Current Date

Search
Close this search box.
Search
Close this search box.

ആര്‍ക്കാണ് ചരിത്ര നിമിഷം ?

ഫലസ്തീന്റെ ചരിത്രത്തില്‍ പുതിയ ഒരു വഴിത്തിരിവിനാണ് കഴിഞ്ഞ ദിവസം യു.എ.ഇ തുടക്കമിട്ടത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന കെണിയില്‍ ഓരോ അറബ് രാജ്യങ്ങളും പടിപടിയായി വീഴുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കഴിഞ്ഞ ദിവസം യു.എ.ഇ ഇസ്രായേലുമായുണ്ടാക്കിയ നയതന്ത്ര കരാര്‍. ചരിത്ര നിമിഷം എന്നാണ് കരാറിനെക്കുറിച്ച് വിശദീകരിച്ച് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. നിരവധി പ്രത്യേകതകള്‍ ഉണ്ട് ഈ പുതിയ യു.എ.ഇ-ഇസ്രായേല്‍ കരാറിന്.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കുകയും പ്രത്യേകിച്ച് ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ കൈയേറ്റം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ഈ കരാര്‍ ഫലസ്തീന്‍ രാഷ്ട്ര സങ്കല്‍പ്പത്തിന് തെല്ലൊന്നുമല്ല കോട്ടം തട്ടുക. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് കൈയേറ്റം നിര്‍ത്തിവെക്കാന്‍ ഇസ്രായേല്‍ മുന്‍കൈയെടുക്കും എന്നതാണ് കരാറിനെ അനുകൂലിക്കുന്നവര്‍ എല്ലാവരും എടുത്തു പറയുന്ന ഒന്ന്. എന്നാല്‍ കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അത് സജീവപരിഗണനയില്‍ തന്നെയുണ്ടെന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്.

Also read: ആഗസ്റ്റ് 15, വിഭജനത്തിൻറെ വേദനകളും രോദനങ്ങളും പങ്ക് വെക്കുന്ന ദിനം കൂടിയാണ്

ഇസ്രായേലുമായുള്ള ബന്ധം സുതാര്യമാക്കുന്ന ആദ്യത്തെ ഗള്‍ഫ് രാഷ്ട്രമായി യു.എ.ഇ മാറി. അതേസമയം, ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യു.എ.ഇ. നേരത്തെ ഈജിപ്തും ജോര്‍ദാനും ഇസ്രായേലുമായി കരാറിലേര്‍പ്പെട്ടിരുന്നു. യു.എ.ഇ-ഇസ്രായേല്‍ ബന്ധത്തില്‍ സമ്മിശ്ര പ്രതികരണമാണ് അറബ്-യൂറോപ്യന്‍ രാഷ്ട്രനേതാക്കളും വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായത്. ഫലസ്തീന്‍,ഹമാസ്,തുര്‍ക്കി,ഇറാന്‍,ഘാന,പി.എല്‍.ഒ എന്നിവര്‍ കരാറിനെ എതിര്‍ത്തപ്പോള്‍ യു.എന്‍,യു.എസ്,ഫ്രാന്‍സ്,യു.കെ,ബഹ്‌റൈന്‍,ഈജിപ്ത്,ജോര്‍ദാന്‍ എന്നിവര്‍ കരാറിനെ സ്വാഗതം ചെയ്തും രംഗത്തു വന്നു.

നിക്ഷേപം,ടൂറിസം,ടെലികോം,സുരക്ഷ,ആരോഗ്യം,സാംസ്‌കാരികം,എംബസി സ്ഥാപിക്കല്‍ തുടങ്ങി ഇരു രാഷ്ട്രങ്ങള്‍ക്കും പരസ്പരം സഹകരിക്കാവുന്ന നിരവധി മേഖലകളിലാണ് ഇസ്രായേലും യു.എ.ഇയും പരസ്പരം സഹകരിക്കാന്‍ ധാരണയായിരിക്കുന്നത്. ഫലസ്തീന്‍ കൂട്ടിച്ചേര്‍ക്കല്‍ വൈകിപ്പിക്കും എന്ന സൂചന മാത്രമാണ് ഇസ്രായേല്‍ നല്‍കുന്നത്. അത് പൂര്‍ണമായും ഉപേക്ഷിക്കും എന്ന് എവിടെയും സൂചിപ്പിക്കുന്നില്ല.

Also read: സ്വാതന്ത്ര്യം തന്നെ ജീവിതം

പശ്ചിമേഷ്യന്‍ മേഖലയിലെ നയതന്ത്ര,വ്യാപാര,സുരക്ഷ,സഹകരണം വികസിപ്പിക്കുക എന്നതാണ് പ്രധാനമായും ഇസ്രായേല്‍ ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി പശ്ചിമേഷ്യയിലെ മറ്റു രാഷ്ട്രങ്ങളോട് തന്ത്രം മെനഞ്ഞ് ചങ്ങാത്തം സ്ഥാപിക്കുകയും. സമാനമായ ലക്ഷ്യം തന്നെയാണ് യു.എസും ഇക്കാര്യത്തില്‍ വെച്ച് പുലര്‍ത്തുന്നത്.

മൂന്ന് രാഷ്ട്രങ്ങളുടെ സംയുക്ത ഉടമ്പടിയില്‍ പറയുന്ന മറ്റൊരു കാര്യമാണ്. സമാധാന പദ്ധതി എന്നത്. അല്‍ അഖ്‌സ മസ്ജിദിലേക്ക് മുസ്‌ലിംകള്‍ക്ക് സന്ദര്‍ശിക്കാനും പ്രാര്‍ത്ഥന നടത്താനും അനുവാദമുണ്ടാകുമെന്നാണ് ഇതില്‍ പറയുന്നത്. അഖ്‌സ പരിസരം കിഴക്കന്‍ ജറൂസലേമില്‍ ഇസ്രായേലിന്റെ അധിനിവിഷ്ട പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1967ല്‍ നടന്ന ആറു ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് ഈ പ്രദേശം ഇസ്രായേല്‍ കൈയേറുന്നത്. ഈ നീക്കത്തിന് അന്താരാഷ്ട്രം അംഗീകാരം ലഭിച്ചിരുന്നുമില്ല.

കൊറോണ വാക്‌സിന്‍ കണ്ടുപിടിക്കാനും ഇസ്രായേല്‍-യു.എ.ഇ കരാറിലൂടെ സാധിക്കുമെന്നാണ് മറ്റൊരു അവകാശവാദം. വാക്‌സിനായി ഇരു രാഷ്ട്രങ്ങളും പരസ്പരം സഹകരിക്കും. കഴിഞ്ഞ ജൂണില്‍ നെതന്യാഹു ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ഇക്കാര്യം പിന്നീട് യു.എ.ഇയും ശരിവെച്ചിരുന്നു. ഇങ്ങനെയൊക്കെയാണ് ഇസ്രായേല്‍-യു.എ.ഇ-യു.എസ് ത്രിരാഷ്ട്ര സഖ്യത്തെ നമുക്ക് പൊതുവെ നോക്കികാണാന്‍ സാധിക്കുക.

അതിനാല്‍ തന്നെ കരാറിന്റെ കൂടുതല്‍ ദോഷവശങ്ങളും ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രത്തിന് അത് എത്രത്തോളം ആഘാതം വരുത്തുമെന്നും ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ഉടമ്പടി എത്ര കണ്ട് നീതി പുലര്‍ത്തുമെന്നുമെല്ലാം നമുക്ക് വരും ദിവസങ്ങളില്‍ കണ്ടറിയാം.

Related Articles