Current Date

Search
Close this search box.
Search
Close this search box.

അഹിംസയുടെ ഉദയമാണ് ശവ്വാൽ

പെരുന്നാൾ അംബിളിയുടെ ഒരു ചിരിയുണ്ട്. സ്നേഹവും സന്തോഷവും സ്ഫുരിക്കുന്ന ചിരി. റമദാൻ മുറിച്ചു കടന്ന ചിരിയാണത്. അഹിംസയും നിഷ്കളങ്കതയുമായിരുന്നല്ലോ റമദാൻ. അഹിംസയുടെ ഒരു നൂറു വാതിലുകളിലേക്ക് മനുഷ്യനെ വഴി കാണിച്ച മാസമാണ് റമദാൻ. അഹിംസ ഊട്ടി ഉറപ്പിക്കുകയായിരുന്നു നോമ്പിന്റെ ധർമ്മം. ജീവിതത്തിൽ അഹിംസ ശീലിക്കുന്നതിനു ഇസ്ലാം നിർദേശിച്ച ഒരു മാസം നീണ്ടു നിന്ന കഠിനമായ പരിശീലന കളരി പിന്നിട്ട ശേഷമാണ് പെരുന്നാൾ.

ഉപേക്ഷിക്കാനുള്ള പാഠമായിരുന്നു റമദാനിലെ വ്രതം. പിടിച്ചെടുക്കാനുള്ളതായിരുന്നില്ല. ന്യായത്തിനു വേണ്ടിയായാൽ പോലും തർക്കമോ വഴക്കോ റമദാനിൽ അനുവദനീയമായിരുന്നില്ല. ആക്ഷേപമോ അക്രമമോ ആയി ആരെങ്കിലും വന്നാൽ “ഞാൻ നോമ്പുകാരനാണ്” എന്ന് പറഞ്ഞു മാറി നിൽക്കാനായിരുന്നു കല്പന. അത്യാവശ്യമല്ലാത്ത എല്ലാ സംസാരത്തിനും വിലക്കുള്ള മാസമായിരുന്നു റമദാൻ. ഖുർആൻ പാരായണവും പ്രാർത്ഥനയും മൗന വ്രതവുമായിരുന്നു റമദാനിലെ മൂന്ന് മുഖ്യ അജണ്ടകൾ.

Also read: തൂവെള്ള ഹൃദയങ്ങളുടെ ആഘോഷം

ആദ്യ മനുഷ്യന്റെ തലമുറയിൽ തന്നെ അഥവാ ആദമിന്റെ മക്കൾക്കിടയിൽ ഉണ്ടായ ഒരു സംഭവത്തെ ഉദാഹരിച് അഹിംസയെ അരക്കിട്ടു ഉറപ്പിച്ച ഗ്രന്ധമാണ് ഖുർആൻ. ആ സംഭവം ഇങ്ങനെ.

“ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥയും യഥാവിധി അവരെ കേള്‍പ്പിക്കുക. അവരിരുവരും ബലിയര്‍പ്പിച്ചപ്പോള്‍ ഒരുവന്റെ ബലി സ്വീകരിക്കപ്പെട്ടു. അപരന്റേതു സ്വീകരിക്കപ്പെട്ടില്ല. അവന്‍ പറഞ്ഞു: ‘ഞാന്‍ നിന്നെ കൊന്നുകളയും.’ അപരന്‍ പ്രതിവചിച്ചു: ‘അല്ലാഹു ഭക്തന്മാരുടെ വഴിപാടു മാത്രമേ സ്വീകരിക്കുകയുള്ളൂ; നീ എന്നെ വധിക്കാനായി കരമുയര്‍ത്തിയാല്‍, നിന്നെ വധിക്കാനായി ഞാന്‍ കരമുയര്‍ത്തുന്നതല്ല.ഞാന്‍ സര്‍വലോകനാഥനായ അല്ലാഹുവിനെ ഭയപ്പെടുന്നു. എന്റെ പാപവും നിന്റെ പാപവും നീതന്നെ വഹിക്കുമെന്നും ഞാന്‍ കരുതുന്നു. അങ്ങനെ നീ നരകാര്‍ഹനായിത്തീരും. അതാകുന്നു അധര്‍മികള്‍ക്കുള്ള പ്രതിഫലം.’ ഒടുവില്‍ അവന്റെ മനസ്സ് സ്വസഹോദരനെ വധിക്കുന്നതിനു വഴങ്ങി. അവന്‍ അയാളെ വധിച്ചു. നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരുവനായിത്തീരുകയും ചെയ്തു.” (അൽ മാഇദ 27-31)

യൂസഫ് നബിയുടെ ജീവ ചരിത്ര വിവരണത്തിലും ഖുറാന്റെ അഹിംസ സിദ്ധാന്തം കാണാം. സ്വന്തം സഹോദരന്മാർ ഹേതുവായി നിരവധി യാതനകൾ യൂസഫ് നബി സഹിച്ചു. കിണറ്റിൽ എറിയപെട്ടു. ചന്തയിൽ വിൽക്കപെട്ടു. ജയിലിൽ കിടന്നു. അവസാനം യൂസഫ് നബി ഈജിപ്തിലെ ഭരണാധികാരിയായി വന്ന സന്ദർഭത്തിൽ തനിക്കു മുമ്പിൽ വന്നു നിന്ന സഹോദരന്മാരോട് യുസുഫ് നബി പറയുന്നത് കാണുക.

Also read: റമദാൻ വിടപറയുകയാണ്

“അവര്‍ മിസ്വ്‌റില്‍ യൂസുഫിന്റെ മുമ്പില്‍ ചെന്നപ്പോള്‍ അറിയിച്ചു: ‘പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും കടുത്ത ക്ഷാമം ബാധിച്ചിരിക്കുന്നു. ഞങ്ങള്‍ കുറെ താണ ദ്രവ്യവുമായിട്ടാണ് വന്നിട്ടുള്ളത്. അങ്ങ് ഞങ്ങള്‍ക്ക് ധാരാളം അളന്നുതരണം. ദാനം തരുകയും വേണം.ധര്‍മിഷ്ഠന്മാര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നുവല്ലോ.’ (ഇതുകേട്ട് യൂസുഫിന് മിണ്ടാതിരിക്കാനായില്ല) അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്റെ സഹോദരനോടും എന്താണ് ചെയ്തതെന്ന് അറിയാമോ?’ അവര്‍ സംഭ്രമത്തോടെ ചോദിച്ചു: ‘ഹായ്! അങ്ങ് യൂസുഫ് തന്നെയോ?’ അദ്ദേഹം പറഞ്ഞു: ‘അതെ, ഞാന്‍ യൂസുഫ് തന്നെ. ഇത് എന്റെ സഹോദരനും. അല്ലാഹു ഞങ്ങള്‍ക്ക് നന്മ ചെയ്തിരിക്കുന്നു. യാഥാര്‍ഥ്യമിതാകുന്നു: വല്ലവരും ദൈവഭക്തിയോടെ, ക്ഷമയോടെ കര്‍മമനുഷ്ഠിക്കുന്നുവെങ്കില്‍, അത്തരം സജ്ജനങ്ങളുടെ കര്‍മഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണ, അല്ലാഹു അങ്ങയെ ഞങ്ങളെക്കാള്‍ ശ്രേഷ്ഠനാക്കിയിരിക്കുന്നു. വാസ്തവത്തില്‍ ഞങ്ങള്‍ പാപികള്‍തന്നെയായിരുന്നു.’ അദ്ദേഹം പ്രസ്താവിച്ചു: ‘ഇന്നു നിങ്ങളുടെ പേരില്‍ പ്രതികാര നടപടിയൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരുമാറാകട്ടെ. അവന്‍ ഏറ്റവും വലിയ കരുണാവാരിധിയല്ലോ. നിങ്ങള്‍ എന്റെ ഈ അങ്കിയുമായി പോകുവിന്‍. അത് എന്റെ പിതാവിന്റെ മുഖത്ത് വെച്ചുകൊടുക്കുക. അപ്പോള്‍ അദ്ദേഹത്തിന് കാഴ്ച തിരിച്ചുകിട്ടും. നിങ്ങളുടെ കുടുംബങ്ങളെ മുഴുവനായും എന്റെ അടുക്കലേക്ക് കൊണ്ടുപോരുവിന്‍.’
(യുസുഫ് 88-93)

അഹിംസ ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങളാലും കല്പനകളാലും നിബിഡമാണ് ഖുർആൻ. റമദാനവട്ടെ ഖുർആനിൻറെ മാസവും. അഹിംസ നിഷ്ഠയായി നിഷ്കർഷിച്ച റമദാനും പിന്നിട്ടാണ് ശവ്വാലിന്റെ ഉദയം. അതുകൊണ്ടു തന്നെ അഹിംസയുടെ ഉദയമാണ് ശവ്വാൽ.

വാക്കുകൾ മുറിവുണ്ടാക്കും. ഹിംസയുടെ തുടക്കം പലപ്പോഴും വാക്കുകളിലൂടെയാണ്. വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ മാസമായിരുന്നു റമദാൻ. ജനങ്ങളെ മാത്രമല്ല കുടുംബങ്ങളെയും വിട്ട് തനിച്ചിരിക്കാൻ കല്പിക്കപ്പെട്ട മാസം. അവസാനത്തെ പത്തു ദിവസങ്ങൾ എല്ലാം വെടിഞ്ഞു പള്ളികളിൽ ഒഴിഞ്ഞിരിക്കാനുള്ളതായിരുന്നു.

Also read: സകാതുൽ ഫിത്വർ എപ്പോൾ, എങ്ങനെ?

ആത്മഗതത്തിനുള്ള മാസമായിരുന്നു റമദാൻ. ഹിംസയുടെ ലാഞ്ചന പോലും ജീവിതത്തിൽ പുലർത്തുകയില്ല എന്ന ആത്മഗതം. അബദ്ധ വശാൽ സംഭവിച്ചു പോയത്തിൽ ഖേദിച്ചു മടങ്ങി ഭാവിയിൽ സംഭവിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത മാസം. ശവ്വാലിന്റെ ചിരി അഹിംസയുടെ ചിരിയാവുന്നതും മറ്റൊന്നുകൊണ്ടുമല്ല.

Related Articles