Youth

സ്വത്വത്തിന്റെ വിചാരണ

‘സ്വത്വത്തിന്റെ നന്മ അതിന്റെ വിചാരണയിലും സ്വത്വത്തിന്റെ നാശം അതിന്റെ അവഗണനയിലുമാണ് നിലകൊള്ളുന്നത്’- ഇമാം ഖതാദ

ഇഹലോകത്തില്‍ ദൈവപ്രീതിയും പരലോകത്തില്‍ സ്വര്‍ഗവുമാണ് ഓരോ മുസ്‌ലിമും ലക്ഷ്യംവെക്കുന്നത്. മുസ്‌ലിമിന്റെ വിചാരം, ആരാധന, ധ്യാനം, കര്‍മം, ശ്വാസനിശ്വാസം തുടങ്ങി മുഴുവന്‍ കാര്യങ്ങളും അവക്ക് ചുറ്റുമാണ് കറങ്ങുന്നത്. എന്നാല്‍, ദൈവപ്രീതിയും സ്വര്‍ഗവും നേടുകയെന്നത് എളുപ്പത്തില്‍ സാധിക്കില്ല. ബോധപൂര്‍വമായ ശ്രമം അതിനാവശ്യമാണ്. സ്വത്വത്തിന്റെ വിശുദ്ധിയിലൂടെ മാത്രമേ ദൈവപ്രീതിയും സ്വര്‍ഗവും സാക്ഷാല്‍ക്കരിക്കാനാവുള്ളൂ. സ്വത്വം വിശുദ്ധമായാല്‍ അവ ലഭിക്കും. അല്ലെങ്കില്‍ നഷ്ടപ്പെടുകയും ചെയ്യും. സ്വത്വത്തിന്റെ വിശുദ്ധിയും തിളക്കവും പതിന്മടങ്ങ് വര്‍ധിപ്പിക്കാനുള്ള പോംവഴിയാണ് ഇടക്കിടെ അതിനെ വിചാരണക്ക് വിധേയമാക്കുകയെന്നത്.

സ്വത്വത്തെ മുന്‍നിര്‍ത്തി സൂക്ഷമവിശകലനം നടത്തുന്ന പ്രക്രിയയാണ് വിചാരണ. വിചാരണവേളയില്‍ വാദിയും പ്രതിയും വിധികര്‍ത്താവുമൊക്കെ മനസാക്ഷിയാണ്. വിചാരണ കൃത്യമാകണമെങ്കില്‍ ചോദ്യങ്ങളും വിശകലനത്തിലൂടെ ഉരുത്തിരിയുന്ന പരിഹാരങ്ങളും കൃത്യമായിരിക്കണം. ഇക്കാലംവരെ തന്റെ ജീവിതത്തിന്റെ ഫലമെന്താണ്? നന്മ നിറഞ്ഞതായിരുന്നോ? നന്മ നിറഞ്ഞതാണെങ്കില്‍ ഇനിയുമിനിയും നന്മകള്‍ എങ്ങനെ സാധ്യമാക്കാം? തിന്മ നിറഞ്ഞതാണെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? എന്നിങ്ങനെയുള്ള ധാരാളം ചോദ്യങ്ങള്‍ സ്വത്വത്തെ വിചാരണ ചെയ്യുമ്പോള്‍ അനിവാര്യമാണ്. കര്‍മത്തില്‍ ഏര്‍പ്പെടുന്നതിനുമുമ്പും ചോദ്യങ്ങള്‍ കണ്ടെത്തി വിചാരണയാകാവുന്നതാണ്.

Also read: “ അത് ഇസ് ലാമിക തീവ്രവാദം തന്നെ”

മുഹാസബത്തെന്നാണ് വിചാരണയുടെ ഇസ്‌ലാമികപദാവലി. വസ്തുക്കള്‍ എണ്ണി ക്ലിപ്ത്തപ്പെടുത്തുകയെന്നാണ് ഭാഷാപരമായി അതിനര്‍ഥം. കണക്കുകള്‍ കൃത്യപ്പെടുത്തുന്ന വ്യക്തിക്ക് മുഹാസിബെന്ന് പറയുന്നു. ജീവിത്തിലെ മുഴുവന്‍ കാര്യങ്ങളുടെയും സൂക്ഷമമായ വിശകലനവും അവയുടെ ക്രമീകരണവുമാണ് സാങ്കേതികമായ അര്‍ഥത്തില്‍ മുഹാസബ. തന്റെ ബാധ്യതകളും അവകാശങ്ങളും കൃത്യപ്പെടുത്തലാണ് മുഹാസബയെന്ന് മനാവി പറയുന്നു. സൂക്ഷമപരിശോധന സ്വത്വത്തോടാവുമ്പോള്‍ അത് മുഹാസബത്തുന്നഫ്‌സായിത്തീരുന്നു.

സ്വത്വത്തിന്റെ വിചാരണക്ക് ഇസ്‌ലാം വലിയ പ്രാധാന്യമാണ് കല്‍പ്പിച്ചിരിക്കുന്നത്. വിശുദ്ധവേദം പറയുന്നു: ”വിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയാറാക്കിയത് എന്തെന്ന് ഓരോ സ്വത്വവും ആലോചിച്ചുകൊള്ളട്ടെ. ദൈവത്തോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നന്നായറിയുന്നവനാണ് ദൈവം”(അല്‍ഹശ്ര്‍: 18). സ്വത്വത്തിന്റെ വിചാരണയുമായി ധാരാളം കാര്യങ്ങള്‍ സൂക്തത്തില്‍നിന്ന് ഗ്രഹിക്കാം. വിചാരണയില്‍ സ്വത്വം പൂര്‍ണമായും നിമഗ്‌നമായിരിക്കണം. സൂക്ഷമമായ വിശകലനമാണ് നടക്കേണ്ടത്. ഉന്‍ദുറൂ എന്ന പ്രയോഗം അതാണ് കുറിക്കുന്നത്. വര്‍ത്തമാനത്തിലൂന്നി ഭൂതത്തില്‍ കഴിഞ്ഞുപോയ(മാ കദ്ദമത്ത്) കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിവിജയത്തിനുവേണ്ടി(ലിഖദിന്‍) യായിരിക്കണം വിചാരണ. ഇമാം ഇബ്‌നുകസീര്‍ ഇപ്രകാരം സൂക്തത്തെ വിശദീകരിക്കുന്നു: ‘പരലോകത്ത് വിചാരണ ചെയ്യപ്പെടുംമുമ്പ് നിങ്ങള്‍ നിങ്ങളുടെ സ്വത്വത്തെ വിചാരണക്ക് വിധേയമാക്കുക. മടക്കയാത്രക്കും നാഥന്റെ സന്നിധിയിലേക്കുമായി നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി സല്‍കര്‍മങ്ങളില്‍നിന്ന് എന്തൊക്കെ സമ്പാദിച്ചുവെന്നും ആലോചിച്ചുകൊള്ളുക’. പ്രവാചകന്‍ പറയുകയുണ്ടായി: ‘സ്വത്വത്തെ ദൈവികകല്‍പനകള്‍ക്ക് വിധേയമാക്കുകയും മരണാനന്തരമുള്ള ജീവിതത്തിലേക്ക് കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. സ്വത്വത്തെ അതിന്റെ താല്‍പര്യങ്ങള്‍ക്ക് പിന്നാലെ നടത്തുകയും ദൈവത്തില്‍ വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവനാണ് ദുര്‍ബലന്‍'(തിര്‍മിദി). ഉമര്‍(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘പരലോകത്ത് വിചാരണ ചെയ്യപ്പെടുംമുമ്പ് നിങ്ങള്‍ സ്വയം വിചാരണചെയ്തുകൊള്ളുക. പരലോകത്ത് കര്‍മങ്ങള്‍ തൂക്കപ്പെടുംമുമ്പ് സ്വയം കര്‍മങ്ങളെ തൂക്കിനോക്കുക’.

സ്വത്വത്തിന്റെ വിചാരണ രണ്ടു രൂപത്തിലുണ്ട്. ഒന്ന്, കര്‍മത്തിനുമുമ്പുള്ള വിചാരണ. കര്‍മത്തില്‍ മുഴുകുന്നതിനുമുമ്പ് അതിനെക്കുറിച്ച് വിചിന്തനം നടത്തലാണിത്. ചെയ്യാന്‍ പോവുന്ന കര്‍മം വിശുദ്ധവേദത്തിനും തിരുചര്യക്കും നിരക്കുന്ന കര്‍മമാണോ? അതല്ല അവക്ക് വിരുദ്ധമാണോ? അവക്ക് യോജിക്കുന്നതാണെങ്കില്‍ നന്മയാണോ അതുമൂലം ഉണ്ടാവുക? അതല്ല തിന്മയാണോ? എല്ലാം നന്മകളും നന്മകളാണെന്നതിന്റെ പേരില്‍ ചെയ്തുകൊണ്ടേയിരിക്കേണ്ടതില്ല. നന്മകള്‍ അനുവര്‍ത്തിക്കുമ്പോഴും ഔചിത്യബോധം ദീക്ഷിച്ചിരക്കണം. പിന്നീട് കര്‍മത്തിന്റെ പ്രചോദനത്തെക്കുറിച്ചാവാം ആലോചന. കര്‍മത്തില്‍ നന്മയും ദൈവപ്രീതിയുമാണ് കാണുന്നതെങ്കെില്‍ പ്രവര്‍ത്തിക്കുക. തിന്മ, ആത്മപ്രശംസ, പണം, പദവി പോലുള്ളവയാണ് കാണുന്നതെങ്കില്‍ കര്‍മം ഉപേക്ഷിക്കുകയും ചെയ്യുക. രണ്ട്, കര്‍മത്തിനുശേഷമുള്ള വിചാരണ. ചെയ്ത കര്‍മത്തില്‍ വല്ല പോരായ്മയും സംഭവിച്ചിട്ടുണ്ടോ? ആത്മാര്‍ഥത, ദൈവത്തോടുള്ള പ്രതിബദ്ധത, പ്രവാചകനെ അനുധാവനം ചെയ്യല്‍, ദൈവബോധം എന്നിവയൊക്കെ തന്റെ കര്‍മത്തിനുണ്ടായിരുന്നുവോ? എന്നൊക്കെ പരിശോധിക്കലാണിത്. കര്‍മത്തെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സഹായകമാണ് ഈ വിചാരണ. കര്‍മത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കാരണങ്ങള്‍ കണ്ടെത്തും. പ്രതിവിധികള്‍ തേടും. അടുത്ത കര്‍മത്തില്‍ തിരുത്തുകയും ചെയ്യും. പാപമോ കുറ്റമോ വന്നുപോയെങ്കില്‍ പശ്ചാത്തപിക്കുകയും ചെയ്യും.

Also read: പ്രവാചക പ്രണയത്തിൻറെ യുക്തി

ജീവിതത്തിന്റെ ഒരു ശീലമാവണം സ്വത്വത്തിന്റെ വിചാരണ. വിചാരണക്ക് ഒരേയൊരു രീതിതന്നെ അവലംബിക്കണമെന്നില്ല. സമയവും അഭിരുചിയും മുന്നില്‍വെച്ച് ഒരു രീതിയെങ്കിലും സ്വീകരിക്കണമെന്നേയുള്ളൂ. വിചാരണ ഓരോ ദിനത്തിന്റെയും ഒടുക്കത്തിലാവാം. അല്ലെങ്കില്‍ ആഴ്ചയുടെ ഒടുക്കത്തിലാവാം. അതുമല്ലെങ്കില്‍ മാസത്തിന്റെ ഒടുക്കത്തിലാവാം. ഇനി അതുമല്ലെങ്കില്‍ വര്‍ഷത്തിന്റെ ഒടുക്കത്തിലുമാവാം. ഇമാം ഗസ്സാലി പറയുന്നു: ‘ദൈവത്തിന്റെ ദാസന്മാര്‍ ഓരോ ദിനത്തിന്റെയും അവസാനത്തില്‍ അന്ന് തങ്ങള്‍ ചെയ്ത കര്‍മങ്ങളെയും അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ച് വിചാരണ നടത്തേണ്ടതുണ്ട്’.

പൂര്‍വസൂരികള്‍ സ്വത്വത്തിന്റെ വിചരാണക്ക് വ്യത്യസ്തമായ ശൈലികള്‍ സ്വീകരിച്ചവരായിരുന്നു. ‘ഇന്ന് മുഴുവന്‍ നീ എന്തു ചെയ്യുകയായിരുന്നു’വെന്ന് ഓരോ രാത്രിയിലും ഉമര്‍(റ) തന്റെ പാദങ്ങളില്‍ മര്‍ദിച്ചുകൊണ്ട് ചോദിക്കാറുണ്ടായിരുന്നുപോലും. ചിലപ്പോള്‍ സ്വയം പറയും: ‘വിശ്വാസികളുടെ നേതാവായ ഉമര്‍. കൊള്ളാം! ദൈവമാണ, നിശ്ചയം നീ ദൈവത്തെ സൂക്ഷിച്ചു ധര്‍മബോധമുള്ളവനാവണം. അല്ലെങ്കില്‍ അവന്‍ നിന്നെ വിചാരണ ചെയ്യുന്നതായിരിക്കും’. ഇബ്‌റാഹീമുത്തൈമി തന്റെ വിചാരണയെ സംബന്ധിച്ച് പറയുന്നു: ‘ഞാന്‍ സ്വര്‍ഗത്തില്‍ നിലകൊള്ളുന്നതായി സങ്കല്‍പിക്കും. സ്വര്‍ഗത്തിലെ പഴങ്ങള്‍ ഭക്ഷിക്കുന്നു, അരുവികളില്‍നിന്ന് പാനംചെയ്യുന്നു, കന്യകകളെ ആശ്ലേഷിക്കുന്നു. പിന്നീട് നരകത്തില്‍ നിലകൊള്ളുന്നതായും സങ്കല്‍പിക്കും. നാറുകയും കൈപ്പുള്ളതുമായ വ്യക്ഷത്തില്‍നിന്ന് ഭക്ഷിക്കുന്നു, ദുര്‍നീരില്‍നിന്ന് പാനംചെയ്യുന്നു, കൈചങ്ങലകളും കാല്‍ചങ്ങലകളും അണിയുന്നു. തുടര്‍ന്ന് ഞാന്‍ ചോദിക്കും: സ്വര്‍ഗമാണോ നരകമാണോ നീ ആഗ്രഹിക്കുന്നത്. അപ്പോള്‍ സ്വത്വം പറയും: ഞാന്‍ ഇഹലോകത്തേക്ക് തിരിച്ചുപോകാനും നന്മയിലേര്‍പ്പെടാനും ആഗ്രഹിക്കുന്നു. അപ്പോള്‍ ഞാന്‍ പറയും: ഇപ്പോള്‍ നീ നിര്‍ഭരമായ അവസ്ഥയിലാണ്. പെട്ടെന്ന് നന്മയിലേര്‍പ്പെട്ടുകൊള്ളുക’. കര്‍മത്തില്‍നിന്ന് വിരമിച്ചാല്‍ അഹ്‌നഫുബ്‌നുഖൈസ് വിളക്കിന്റെ വെളിച്ചത്തില്‍ ചൂണ്ടുവിരല്‍ വെച്ചുകൊണ്ട് ചോദിക്കുമായിരുന്നു: ‘ഇന്ന കര്‍മം ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്?’.

Also read: ദഹ് ലവിയുടെ നാൽപത് ഹദീസുകൾ

സ്വത്വത്തിന്റെ വിചാരണ നടത്തുകയെന്നതിനര്‍ഥം മറ്റുള്ളവരെ വിചാരണ ചെയ്യുന്നതില്‍നിന്ന് മാറിനില്‍ക്കുക എന്നുകൂടിയാണ്. മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും പാപങ്ങളും കണ്ടുപിടിക്കല്‍ എളുപ്പമാണ്. തന്നെയുമല്ല, ചിലരെങ്കിലും അതില്‍ ഒരുതരം ആനന്ദം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഒരാള്‍ക്കു നേരേ ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍ മറ്റു നാലുവിരലുകള്‍ തനിക്കുനേരേ ചൂണ്ടുന്നുവെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. സ്വത്വത്തിന്റെ വിചാരണ നടത്തിയാലും ശരി, ഇല്ലെങ്കിലും ശരി, ഇതരരുടെ പോരായ്്മകള്‍ കണ്ടെത്തലും അതില്‍ ആനന്ദം അനുഭവിക്കലും ചീത്തസ്വഭാവമാണ്.

അന്യരെ വിചാരണ നടത്തുന്നതിനുപകരം സ്വത്വത്തിന്റെ വിചാരണയാണ് നടക്കേണ്ടത്. വേദഗ്രന്ഥങ്ങള്‍ അന്യരുടെ വിചാരണയെ നിരുല്‍സാഹപ്പെടുത്തുകയും സ്വത്വത്തിന്റെ വിചാരണ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. ബൈബിള്‍ പറയുന്നു: ‘നീ ആദ്യം സ്വന്തം കണ്ണിലെ മരത്തടി എടുത്തുകളയുക. അപ്പോള്‍ നിനക്ക് സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ തക്കവിധം വ്യക്തമായ കാഴ്ച ലഭിക്കും’. ബുദ്ധമതത്തിന്റെ ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം: ‘അന്യന്മാരുടെ പിഴകളെയും കൃതാകൃതങ്ങളായ പാപങ്ങളെയും പറ്റിയല്ല വിചാരപ്പെടേണ്ടത്. തന്റെ ദുഷ്‌കര്‍മങ്ങളെയും വീഴ്ചകളെയുമാണ് വിചാരിക്കേണ്ടത്’. മറ്റൊരിടത്ത് ഇപ്രകാരം വന്നിരിക്കുന്നു: ‘നീ തന്നെ നിന്നെ നടത്തണം. തന്നെത്താന്‍ പരിശോധിക്കണം. ആത്മാവിനെ ഒതുക്കി സ്മൃതിവാനായിരിക്കുന്ന ഭിക്ഷുവിന് ദുഖം അവസാനിക്കുന്നു്’.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker