Current Date

Search
Close this search box.
Search
Close this search box.

എന്‍.ഐ.എ വേട്ട ജീവകാരുണ്യ സംഘങ്ങളിലേക്കും

nia

സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അതാത് കാലഘട്ടത്തെ ഭരണകൂടങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും മുഖ്യ എതിരാളികളെ വരുതിയില്‍ നിര്‍ത്താനും എല്ലായിപ്പോഴും ശ്രമിക്കാറുണ്ട്. മുന്‍പത്തെ സാഹചര്യങ്ങളില്‍ മിക്ക വേട്ടയും രാഷ്ട്രീയമായ പകപോക്കലിന്റെയും താല്‍പര്യങ്ങളുടെയും ഭാഗമായിരുന്നു. എന്നാല്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് പുറമെ ഒരു പ്രത്യേക മതവിഭാഗത്തെയും ന്യൂനപക്ഷ സമൂഹങ്ങളെയും തെരഞ്ഞുപിടിച്ച് വേട്ടയാടുന്നത് നാം കണ്ടുവരുന്നതാണ്. ആദിവാസി, ദലിത്, മുസ്‌ലിം, ക്രൈസ്തവ സാമൂഹിക-സാമുദായിക സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളെയുമെല്ലാം അവര്‍ ഇത്തരം ഏജന്‍സികളുടെ ചട്ടുകങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ജീവകാരുണ്യ സംഘടനകളുടെ ഓഫിസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ നടത്തിയ റെയ്ഡ്.

പതിനഞ്ച് വര്‍ഷത്തോളമായി ഇന്ത്യയില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന ജാതി-മത ഭേദമന്യേ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്ക് സഹായ പദ്ധതികളും പുനരധിവാസ പദ്ധതികളും ചെയ്തു വരുന്ന ‘ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും’ ‘ചാരിറ്റി അലൈന്‍സ് ടുഡേ’യുടെയും ഓഫിസുകളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. 2005ലാണ് മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്റെ നേതൃത്വത്തില്‍ ‘ചാരിറ്റി അലൈന്‍സ് ടുഡേ’ രൂപീകരിക്കുന്നത്.

Also read: ഇന്ന് ആസ്വദിച്ച് ജീവിക്കുക

2006ലാണ് സമൂഹത്തിലെ വിവിധ സാമുദായി നേതാക്കളുടെ നേതൃത്വത്തില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. വിഷന്‍ 2016, വിഷന്‍ 2026 എന്നീ പേരുകളില്‍ വിപുലമായ പുനരധിവാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് വിവിധ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സംഘടന കാഴ്ച വെക്കുന്നത്. രണ്ട് സംഘടനകളും ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഭക്ഷ്യ വിതരണം, ചികിത്സ സഹായം, വൃദ്ധ-വിധവ പെന്‍ഷന്‍, റേഷന്‍, വീട് നിര്‍മാണം, കുടിവെള്ള പദ്ധതി, വിദ്യാഭ്യാസ സഹായം, അനാഥ സംരക്ഷണം, സ്ത്രീ ശാക്തീകരണം, പുനരധിവാസം, മൈക്രോ ഫിനാന്‍സ് തുടങ്ങി സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കാണ് ഇരു സംഘടനകളും സഹായം നല്‍കി വരുന്നത്. ഇതിനോടകം ലക്ഷത്തില്‍ പരം ഗുണഭോക്താക്കളാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നേടിയെടുത്തത്. സര്‍ക്കാരുകള്‍ പരിഗണിക്കാത്തതും അവരുടെ ദൃഷ്ടിയില്‍പെടാത്തതും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് എഴുതിതള്ളപ്പെട്ട് തീര്‍ത്തും നിരാലംഭരും പീഡിതരുമായ ജനസമൂഹത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യമിട്ടാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവരെ സ്വന്തം കാലില്‍ എഴുന്നേറ്റ് നിര്‍ത്താനും സമൂഹത്തിന്റെ ഉന്നതിയിലേക്കും കൈപിടിച്ചുയര്‍ത്താനും വേണ്ടിയുള്ള പിന്തുണ നല്‍കുക എന്ന ലക്ഷ്യം മാത്രമാണ് ഇരു സംഘടനകള്‍ക്കുമുള്ളത്.

എന്നാല്‍ രൂപീകരണ കാലം തൊട്ടേ വിവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഭീഷണികളും വെല്ലുവിളികളും ഇത്തരം സംഘടനകള്‍ അഭിമുഖീകരിക്കാറുണ്ട്. പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളായതിനാല്‍. അടുത്തിടെ സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയവരെയും ശബ്ദിച്ചവരെയുമെല്ലാം ഒന്നൊന്നായി ഭീകരനിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതും പുതിയ സംഭവങ്ങളുമെല്ലാം കൂട്ടിവായിച്ചാല്‍ ഭരണകൂടത്തിന്റെ ലക്ഷ്യം നമുക്ക് വ്യക്തമാകും.

Also read: പ്രവാചക പ്രണയത്തിൻറെ യുക്തി

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഭയപ്പെടുത്തി ഇല്ലാതാക്കാനും, രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാനും തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടും തങ്ങളുടെ അധികാര പരിധിയിലേക്ക് പ്രവേശിക്കുന്നു എന്ന ഭയവും, ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം പോലുള്ള വ്യക്തി താല്‍പര്യങ്ങളും തുടങ്ങി വിവിധങ്ങളായ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും ഇത്തരം റെയ്ഡുകള്‍ക്കും അന്വേഷണത്തിനും പിന്നില്‍ ഉണ്ടാവുക. പുകമറ സൃഷ്ടിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും സമൂഹത്തിനിടയില്‍ ആശങ്ക സൃഷ്ടിക്കാനും ഒറ്റപ്പെടുത്താനുമെല്ലാം ഇവര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടികള്‍ എന്ന് പറയാതെ വയ്യ. ഒരു ജനസമൂഹത്തിന് താങ്ങും തണലുമായി വര്‍ത്തിക്കുന്ന ഇത്തരം ജീവകാരുണ്യ സംഘങ്ങളെ പുകമറ സൃഷ്ടിച്ച് ഇല്ലാതാക്കമെന്നത് മറ്റെല്ലാ അജണ്ടകളെയും പോലെ സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന്റെ വ്യാമോഹമാണ്. പതിനായിരക്കണക്കിന് ഗുണഭോക്താക്കളുടെയും അഭ്യുദയകാക്ഷികളുടെയും പ്രാര്‍ത്ഥനയും പിന്തുണയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നണി പോരാളികള്‍ക്ക് ഊര്‍ജ്ജം പകരുതന്നതെന്ന് ഇവിടുത്തെ ഭരണാധികാരികള്‍ കാണാതെ പോകരുത്.

Related Articles