Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യം തന്നെ ജീവിതം 

ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ ഉയർത്തുന്ന കൊടിയും പ്യൂൺ സൈഫുക്കയും മറ്റു മാഷന്മാരും ടീച്ചർമാരും വിതരണം ചെയ്യുന്ന മിഠായിയാണ് സ്ക്കൂൾ കാലത്തെ ആഗസ്റ്റ് 15 ഓർമകൾ . ഉറുദു പഠിച്ച് തുടങ്ങിയ കാലത്താണ് ഷെഹ്നായി നാദം എന്നറിയപ്പെട്ടിരുന്ന മർഹൂം ഉസ്താദ് ബിസ്മില്ല ഖാന്റെ സംഗീതം കൊണ്ട് ചെങ്കോട്ടയിൽ ആണ്ടുതോറും നടക്കുന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നുവെന്ന് ദൂരദർശനിലൂടെയും പത്രങ്ങളിലുടെയും മനസ്സിലാക്കുന്നത്. ഇതിനേക്കാളുപരി സ്വാതന്ത്ര്യത്തിന്റേയോ അതിന്റെ പോസിറ്റീവ് വശങ്ങളോ ഈ നാലരപ്പതിറ്റാണ്ട് ജീവിച്ചു തീർത്ത കുറിപ്പുകാരന് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യത്തിന് മുമ്പ് ഈ രാജ്യത്ത് ജനിച്ച ഏതെങ്കിലും വയോവൃദ്ധനോട് അടിമത്വത്തിന്റെ / കോളനിവത്കരണത്തിന്റെ ഓർമകളെ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ജീവിതവുമായി താരതമ്യം ചെയ്യാൻ ആവശ്യപ്പെടാൻ അവസരമുണ്ടായിട്ടില്ല എന്ന് പറയുന്നതാണ് സത്യം.സ്വാതന്ത്ര്യം സ്വപ്നം മാത്രമായിരുന്ന കോളനിവത്കൃത സമൂഹത്തിന്‌ ആ മഹത്തായ സ്വപ്നം പൂവണിയിച്ച്‌ നൽകി നമ്മളിൽ നിന്നും പൊലിഞ്ഞു പോയ മഹാ മനീഷികളെ സ്മരിക്കാൻ , സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര നിമിഷങ്ങൾ ഓർത്തെടുക്കാൻ , പിറന്ന നാടിന്റെ സ്വാതന്ത്ര്യം 74 വർഷങ്ങൾ പിന്നിടുമ്പോൾ സമ്മിശ്രമായ ചില ചിന്തളാണ് മനസ്സിനെ മഥിക്കുന്നത്.

1947/14-ആഗസ്റ്റ് പാതിരാത്രി 1366 AH റമദാൻ 27 ന്റെ രാത്രിയായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന് എന്റെ വല്ലിപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്. അഥവാ അവർക്കന്ന് അക്ഷരാർഥത്തിൽ ലൈലത്തുൽ ഖദ്റായിരുന്നു. വിധി നിർണ്ണായക രാത്രി.ജോലിയാവശ്യാർഥം ജുനഗഡിലായിരുന്ന അദ്ദേഹം മൂന്നു ദിവസം യാത്ര ചെയ്ത് കുറ്റിപ്പുറത്ത് വന്നിറങ്ങിയ കഥ ആവേശത്തോടെ പറയുന്നത് പലവുരു കേട്ടിട്ടുണ്ട്. വളരെ പ്രതീക്ഷയോടെ നമ്മുടെ രണ്ട് തലമുറ മുമ്പുള്ളവർ സ്വീകരിച്ച ആ സ്വാതന്ത്ര്യം ഇന്നെവിടെയാണ് എത്തിപ്പെട്ടിരിക്കുന്നതെന്നത് വായനക്കാർക്ക് വിട്ടു തരുന്നു.

Also read: “ പ്രവാചക നിന്ദ മതമല്ല അതൊരു രാഷ്ട്രീയമാണ്”

ഖുർആനിൽ പ്രവാചക നിയോഗത്തിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്നയിടത്ത് അഅ്റാഫ് അദ്ധ്യായത്തിൽ വന്ന പരാമർശമിങ്ങനെ:
അവരുടെ ഭാരത്തെയും, അവരുടെ മേലുണ്ടായിരുന്ന ബന്ധങ്ങളെയും അവരില്‍നിന്നു അദ്ദേഹം ഇറക്കി വെക്കുകയും ചെയും(7:157) എന്നാണത്.

രണ്ടാം ഖലീഫ ഉമറി(റ)ന്റെ സന്ദേശ വാഹകനായിരുന്ന രിബ്ഇയ്യ് ബ്നു ആമിർ (റ)
പേർഷ്യൻ സേനാനായകൻ റുസ്തമിനോട് പറഞ്ഞ വിപ്ലവാത്മക മറുപടിയിൽ ഇസ്ലാം പ്രസരിപ്പിക്കുന്ന സ്വാതന്ത്ര്യ സങ്കല്പമുണ്ട് ,
ആ സംഭാഷണമിങ്ങനെ വായിക്കാം :-
റുസ്തം: ‘എന്തിനാണ് നിങ്ങൾ വന്നിരിക്കുന്നത്? ‘ രിബ്ഇയ്യ് ബ്നു ആമിർ : ‘ദൈവമിഛിക്കുന്നവരെ , അടിമകളുടെ അടിമത്തത്തിൽ നിന്ന് ദൈവത്തിന്റെ അടിമത്തത്തിലേക്കും ഐഹികജീവിതത്തിന്റെ കുടുസ്സിൽ നിന്നു ഇഹപരേലാകങ്ങളുടെ വിശാലതയിലേക്കും മതങ്ങളുടെ അക്രമത്തിൽ നിന്നും ഇസ്ലാമിന്റെ നീതിയിലേക്കും മോചിപ്പിച്ചു കൊണ്ട് പോകുവാൻ ദൈവം തന്നെയാണ് ഞങ്ങളെ നിയോഗിച്ചത്.

Also read: ലിബറലിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം

ഈജിപ്തിലെ ഗവർണരായിരുന്ന അംറു ബിനുൽ ആസിന്റെ മകൻ അവിടത്തെ ഒരു കോപ്റ്റിക്ക് പയ്യനോടൊപ്പം കുതിര റൈഡ് നടത്തുനതിനിടയിൽ നടന്ന കലപിലയിൽ ഒന്നുതല്ലിപ്പോയതും വിഷയം  ഉമറി (റ)ന്റെ മുമ്പിലെത്തിയതും അദ്ദേഹം അംറിന്റെ മുഖത്തു നോക്കി :
متى استعبدتم الناس وقد ولدتهم أمهاتهم أحرارا
നിങ്ങളെപ്പോഴാണ് സ്വതന്ത്രരായി ജനിച്ച മനുഷ്യന്മാരെ അടിമകളാക്കാൻ തുടങ്ങി ?
എന്ന് ചോദിച്ച ചോദ്യവും അറിയാത്തവർ നമ്മിൽ വിരളമായിരിക്കും.

ഇത്തരം പ്രമാണങ്ങളും സംഭവങ്ങളും മുമ്പിൽ വെച്ചു കൊണ്ട് ഇമാം ഇബ്നുൽ ജൗസി എഴുതിയിട്ടുള്ള ഒരു പ്രസ്താവന പ്രസിദ്ധമാണ്.
الحر عبد الله فمن جنى عليه فخصمه سيده .
സ്വതന്ത്ര്യനായ മനുഷ്യനോട് വല്ല കുറവും കാണിക്കുന്നവനെ നാഥൻ അവന് കൊടുക്കാനുള്ളതിൽ കുറക്കും. കാരണം അവൻ ദൈവത്തിന്റെ മാത്രം അടിമയാണ് എന്നാണ്.

മാഗ്നാകാർട്ടയും ലോക മനുഷ്യാവകാശ സംഘടനകളും പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പ് മത സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിച്ച വിപ്ലവഗ്രന്ഥമാണ് ഖുർആൻ (2: 156)
അധികാരം ഏറ്റെടുത്ത നാളിൽ അപരാധികളെ എല്ലാവരേയും നിങ്ങൾക്കു പോവാം , നിങ്ങളെല്ലാം സ്വതന്ത്ര്യരാണ് എന്ന് പ്രഖ്യാപിച്ച പാരമ്പര്യമാണ് ഇസ്ലാമിന്റേത്. തന്നെ ഇതുവരെ ട്രോളുക മാത്രം ചെയ്തിട്ടുള്ള സ്വഫ്വാനു ബ്നു ഉമയ്യ: (റ)ക്ക് തന്റെ തലപ്പാവൂരികൊടുത്ത് കൊണ്ട് നിർഭയത്വം ഉറപ്പു വരുത്തി, സ്വതന്ത്രനായി സ്വന്തം നാട്ടിൽ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കയാണ് നബി (സ) ചെയ്തത്.
അബദ്ധത്തിൽ ഖാലിദ് (റ) ന് പറ്റിയ കൊലയിൽ അല്ലാഹുവിനോട് ആത്മാർഥമായി കുറ്റസമ്മതം നടത്തി , കൊല്ലപ്പെട്ട ബനൂ ജുദൈമയിൽ പോയി അനുയായിക്കു വേണ്ടി മാപ്പു പറഞ്ഞ നേതാവായിരുന്നു അദ്ദേഹം. തുടർന്ന് ഖുർആൻ നിർദ്ദേശിച്ച നഷ്ടപരിഹാരം സ്വന്തം അകൗണ്ടിൽ നിന്നും കൊടുക്കാൻ മരുമകൻ അലി (റ )യെ ഏല്പിച്ചിട്ടാണ് അദ്ദേഹം പള്ളിയിലേക്ക് പോവുന്നത്.സത്യം ഏതു തെമ്മാടിയായ ഭരണാധികാരിയുടെ മുമ്പിലും ഉച്ചൈസ്തരം പ്രഖ്യാപിക്കാമെന്നും അത് ശ്രേഷ്ഠമായ ജിഹാദാണെന്നും പ്രഖ്യാപിച്ചത് ഏത് അടിയന്തിരാവസ്ഥയിലും ആവിഷ്കാര സ്വാതന്ത്ര്യം ദീക്ഷിക്കപ്പെടണമെന്ന അത്യുന്നത ചിന്തയാലായിരുന്നു.

Also read: മുസ്ലിം മണ്ണില്‍ ഇസ്രയേല്‍ കടന്നു കയറുമ്പോള്‍

ജൂതനായ ഒരു മനുഷ്യൻ വന്ന് നിർഭയത്വം ആവശ്യപ്പെട്ടപ്പോൾ നിന്റെ വേദം നിർദ്ദേശിക്കുന്ന പത്തു കല്പനകളനുസരിച്ച് ഈ നാട്ടിൽ നില്ക്കുവോളം നിനക്കിവിടെ ആരേയും പേടിക്കേണ്ടി വരില്ല എന്ന് പറയുവോളം വരുമോ ആധുനിക ലിബറൽ ലോകത്തെ വിശ്വാസ സംരക്ഷണം?! ഏതു ഭൂമിയിലാണോ നന്മകാണുന്നത് അവിടെ താമസിക്കാമെന്ന പ്രഖ്യാപനത്തിലുണ്ട് ഇന്ന് ലോകം നേരിടുന്ന പൗരത്വ /ദേശീയ പ്രതിസന്ധികൾക്കുള്ള പരിഹാരം.വിവാഹം കഴിക്കാനും കഴിക്കാതിരിക്കാനും ഐഛിക കർമങ്ങൾ ചെയ്യാനും ചെയ്യാതിരിക്കാനും അഹങ്കാരവും ധൂർത്തുമില്ലാതെ നിരോധിക്കപ്പെടാത്തതെല്ലാം ധരിക്കാനും കഴിക്കാനും അവ വേണ്ടെന്നു വെക്കാനും തുടങ്ങി മനുഷ്യ ജീവിതത്തിന്റെ ചെറുതും വലുതുമായ ഏത് രംഗത്തും ഈ വിശാലത അനുവദിച്ചു നല്കിയത് പ്രവാചകന്റെ നിയോഗലക്ഷ്യമായിട്ടാണ് ഉപരിസൂചിത പ്രമാണങ്ങളിൽ നിന്നും വായിക്കാൻ സാധിക്കുന്നത്. ഏതു രംഗത്തുമുള്ള അവകാശങ്ങളെയും ധ്വംസിക്കാതെയുള്ള കാര്യക്ഷമതയും വ്യവസ്ഥാപിതത്വവുമാണ് 23 കൊല്ലത്തെ ജീവിതം കൊണ്ട് പ്രവാചകൻ (സ) സ്ഥാപിച്ചെടുത്ത സ്വാതന്ത്ര്യമെന്ന് ചുരുക്കം.

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

Related Articles