HistoryYour Voice

ആഗസ്റ്റ് 15, വിഭജനത്തിന്റെ വേദനകളും രോദനങ്ങളും പങ്ക് വെക്കുന്ന ദിനം കൂടിയാണ്

ഇന്ത്യാ ചരിത്രത്തിൽ ആഗസ്റ്റ് മാസം കേവലം സ്വാതന്ത്ര്യ ദിന ഓർമ്മകൾ പങ്കു വെക്കുന്ന ആഗസ്റ്റ് 15 ൻറെ ദിനം മാത്രമല്ല, മറിച്ച് ഹൃദയങ്ങളും ഉറ്റവരും രണ്ടായി ഭാഗിക്കപ്പെട്ട വിഭജനത്തിൻറെ തീക്ഷണമായ മുഹൂർത്തങ്ങൾ സ്മരിക്കപ്പെടേണ്ടുന്ന സന്ദർഭം കൂടിയാണ്.

വിഭജനത്തിൻറെ തീവ്രത എന്നും ഒരിന്ത്യൻ പൗരൻറെ മനസ്സിൽ മായാതെ കിടക്കുന്നത്, മനുഷ്യ മനസ്സുകളെ കരയിപ്പിക്കുന്ന അന്നത്തെ ചിത്രങ്ങളും അപൂർവ്വമായി കാണുന്ന ചിത്രാവിഷ്കാരങ്ങളുമായിരിക്കും. അതിൽ തന്നെ തീവണ്ടികൾക്ക് മുകളിൽ കിട്ടാവുന്ന തൻറെ സമ്പാദ്യമെല്ലാം കൂട്ടിക്കെട്ടി അതിർത്തി കടക്കാൻ തിരക്ക് കൂട്ടുന്ന ഒരു പാട് മനുഷ്യരുടെ ചിത്രങ്ങൾ ഇന്നും വിഭജനത്തിൻറെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയായി അവശേഷിക്കുന്നു. ഇന്നത്തെ ന്യൂഡൽഹിയിൽ നിന്നാണ് ആ ചിത്രങ്ങൾ പകർത്തപ്പെട്ടത്. ഇന്ത്യയിൽ വിഭജനത്തിൻറെ തീവ്രത കൂടുതൽ അനുഭവിക്കേണ്ടി വന്ന പ്രദേശമാണ് ഡൽഹി. വിഭജന സമയത്തെ ഡൽഹിയെക്കുറിച്ച് വ്യത്യസ്ത പഠനങ്ങളും ചർച്ചകളും ഇതിനകം നടന്നു കഴിഞ്ഞിട്ടുമുണ്ട്.

വിഭജന സമയത്ത് കാൽ നടയായും വാഹനപ്പുറത്തും ആളുകൾ അഭയാർത്ഥികളായി സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ വിഭജനത്തിൻറെ വ്യാപ്തി വരച്ചുകാട്ടിത്തരുവാൻ അന്നത്തെ തീവണ്ടിയാത്രകളുടെ ചിത്രങ്ങൾ ഒന്ന് ഓർത്ത് നോക്കിയാൽ മാത്രം മതിയാകും. 1947ലെ ഓഗസ്റ്റ് – സെപ്തംബർ മാസങ്ങൾ ഇന്ത്യാ ഉപഭൂഖണ്ഡത്തെ തന്നെ മാറ്റിമറിച്ച നിരവധി സംഭവബഹുലമായ ചരിത്ര രേഖകൾ നമ്മുടെ മുമ്പിൽ തുറന്ന് വെക്കുന്നുണ്ട്. ഇന്ത്യയിലെ ഏത് പ്രദേശത്ത് നിന്നായിരിക്കാം വിഭജന സമയത്ത് പാക്കിസ്ഥാനിലേക്ക് ജനങ്ങളുടെ ഒഴുക്ക് ആദ്യം ആരംഭിച്ചത് ?. വിഭജനത്തെ പഠിക്കുന്നവർക്ക് കൗതകത്തോടൊപ്പം ഒരു പാട് ആശങ്കകളും തരുന്ന ചോദ്യമാണിത്

വിഭജന സമയത്ത് ഇന്നത്തെ പാക്കിസ്ഥാൻറെ ഭാഗമായ ലാഹോറിൽ നിന്ന് നിരവധി ഹിന്ദുക്കളും അന്യമതസ്ഥരും ഡൽഹിയിലേക്കും, തിരിച്ച് ഡൽഹി, പഞ്ചാബ് പ്രദേശങ്ങളിൽ നിന്ന് മുസ്ലിംകൾ ലാഹോറിലേക്കും അഭയാർത്ഥികളായി പോകേണ്ടി വന്ന ‘തീവണ്ടി’ ചരിത്രങ്ങൾ ഇന്ത്യയുടെ സ്വതന്ത്ര്യ ദിന വേദികളിൽ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. അഭയാർത്ഥികളുടെ ശവശരീരങ്ങൾ നിറഞ്ഞ ചരക്ക് തീവണ്ടികളും പാസഞ്ചർ ട്രയിനുകളും രണ്ട് രാജ്യാതിർത്തികൾക്കിടയിലൂടെ അന്ന് ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു. ചോര തുപ്പി ഓടുന്ന (blood trains) ട്രയിനുകളെന്ന് ചരിത്രം  വിശേഷിപ്പിച്ച അന്നത്തെ അഭയാർത്ഥികളുടെ ട്രയിൻ യാത്രകൾ എഴുതപ്പെട്ടാൽ പോലും അതിൻറെ തീവ്രത അറിയാൻ വായനക്കാരന് കഴിയണമെന്നില്ല.

Also read: സ്വാതന്ത്ര്യം തന്നെ ജീവിതം

ചെങ്കോട്ടയിൽ വെള്ളത്തിനായി വരി നിൽക്കുന്ന അഭയാർത്ഥികൾ

August 15 ൻറെയും September 8 ൻറെയും ഇടയിൽ ഏകദേശം ഏഴുപത് ലക്ഷത്തോളം ആളുകൾ തീവണ്ടികളിൽ അഭയാർത്ഥികളായി ഇരു പ്രദേശങ്ങളിലേക്കും യാത്ര ചെയ്തതായി ചരിത്രം വരച്ചിടുന്നു. ട്രയിനിൽ കൊണ്ട് പോകാൻ കഴിയുന്ന വളരെ കുറച്ച് സാധനങ്ങൾ മാത്രം സഞ്ചികളിലാക്കി യാത്ര തിരിക്കുമ്പോൾ തൻറെ സ്വന്തമെന്ന് പറയാൻ കയ്യിലുണ്ടായിരുന്ന വില പിടിച്ചവയെല്ലാം ഉപക്ഷിച്ച്, മരവിച്ച മനസ്സുമായിട്ടായിരുന്നു അന്നത്തെ യാത്രകളൊക്കെത്തന്നെയും.

“ഒരു ശവമഞ്ചം വഹിച്ചുള്ള ചരക്ക് തീവണ്ടിയെന്ന് തോന്നിപ്പിക്കുമാറ് ട്രയിൻ ബോർഡർ കടന്നു പോയി, അതിൻറെ വാതിലുകൾക്കിടയിൽ നിന്ന് രക്ത തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു. ” പ്രസിദ്ധ ചരിത്രകാരനായ നിസിദ് ഹജാരിയുടെ പ്രശസ്ത ഗ്രന്ഥമായ Midnight’s Furies: The Deadly Legacy of India’s Partition എന്ന ഗ്രന്ഥത്തിലെ വരികളാണിത്. വിഭജനം നടക്കുമെന്ന് ഉറപ്പായതോടെ ഡൽഹി, പഞ്ചാബ്, ലാഹോർ, അട്ടാരി പ്രദേശങ്ങൾ ഭയത്തിൻറെ നിഴലിലായി. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കും മുമ്പുള്ള അവസാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനാണ് അട്ടാരി. വാഗാ അതിർത്തിയിൽ നിന്ന് 3 കിലോമീറ്റർ മാറിയുള്ള അട്ടാരി, വിഭജനത്തിൻറ തീവ്രത കൂടുതലറിഞ്ഞ റെയിൽവേ സ്റ്റേഷനാണ്.ഡൽഹിയി, ലാഹോർ പ്രദേശങ്ങളിൽ ലഹളകളും കലാപങ്ങളും അരങ്ങേറി. പിഞ്ചു കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ അക്രമണങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടു. ഡൽഹിയിലെ പല പ്രദേശങ്ങളും ചോരയുടെ ചുവന്ന തെരുവുകളായി മാറി.

അതിർത്തികൾ ലക്ഷ്യം വെച്ച് പഞ്ചാബിൽ നിന്നും ഡൽഹിയിൽ നിന്നും പുറപ്പെട്ടിരുന്ന അഭയാർത്ഥികൾക്കായുള്ള തീവണ്ടികൾ പലതും ഡൽഹി – ലാഹോർ, പഞ്ചാബ്- ലാഹോർ പ്രദേശങ്ങൾക്കിടയിൽ വെച്ച് കൊള്ളചെയ്യപ്പെടുകയോ കത്തിക്കപ്പെടുകയോ ചെയ്തു. റെയിൽപാളങ്ങൾ മനുഷ്യരുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കലാപങ്ങൾ നടത്തുന്നവരുടെ പ്രധാന വിനോദം അതിർത്തി തേടി പായുന്ന തീവണ്ടികൾ ആക്രമിക്കുന്നതായി പതിയെ മാറാൻ തുടങ്ങി. നിരവധി അഭയാർത്ഥികൾ ഇത്തരത്തിൽ കൊല്ലപ്പെട്ടു. പിന്നീട് ഭരണകൂടം ഏർപ്പെടുത്തിയ ചിലപ്പോഴെങ്കിലുമുള്ള സൈന്യത്തിൻറെ സഹായം ഇത്തരം ട്രയിനുകൾക്ക് മേലുള്ള ആക്രമണങ്ങൾക്ക് ചെറിയ തോതിലെങ്കിലും ശമനമുണ്ടാക്കി. അതിർത്തികൾ തേടി പായുന്ന തീവണ്ടികൾ ‘Ghost train ‘ കളായി ചരിത്രത്തിൽ കുപ്രസിദ്ധി നേടിയതിന് കാരണം ഇതിൽ നിന്ന് വ്യക്തമാണല്ലോ.

Also read: ആര്‍ക്കാണ് ചരിത്ര നിമിഷം ?

വിഭജന സമയത്ത് ഡൽഹിയിലെ ചെങ്കോട്ടയും മറ്റ് പ്രധാന ചരിത്ര പ്രദേശങ്ങളും അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു. അഭയാർത്ഥികളിൽ ഡൽഹിയിൽ നിന്ന് ലാഹോറിലേക്ക് പോകുന്ന മുസ്ലിങ്ങളുടെ ചിത്രങ്ങളാണ് അധികവും വിഭജനത്തിൻറെ നോവായി മാറാൻ ഇടയാക്കിയത്. അതോടെ ഡൽഹിയിൽ മാത്രം താമസിച്ചിരുന്ന മുസ്ലിംകളുടെ എണ്ണത്തിൽ വലിയ വ്യത്യാസം വന്നു. സിക്കുകാരും ഹിന്ദുക്കളും ലാഹോറിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റപ്പെട്ടു. ദെറാ ഗാസി ഖാൻ, ദെറാ ഇസ്മാഈൽ ഖാൻ , പെഷവാർ, കോഹാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായിരുന്നു ഡൽഹിയിലേക്ക് അവരുടെ കുടിയേറ്റങ്ങളധികവും. 1960കൾ വരെയും പാക്കിസ്ഥാനിലെ പെഷവാറിൽ മാത്രം ലഭിക്കുന്ന ‘പെഷവാരി സൽവാർ ഖമീസും’, അഫ്ഘാനികളുടെ ‘അഫ്ഘാനി തൊപ്പിയും’ ഡൽഹി തെരുവുകളിൽ സർവ്വ സാധാരണമായിരുന്നു.

 

Facebook Comments

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker