Vazhivilakk

മനുഷ്യരുടെ വഴിവെളിച്ചം

വേദസാരം- പതിമൂന്ന്

അദ്ഭുതപ്പെടുത്തുന്ന രണ്ടു പുസ്തകങ്ങൾ! രണ്ടും ദൈവത്തിൻ്റേത്. ഒന്ന്, നിയമവിധികളും സാരോപദേശങ്ങളും നിറഞ്ഞ വേദഗ്രന്ഥങ്ങൾ. ദൈവദൂതൻമാർ വഴിയാണ് അവ മനുഷ്യരിലെത്തിയത്. അന്ത്യദൂതനിലൂടെ അവയുടെ അവസാന പതിപ്പും വന്നു. രണ്ട്, പ്രപഞ്ചമാകുന്ന മഹാ പുസ്തകം. ആ പുസ്തകത്തിലേക്ക് കണ്ണെറിയാനും ചിന്തകൾ പായിക്കാനും നമുക്ക് സമയമുണ്ടോ?

സത്യവേദം ഒരു താക്കോൽക്കൂടിയാണ്. പ്രപഞ്ചമാകുന്ന വലിയ പുസ്തകം തുറന്നു വായിക്കാനുള്ള താക്കോൽ. വേദവചനങ്ങൾക്കും പ്രപഞ്ചാദ്ഭുതങ്ങൾക്കും ഒരേ പ്രയോഗമാണ്, അടയാളം, ദൃഷ്ടാന്തം; ആയത്ത് എന്ന് അറബി. പ്രപഞ്ചമാകുന്ന ദൈവത്തിൻ്റെ വലിയ പുസ്തകം ഏതു മനുഷ്യനും വായിക്കാം, പാഠങ്ങൾ സ്വീകരിക്കാം, വിഭവങ്ങൾ ഉപയോഗിക്കാം, പ്രയോജനമെടുക്കാം. അതിന് മതവും വിശ്വാസവും മാനദണ്ഡമല്ല. അപ്പോൾ, സത്യവേദമോ! അത് ആരുടേതാണ്, ആർക്കൊക്കെ വായിക്കാം, പ്രയോജനമെടുക്കാം?

Also read: ഖിയാമുന്നഹാർ അഥവാ പകൽ നമസ്കാരങ്ങൾ

‘മനുഷ്യരുടെ സന്മാർഗം’! സത്യവേദം സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ആരുടേത് എന്ന ചോദ്യത്തിന് എല്ലാ മനുഷ്യരുടേതും എന്ന് മറുപടി. രണ്ടാം അധ്യായം നൂറ്റി എൺപത്തിയഞ്ചാം വചനത്തിൽ ഇത് വായിക്കാം. മനുഷ്യർക്കാകമാനം അവകാശപ്പെട്ടതാണ് ദൈവ വചനങ്ങൾ, പ്രപഞ്ചവിഭവങ്ങൾ പോലെ. സത്യവേദം ഏതു മനുഷ്യനും സൂക്ഷിക്കാം, വായിക്കാം, പഠിക്കാം, പ്രയോജനപ്പെടുത്താം. എല്ലാ മനുഷ്യർക്കുമായി അത് തുറന്നു വയ്ക്കണം. വേദ വചനങ്ങളിലൂടെ എല്ലാവരും യാത്ര ചെയ്യട്ടെ. അറിവും അനുഭവങ്ങളും മനസ്സ് നിറക്കട്ടെ! അതുവഴി, മനോമുകുരങ്ങളിൽ നിറഞ്ഞ കാർമേഘങ്ങൾ പെയ്തൊഴിയും, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും, അകലങ്ങൾ അടുപ്പങ്ങളായിത്തീരും. തെറ്റായ ധാരണകളിൽ നിന്ന് ശരിയായ ബോധ്യങ്ങളിലേക്ക് ഹൃദയങ്ങൾ തുറന്ന് വന്നേക്കും! ‘സത്യാസത്യ വിവേചകമായും സന്മാർഗ്ഗത്തിൻ്റെ തെളിഞ്ഞ പ്രമാണമായും’ അത്, വ്യക്തിയുടെ വെളിച്ചവും നാഗരികതയുടെ അടിയാധാരവുമാകും! മനുഷ്യ ഹൃദയങ്ങൾ തുറക്കണമെങ്കിൽ, അവർക്കു മുമ്പിൽ സത്യവേദം തുറന്നു വയ്ക്കാൻ അത് കൈവശം വെച്ചിരിക്കുന്നവർ ആദ്യം മനസ്സ് വെക്കണം. ഓർക്കുക, ‘ഒരു മതത്തിൻ്റെ മാത്രം പുണ്യഗ്രന്ഥം, ഒരു സമുദായത്തിൻ്റെ സ്വകാര്യ സ്വത്ത് ‘ എന്ന് സത്യവേദം സ്വയം അവകാശപ്പെടുകയോ, ദൈവദൂതൻ പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ല. അടിവരയിടട്ടെ, ദൈവ വചനങ്ങൾ എല്ലാവർക്കുമുള്ളതാണ്.

Also read: ശമ്പളത്തിന്റെ സകാത്

പ്രപഞ്ചവിഭവങ്ങൾ, സ്രഷ്ടാവിനെ തിരിച്ചറിഞ്ഞും നന്ദി കാണിച്ചും പ്രയോജനപ്പെടുത്തിയാൽ ഇരട്ട വിജയം. ചിലർ പക്ഷേ, സ്രഷ്ടാവിനെ തിരിച്ചറിയാതെ അവ പ്രയോജനപ്പെടുത്തും. അവർക്കും ഭൂമിയിൽ അതിൻ്റെ ഗുണമുണ്ട്. സത്യവേദത്തിനുമുണ്ടല്ലോ ഇങ്ങനെയൊരു വശം. വിശ്വാസപൂർവ്വം അത് അറിഞ്ഞ് അംഗീകരിച്ചാൽ ഇരട്ട വിജയം. ‘ധർമ്മനിഷ്ഠരുടെയും ദൈവഭക്തരുടെയും സന്മാർഗ്ഗം’ എന്ന് രണ്ടാം അധ്യായം, മൂന്നാം വചന സാരത്തിൽ ഇതും ഉൾക്കൊള്ളുന്നു. വിശ്വസിക്കാതെയും അതിലെ മൂല്യവും സംസ്കാരവും ധർമ്മ പാഠങ്ങളും ഏവർക്കും സ്വീകരിക്കാം. അതിലെ ആരാധനാ അനുഷ്ഠാനങ്ങളാണ് വിശ്വസിച്ചവർക്ക് മാത്രം ബാധ്യതപ്പെട്ടത്. അതിനപ്പുറം ഒഴുകിപ്പരക്കുന്ന സംസ്കാര പാഠങ്ങൾ ആർക്കും പ്രയോജനപ്പെടുത്താം. മാതാപിതാക്കളാടുള്ള ബാധ്യത മുതൽ നീതി വരെ.
പലിശ നിരോധവും മദ്യവർജനവും മുതൽ കള്ള വാർത്തകളും പരിഹാസവും വെടിയൽ വരെ! ‘അനന്തര സ്വത്തിൽ തർക്കിച്ചും കേസ് നടത്തിയും ചിലർ കാലം കഴിക്കുന്നു. സത്യവേദത്തിലെ അനന്തരാവകാശ നിയമങ്ങൾ എന്തു മനോഹരമാണ്. അത് പിന്തുടരുമ്പോൾ അതിൻ്റെ അനുഗാതാക്കൾക്കിടയിൽ പ്രശ്നങ്ങൾ തീരെ കുറയുന്നു. ഇത് എല്ലാവരുടേതുമാണല്ലോ….. ‘ വിവർത്തനം വായിച്ചു പഠിച്ച അധ്യാപകൻ്റെ വാക്കുകൾ!

Facebook Comments
Related Articles
Close
Close