Current Date

Search
Close this search box.
Search
Close this search box.

‘മുഗീസിന് ബരീറയോടുള്ള സ്‌നേഹവും ബരീറക്ക് മുഗീസിനോടുള്ള ദേഷ്യവുമോര്‍ത്ത് നിങ്ങള്‍ക്ക് അത്ഭുതം തോന്നാറില്ലേ!?’

നബിയുടെ കൂടെ - 6

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ നിവേദനം ചെയ്യുന്നു: നബി (സ) തന്റെ അമ്മാവനോടായി ഒരിക്കല്‍ പറഞ്ഞു:’അല്ലയോ അബ്ബാസ്, മുഗീസിന് ബരീറയോടുള്ള സ്‌നേഹവും ബരീറക്ക് മുഗീസിനോടുള്ള ദേഷ്യവുമോര്‍ത്ത് നിങ്ങള്‍ക്ക് അത്ഭുതം തോന്നാറില്ലേ!?’ അന്‍സാരികളില്‍ ചിലരുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീയായിരുന്നു ബരീറ. മുഗീസെന്നായിരുന്നു അവരുടെ ഭര്‍ത്താവിന്റെ പേര്.
സ്വതന്ത്ര്യയാവാന്‍ ശക്തമായി ആഗ്രഹിച്ച അവര്‍ തന്റെ യജമാനന്മാരോട് മോചനം ആവശ്യപ്പെടുകയും മോചനദ്രവ്യമായി കൊടുക്കാനുള്ള തുകക്ക് സഹായിക്കാന്‍ ബീവി ആഇശ(റ)യെ ചെന്നു കാണുകയും ചെയ്തു.
സ്വാതന്ത്ര്യം ലഭിച്ചതോടെ അവര്‍ തന്റെ വിവാഹത്തെക്കുറിച്ച് പുനരാലോചന നടത്തി. മതത്തിന്റെ നിയമമനുസരിച്ച് സ്ത്രീ സ്വതന്ത്രയായാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുകയോ ബന്ധം വേര്‍പെടുത്തുകയോ രണ്ടും ചെയ്യാം.
തന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കാനായിരുന്നു ബരീറയുടെ തീരുമാനം! ഭര്‍ത്താവ് മുഗീസാണെങ്കില്‍ തന്റെ ഭാര്യ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മദീനയുടെ വഴിയോരങ്ങളില്‍ ഭ്രാന്തമായി അവരെ കാത്തിരുന്നു. അവരാണെങ്കില്‍ മുഗീസിനെ തിരിഞ്ഞുനോക്കുകയോ അല്‍പംപോലും ദയ കാണിക്കുകയോ ചെയ്തതുമില്ല. മുഗീസിന്റെ പ്രതീക്ഷ എല്ലാം നഷ്ടപ്പെട്ടപ്പോഴായിരുന്നു കാരുണ്യപ്രഘര്‍ഷം നബി തങ്ങളെ ചെന്നുകണ്ട് ആവലാതി പറയാന്‍ തീരുമാനിച്ചത്.
നബി തങ്ങള്‍ ബരീറയോട് ഒരഭ്യര്‍ഥന നടത്തിനോക്കാമെന്ന് കരുതുകയും ചെയ്തു. ‘ഓ ബരീറാ, നിങ്ങള്‍ ഭര്‍ത്താവിനെ തിരിച്ചെടുത്താലും! അവര്‍ നിങ്ങളുടെ ഭര്‍ത്താവും കുട്ടിയുടെ പിതാവുമല്ലേ?’. ബരീറ ചോദിച്ചു:’അല്ലാഹുവിന്റെ റസൂലേ, ഇത് താങ്കളുടെ ഭാഗത്തുനിന്നുള്ള കല്‍പനയാണോ?’ ഇത് കല്‍പനയല്ലെന്നും ഞാനൊരു ശുപാര്‍ശകന്‍ മാത്രമാണെന്നും നബി തങ്ങളുടെ മറുപടി. എന്നാല്‍ എനിക്കദ്ദേഹത്തെ ആവശ്യമില്ലെന്ന് ബരീറയുടെയും മറുപടി!
ഗുണപാഠം 1
ഏകപക്ഷീയമായ സ്‌നേഹം നിന്ദ്യതയാണ്! ശരിയാണ്, പ്രിയപ്പെട്ട ഒരാളുടെ മുന്നില്‍ ശക്തമായ ഒരു പ്രഹരമേറ്റാല്‍ വീണു പോവുന്ന ഹൃദയങ്ങളാണ് അല്ലാഹു നമുക്ക് തന്നിട്ടുള്ളത്. അതേസമയം, നമ്മുടെ മാന്യതയുടെ പരിധിയില്‍ നിന്നും നാം താഴാതിരിക്കാനുള്ള കരുത്തും ശക്തിയും അല്ലാഹു തന്നിട്ടുമുണ്ട്. സ്‌നേഹിക്കുന്നയാളുടെ സമക്ഷം നിങ്ങളുടെ ഹൃദയം കാണിച്ചുകൊടുക്കുക, പക്ഷേ സ്‌നേഹം യാചിച്ചു വാങ്ങിക്കരുത്! ഒരിക്കല്‍ പരീക്ഷിച്ചു നോക്കുക, ഒരിക്കല്‍ സ്‌നേഹിക്കു, പക്ഷേ എപ്പോഴാണ് നിറുത്തേണ്ടതെന്നും നീയറിയുക. പഴമക്കാര്‍ പറഞ്ഞതുപോലെ ‘ചിലപ്പോള്‍ പേജുകള്‍ മറിച്ചതു കൊണ്ടുമാത്രമാവില്ല, പുസ്തകം തന്നെയും മാറ്റേണ്ടിവരും!’
ഗുണപാഠം 2
വലിയ മഹ്‌റ് നല്‍കുന്നയാള്‍ക്ക് വില്‍ക്കാനുള്ള വില്‍പനച്ചരക്കല്ല സ്ത്രീ. സ്ത്രീഹൃദയം ഒരാളോടു കൂടെയായിരിക്കെ അവളെ മറ്റൊരാള്‍ വിവാഹം ചെയ്തുകൊടുക്കല്‍ അക്രമമാണ്. ശരീരത്തിന് മുറിവേല്‍പിക്കുന്നതിലും നോവിക്കുന്നതിലും പാപമേറിയതും വേദനയുള്ളതുമാണ് ഹൃദയങ്ങളെ നോവിക്കല്‍.
അതുകൊണ്ട് ആദ്യകാല ഗ്രാമീണരായ അറബികളുടെ പിടിവാശി ഉപേക്ഷിക്കുക. പ്രണയിച്ചു എന്ന കാരണത്താല്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യിക്കാന്‍ സമ്മതിക്കാത്തവരാണവര്‍. അവരെക്കാളൊക്കെയേറെ സമുന്നതനായ നബി തങ്ങളുടെ ‘പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് നികാഹല്ലാതെ മറ്റൊരു നല്ല മാര്‍ഗവുമില്ല!’ എന്ന വാക്കുകള്‍ നീ പിന്തുടരുക.
ഗുണപാഠം 3
നല്ലൊരു ആണാവുക. നീ മാമൂലുകളെയും ആചാരങ്ങളെയും പിന്തുടരുന്നുണ്ടെന്ന പേരില്‍ നിന്നെ സ്‌നേഹിച്ച നിഷ്‌കളങ്കമായൊരു ഹൃദയത്തെ നീ വഞ്ചിക്കരുത്. ജനങ്ങളെല്ലാവര്‍ക്കുമുണ്ട് ഹൃദയങ്ങള്‍. നീ നിന്റെ സ്‌നേഹിതയെ വിവാഹം ചെയ്തില്ലെങ്കിലും തീര്‍ച്ചയായും മറ്റൊരാളുടെ സ്‌നേഹിതയെയാവും സ്വാഭാവികയമായും വിവാഹം ചെയ്യുക! നമ്മുടെ ആചാരങ്ങളില്‍ പലതും പൊളിച്ചുമാറ്റപ്പെടേണ്ട ബിംബങ്ങളാണ്. പകരം ഹൃദയങ്ങളെ അതിനു ബലിയാടാക്കുകയല്ല വേണ്ടത്!
ഗുണപാഠം 4
നീ ശുപാര്‍ശകനാവുക! തകര്‍ന്ന ഹൃദയങ്ങളെ കൂട്ടിച്ചേര്‍ക്കലാണ് തകര്‍ന്ന എല്ലുകളെ ശരിപ്പെടുത്തുന്നതിനുംമുമ്പ് ചെയ്യേണ്ടത്. കാരണം ഹൃദയം തകരുന്ന വേദന അതിശക്തമാണല്ലോ. രണ്ടു ഹൃദയങ്ങളെ കൂട്ടിയിണക്കാന്‍ നിനക്ക് സാധിക്കുമെങ്കില്‍ അല്‍പംപോലും അമാന്തിക്കരുത്. കുടുംബതര്‍ക്കങ്ങള്‍ക്കൊരു പരിധിവെക്കാന്‍ നിനക്ക് കഴിയുമെങ്കില്‍ വൈകിക്കരുത്. മനുഷ്യന്റെ യഥാര്‍ഥ മൂല്യം അത് കൈവശം വെക്കുന്ന കാര്യങ്ങളിലല്ല, സമര്‍പ്പിക്കുന്ന കാര്യങ്ങളിലാണ്.
വൃക്ഷത്തിന്റെ മൂല്യം അതിന്റെ വിറകിലല്ല, ഫലങ്ങളിലാണ്. പുസ്തകത്തിന്റെ മൂല്യം അതിന്റെ പേജുകളിലല്ല, അതിലെ വാക്കുകളിലാണ് എന്നപോലെ. ഇങ്ങനെയൊക്കെ തന്നെയാണ് ജനങ്ങളും, അവര്‍ തമ്മില്‍ ചിലര്‍ ചിലരെക്കാള്‍ ഉന്നതരാവുന്നത് പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ചരിത്രം ചിരഞ്ചീവികളായി അടയാളപ്പെടുത്തി മനുഷ്യരെയൊക്കെ നോക്കൂ, അവരെല്ലാവരും ലോകസമക്ഷം വല്ലതും സമര്‍പ്പിച്ച് കടന്നുപോയവരാണ്.
ചിലര്‍ മരുന്നു കണ്ടുപിടിച്ചു, മറ്റു ചിലര്‍  ഗ്രന്ഥങ്ങളെഴുതി, ചിലര്‍ ഒരു യുദ്ധംതന്നെ അവസാനിപ്പിച്ചു, മറ്റു ചിലര്‍ പുതിയ പാതകള്‍ വെട്ടിപ്പടുത്തു. ജനങ്ങളങ്ങനെ കടന്നുപോവും, അവരെഴുതിവച്ചതിലെ മനോഹരമായതു മാത്രമേ പക്ഷേ ബാക്കിയാവൂ. ആയതിനാല്‍ മനോഹരമായൊരു അടയാളം ബാക്കിയാക്കാതെ ലോകത്തുനിന്ന് യാത്രപോകരുത്!
ഗുണപാഠം 5
അനുകൂലമായ പ്രതികരണം ലഭിച്ചില്ലെങ്കിലോ എന്നോര്‍ത്ത് ഇത്തരം കാര്യങ്ങളില്‍ ശുപാര്‍ശ ചെയ്യാതിരിക്കരുത്. അതിന് ശ്രമിച്ചുവെന്ന പുണ്യം തന്നെ മതി നിനക്ക്. നാം സാധിപ്പിക്കുന്നതിനല്ല, നാം ചെയ്യുന്നതിനാണല്ലോ നമുക്ക് പ്രതിഫലം! ചില പ്രവാചകന്മാര്‍ അന്ത്യനാളില്‍ കൂടെ ഒരാള്‍ പോലുമില്ലാതെ തനിച്ചു വരുമെന്ന് ഹദീസില്‍ കാണാം! നിന്റെ ശിപാര്‍ശ തഴയപ്പെട്ടാല്‍ അതൊരു നിന്ദ്യതയായി കാണേണ്ടതില്ല. നീ എത്രതന്നെ ഉന്നതനായാലും നബി തങ്ങളുടെയത്രയും ഉന്നതനാവില്ലല്ലോ. അടിമസ്ത്രീയായിരുന്ന ഒരാളോട് നബി തങ്ങള്‍ അപേക്ഷിക്കുന്നത് കണ്ടല്ലോ. അവരാണെങ്കില്‍ അനുകൂലമായ മറുപടി നല്‍കിയതുമില്ല. എന്നിട്ട് നബി (സ) അതിനെ പരിഹാസമായി കണ്ടോ? ആയതിനാല്‍, ശുപാര്‍ശ ചെയ്യുക. അതിന്റെ പ്രതിഫലം അഹങ്കരിച്ചുകൊണ്ട് നഷ്ടപ്പെടുത്താതിരിക്കുക!
ഗുണപാഠം 6
നന്മകളില്‍ ഒന്നിനെയും നിസ്സാരമായി കാണരുത്. ജനങ്ങളില്‍ ഏറ്റവുമധികം ആരാധനകളില്‍ നിരതമായവരായിരുന്നു നബിതങ്ങള്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ നോമ്പനുഷ്ഠിച്ചു, നോമ്പു തുറക്കുന്നു എന്നുപോലും തോന്നാത്തവിധം. രാത്രികളില്‍ തുടര്‍ച്ചയായി ആരാധനകളില്‍ മുഴുകി, ഉറങ്ങാറുണ്ടെന്നുപോലും തോന്നാത്തവിധം. പക്ഷേ ഒരു ശുപാര്‍ശയുടെ വിഷയത്തില്‍ നബി (സ) മടികാണിച്ചില്ല! ജോലിത്തിരക്കും സമയമില്ലായ്മയും പറഞ്ഞ് നീ ഒഴിഞ്ഞുമാറരുത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നവന്റെ ആവശ്യങ്ങള്‍ അല്ലാഹു നിറവേറ്റും എന്നാണല്ലോ തിരുവരുള്‍. എന്തുവന്നാലും നീ നബിയെക്കാളും വലിയ തിരക്കിലാവില്ലല്ലോ?! മതത്തിന്റെ ഭാഗത്തുനിന്ന് നോക്കിയാൽ ഉമ്മത്തിന്റെ പ്രവാചകരാണവര്‍, രാഷ്ട്രീയപരമായി നോക്കിയാൽ രാഷ്ട്രത്തലനവനും! അപ്പോഴും സാധാരണക്കാര്‍ക്കു വേണ്ട സമയം കണ്ടെത്താന്‍ നബിക്കായി. സാധാരണക്കാരിലേക്ക് നാമിറങ്ങിച്ചെല്ലുമ്പോഴാണ് യഥാര്‍ഥത്തില്‍ നാമുയരുന്നത്!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles