Q & A

ശമ്പളത്തിന്റെ സകാത്

ചോദ്യം:ശമ്പളത്തിന്റെ സകാത് എപ്പോഴാണ് കൊടുക്കേണ്ടത്. ശമ്പളം കിട്ടിയ ഉടനെ അതിന്റെ 2.5 % സകാത് കൊടുക്കണമെന്ന് ചിലർ പറയുന്നു, അങ്ങനെയാണോ?

ഉത്തരം: ഒരാളുടെ കൈവശം പണം ഉണ്ടായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം അയാൾ സകാത്  കൊടുക്കൽ നിർബന്ധമാണ് എന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. എന്ന് വച്ചാൽ ഖുർആനോ സുന്നത്തോ, അതിന്റെ വെളിച്ചത്തിൽ ശരീഅത്ത് വിധികൾ ക്രോഡീകരിച്ച മദ്ഹബിന്റെ ഇമാമുകളോ പഠിപ്പിച്ചിട്ടില്ല എന്നർഥം. ഒരാളുടെ ഇസ്ലാം സ്വീകാര്യമാവണമെങ്കിൽ അത്യന്താപേക്ഷിതവും, നിരസിച്ചാൽ കാഫിറാവുന്നതുമായ, ഇസ്ലാമിന്റെ അടിസ്ഥാന സതംഭങ്ങളിൽ പെട്ട, സകാതിനെപ്പറ്റിയാണ് ഈ പറയുന്നത്. അതല്ലാതെ ഏതൊരു മുസ്ലിമും ചെയ്യേണ്ട ഐഛിക ദാന ധർമ്മങ്ങളെപ്പറ്റിയല്ല.

ഇസ്ലാമിക പ്രമാണങ്ങളും, അവയുടെ വെളിച്ചത്തിൽ ഇമാമുകൾ മനസ്സിലാക്കിയതുമനുസരിച്ച്, സകാത് നിർബന്ധമാവുന്നതിന്റെ പ്രധാന ശർത്വുകളിൽ പെട്ടതാണ്:  1. നിസ്വാബ് തികയുക.  2. വർഷം പൂർത്തിയാവുക  എന്നീ നിബന്ധനകൾ.

Also read: കോവിഡ് 19 മനുഷ്യനെ പഠിപ്പിച്ചത്

( കാർഷിക വിളകൾക്ക് വർഷം തികയേണ്ടതില്ല, അവയുടെ സകാത് വിളവെടുപ്പ് ദിവസം തന്നെ നൽകണം എന്നാണ് അല്ലാഹു വിന്റെ നിർദ്ദേശം, അതു കൊണ്ട് തന്നെ ഒരു നെൽ കർഷകൻ തന്റെ നെല്ല് കൊയ്ത ഉടനെ സകാത് കൊടുത്തു കഴിഞ്ഞാൽ പിന്നെ എത്രകാലം ആ നെല്ല് പത്തായത്തിൽ സൂക്ഷിച്ചാലും വീണ്ടും അതിന് സകാത് കൊടുക്കേണ്ടതില്ല. എന്നാൽ പൈസക്ക് കൈവശമിരിക്കുന്ന കാലത്തോളം വർഷം തോറും സകാത് കൊടുത്തു കൊണ്ടിരിക്കണ ).

ശമ്പളത്തിന്റെ സകാതിനും, 1. നിസ്വാബ് എത്തുക 2. വർഷം തികയുക, എന്നീ രണ്ടു നിബന്ധനകൾ പുർത്തിയാകുമ്പോൾ മാത്രമേ സകാത് നിർബന്ധമാവുകയുള്ളൂ. വർഷം പൂർത്തിയാവേണ്ടതില്ല, കിട്ടിയ ഉടനെ കൊടുക്കണം എന്ന് ചിലർ പറയാറുണ്ട്, പക്ഷെ അതിന് യാതൊരു പ്രാമാണികതയും ഇല്ല.

നിസ്വാബെത്തിയ തുക ഒരു വർഷം മുഴുവൻ ഇളകാതെ വെച്ചെങ്കിലേ സകാത് നിർബന്ധമാവൂ എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല, പ്രത്യുത ഈ റമദാനിൽ ഒരാളുടെ കൈവശം ₹ 354,875/- (85 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ – 6-5-2020 മാർക്കറ്റ് വില ) ഉണ്ടന്നിരിക്കട്ടെ, അങ്ങനെ അടുത്ത റമദാനിൽ നോക്കുമ്പോഴും അയാളുടെ കയ്യിൽ ₹ 354,875/- തുക ഉണ്ടങ്കിൽ അയാൾ അതിന്റെ രണ്ടര ശതമാനം സകാത് കൊടുക്കണം. ഈ കാലയളവിൽ മേൽ സംഖ്യ കൂടുകയും കുറയുകയുമൊക്കെ ചെയ്തിട്ടുണ്ടാവാം. പക്ഷെ അത് നോക്കേണ്ടതില്ല.

ഈ കാലയളവിൽ അയാളുടെ ദൈനം ദിന ചെലവുകൾ, കരണ്ട്, ഗ്യാസ്, യാത്ര, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി പല ആവശ്യങ്ങൾക്കും വേണ്ടി അദ്ദേഹം കാശ് ചെലവഴിച്ചിട്ടുണ്ടാവും, എന്നിട്ടും മേൽ സംഖ്യ അയാളുടെ കയ്യിൽ മിച്ചമായിട്ടുണ്ടെങ്കിൽ അയാളാണ്, ഇസ്ലാമിക വീക്ഷണത്തിൽ ഐശ്വര്യവാൻ (غني) അഥവാ സകാത് കൊടുക്കാൻ ബാധ്യതയുള്ള സമ്പന്നൻ എന്ന് പറയുക.

കുറിപ്പുകൾ: 1. ഇവിടെ വെള്ളിയാണ് മാനദണ്ഡമാക്കുന്നതെങ്കിൽ 85 ഗ്രാം സ്വർണത്തിന്റെ ശരാശരി വിലയായ മേൽ സംഖ്യക്ക് പകരം 595 ഗ്രാം വെള്ളിയുടെ വില എത്രയാണോ അത്രയും സംഖ്യയാണ് പരിഗണിക്കേണ്ടത്. ഏതാണ്ട് ₹ 24,573/- വരും. അപ്പോൾ നിസ്വാബ്, ₹ 354,875/- എന്നത് കേവലം ₹ 24,573/- ആയി ചുരുങ്ങും.

വെള്ളിയുടെ നിസ്വാബായ അരക്കിലോയിലധികം (595 g) വെള്ളിക്ക് ₹ 24, 573/- ആണ് വില. ഇതു കൊണ്ട് ഒരു പവൻ സ്വർണ പോലും വാങ്ങാൻ കിട്ടില്ല എന്നതാണ് വസ്തുത. ഒരു പവന് ഇപ്പോഴത്തെ വില: ₹ 33,400/- ആണ്. (സ്വർണത്തിന്റെയും വെള്ളിയുടെയും ഏകദേശ വിലയാണ് ഇവിടെ സൂചിപ്പിച്ചത് എപ്പോഴും വ്യത്യാസപ്പെടാം).

Also read: വിശുദ്ധ റമദാനിലെ മൂന്ന് അവസരങ്ങൾ!

2. കറൻസിക്ക് സകാത് കൊടുക്കുമ്പോൾ സ്വർണമാണോ, വെള്ളിയാണോ പരിഗണിക്കേണ്ടത് എന്നത് തർക്ക വിഷയമാണ്. അധുനിക പണ്ഡിതന്മാർ പൊതുവെ, സ്വർണത്തെയാണ് മാനദണ്ഡമാക്കിയിട്ടുള്ളത്.

3. സ്വർണത്തിന്റെ നിസ്വാബ് സാധാരണ പത്തര പവൻ എന്ന് പറയാറുണ്ട്, അത് തെറ്റാണ്, 85 ഗ്രാം എന്നതാണ് ശരി.

4. മാനദണ്ഡം സ്വർണമാണെന്നാണ്, ആധുനിക പണ്ഡിതൻമാരുടെയും ഫുഖഹാക്കളുടെയും, ഫിഖ് ഹ് കൗൺസിലുകളുടെയും ഭൂരിപക്ഷാഭിപ്രായം. പണ്ടുകാലത്ത് 20 ദീനാർ = 200 ദിർഹം ആയിരുന്നു. 1:10 ഇങ്ങനെയായിരുന്നു അനുപാതം. എന്ന് വച്ചാൽ 20 ദീനാറുള്ളവനും 200 ദിർഹമുള്ളവനും സാമ്പത്തിക നിലവാരത്തിൽ തുല്ല്യമായിരുന്നു എന്നർഥം. ഇന്ന് 85 ഗ്രം സ്വർണമുള്ള വനും, 595 ഗ്രാം വെള്ളിയുള്ളവനും അങ്ങനെയാണോ? ഇതാണ് ഇന്ന് ഭിന്നതക്ക് കാരണം.

5. ഹിജ്‌റ വർഷമാണ് ഇവിടെ പരിഗണനീയം.

Facebook Comments

ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker