Current Date

Search
Close this search box.
Search
Close this search box.

തിരിച്ചറിവിലേക്ക് തുറക്കുന്ന തുടർച്ചയുടെ വാതിലുകൾ

ഒരേ ദൈവത്തിൻ്റെ വചനങ്ങൾ, ഒരേ ഉറവിൽ നിന്നുള്ള തെളിനീർ പ്രവാഹങ്ങൾ, ഒരേ കുടുംബത്തിലെ അംഗങ്ങൾ, ഒരേ ലക്ഷ്യത്തിലേക്കുള്ള വഴിവെളിച്ചങ്ങൾ. പൂർവ്വ വേദങ്ങളേയും ദൈവദൂതൻമാരെയും സത്യവേദം പരിചയപ്പെടുത്തുന്നത് ഇങ്ങിനെയാണ്. അതുകൊണ്ട്, ‘എൻ്റെ മുൻഗാമികളായ വേദഗ്രന്ഥങ്ങളെയും അവയുടെ വാഹകരായ മഹാമനുഷ്യരെയും അംഗീകരിക്കണം. എന്നെ അംഗീകരിക്കാനും അനുധാവനം ചെയ്യാനും തയ്യാറുള്ളവർ അതിനും സന്നദ്ധരാകണം’- സത്യവേദം ആഹ്വാനം ചെയ്യുന്നു.

“നിനക്ക് അവതീര്‍ണമായ വേദത്തിലും നിനക്കുമുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവർ”. രണ്ടാം അധ്യായത്തിലെ നാലാം വചനം. അന്ത്യദൂതനെയാണ് അഭിസംബോധന. ദൈവവിശ്വാസികളായ ധർമ്മബോധമുള്ളവരുടെ വിശേഷമാണ് വചനസാരം. വേദഗ്രന്ഥങ്ങൾ ഒരു തുടർച്ച, ഒരേ ചങ്ങലയിലെ കണ്ണികൾ. ഈ ശൃംഖലയിലെ അവസാന വേദത്തിലും അന്ത്യദൂതനിലുമുള്ള വിശ്വാസം സ്വീകാര്യമാകണമെങ്കിൽ പല നിബന്ധനകളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഇവിടെ പ്രതിപാദ്യം; പൂർവവേദങ്ങളിലും മുൻഗാമികളായ ദൈവദൂതൻമാരിലും വിശ്വസിക്കണം. അവയുടെ സത്യശുദ്ധ രൂപങ്ങളെ അംഗീകരിക്കണം. “നിനക്കുമുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദങ്ങളിലും വിശ്വസിക്കുക” എന്ന വചനഭാഗം അർത്ഥസമ്പുഷ്ടമാണ്. ഇതേ ആശയം കുറിക്കുന്ന മറ്റനവധി വചനങ്ങളുണ്ട്. “വിശ്വസികളേ, ദൈവത്തിലും അവന്റെ ദൂതനിലും ദൂതന്ന് അവതരിപ്പിച്ച വേദത്തിലും അദ്ദേഹത്തിനുമുമ്പ് അവതരിപ്പിച്ചുകഴിഞ്ഞ വേദങ്ങളിലും വിശ്വസിക്കുവിന്‍”. നാലാം അധ്യായത്തിലെ നൂറ്റിമുപ്പത്തിയാറാം സൂക്തം ഉദാഹരണം. ആവർത്തിച്ചു വായിക്കേണ്ടതാണ് ഈ വചനങ്ങളെല്ലാം.

Also read: സ്നേഹം അല്ലാഹുവിനോടാകട്ടെ

വേദദർശനം തീർത്തും പുതിയൊരു ആശയമല്ല. അതൊരു തുടർച്ചയും പൂർണ്ണതയുമാണ്. പൂർവ്വവേദങ്ങളിലെ വിശ്വാസം പൂർണ്ണമാകാൻ, അവയുടെ തുടർച്ചയെ അറിയാനും അംഗീകരിക്കാനും ബാധ്യതയുണ്ടെന്ന ഉൽബോധനമാണിത്. നിങ്ങൾക്കിത് അന്യമല്ലെന്ന് എല്ലാ മതസമുദായങ്ങളെയും സ്നേഹബുദ്ധ്യാ ഉപദേശിക്കുന്നു. പൂർവ്വവേദങ്ങളെല്ലാം അംഗീകരിക്കണം എന്ന് കൽപ്പിക്കുക വഴി, മത വിഭാഗങ്ങൾക്കിടയിലെ സൗഹാർദ്ദപൂർണമായ സഹവർത്തിത്വത്തിൻ്റെ വിശാലമായ വാതിലുകളാണ് സത്യവേദം തുറന്നു വെക്കുന്നത്. തങ്ങൾ വിശ്വസിക്കുന്ന വേദഗ്രന്ഥങ്ങളെ, അവയുടെ യഥാതഥമായ രൂപത്തിൽ അംഗീകരിക്കുന്നവരാണ് മറ്റൊരു മതവിഭാഗം എന്നത് വലിയ തിരിച്ചറിവ് നൽകേണ്ടതാണ്. സംഘർഷങ്ങളൊഴിഞ്ഞ സാമൂഹിക അന്തരീക്ഷത്തിന് വിശുദ്ധവേദം നൽകിയ വലിയ സംഭാവനയാണിത്.

പൂർവ്വവേദങ്ങളുടെ വാഹകരും മുൻഗാമികളുമായ ദൈവദൂതൻമാരെ അംഗീകരിച്ചും വിശ്വസിച്ചും മാത്രമേ അന്ത്യദൂതനിലുള്ള വിശ്വാസം പൂർണ്ണമാകൂ. “നിങ്ങള്‍ പ്രഖ്യാപിക്കുവിന്‍: ഞങ്ങള്‍ ദൈവത്തിലും ഞങ്ങള്‍ക്ക് അവതരിച്ചുകിട്ടിയ സന്മാര്‍ഗത്തിലും ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്‌ സന്തതികള്‍ എന്നിവര്‍ക്ക് അവതരിച്ചതിലും മൂസാക്കും ഈസാക്കും നല്‍കപ്പെട്ട മാര്‍ഗദര്‍ശനങ്ങളിലും മറ്റെല്ലാ ദൈവദൂതന്മാര്‍ക്കും അവരുടെ നാഥനില്‍നിന്നു നല്‍കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അവരില്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ദൈവത്തിന് സര്‍വ്വം സമര്‍പ്പിച്ചവരാകുന്നു ഞങ്ങള്‍”. രണ്ടാം അധ്യായം നൂറ്റിമുപ്പത്തിയാറാം വചനം. ഇതേ അധ്യായം, ഇരുന്നൂറ്റി എൺപത്തിയഞ്ചാം വചനത്തിൽ, വിശ്വാസ കാര്യങ്ങൾ പറയുമ്പോൾ, ‘വേദഗ്രന്ഥങ്ങൾ, ദൈവദൂതൻമാർ’ എന്നിങ്ങനെ ബഹുവചന പ്രയോഗമാണുള്ളത്. “‘ദൈവദൂതൻമാർക്കിടയിൽ ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല” എന്ന് ആവർത്തിക്കുകയും ചെയ്യുന്നു. നോക്കൂ, മത സമുദായങ്ങൾക്കിടയിലെ ഇഴയടുപ്പത്തിൻ്റെ വർണ്ണനൂലുകൾ എത്ര ചേതോഹരമായാണ് സത്യവേദം കോർത്തുവെക്കുന്നത്.

Also read: അഹിംസയുടെ ഉദയമാണ് ശവ്വാൽ

പല മതക്കാരുടെയും കൈയിൽ പല പുണ്യഗ്രന്ഥങ്ങളുമുണ്ട്. ആദിമ വിശുദ്ധിയിൽ അവ ദൈവവചനങ്ങൾ മാത്രം അടങ്ങിയതായിരുന്നു. അവ വായിച്ചുപോകുമ്പോൾ നമുക്കത് മനസ്സിലാകും. യുഗാന്തരങ്ങളിൽ വന്ന വിമോചകർക്ക് ദൈവം നൽകിയ ആ വെളിപാട് പുസ്തകങ്ങളിൽ കാലാന്തരത്തിൽ കൃതിപ്പുകൾ കലർന്നിരിക്കും. പ്രഭവകേന്ദ്രത്തിൽ സംശുദ്ധമായിരുന്ന നദി. ഒഴുകിയൊഴുകി സമുദ്രത്തെ പ്രാപിക്കുമ്പോഴേക്കും എന്തെല്ലാം അഴുക്കുകൾ കലർന്ന് മലിനമാകാം! ഇന്ന് പൂർവ്വവേദക്കാരുടെ കൈയിലുള്ള പുണ്യ ഗ്രന്ഥങ്ങൾ. അവയുടെ സത്യശുദ്ധമായ രൂപങ്ങളെ അംഗീകരിച്ചും സത്യപ്പെടുത്തിയും തന്നെയാണ് അന്തിമവേദം അവതരിച്ചിട്ടുള്ളത്. അതിൽ തൗറാത്തും ഇഞ്ചീലും എടുത്ത് പറഞ്ഞത് ശ്രദ്ധേയമത്രെ. “സത്യമുള്‍ക്കൊണ്ടതും മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്നതുമായ ഈ വേദം നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ളത് ദൈവമാകുന്നു. ഇതിനുമുമ്പ് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവന്‍ തൗറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. സത്യാസത്യ വിവേചകവും അവൻ ഇറക്കിത്തന്നു”. മൂന്നാം അധ്യായത്തിലെ മൂന്ന്, നാല് വചനങ്ങൾ.

അകന്നുമാറി സംഘർഷപ്പെടുന്നതിനു പകരം, അടുത്ത് നിന്ന് സംവദിക്കാൻ സത്യവേദം ആഹ്വാനം ചെയ്യുകയാണ് ഈ വചനങ്ങളിലൂടെ. വിയോജിപ്പിൻ്റെ മുൾമുനകളെ, യോജിപ്പിൻ്റെ മലർവാടികളാക്കൂ എന്നാണ് ആഹ്വാനം. അവസാനം നിങ്ങൾക്ക് സത്യത്തിൽ എത്തിച്ചേരാം എന്ന് വാഗ്ദാനം. ചരിത്രത്തിൻ്റെ അന്ത്യം പ്രവചിച്ച്, നാഗരികതകളുടെ സംഘട്ടനം പ്രഖ്യാപിച്ചു, ഇരുപതാംനൂറ്റാണ്ടിൽ ചിലർ. എന്നാൽ, നാഗരികതകൾക്കിടയിലെ സംവാദം പ്രഖ്യാപിച്ച്, ആശയഗരിമയോടെ എഴുന്നേറ്റു നിന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചിലർ. ഈ വേദദർശനത്തിൻ്റെ ഉള്ളുറപ്പാണ് അതിൻ്റെ അടിയാധാരവും ആത്മവിശ്വാസവും.

Related Articles