Current Date

Search
Close this search box.
Search
Close this search box.

 ‘ഇന്നാലിന്ന വ്യക്തിയുടെ തോട്ടം നനക്കൂ’  ഒരു മനുഷ്യന്‍  തരിശുഭൂമിയിലായിരിക്കെ മേഘത്തില്‍ നിന്നൊരു വിളിയാളം കേട്ടു

നബിയുടെ കൂടെ - 5

നബി (സ) പറയുന്നു: ഒരു മനുഷ്യന്‍ തരിശുഭൂമിയിലായിരിക്കെ മേഘത്തില്‍ നിന്നൊരു വിളിയാളം കേട്ടു, ‘ഇന്നാലിന്ന വ്യക്തിയുടെ തോട്ടം നനക്കൂ’ എന്നൊരു വിളിയാളം. അങ്ങനെയാ മേഘം നീങ്ങിച്ചെന്ന് ഒരിടത്ത് മഴയായി വര്‍ഷിച്ചു. ഭൂമിയിലെ ചെറിയൊരു ഭാഗം ആ മഴയത്രയും പൂര്‍ണമായി ആവാഹിച്ചെടുക്കുകയും ചെയ്തു. ആ മനുഷ്യന്‍ വെള്ളത്തിന്റെ സ്ഥാനം തിരഞ്ഞു നടന്നപ്പോള്‍ അവിടെ ഒരാള്‍ തന്റെ തോട്ടത്തില്‍ വെള്ളം ശേഖരിക്കുന്നതു കാണാനിടയായി. നിങ്ങളുടെ പേരെന്തെന്നാണ് അദ്ദേഹത്തോടു ചോദിച്ചു. പേരു പറഞ്ഞപ്പോള്‍ മേഘത്തില്‍ നിന്ന് അദ്ദേഹം കേട്ട അതേ പേരായിരുന്നു. തന്റെ പേരു ചോദിക്കാന്‍ കാരണമെന്തായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ താങ്കളുടെ പേര് മേഘലോകത്തു നിന്ന് ഞാന്‍ കേട്ടിരുന്നുവെന്നും നിങ്ങളിവിടെ എന്തെടുക്കുകയാണെന്നും ചോദിച്ചു. ‘ഇതില്‍ നിന്നു പുറപ്പെടുന്ന വിളകള്‍ ഞാന്‍ നോക്കിയിരിക്കുമെന്നും അതില്‍ മൂന്നില്‍ ഒരു വിഹിതം സ്വദഖ ചെയ്യാനും മറ്റൊരു വിഹിതം എനിക്കും കുടുംബത്തിനും ഭക്ഷിക്കാനും മറ്റൊരു വിഹിതം അതിലേക്കു തന്നെ തിരിച്ചുകൊടുക്കാനുമുള്ളതാണ്!’  (സ്വഹീഹ് മുസ്‌ലിം)
ഗുണപാഠം 1
അല്ലാഹുവിന്റെ കല്‍പന നിറവേറ്റുന്നവന്റെ കാര്യങ്ങളെല്ലാം അല്ലാഹു തന്നെ നോക്കിക്കൊള്ളും. തന്റെ മുന്നിലുള്ളവയെ അല്ലാഹു വഴിയിലേക്ക് വിധേയപ്പെടുത്തിയാല്‍ അല്ലാഹു അവനുള്ളതെല്ലാം കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്യും. ഈ ലോകം മുഴുവന്‍ അല്ലാഹുവിന്റെ കൈകളിലാണല്ലോ. അതുകൊണ്ട് നീ എങ്ങനെയാവാനാണോ അല്ലാഹു ഇഷ്ടപ്പെടുന്നത് അങ്ങനെ ആയിരിക്കുക, എങ്കില്‍ നീയിഷ്ടപ്പെടുന്ന പ്രകാരം അല്ലാഹുവും ആയിത്തീരും! ദുനിയാവിലെ നിയമങ്ങള്‍ സൃഷ്ടികളെ മാത്രം ബാധിക്കുന്നതാണെന്നും സ്രഷ്ടാവിനെ ബാധിക്കുന്നില്ലെന്നും മനസ്സിലാക്കുക. സ്വാലിഹായൊരു മനുഷ്യനു വേണ്ടിയാണ് പ്രപഞ്ചത്തിന്റെ സുഗമമായ നടത്തിപ്പിനായി അവന്‍ സംവിധാനിച്ച നിയമത്തെ അവന്‍ മാറ്റിമറിക്കുന്നത്. പ്രവാചകന്മാര്‍ക്ക് പ്രവാചകത്വത്തിന്റെ ഫലമായി പലതും നല്‍കുന്നതുപോലെ നല്ല മനുഷ്യര്‍ക്ക് അവര്‍ ചെയ്യുന്ന നന്മയുടെ ഫലമായി അവന്‍ പലതും നല്‍കും!
ആളിക്കത്തുന്നൊരു തീകുണ്ഠാരം ഇബ്‌റാഹിം നബിക്ക് വെറും തണുപ്പായി മാറിയില്ലേ. നാശകാരിയായൊരു വലിയ തിമിംഗലം യൂനുസ് നബിക്ക് സുരക്ഷിതത്വത്തിന്റെ താവളമായില്ലേ. മൂര്‍ച്ചയേറിയ കത്തി ഇസ്മായീല്‍ നബിയുടെ കഴുത്തില്‍ ഒരു പോറലു പോലും ഏല്‍പിക്കാന്‍ പറ്റാത്തതായില്ലേ. ഇവിടെ, ഒരേയൊരു മനുഷ്യന് വേണ്ടി അല്ലാഹു ഒരു മാലാഖ മുഖാന്തിരം മേഘത്തെ അയക്കുകയാണ്. ജനങ്ങള്‍ക്കെല്ലാം അന്ന് മഴ നല്‍കാതിരിക്കാനായിരുന്നു അല്ലാഹുവിന്റെ തീരുമാനം. പക്ഷേ അക്കൂട്ടത്തില്‍ ആ മനുഷ്യന് മഴ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് അവന് തോന്നി. പ്രപഞ്ചത്തിന്റെ നിയമംതന്നെ ആ മനുഷ്യന് വേണ്ടി അവന്‍ മാറ്റിമറിച്ചു. മേഘത്തിന്റെ ജോലി എല്ലാവര്‍ക്കും മഴ നല്‍കലാണ്. പക്ഷേ, അന്നേ ദിവസം ആ മനുഷ്യനുമാത്രമായുള്ള പ്രത്യേക മേഘമായിരുന്നുവത്. ദീന്‍ നന്നാക്കിയതുകൊണ്ട് പകരമായി ദുനിയാവ് അല്ലാഹു അയാള്‍ക്ക് നന്നാക്കിക്കൊടുത്തു!
ഗുണപാഠം 2
യഥാര്‍ഥ പ്രസിദ്ധി ഭൂമിയില്‍ നാലാള്‍ അറിയുന്നതല്ല, ആകാശലോകത്ത് അറിയപ്പെടലാണ്! ഭൂമിയില്‍ ആര്‍ക്കുമറിയാത്തൊരു കര്‍ഷകനാണദ്ദേഹം. പക്ഷേ, ആകാശലോകത്ത് പ്രസിദ്ധനും. രാജാധിരാജനായ അല്ലാഹുവാണ് മാലാഖയെ വിളിച്ച് ഇന്നാലിന്ന മനുഷ്യന്റെ കൃഷിയിടത്തിലേക്ക് മേഘമയച്ച് മഴ വര്‍ഷിപ്പിക്കൂ എന്ന കല്‍പന കൊടുക്കുന്നത്.
ഒരു കലാകാരന്‍ നമ്മെ നമ്മുടെ പേരു വിളിച്ചാല്‍ സന്തോഷം കൊണ്ട് നാം മതിമറക്കുന്നു. ഒരു മന്ത്രി നമ്മെ പേരെടുത്ത് വിളിച്ചാല്‍ ഭൂമിയൊക്കെ നമുക്ക് ചെറിയൊരിടമാണെന്ന തോന്നല്‍പോലും വരുന്നു. രാഷ്ട്രത്തിന്റെ തലവന്‍ തന്നെ നമ്മെ പേരു വിളിച്ചാല്‍ അന്നേദിവസം സന്തോഷം കൊണ്ട് ചുറ്റിലുള്ളതൊന്നും കാണാതെ വരുന്നു. ഇതാണ് ഒരു അടിമ മറ്റൊരു അടിമയെ വിളിക്കുമ്പോഴുള്ള അവസ്ഥ! എന്നാല്‍ രാജാധിരാജനായ ദൈവം തമ്പുരാന്‍ നിങ്ങളിൽ ഒരാളുടെ പേരു വിളിച്ച് ആകാശലോകത്ത് ‘ഇന്നാലിന്ന മനുഷ്യന്റെ കൃഷിയിടത്തിലേക്ക് മഴ വര്‍ഷിപ്പിക്കൂ’ എന്ന ആജ്ഞ പുറപ്പെടുവിക്കുമ്പോഴുള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കൂ!
ഗുണപാഠം 3
‘തൊഴിലെല്ലാം ആരാധനയാണെന്ന്’ പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. ശരിയാണ്, പക്ഷേ അല്ലാഹുവിന്റെ ബാധ്യതകളെ നിറവേറ്റാതെയുള്ള കര്‍മങ്ങളെല്ലാം പിശാചിനുള്ള ആരാധനയുമാണ്. സുബഹ് നിസ്‌കാരത്തെ അലാറമായി കാണുന്നവരും ക്ലോക്കിനെ അലാറമായി കാണുന്നവരുമുണ്ട്. ആരാധനക്കു വേണ്ടിയാണ് ഞാന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് വിശ്വസിക്കുന്നവനും കൃഷിപ്പിണിക്കു വേണ്ടിയാണ് എന്നെ പടച്ചിട്ടുള്ളതെന്ന ്വിശ്വസിക്കുന്നവര്‍ക്കുമിടയില്‍ എത്രവലിയ അന്തരമാണുള്ളത്!? ആരാധനക്കൊരു സമയമുണ്ട്, ജോലിക്കുമുണ്ടൊരു സമയം. ആരാധന നീട്ടിവച്ച് അത് നഷ്ടപ്പെടുംവിധം ജോലിയെ ചിട്ടപ്പെടുത്തിയാല്‍ അത് അല്ലാഹുവിനോടുള്ള കൃത്യമായ നന്ദികേടാണ്.
ജോലിയിലൂടെ നാമാഗ്രഹിക്കുന്ന കാര്യങ്ങള്‍, ജീവിതോപാധി (റിസ്ഖ്) യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ ഔദാര്യമല്ലേ. അവന്റെ വെറുപ്പ് സമ്പാദിച്ച് പിന്നെ അവനോടെത്ര എന്തും ചോദിച്ചിട്ടെന്തുകാര്യം?! ‘പിശാച് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ദാരിദ്ര്യവും അല്ലാഹുവിന്റെ വാഗ്ദാനം പാപമോക്ഷവും ഔദാര്യവുമാണ്’ എന്ന് വിശുദ്ധ ഖുര്‍ആന്‍. തൊഴില്‍തന്ന മുതലാളിയുടെ ബാധ്യത നിറവേറ്റുംമുമ്പ് അല്ലാഹുവിന്റെ ബാധ്യത നിറവേറ്റുമ്പോഴാണ് നമ്മുടെ ജോലിയും ഒരാരാധനയായി മാറുക.
ആരാധനയുടെ പേരുപറഞ്ഞ് ജോലിയൊന്നും ചെയ്യാതെ മറ്റൊരാളെ ആശ്രയിച്ചു കഴിയുന്നവന്‍ ഒരിക്കലും ജോലിക്കുവേണ്ടി നമസ്‌കാരം ഉപേക്ഷിക്കുന്നവനെക്കാള്‍ മെച്ചപ്പെട്ടവനൊന്നുമല്ല! നബി (സ) പറയുന്നു: ‘സ്വന്തം അധ്വാനത്തിലൂടെ കഴിക്കുന്നതിലും മഹത്തായ ഭക്ഷണം ഇല്ലതന്നെ! ദാവൂദ് നബി (അ) സ്വയം അധ്വാനിച്ചു ജീവിക്കുന്നവരായിരുന്നു.’ മറ്റൊരു ഹദീസില്‍ കാണാം:’ഒരു കയറെടുത്ത് കാട്ടില്‍ പോയി വിറകുകള്‍ ശേഖരിച്ചു വരുന്നതാണ് ജനങ്ങളോട് യാചിക്കുന്നതിലും ഭേദം, ജനങ്ങള്‍ നല്‍കിയാലും ഇല്ലെങ്കിലും.’ പള്ളിയില്‍ മാത്രം ഒതുങ്ങിക്കൂടി ജോലിക്കു പോവുന്ന തന്റെ സഹോദരന്റെ ചെലവില്‍ കഴിയുന്ന മനുഷ്യനെക്കുറിച്ച് നബി (സ) പറഞ്ഞത് അവന്റെ സഹോദരനാണ് അവനെക്കാള്‍ ഉത്തമന്‍ എന്നായിരുന്നു!
ജീവിതത്തിന്റെ രഹസ്യമെന്നാല്‍ കയറ്റിറക്കങ്ങളൊക്കെത്തന്നെയാണ്! ആരാധനകളും ജോലികളുമെല്ലാം എന്നുമുണ്ടാവും, ഉണ്ടാവണം. ഉലുല്‍ അസ്മുകളില്‍ ഒരാളായിരിക്കത്തന്നെ ഈസാ നബി(അ) ആശാരിയായിരുന്നു. ശുഐബ് നബിക്ക് പ്രായമായതിനാല്‍ അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളായിരുന്നു ആടിനെ മേച്ചുനടന്നത്. മൂസാ നബിക്ക് അദ്ദേഹത്തിന്റെ  പെണ്‍മക്കളില്‍ ഒരാളെ വിവാഹം ചെയ്തുകൊടുത്തപ്പോള്‍ മഹ്‌റായി നിശ്ചയിച്ചത്  അദ്ദേഹത്തിനു വേണ്ടി ജോലി ചെയ്യുകയെന്ന കരാറായിരുന്നു. ഇതാണ് പ്രവാചകന്മാരുടെ അവസ്ഥ! പിന്നെ അവരുടെ എത്രയോ ചുവടെയുള്ള മറ്റു ജനങ്ങളുടെ അവസ്ഥ ആലോചിക്കാനുണ്ടോ?!
ഗുണപാഠം 4
പ്രതിഫലവും തൊഴിലിന്റെ തന്നെ ഭാഗമാണ്. മുഴുവന്‍ ജനങ്ങളെയും വെള്ളം നല്‍കാതെ ശിക്ഷിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചപ്പോഴും തന്റെ ഭൂമി അവന്റെ മാര്‍ഗത്തിലായി കൊണ്ടുനടന്നവന് അവനും തിരിച്ച് എല്ലാ സൗകര്യങ്ങളും നല്‍കി. ആയതിനാല്‍ സമ്പൂര്‍ണ വിശ്വാസമുണ്ടായിരിക്കുക, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് എന്തു ചെലവഴിച്ചാലും അവന്‍ തന്നെ അതില്‍ വളര്‍ച്ച കൊണ്ടുവരുമെന്നും സ്വദഖ വഴി സമ്പത്തില്‍ ഒരുകുറവും സംഭവിക്കില്ലെന്നും രാത്രിയില്‍ ആരാധനക്കായി സമയം കണ്ടെത്തിയാല്‍ പകരമായി രാത്രി മുഴുവന്‍ ഉറങ്ങിയവര്‍ക്കു ലഭിക്കാത്തൊരു ഊര്‍ജവും ഉന്മേഷവും അല്ലാഹു നിനക്കു നല്‍കുമെന്നും!
ബറകത്ത് എന്നു പേരുള്ളൊരു സംഗതിയുണ്ട്, നാം കൂടുതലൊന്നും തിരിഞ്ഞു നോക്കാത്തൊരു കാര്യം. കാര്യങ്ങളൊരിക്കലും അതിന്റെ ധാരാളിത്തംകൊണ്ടല്ല, മേന്മ കൊണ്ടാണ് അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുക. ഹറാമായ മാര്‍ഗത്തിലൂടെ ഒത്തിരി പണം സമ്പാദിക്കുകയും എന്നിട്ടും ഒന്നും ഒന്നിനും തികയുന്നില്ലെന്നു പരിഭവം പറയുകയും ചെയ്യുന്ന വ്യക്തികള്‍ പലരെയും നാം കാണുന്നു. അതേസമയം ഹലാലായ മാര്‍ഗത്തിലൂടെ മാത്രം സമ്പാദിക്കുകയും എന്നാല്‍ ഇത്ര ചെറിയ സമ്പാദ്യംകൊണ്ടയാള്‍ എങ്ങനെ ജീവിച്ചുപോവുന്നുവെന്ന് നാം അത്ഭുതപ്പെടുകയും ചെയ്യുന്ന മനുഷ്യരെയും നാം കാണുന്നു! ഉമര്‍(റ) പറഞ്ഞൊരു വാക്കുണ്ട്:’അല്ലാഹുവിനോട് ഞാനൊരിക്കലും എന്റെ റിസ്ഖിനെ ചോദിക്കാറില്ല. കാരണം, അവനത് ആദ്യമേ വീതിച്ചു കഴിഞ്ഞിട്ടുള്ളതാണ്. പക്ഷേ വീതിച്ചുവച്ചതില്‍ ബറകത്തുണ്ടാവാനാണ് ഞാന്‍ ചോദിക്കാറുള്ളത്!’
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles