Fiqh

ഖിയാമുന്നഹാർ അഥവാ പകൽ നമസ്കാരങ്ങൾ

തഹജ്ജുദും, ഖിയാമുല്ലൈലും പള്ളികളിൽ നമസ്കരിക്കാൻ കഴിയാത്ത വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ഈ വർഷത്തെ വിശുദ്ധ റമദാൻ നമ്മിലേക്ക് സമാഗതമായിരിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിൽ, വീടുകളിൽ തറാവീഹ് നമസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഞാനും മറ്റുള്ളവരുമല്ലാം ഇവ്വിഷയകമായി അഭിപ്രായം പറയേണ്ടതായി വന്നു. എന്നാൽ, രാത്രി നമസ്കാരത്തെ മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ട് ചില തിരുത്തലുകൾ നമുക്കാവശ്യമായി വന്നിരിക്കുന്നു. കാരണം, ഖിയാമുല്ലൈലിന്റെ- രാത്രി നമസ്കരിക്കുന്നതിന്റെ ലക്ഷ്യവും അതുപോലെ അതിന്റെ വിധിയും ശരിയായ വിധത്തിൽ നാം മനസ്സിലാക്കിയിട്ടില്ല. എന്നാൽ, ഖിയാമുല്ലൈൽ സുന്നത്തായ പ്രതിഫലാർഹമായ പ്രവർത്തിയാണ് എന്നതിൽ പണ്ഡിതർ യോജിക്കുന്നു. ഖിയാമുല്ലൈലിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നത് വിശ്വാസിക്ക് പകൽ നമസ്കാരങ്ങൾക്ക് ഊർജം പകരുക എന്നതുതന്നെയാണ്. പ്രവാചകനും(സ), അനുചരന്മാർക്കും ഒരു വർഷം പൂർണമായി
ഖിയാമുല്ലൈൽ അല്ലാഹു നിർബന്ധമാക്കിയിരുന്നു. അപ്രകാരം സൂറത്തുൽ മുസമ്മിൽ അവതീർണമാവുകയായിരുന്നു. ‘അല്ലയോ മൂടിപ്പുതച്ചുറങ്ങുന്നവനേ, രാത്രി അൽപസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാർഥിക്കുക. അതിന്റെ (രാത്രിയുടെ) പകുതി, അല്ലെങ്കിൽ അതിൽ നിന്ന് (അൽപം) കുറച്ചുകൊള്ളുക. അല്ലെങ്കിൽ അതിനെക്കാൾ വർധിപ്പിച്ചുകൊള്ളുക. ഖുർആൻ സാവാകാശത്തിൽ പാരായണം നടത്തുകയും ചെയ്യുക.’ (അൽമുസമ്മിൽ: 1-4)

തുടർന്ന്, നിർബന്ധമാണെന്ന വിധിയെ ദുർബലപ്പെടുത്തികൊണ്ട് സുന്നത്താണെന്ന വിധി വന്നു. ‘നീയും നിന്റെ കൂടെയുള്ളവരിൽ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നിൽ രണ്ട് ഭാഗവും (ചിലപ്പോൾ) പകുതിയും (ചിലപ്പോൾ) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീർച്ചയായും നിന്റെ രക്ഷിതാവന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങൾക്ക് അത് ക്ലിപത്പ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാൽ അവൻ നിങ്ങൾക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ ഖുർആനിൽ നിന്ന് സൗകര്യപ്പെട്ടത് ഓതികൊണ്ട് നമസ്കരിക്കുക.’ (അൽമുസമ്മിൽ: 20)

അത് പ്രവാചകനെയും(സ), അനുചരന്മാരെയും പകൽ നമസ്കാരങ്ങൾക്ക് സജ്ജമാക്കുന്നതിന് വേണ്ടിയായിരുന്നു. വിശുദ്ധ ഖുർആൻ പറയുന്നു: ‘ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും, നിന്റെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും, പാപം വെടിയുകയും ചെയ്യുക. കൂടുതൽ നേട്ടം കൊതിച്ച് കൊണ്ട് നീ ഔദാര്യം ചെയ്യരുത്. നിന്റെ രക്ഷിതാവിന് വേണ്ടി നീ ക്ഷമ കൈകൊള്ളുക.’ (അൽമുദ്ദസിർ: 1-7) ഇത് അല്ലാഹുവിലേക്കും, സത്യത്തിലേക്കും, നീതിയിലേക്കുമുള്ള ക്ഷണമാണ്. എല്ലാ അക്രമ-അനീതികൾക്കെതിരിലുമുള്ള നിലയുറപ്പിക്കലാണ്.

Also read: ശമ്പളത്തിന്റെ സകാത്

രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുകയെന്നത് സുന്നത്താണ്. എന്നാൽ, പകൽ നമസ്കാരമെന്നത് നിർബന്ധമായിട്ടുള്ളതാണ്. ഇത് വിശ്വാസി നിത്യജീവിതത്തിൽ അനുവർത്തിക്കേണ്ട ബാധ്യതയാണ്. പരലോകത്തേക്കുള്ള തയാറെടുക്കലാണ്. പ്രവാചകന്മാരെ നിയോഗിക്കുകയും, ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ അല്ലാഹു ലക്ഷ്യം വെച്ച നീതിയുടെ സംസ്ഥാപനമാണ് നമസ്കാത്തിലൂടെ നടപ്പിലാവേണ്ടത്. ‘തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതി പൂർവം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു.’ (അൽഹദീദ്: 25) കുറച്ചുകൂടി തീവ്രമായ ശൈലിയിൽ അല്ലാഹു വിശ്വാസികളോടായി കല്പിക്കുന്നു. ‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി പുലർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതീകൂലമായിത്തീർന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അിതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.’ (അന്നിസാഅ്: 135)

ആയതിനാൽ, സുന്നത്തുകൾക്ക് തീവ്രമായ പ്രാധാന്യം നൽകി പകലിലെ നിർബന്ധ നമസ്കാരങ്ങൾ ഒഴിവാക്കുകയെന്നത് അനുവദനീയമല്ല. അത് മുൻഗണനാ ക്രമത്തിൽ സംഭവിക്കുന്ന വീഴ്ചയാണ്. റമദാനിലും അല്ലാത്തപ്പോഴും അത് അനുവദനീയമല്ല. നിഷ്ക്രീയത്വത്തിനുള്ള, ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നതിനുള്ള മാസമായിട്ടില്ല പ്രവാചക അനുചരന്മാരും, അവരെ തുടർന്നുവന്നവരും റമദാൻ മാസത്തെ കണ്ടിരുന്നത്. അവർ രാത്രിയെ നമസ്കാരം കൊണ്ട് ജീവിപ്പിക്കുകയും, പകലിൽ അവരുടെ ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കുകയും ചെയ്തവരായിരുന്നു. അവർ വിജയങ്ങൾ സാക്ഷാത്കരിച്ച് ദീനിനെ സംരക്ഷിച്ചുനിർത്തിയവരാണ്. ബദർ യുദ്ധം, മക്കാ വിജയം, ഖാദിസിയ്യ യുദ്ധം, ബൈതുൽ മഖ്ദിസ് വിജയം, ഐൻ ജാലൂത്ത് യുദ്ധം തുടങ്ങിയ എത്ര വിജയങ്ങൾക്കാണ് മുസ് ലിംകൾ റമദാനിൽ സാക്ഷികളായത്!

Also read: വിശുദ്ധ റമദാനിലെ മൂന്ന് അവസരങ്ങൾ!

നിലവിൽ, റമദാനിന്റെ പകൽ സമയങ്ങളിൽ നിലകാളളുകയെന്നത് കൂടുതൽ ആവശ്യമായിരിക്കുന്നു. എത്ര ദരിദ്രരാണ് വിശപ്പടക്കാൻ മതിയായ ഭക്ഷണത്തിനായി കേഴുന്നത്! എത്ര പീഢിതരാണ് മോചനത്തിനായി തേടികൊണ്ടിരിക്കുന്നത്! എത്ര രോഗികളാണ് ചികിത്സക്കായി കാത്തിരിക്കുന്നത്! എത്ര മർദിതരാണ് സഹായത്തിനായി ശബ്ദിച്ചുകൊണ്ടിരിക്കുന്നത്! എത്ര കടക്കാരാണ് കടം വീട്ടുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്! അങ്ങനെ എത്രയോപേർ ആവശ്യക്കാരായി മുന്നിൽ നിൽക്കുകയാണ്. നോമ്പുകാരാ, നിങ്ങൾ പകലിൽ കർമനിരതരായി പ്രവർത്തിച്ചുകൊള്ളുക. നിങ്ങൾ അതിനെ നിസാരമായി കാണുകയും അരുത്. ആർ രാത്രയിൽ നമസ്കരിക്കുകയും പകൽ ഉറങ്ങുകയും ചെയ്യുന്നുവോ അവൻ മാർഗത്തെ ലക്ഷ്യവും, ലക്ഷ്യത്തെ മാർഗവുമാക്കിയിരിക്കുന്നു!

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker