Current Date

Search
Close this search box.
Search
Close this search box.

സ്നേഹം അല്ലാഹുവിനോടാകട്ടെ

ഇഹലോകത്തും കാരുണ്യവാനായ അല്ലാഹുവിന്റെ സ്നേഹമാണ് ഓരോ സത്യവിശ്വാസിയും ആഗ്രഹിക്കുന്നത്. സത്യ വിശ്വാസികൾ അവരുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രവർത്തികളിലും അല്ലാഹുവിന്റെ പ്രീതിയും സ്നേഹവും അന്വേഷിക്കുന്നവരാണ്. അഥവാ, ഐഹിക ജീവിതയാത്രയിൽ പരമമായ സ്നേഹത്തെ തേടിയുള്ള അന്വേഷണമാണ് ഓരോ വിശ്വാസിയുടെയും ഹൃദയാന്തരം ആനന്ദദായകമാക്കിത്തീർക്കുന്നത്. ജീവിതത്തിന്റെ ഏതു ഘട്ടങ്ങളിലും താനീ ചെയ്യുന്ന കാര്യത്തിൽ അല്ലാഹുവിന്റെ പ്രീതിയുണ്ടാവുമോയെന്ന് ഒരുവേള അവൻ ആലോചിക്കും. പ്രായസങ്ങളിലും പ്രതിസന്ധികളിലും ക്ഷമാശീലനാകും. സന്നിഹിതമായ വിപത്തിനേക്കാൾ വലുതൊന്നും വന്നില്ലല്ലോ എന്ന് സമാശ്വസിക്കും. സുകൃതങ്ങൾ വല്ലതും വന്നണഞ്ഞാൽ ഉടനെ അല്ലാഹുവിനെ ഓർക്കും. നിതാന്ത സുകൃതത്തിനായി പ്രാർത്ഥിക്കും. സത്യനിഷേധികൾ ദൈവാനുഗ്രഹം അല്ലാഹുവിന് അവരോടുള്ള സ്നേഹത്തിന്റെ അളവുകോലായി കാണുന്നുവെങ്കിൽ, സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം ദൈവാനുഗ്രഹങ്ങൾക്ക്‌ അവന്റെ ഇഷ്ടവുമായും കോപവുമായും യാതൊരു ബന്ധവുമില്ലെന്ന് അവൻ വിശ്വസിക്കും. കാരണം പ്രവാചകൻ അരുളിയിട്ടുണ്ട്:”അല്ലാഹു അവൻ ഇഷ്ടപ്പെട്ടവർക്കും അല്ലാത്തവർക്കും ഐഹിക അനുഗ്രഹങ്ങൾ ചൊരിഞ്ഞ് നൽകും. എന്നാൽ, അവൻ ഇഷ്ടപ്പെട്ടവർക്ക് മാത്രമേ അവന്റെ ദീനിനെ പുണരാനാകൂ”(തിർമുദി).

വിശുദ്ധ ഖുർആനിലും തിരുചര്യകളിലും പ്രതിപാദിച്ച മാർഗങ്ങളാണ് അല്ലാഹുവിന്റെ സ്നേഹത്തിന് വിശ്വാസിയെ പാത്രീഭൂതനാക്കുന്നത്. ആ മാർഗങ്ങൾ പിന്തുടരുന്നവർക്കാണ് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാവുക. അതാണല്ലോ വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യവും. സ്നേഹിതന്റെ മാർഗം പിന്തുടരാതെ എങ്ങനെയാണ് ഒരാളുടെ സ്നേഹം സമ്പൂർണമാകുന്നത്? “നമ്മുടെ സ്നേഹിതൻ ഇഷ്ടപ്പെടുന്നത് ഇഷ്ടപ്പെടുകയും വെറുക്കുന്നത് വെറുക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ സ്നേഹം. സൂക്ഷ്മതയും വിശ്വാസവുമാണ് അല്ലാഹുവിന്റെ ഇഷ്ടങ്ങൾ. സത്യനിഷേധവും തെമ്മാടിത്തരവുമാണ് അവന്റെ അനിഷ്ടങ്ങൾ”(ത്വിബ്ബുൽ ഖുലൂബ്, ഇബ്ൻ തൈയ്മിയ്യ. പേ. 183). അല്ലാഹുവിന്റെ അലംഘനീയമായ സ്നേഹത്തിലേക്കുള്ള ദിവ്യപാത അല്ലാഹുവിനൊപ്പം തന്നെ പ്രവാചകനോടുമുള്ള അടങ്ങാത്ത പ്രണയമാണ്. അല്ലാഹു പറയുന്നു: “താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക; എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്‌നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ”(ആലു ഇംറാൻ: 31).

Also read: വധശിക്ഷ വിധിച്ച് ഹജ്ജാജ്; ഹൃദയം കീഴടക്കി ഹസന്‍ബസ്വരി

ദൈവിക പ്രണയത്തിന്റെ മണ്ഡലങ്ങൾ

അടിമക്ക് അല്ലാഹുവിനോടുള്ള സ്നേഹത്തിന് അനുസൃതമായിട്ടായിരിക്കും അല്ലാഹുവിന് തന്റെ അടിമയോടുള്ള സ്നേഹവും. അല്ലാഹുവിനോടുള്ള പ്രേമം അടിമയിൽ എത്രമേൽ ശക്തമാകുന്നുവോ അത്രമേൽ അല്ലാഹുവിന് അവനോടുള്ള സ്നേഹവും ശക്തമാകും. ദൈവിക പ്രണയത്തിന്റെ ആദ്യ പടിയിലുള്ളവർ അല്ലാഹു തന്റെ കൂട്ടുകാരായി സ്വീകരിച്ച പ്രാവചകന്മാരാണ്. അല്ലാഹു പറയുന്നു: “സദ്‌വൃത്തനായി സ്വന്തത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തുകയും ഋജുമാനസനായി ഇബ്രാഹീം നബിയുടെ മാര്‍ഗം പിന്‍പറ്റുകയും ചെയ്തവനെക്കാള്‍ ഉത്തമമതസ്ഥനായി മറ്റാരുണ്ട്? ഇബ്രാഹീം നബിയെ അല്ലാഹു ആത്മമിത്രമായി സ്വീകരിച്ചിരിക്കുന്നു”(നിസാഅ്: 125). പ്രവാചകൻ പറഞ്ഞു: “അല്ലാഹു ഇബ്റാഹീം നബിയെ ആത്മമിത്രമായി സ്വീകരിച്ചത് പോലെ എന്നെയും അവന്റെ ആത്മമിത്രമാക്കി”(ഹാക്കിം). നിരുപാധിക സ്നേഹത്തേക്കാൾ ശ്രേഷ്ഠമാണ് സൗഹൃദം. സൗഹൃദം സ്നേഹത്തിന്റെ പരിപൂർണതയാണ്. “ഒരാൾ തന്റെ സ്നേഹിതനെപ്പോലെയാകലല്ല, സ്നേഹിതൻ തന്നെ ആയിത്തീരലാണ് സൗഹൃദം”(ത്വിബ്ബുൽ ഖുലൂബ്. പേ. 229).

ദൈവിക പ്രണയത്തിന്റെ രണ്ടാം പദവിയിലുള്ളവർ സൂക്ഷ്മാശാലികളും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുമായ ഔലിയാക്കളാണ്. ഇവിടെ ഓരോരുത്തരും അവരുടെ സൽക്കർമ്മങ്ങളുടെ അളവനുസരിച്ച് അല്ലാഹുവിനോട് കൂടുതൽ അടുത്ത് കൊണ്ടേയിരിക്കും. ഖുദ്സിയായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു: “ഒരു അടിമ എന്നോട് ഒരു ചാൺ അടുത്താൽ ഞാൻ അവനോട് ഒരു മുഴം അടുക്കും. അവൻ എന്റെ അടുത്തേക്ക് നടന്നു വന്നാൽ ഞാൻ അവന്റെ അടുത്തേക്ക് ഓടിപ്പോകും”(സ്വഹീഹുൽ ബുഖാരി). അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിച്ചും അത് നടപ്പിൽ വരുത്താൻ ഉത്സാഹിച്ചും വിരോധിച്ച കാര്യങ്ങളിൽ നിന്നും അകലം പാലിച്ചും നിന്നാൽ മാത്രമേ ഈ അടുപ്പം സാധ്യമാകൂ. ഖുദ്സിയായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു: ” ഞാൻ എന്റെ അടിമകളുടെമേൽ നിർബന്ധമാക്കിയ ആരാധനകളെക്കാൾ എനിക്കേറ്റം പ്രിയങ്കരമായ മറ്റൊരു ആരാധന കൊണ്ടും ഒരു അടിമയും എന്നോട് അടുത്തിട്ടില്ല”. ഈ ഹദീസിന്റെ അവസാന ഭാഗത്ത് അല്ലാഹു പറയുന്നു:” എന്റെ അടിമ, ഞാൻ അവനെ ഇഷ്ടപ്പെടുന്നത് വരെ സുന്നത്തായ ആരാധകളിലൂടെ എന്നിലേക്ക് അടുത്ത് കൊണ്ടേയിരിക്കുന്നു. ഞാൻ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവൻ കേൾക്കുന്ന കേൾവി ഞാനാകും. അവൻ കാണുന്ന കാഴ്ച ഞാനാകും”(സ്വഹീഹുൽ ബുഖാരി).

Also read: സകാതുൽ ഫിത്വർ എപ്പോൾ, എങ്ങനെ?

സത്യവിശ്വാസികൾ അല്ലാഹുവിലേക്ക് കൂടുതൽ അടുത്തത് എങ്ങനെയെന്നും അവന്റെ സ്നേഹം എങ്ങനെയാണ് അവർ കരസ്ഥമാക്കിയതെന്നും ഖുർആൻ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നവർ, എപ്പോഴും സംശുദ്ധിയോടെ നടക്കുന്നവർ, സൂക്ഷ്മശാലികൾ, സഹനശീലർ, നീതിപുലർത്തുന്നവർ, അല്ലാഹുവിൽ ഭരമേൽപിക്കുന്നവർ, സൽവൃത്തർ എന്നിവരെ അല്ലാഹു സ്നേഹിക്കുന്നുവെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരം വിശേഷണം സിദ്ധിക്കാൻ ആരെങ്കിലും പരിശ്രമിച്ചാൽ അവന് തീർച്ചയായും അല്ലാഹുവിന്റെ സ്നേഹവും നേടിയെടുക്കാനാകും. അവനോടുള്ള സ്നേഹം അവനിൽ രൂഢമൂലമാക്കാൻ അവനാകും.

ദൈവിക പ്രണയാന്വേഷണം

വിശുദ്ധ ഖുർആനും തിരുമൊഴികളും ജീവിത മാർഗമായി സ്വീകരിച്ച വിശ്വാസിക്ക് ദൈവിക പ്രണയവും പ്രാപ്യമാകും. അതൊന്നൊരുപാട് വഴികളുണ്ട്. അല്ലാഹുവിന്റെ പ്രീതി തന്നെയാണ് അതിൽ അതിപ്രധാനം. അല്ലാഹുവിൽ ആരെങ്കിലും തൃപ്തി അടയുന്നുവെങ്കിൽ അതുതന്നെയാണ് ദൈവിക പ്രീതി അവനും ലഭിച്ചുവെന്നതിന്റെ വ്യക്തമായ തെളിവ്. ഒരു അടിമക്ക് വ്യത്യസ്ത രീതിയിലൂടെ ദൈവിക സ്നേഹം ഹൃദയാന്തരത്തിൽ കൊരുത്ത് വെക്കാൻ ആകുമെന്ന് മഹാനായ ഇബ്ൻ ഖയ്യിം ജൗസി വിശദീകരിക്കുന്നുണ്ട്:
1) കിടക്കാൻ നേരം നാം ഏറ്റവും ഇഷ്ടപ്പെടുന്നവന്റെ സ്മരണയിലായിരിക്കുക. ഹൃദയം മുഴുക്കെ തന്റെ സ്നേഹിതനാകാതെ ഒരിക്കലും നമ്മുടെ ഇരു കണ്ണുകളും അടയരുത്.
2) ഉറങ്ങിയെണീക്കുമ്പോൾ നമ്മുടെ ഓർമ്മയിൽ ആദ്യം തെളിയേണ്ടത് നമ്മുടെ പ്രണയേസിയുടെ നാമമായിരിക്കണം. ചിന്തയിൽ അവനെക്കുറിച്ച സ്മരണകളായിരിക്കണം.
3) നിസ്കാര സമയം. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഐഹിക ജീവിതത്തിൽ നിസ്കാരത്തോളം പ്രധാനമായി മറ്റൊന്നുമില്ല. നിസ്കാര സമയം സന്നിഹിതമാകുന്നത് വരെ ദുഃഖവും ഇൗ ലോകം മുഴുവൻ കാരാഗ്രഹവുമായും വിശ്വാസിക്ക് അനുഭവപ്പെടും. നിസ്കാരമാണ് അവന്റെ ഹൃദയത്തിന് ശാന്തിയും സമാധാനവും ഇഹലോകത്തിന്റെ മടുപ്പുകളിൽ നിന്ന് ആശ്വാസവും ആനന്ദവും നൽകുന്നത്. പ്രവാചകൻ ഒരിക്കൽ ബിലാലിനോട്(റ) പറയുന്നുണ്ടല്ലോ: “ബിലാൽ എഴുന്നേൽക്കൂ, നിസ്കാരം കൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് ആശ്വാസം പകരൂ”.
4) പ്രയാസങ്ങളും പ്രതിസന്ധികളിലും നേരിടുംനേരം. നാം ഓരോരുത്തരും പ്രതിസന്ധികൾ നേരിടുമ്പോൾ അതിൽനിന്ന് രക്ഷ നേടാൻ ആദ്യം ഓർക്കുന്നത് നമ്മുടെ സ്നേഹിതന്മാരേക്കുറിച്ച് ആയിരിക്കും. ആദ്യമായി സഹായം തേടുന്നതും അവരോടായിരിക്കും. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വിശ്വാസി ആദ്യം അല്ലാഹുവിനെ ഓർക്കും. രക്ഷക്കായി അവനോട് മാത്രം തേടും. പ്രയാസങ്ങൾ നേരിടുമ്പോഴാണ് എല്ലാവരും അല്ലാഹുവിനെ ഓർക്കുക, അവനോട് പ്രാർത്ഥിക്കുക. അന്നേരം അവർ അവനെയല്ലാതെ മറ്റാരെയും രക്ഷകനായി കാണില്ല.

Also read: റമദാൻ വിടപറയുകയാണ്

ദൈവിക സ്നേഹത്തിന്റെ നേട്ടങ്ങൾ

അല്ലാഹു ഒരു വ്യക്തിയെ ഇഷ്ടപ്പെട്ടാൽ ആദ്യം ചെയ്യുന്ന കാര്യം അവനെ അല്ലാഹു അവന്റെ സമുല്‍കൃഷ്ട ദാസരില്‍ ഉൾപ്പെടുത്തും. അതുവഴി തിന്മയുടെ മാർഗ്ഗങ്ങളിൽ നിന്ന് അവന് അല്ലാഹു കാവലൊരുക്കും. അല്ലാഹു പറയുന്നു: “അങ്ങനെ നാം ചെയ്തത്, അദ്ദേഹത്തില്‍ നിന്നു തിന്‍മയും നീചവൃത്തിയും തിരിച്ചുവിടാനാണ്. നമ്മുടെ സമുല്‍കൃഷ്ട ദാസരില്‍ പെട്ടയാള്‍ തന്നെയാണദ്ദേഹം”(യൂസുഫ്: 24). ദൈവിക മാർഗത്തിൽ ആത്മയുദ്ധം നടത്തിയ അല്ലാഹുവിന്റെ അടുപ്പക്കാർക്ക് മാത്രമാണ് ഇൗ ഉൽകൃഷ്ടത കരഗതമാവുക. അല്ലാഹുവിനോടുള്ള വിശ്വാസിയുടെ അടുപ്പത്തിനനുസൃതമായിരിക്കും ഉൽകൃഷ്ടതയിൽ അവന്നുണ്ടാകുന്ന മേന്മ. ഇഹലോകവാസികൾക്ക്‌ അവനോടുണ്ടാകുന്ന സ്നേഹവും അടുപ്പവുമാണ് അല്ലാഹു ഒരു വ്യക്തിയെ ഇഷ്ടപ്പെട്ടിരിക്കുന്നു എന്നതിനുള്ള തെളിവ്. അല്ലാഹു പറയുന്നു: “സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് കരുണാമയനായ അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കുകതന്നെ ചെയ്യുന്നതാണ്”(മർയം: 96).

ഈ ആയത്തിന് വിശദീകരണമായി പ്രവാചകൻ അരുളി: “അല്ലാഹു ഒരു വ്യക്തിയെ ഇഷ്ടപ്പെട്ടാൽ ഉടനെ ജിബിരീലിനെ വിളിച്ചു പറയും: ഞാൻ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നീയും ഇഷ്ടപ്പെടുക. ജിബിരീലും ആ വ്യക്തിയെ ഇഷ്ടപ്പെടും. എന്നിട്ട് ആകാശ ലോകത്ത് വിളിച്ചു പറയും: അല്ലാഹു ഇന്നാലിന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളും ഇഷ്ടപ്പെടുക. അങ്ങനെ ആകാശ ലോകത്തുള്ളവർ എല്ലാം അവനെ ഇഷ്ടപ്പെടും. പിന്നീട് അവന് ഭൂമി ലോകത്തും സ്വീകാര്യത നൽകപ്പെടും”(സ്വഹീഹുൽ ബുഖാരി).
അല്ലാഹുവിന്റെ ഇഷ്ടം നേടിക്കഴിഞ്ഞാൽ പിന്നെ പാപമുക്തനായി നിഷ്കളങ്ക ഹൃദയത്തോടെ ആയിരിക്കും അവൻ പരലോകത്ത് വിചാരണക്കായി എത്തിച്ചേരുക. അല്ലാഹു പറയുന്നു: “താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക; എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്‌നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ”(ആലു ഇംറാൻ: 31).

Also read: അഹിംസയുടെ ഉദയമാണ് ശവ്വാൽ

അല്ലാഹുവിന്റെ സ്നേഹം അന്ത്യനാളിൽ അവന്റെ കഠിനമായ ശിക്ഷയിൽ നിന്നും രക്ഷ നൽകും. ഒരു സ്നേഹിതൻ തന്റെ സ്നേഹിതനെ ശിക്ഷിക്കില്ലെന്നതിന് എന്താണ് തെളിവ് എന്ന് ഒരിക്കൽ കുറച്ചു പണ്ഡിതന്മാർ ചോദിച്ചു. അന്നേരം അവരോട് പറയപ്പെട്ടു: “ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും ഇഷ്ടഭാജനങ്ങളുമാണെന്നു ജൂതന്മാരും ക്രിസ്ത്യാനികളും ജല്‍പിക്കുന്നു. താങ്കള്‍ ചോദിക്കുക: എങ്കില്‍ പാപങ്ങള്‍ക്ക് നിങ്ങളെയവന്‍ ശിക്ഷിക്കുന്നതെന്തിന്? അല്ല, അവന്‍ സൃഷ്ടിച്ചവരില്‍ നിന്നുള്ള ചില മനുഷ്യര്‍ മാത്രമാണു നിങ്ങള്‍. താനുദ്ദേശിച്ചവര്‍ക്കവന്‍ പൊറുത്തുകൊടുക്കും, ഉദ്ദേശിച്ച വരെയവന്‍ ശിക്ഷിക്കും. ഭുവന-വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും ആധിപത്യം അല്ലാഹുവിനാകുന്നു. അവനിലേക്കു തന്നെയാണ് എല്ലാവരുടെയും മടക്കം”(മാഇദ: 18).

ഇസ്‌ലാമിക ലോകത്തെ സൽവൃത്തരായ പണ്ഡിത മഹത്തുക്കൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു: ‘അല്ലാഹുവേ, ഞാൻ നിന്നോട് നിന്റെ സ്നേഹവും നീ ഇഷ്ടപ്പെടുന്നവരുടെ സ്നേഹവും നിന്നിലേക്ക് എത്തിച്ചേരാൻ എന്നെ പ്രാപ്തനാക്കുന്ന ആരാധനകളോടുള്ള സ്നേഹവും ചോദിക്കുന്നു. അല്ലാഹുവേ, ഞാൻ ഇഷ്ടപ്പെട്ടതിൽ നിന്ന് നീ എനിക്ക് നൽകിയത് നീ ഇഷ്ടപ്പെടുന്ന മാർഗത്തിൽ എനിക്ക് കരുത്താക്കി മാറ്റേണമെ. അല്ലാഹുവേ, എന്റെ കുടുംബത്തിനോടും സമ്പത്തിനോടും ദാഹിച്ച് വലയുമ്പോൾ തെളിനീരിനോടുമുള്ള എന്റെ സ്നേഹത്തേക്കാൾ നിന്റെ സ്നേഹം എനിക്കേറ്റം പ്രിയങ്കരമാക്കി തരേണമേ. നിന്റെ മലക്കുകളുടെയും പ്രവാചകന്മാരുടെയും സമുല്‍കൃഷ്ട സൽവൃത്തരുടെയും സ്നേഹം ഞങ്ങൾക്ക് നീ നൽകേണമേ. എന്റെ ഹൃദയം മുഴുക്കെ നിന്നോടുള്ള പ്രണയമാക്കി മാറ്റേണമേ. എന്റെ അധ്വാനം മുഴുവൻ നിന്റെ പ്രീതിക്കാണ്. അല്ലാഹുവേ, എന്റെ സ്നേഹം മുഴുവൻ നിന്നോട് മാത്രമാക്കേണമെ. എന്റെ പരിശ്രമങ്ങൾ മുഴുവനും നിന്റെ പ്രീതിയിലാക്കേണമെ’. അല്ലാഹുവിലുള്ള സ്നേഹം മതിയാകാത്തവന് മാറ്റാരുടെ സ്നേഹം കൊണ്ടും കൊതി തീരില്ല. അല്ലാഹുവിൽ ആവശ്യം തീരാത്തവന് മറ്റാർക്കും ആവശ്യം തീർത്തു കൊടുക്കാൻ ആകില്ല.

വിവ. അഹ്‌സൻ പുല്ലൂർ

Related Articles