടെ ഭരണകാര്യം ഒരു സ്ത്രീയിലര്‍പ്പിച്ചിരിക്കുന്ന ജനത വിജയിക്കുകയില്ല.’ (ബുഖാരി 4425) ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും അതിനെതിരെ സ്ത്രീകളെ വൈകാരികമായി ഇളക്കിവിടാനും വിമര്‍ശകന്‍മാര്‍ ദുരുപയോഗം ചെയ്യാറുള്ള ഒരു ഹദീസാണിത്.

അതേസമയം, ഈ ഹദീസിനെ അതിന്റെ പൊതുവായ അര്‍ഥത്തില്‍ എടുത്താല്‍ പോലും അത് രാഷ്ട്രത്തിന്റെ പരമോന്നത പദവിയെ സംബന്ധിച്ചു മാത്രം പറയുന്ന കാര്യമാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സമ്പൂര്‍ണ്ണ അധികാരം തന്നില്‍ നിക്ഷിപ്തമായ രാജാവ്, സര്‍വാധിപതി തുടങ്ങിയ പദവികള്‍ക്കാണ് അത് കൂടുതല്‍ യോജിക്കുക. മറ്റു പലരുടെയും പങ്കാളിത്തത്തോടും പിന്തുണയോടും കൂടി ഭരണനിര്‍വഹണം നടക്കുന്ന, ഭരണത്തിന്റെ കടിഞ്ഞാണ്‍ ജനപ്രതിനിധി സഭയില്‍ നിക്ഷിപ്തമായിട്ടുള്ള ആധുനിക ജനാധിപത്യത്തിലെ വിവിധ പദവികള്‍ക്ക് ഹദീസിലെ ഈ പ്രയോഗം പൂര്‍ണമായും ചേരുന്നില്ല. കെയ്‌റോയിലെ പ്രമുഖ ശാഫീ പണ്ഡിതനായിരുന്ന ഡോ അലി ജുംഅയുടെ അഭിപ്രായമിതാണ്. ജനാധിപത്യ ഭരണസഭയില്‍ മന്ത്രിമാര്‍ മാത്രമല്ല പ്രധാനമന്ത്രി പോലും രാജാക്കന്മാരെപ്പോലെ പരമാധികാരികളല്ലല്ലോ. കൂടാതെ, തീരുമാനങ്ങളെല്ലാം ഭരണസഭയില്‍ വോട്ടിനിട്ടാണ് നിയമമാക്കപ്പെടുന്നതും.

സ്ത്രീ ഒരു രാജ്യത്തിന്റെ സര്‍വാധിപതിയെപ്പോലുള്ള പദവികള്‍ക്ക് താഴെയുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിനെയോ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയോ ഇസ്ലാം വിലക്കുന്നില്ല. എങ്കിലും സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ബാധ്യത വീടിന്റെ ഭരണവും മാതൃത്വപരമായ ഉത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണവുമാണെന്ന കാര്യം വിസ്മരിക്കാവതല്ല. വരുംതലമുറകളെ യഥാവിധി വാര്‍ത്തും വളര്‍ത്തിയുമെടുക്കുകയെന്നതിനെ ഇസ്‌ലാം ഒട്ടും നിസ്സാരമായിക്കാണുന്നില്ലെന്നു മാത്രമല്ല, അതിപ്രധാന കൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. മാതൃത്വം ഭൂമിയില്‍ ഏറ്റവും ആദരണീയവും മഹിതവുമാവാനുള്ള കാരണവും അതുതന്നെ.

Also read: എന്‍.ഐ.എ വേട്ട ജീവകാരുണ്യ സംഘങ്ങളിലേക്കും

‘വിജയിക്കുന്നവര്‍’, ‘വിജയിച്ചിരിക്കുന്നു’, ‘വിജയിക്കുകയില്ല’ എന്നൊക്കെ ഖുര്‍ആനും ഹദീസും പറഞ്ഞിട്ടുള്ള മിക്ക ഇടങ്ങളിലും അതിന്റെ ഉദ്ദേശ്യം കേവലം ഭൗതികമായ വിജയമല്ല; ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ നേടുന്ന ആത്യന്തിക വിജയമാണ്. അഥവാ, ഇസ്ലാമിക വീക്ഷണത്തില്‍ ആത്യന്തികമായ ജയപരാജയം പരലോകത്തെ വിജയവും തോല്‍വിയുമാണ്. അല്ലാഹുവിന്റെ പേരില്‍ കള്ളംപറയുന്നവര്‍ വിജയിക്കുകയില്ല എന്ന് ഖുര്‍ആനില്‍ കാണാം. (നഹ്’ല് :116.) അതിനര്‍ഥം അല്ലാഹുവിനെത്തന്നെ നിഷേധിക്കുകയും സ്വയം ദൈവം ചമയുകയും ചെയ്യുന്ന നാസ്തികര്‍ ഏതെങ്കിലും പരീക്ഷ എഴുതിയാല്‍ പരാജയപ്പെടും എന്നല്ലല്ലോ! ‘സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു’ എന്നത് ഖുര്‍ആനിക വചനമാണ്. (അല്‍മുഅ’മിനൂന്‍: 1) അതിന്റെ ഉദ്ദേശ്യം, അവര്‍ ഏത് പരീക്ഷ എഴുതിയാലും എന്ത് കച്ചവടം ചെയ്താലും വിജയിക്കും എന്നുമല്ല.

‘ജമല്‍ യുദ്ധത്തില്‍ ആഇശ(റ)യുടെ നേതൃത്വത്തിലുള്ള സൈന്യം വിജയിക്കില്ല എന്ന് ഈ ഹദീസില്‍നിന്ന് ഞാന്‍ മനസ്സിലാക്കി’യെന്ന് അബൂ ബക്‌റ എന്ന സ്വഹാബി പറയുന്നുണ്ട്. മുസ്!ലിംകളുടെ ഇമാമുല്‍അഅ’ളം (പൊതുഭരണാധികാരം) പുരുഷനായിരിക്കണമെന്ന് ഈ ഹദീസ് തെളിവായി ഉദ്ധരിച്ചുകൊണ്ട് ഇസ്‌ലാമിക പണ്ഡിതര്‍ വിധിപറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ സ്ത്രീകള്‍ ഭരണം നടത്തുന്നതിനെ വിമര്‍ശിക്കുന്നില്ല, വിലക്കുന്നുമില്ല. മാത്രമല്ല, പുരുഷന്മാരേക്കാള്‍ നല്ല രീതിയില്‍ ഭരണം നടത്താന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് സബഅ് രാജ്ഞിയുടെ ചരിത്രം വിവരിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നുമുണ്ട്. (നംല് 34). ഈ രാജ്ഞി മുസ്‌ലിമായപ്പോള്‍ അവരുടെ ഭരണം അവര്‍ക്ക് തന്നെ പ്രവാചകന്‍ നല്‍കിയെന്നും ഇമാം സ്വുയൂത്വിയെപ്പോലുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയത് കാണാം.

സ്ത്രീകള്‍ ഭരണം നടത്താന്‍ പാടില്ലെന്ന് നബി(സ) വ്യക്തമായ ഭാഷയില്‍ പറഞ്ഞ ഒരൊറ്റ ഹദീസും ഉദ്ധരിക്കപ്പെടുന്നില്ല. മുകളിലുദ്ധരിച്ച ഹദീസില്‍ സ്ത്രീകളുടെ നേതൃത്വത്തെ ആക്ഷേപിച്ചിരിക്കുന്നത് പേര്‍ഷ്യക്കാരെ മാത്രം ബാധിക്കുന്ന ഒരു സംഗതിയാണോ അതല്ല സ്ത്രീ നേതൃത്വത്തെ തത്വത്തില്‍ തന്നെ എതിര്‍ക്കുകയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ഇമാം ത്വബ്’രി, ഇമാം മാലിക് മുതലായവര്‍ ആദ്യത്തെ അഭിപ്രായത്തെ പിന്തുണക്കുന്നവരാണ്. ഹനഫീ കര്‍മശാസ്ത്രധാരയില്‍ സ്ത്രീക്ക് ഇസ്‌ലാമിക രാജ്യത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെയാവാം എന്ന അഭിപ്രാമുണ്ട്. ഇബ്‌നു ഹസമിനും ഇതേ അഭിപ്രായമാണ്. നിഷിദ്ധമായി പ്രഖ്യാപിക്കാത്തിടത്തോളം എല്ലാ സംഗതിയും എല്ലാ വ്യക്തികള്‍ക്കും അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. സാങ്കേതികമായി ഇതിനെ ‘ബറാഅതുല്‍ അസ്വ്’ലിയ്യ’ എന്ന് പറയുന്നു. ഇന്നത് നിഷിദ്ധമാണെന്ന് അല്ലാഹുവിന്റെ നിര്‍ദ്ദേശം വന്നാല്‍ അത് നിഷിദ്ധമായി. അനുവദനീയമാണ് എന്നതിന് പ്രത്യേകം തെളിവിന്റേയോ മാതൃകയുടേയോ ആവശ്യമില്ല. നിഷിദ്ധമാണെന്ന് തെളിയിക്കുന്ന തെളിവിന്റെ അഭാവം ഉണ്ടായാല്‍ തന്നെ മതിയാകുന്നതാണ്. മതവിധികള്‍ കണ്ടുപിടിക്കുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ അടിസ്ഥാനമാക്കാറുള്ള ഒരു കാര്യമാണിത്.

സ്ത്രീകള്‍ ഭരണം ഏറ്റെടുക്കുന്നത് നിഷിദ്ധമാക്കുന്ന ശൈലി നാം ചര്‍ച്ച ചെയ്യുന്ന ഹദീസില്‍ കാണാനാവുന്നില്ല. മറിച്ച് ഒരു പ്രവചനമുള്‍കൊള്ളുന്ന വിമര്‍ശന ശൈലി മാത്രമാണത്. ഇനി അങ്ങനെയല്ലെന്ന് വന്നാല്‍ പോലും, ഒരു ഭരണകൂടത്തിലെ ഏതെങ്കിലും ഒരു വകുപ്പ് സ്ത്രീ ഏറ്റെടുക്കുന്നതിനെക്കുറിച്ചല്ല ഹദീസില്‍ പറയുന്നത്. മറിച്ച് ഭരണാധികാരം ഒരാളില്‍ നിക്ഷിപ്തമായ ഭരണരീതിയെ സംബന്ധിച്ചാണ്.

Also read: ഇന്ന് ആസ്വദിച്ച് ജീവിക്കുക

ഇവ്വിഷയകമായി ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് ഇരുപതാം നൂറ്റാണ്ട് കണ്ട പ്രമുഖ പണ്ഡിതന്മാരിലൊരാളായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി നല്‍കിയ വിശദീകരണം ഇങ്ങനെ വായിക്കാം: ‘മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിത്തീര്‍പ്പും ശിഫാഇനെയാണ് ഉമറുല്‍ ഫാറൂഖ് ഏല്‍പിച്ചിരുന്നത്. അവരവിടെ നിയമലംഘനങ്ങള്‍ തടയുകയും നീതി നടപ്പാക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തത് ആണ്‍പെണ്‍ ഭേദമന്യേ എല്ലാവര്‍ക്കുമിടയിലായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഖലീഫ അവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. സ്ത്രീകളെ രാഷ്ട്ര നേതൃത്വമോ ഭരണാധികാരമോ ഏല്‍പിച്ചുകൊടുക്കാന്‍ മോഹിച്ചു നടക്കുന്ന കൂട്ടത്തിലൊന്നുമല്ല ഞാന്‍. ഒരു കാര്യമേ നാം ആഗ്രഹിക്കുന്നുള്ളൂ. സമൂഹത്തിലെ ഏറ്റവും അനുയോജ്യനായ ആള്‍ രാജ്യത്തിന്റെയും രാജ്യഭരണത്തിന്റെയും നേതൃത്വത്തില്‍ വരണം. ‘സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു’ എന്ന പ്രവാചക വചനമുണ്ടല്ലോ, അപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള അധികാരം സ്ത്രീയെ ഏല്‍പിക്കുന്നത് പരാജയകാരണമാവില്ലേയെന്ന് ചോദിച്ചേക്കാം. ഇവിടെ ഈ പ്രവാചക വചനത്തെ സംബന്ധിച്ച് അല്‍പം ആഴത്തില്‍ ആലോചിക്കാന്‍ നാമാഗ്രഹിക്കുന്നു. പ്രവാചകവചനം സ്വീകാര്യം തന്നെ. എന്നാല്‍ അതിന്റെ ആശയം എന്തായിരിക്കും?

ഇസ്‌ലാമിക മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സാമ്രാജ്യം നിലംപൊത്തിക്കൊണ്ടിരുന്നപ്പോള്‍ അവിടെ ഭരണം നടത്തിയിരുന്നത് അഭിശപ്തമായ രാജവാഴ്ചയും ഏകാധിപത്യവുമായിരുന്നു. വിഗ്രഹാരാധനയിലധിഷ്ഠിതമായ മതം, കൂടിയാലോചന അചിന്ത്യമായ രാജകുടുംബം, മരണം വിധിക്കപ്പെട്ട അഭിപ്രായ വിമര്‍ശനസ്വാതന്ത്ര്യം, തമ്മിലടിക്കുന്ന രാജകുടുംബങ്ങള്‍, മകന്‍ പിതാവിനെയും സഹോദരന്‍ സഹോദരനെയും വകവരുത്തുന്ന അധികാരക്കൊതി, സര്‍വോപരി എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങി കഴിയുന്ന പ്രതികരണശേഷി അറിയാത്ത ജനത! മുസ്‌ലിം മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സൈന്യം പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിയുകയും രാജ്യാതിര്‍ത്തി ചുരുങ്ങിച്ചുരുങ്ങി വരികയുമായിരുന്നു. അപ്പോഴുമവര്‍ക്ക് പ്രാപ്തനായ ഒരാളെ രാജ്യഭരണം ഏല്‍പിക്കാനായില്ല. രാജഭരണത്തിന്റെ ഭാഗമായി അവിവേകിയായ ഒരു സ്ത്രീയെ അധികാരത്തില്‍ വാഴിക്കുകയായിരുന്നു. ഇത് ആ രാജ്യത്തിന്റെയും സാമ്രാജ്യത്തിന്റെയും എന്നന്നേക്കുമായുള്ള തിരോധാനം വിളിച്ചറിയിക്കുന്നതായിരുന്നു. ദീര്‍ഘവീക്ഷകനും സൂക്ഷ്മജ്ഞാനിയുമായ പ്രവാചകന്‍ ഇതേപറ്റിയുള്ള തന്റെ വിലയിരുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തുകയായിരുന്നു. ‘ഒരു സ്ത്രീയെ അധികാരമേല്‍പിച്ച ആ ജനത പരാജയമടഞ്ഞതുതന്നെ.’ നേരെ മറിച്ച് ആ അവസരം പേര്‍ഷ്യന്‍ഭരണം കൂടിയാലോചനയിലധിഷ്ഠിതവും, ഭരണാധികാരിയായ വനിത ഗോള്‍ഡാമീറിനെപ്പോലൊരാളാവുകയും, സൈനിക തീരുമാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ കരങ്ങളില്‍ ആയിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രവാചകന്റെ വിലയിരുത്തല്‍ മറ്റൊരു വിധത്തിലായിരുന്നേനെ.’

അതെ, സന്ദര്‍ഭമറിഞ്ഞ് വായിച്ചാല്‍, ‘തങ്ങളുടെ എല്ലാ കാര്യങ്ങളുടെയും നിയന്ത്രണാധികാരം ഏതോ ഒരു പെണ്ണിനെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന് മാത്രമാണ് ഉപര്യുക്ത ഹദീസിന്റെ അര്‍ഥമെന്നാണ് മനസിലാക്കാനാവുക. അല്ലാതെ, പെണ്ണിനെ പ്രസിഡണ്ടാക്കിയ രാജ്യങ്ങളെല്ലാം പരാജയപ്പെടും എന്നല്ല. അഥവാ, ഈ ഹദീസ് ഉള്‍ക്കൊള്ളുന്നത് ഇസ്‌ലാമിലെ ഒരു നിയമമല്ല, മറിച്ച് പ്രവാചകന്റെ അല്‍ഭുത പ്രവചനങ്ങളിലൊന്നാകുന്നു. പേര്‍ഷ്യയിലെ സസാനിയന്‍ സാമ്യാജ്യത്വത്തിനെതിരായ ശാപപ്രവചനമായിരുന്നു അത്. ഇനി, ഹദീസിലെ പദപ്രയോഗങ്ങളുടെ ശൈലി പരിഗണിക്കുമ്പോള്‍ പൊതുവായ അര്‍ഥത്തിലും അതിനെ വായിക്കാം എന്ന നിലപാട് സ്വീകരിച്ചാലും നാം മുകളില്‍ പറഞ്ഞ ആശയമേ അതിനുള്ളൂ; സ്ത്രീ യാതൊരു തരത്തിലുള്ള അധികാരവും കൈയേല്‍ക്കരുത്, അങ്ങനെ സംഭവിച്ചാല്‍ ആ ജനത ഒന്നടങ്കം പരാജയപ്പെട്ടത് തന്നെ എന്നൊരു അര്‍ഥം ഈ ഹദീസിനില്ല തന്നെ.

Also read: സ്വത്വത്തിന്റെ വിചാരണ

ഹിജ്‌റ ഏഴാം വര്‍ഷം ജമാദുല്‍ ആഖിര്‍ പത്തിന് യമനിലെ ബാസാം പറഞ്ഞയച്ച രണ്ട് ദൂതന്മാര്‍ പ്രവാചകന്റെ അടുത്തെത്തി. തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയ ദൂതന്മാരോട് പ്രവാചകന്‍ ഹാസ്യ രൂപേണ പറഞ്ഞു, ‘നിങ്ങളുടെ കിസ്രാ രാജാവിനെ മകന്‍ കൊന്നുകളഞ്ഞല്ലോ!’ വാര്‍ത്ത വിശ്വസിക്കാനാവാതെ അവര്‍ യമനിലേക്ക് മടങ്ങി. കഥകള്‍ കേട്ട ബാസാമിന്റെ ആത്മഗതം, മുഹമ്മദ് പ്രവാചകന്‍ തന്നെയാണ് എന്നായിരുന്നു. കിസ്‌റാ സാമ്രാജ്യം ഛിന്നഭിന്നമാവട്ടെ എന്ന പ്രവാചകശാപത്തിന് ശേഷം ആറു മാസമാണ് അബ്രൂസ് ഭരിച്ചത്. അതിനിടയില്‍ സ്വന്തം മകന്‍ ശീറവൈഹി പിതാവിന്റെ ഏറ്റവും വലിയ എതിരാളിയായി മാറി. മകന്‍ തന്നെ വധിക്കുമെന്നുറപ്പായപ്പോള്‍ മരുന്നില്‍ വിഷം കലര്‍ത്തി പാത്രത്തിലാക്കി അതിന് മുകളില്‍ ‘രാജസജ്ഞീവനി’ എന്നെഴുതിപ്പതിപ്പിച്ച് അബ്രൂസ് തന്റെ ഇരിപ്പിടത്തിനടുത്ത് വെച്ചു. അഛനെ വധിച്ച മകന്‍ രാജൗഷധം സേവിച്ചു. താമസിയാതെ മരണത്തിന് കീഴടങ്ങി. നാട്ടില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അബ്‌റൂസിന് ചരിത്രത്തില്‍ മറ്റൊരാള്‍ക്കും ഇല്ലാത്ത ഒരു പേര് ലഭിച്ചു, ‘തന്നെ കൊന്നവനെ കൊന്നവന്‍’! വൈകാതെ പെങ്ങള്‍ അധികാരത്തിനായി രംഗത്ത് വന്നു. ഒടുവില്‍ അവര്‍ അധികാരത്തിലെത്തി. ഈ സംഭവം തന്റെ സന്നിധിയില്‍ വെച്ച് പറയപ്പെട്ടപ്പോഴാണ് പ്രവാചകന്‍ ഉപര്യുക്ത വചനം ഉരുവിട്ടത്. അതൊരു പ്രവചനമായിരുന്നു. ആ സ്ത്രീയെ സൈന്യത്തിലെ പുരുഷന്മാര്‍ സ്വാധീനിച്ചും വശീകരിച്ചും പേര്‍ഷ്യ തകര്‍ന്നു പോയതാണ് തുടര്‍ ചരിത്രം. ഒടുവില്‍ എഡി 637 ല്‍ ഖലീഫാ ഉമറിന്റെ കാലത്ത് അത് പൂര്‍ണമായി. ഇമാം ഇബ്‌നു കസീറിന്റെ ‘അല്‍ബിദായ വന്നിഹായ’യില്‍ ഈ സംഭവം സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.

ഡോ. ജമാല്‍ ബദവി എഴുതുന്നു: ‘ഈ നബിവചനം സ്ത്രീകളെ ഭരണനേതൃത്വത്തില്‍നിന്നും മാറ്റിനിര്‍ത്താനുള്ള തെളിവായി വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും പല പണ്ഡിതന്‍മാരും ഇതിനോട് യോജിക്കുന്നില്ല. നബിയുടെ കാലത്തെ പേര്‍ഷ്യന്‍ ഭരണാധികാരികള്‍ പ്രവാചകനോടും അദ്ദേഹം അവരുടെ അടുത്തേക്കയച്ച ദൂതനോടും കൊടിയ ശത്രുത കാണിച്ചവരായിരുന്നു. അതിനാല്‍ പേര്‍ഷ്യക്കാര്‍ ഖുസ്രുവിന്റെ പുത്രിയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ച വാര്‍ത്തയോടുള്ള പ്രതികരണത്തെ, രാഷ്ട്രത്തിന്റെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട ലിംഗപ്രശ്‌നത്തിന്റെ വിശദീകരണമായല്ല, ആ മര്‍ദകസാമ്രാജ്യത്തിന്റെ ആസന്നപതനത്തെ സംബന്ധിച്ച പ്രവചനമെന്ന നിലയിലാണ് കാണേണ്ടത്. നബിയുടെ പ്രവചനം പിന്നീട് പുലരുകയും ചെയ്തു. അതിനാല്‍ ഈ നബിവചനം സ്ത്രീകളെ രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തില്‍നിന്നും ഒഴിച്ചുനിര്‍ത്തിയേ പറ്റൂ എന്നുള്ളതിന് തെളിവാകുന്നില്ല… ‘ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ വിശദീകരിക്കുന്നതില്‍ പ്രസിദ്ധിയാര്‍ജിച്ച പ്രമുഖ നിയമപണ്ഡിതന്‍ അബൂയഅ്‌ലാ രാഷ്ട്രത്തലവന്റെ യോഗ്യതകളില്‍ ‘പുരുഷനായിരിക്കുക’ എന്നൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അല്‍ഖാസിമി നിരീക്ഷിക്കുന്നു.

ഇവിടെ പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്‌ലാമിലെ രാഷ്ട്രത്തലവന്‍ വെറുമൊരു ചടങ്ങു തലവനല്ല. അദ്ദേഹം നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുന്നു. ചിലപ്പോള്‍ നിരന്തരം യാത്രചെയ്യുന്നു. ഇതര രാഷ്ട്രത്തലവന്‍മാരുമായി അവര്‍ പലപ്പോഴും പുരുഷന്‍മാരായിരിക്കും കൂടിയാലോചന നടത്തുന്നു; പലപ്പോഴും രഹസ്യ സംഭാഷണങ്ങളും. സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളും ബാധ്യതകളും ദുര്‍വഹമായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, സ്ത്രീപുരുഷന്‍മാര്‍ക്കിടയിലെ ശരിയായ പരസ്പരബന്ധങ്ങളെ സംബന്ധിച്ച് ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങളോട് അവ പൊരുത്തപ്പെടുകയില്ല.’

ഇസ്‌ലാമിനോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത നാടുകളില്‍ ആധുനിക യുഗത്തില്‍ പോലും സ്ത്രീകള്‍ അധികാരത്തില്‍ വരുന്നത് നന്നേ കുറവാണെന്നതാണ് അനുഭവം. എന്നിട്ടും എന്തുകൊണ്ട് ഇസ്‌ലാം വിമര്‍ശകര്‍ അതൊരു ചര്‍ച്ചയാക്കുന്നില്ല എന്ന്! പരിശോധിച്ചാല്‍ തന്നെ ഇവ്വിഷയകമായ അവരുടെ ഇസ്‌ലാം വിമര്‍ശം ആത്മാര്‍ഥമല്ല എന്ന്! ബോധ്യമാവും. മാത്രമല്ല, ഇസ്‌ലാമിക ചരിത്രത്തില്‍ പലപ്പോഴായി പല വനിതകളും ഭരണനേതൃത്വം ഏറ്റെടുത്തിട്ടുണ്ട് താനും. ഹിജ്‌റ 387ല്‍ ഖുറാസാനിലെ രാജാവ് ശാഹ് ഫഖ്‌റുദ്ദീന്‍ ദൈലവി അന്തരിച്ചപ്പോള്‍ പത്‌നി സയ്യിദ അധികാരമേറ്റെടുക്കുകയുണ്ടായി.

Also read: ദഹ് ലവിയുടെ നാൽപത് ഹദീസുകൾ

തുര്‍ക്കിയിലെ സുല്‍ത്താന്‍ മുറാദ് നാലാമന്‍ ചെറുപ്പത്തിലാണ് സിംഹാസനാരോഹണം ചെയ്തത് എന്നതിനാല്‍ അദ്ദേഹത്തിന്റെ മാതാവ് മാഹ് വേക്കര്‍ ഭരണം കൈയേറ്റു. 1249ല്‍ സുല്‍ത്താന്‍ സ്വാലിഹ് അയ്യൂബിക്ക് ശേഷം ഈജിപ്തിന്റെ ഭരണം അദ്ദേഹത്തിന്റെ ദാസിയായിരുന്ന ശജറതുദ്ദുര്‍റ് എന്ന വനിതയുടെ കാരങ്ങളിലായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍ തന്നെ മഖ്ദൂമയെ ജഹാന്‍, റസിയ്യ സുല്‍ത്താന, ചാന്ദ് ബീബി, സുല്‍ത്താനയെ ജഹാന്‍ ബീഗം, ബീഗം സാഹിബ മുതലായ വനിതകള്‍ മുസ്‌ലിം ഭരണകൂടങ്ങളില്‍ നേതൃസ്ഥാനം ഏറ്റെടുക്കുകയുണ്ടായിട്ടുണ്ട്. ഈ കാലഘട്ടങ്ങളിലൊന്നും, സ്ത്രീയാണ് ഭരണാധികാരി എന്ന കാരണത്താല്‍ മതപണ്ഡിതന്മാര്‍ അവര്‍ക്കെതിരെ രംഗത്തുവന്നിട്ടില്ല; സ്ത്രീയുടെ ഭരണ നേതൃത്വം സാധുവല്ലെന്ന അഭിപ്രായം അവരില്‍ ചിലര്‍ക്ക് ഉണ്ടായിരുന്നിട്ട് പോലും!
സ്ത്രീയുടെ ഭരണനേതൃത്വത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയോ, അത്യാവശ്യഘട്ടങ്ങളില്‍ അവര്‍ ഭരണാധികാരം ഏറ്റെടുക്കുന്നതിനെ തീര്‍ത്തും തടയുകയോ ചെയ്യുന്നില്ലെന്നാണ് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാവുന്നത്. വസ്തുത ഇതായിരിക്കെ, ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനായി അവസരം പാര്‍ത്ത് നടക്കുന്ന ആദര്‍ശ വിരോധികളുടെ സാന്നിധ്യത്തില്‍, വചനസന്ദര്‍ഭം കൂടി പരിഗണിച്ച് വായിക്കേണ്ട ഹദീസുകളെ, കൃത്യതയില്ലാത്ത അര്‍ഥം നല്‍കിയും, വിശദീകരണമില്ലാതെയും സ്ഥലകാല ബോധമില്ലാതെ പോസ്റ്ററുകള്‍ ആക്കുന്നവരും അവരുടെ ചില നിലപാടുകളും തെറ്റിദ്ധാരണയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്ന കാര്യം നാം തിരിച്ചറിയാതെ പോകരുത്.

Related Articles