Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ സൃഷ്ടിച്ച വിപ്ലവം

കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്ലവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുർആൻ. അത് അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികവും പരുഷ പ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാർദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരരും കിരാതരെ സ്നേഹമയരുമാക്കി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അക്രമങ്ങൾക്കും അനീതികൾക്കും അറുതിവരുത്തി.സാമൂഹ്യ ഉച്ചനീചത്വവും സാംസ്കാരിക ജീർണതയും രാഷ്ട്രീയ അടിമത്തവും ധാർമികത്തകർച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധ:സ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികൾക്കും അനാഥർക്കും അവശർക്കും അശരണർക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയർത്തി. കുട്ടികൾക്ക് മുന്തിയ പരിഗണന നൽകി. തൊഴിലാളികൾക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവർക്ക് പരിരക്ഷ നൽകി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും രാഷ്ട്രത്തെ ക്ഷേമ പൂർണവും ലോകത്തെ പ്രശാന്തവുമാക്കി. നിസ്തുലമായ സാംസ്കാരിക, നാഗരികതകൾക്ക് ജന്മംനൽകി. അങ്ങനെ സമൂഹത്തെ അടിമുടി മാറ്റിയെടുത്ത സമഗ്രമായ വിപ്ലവമാണ് വിശുദ്ധ ഖുർആൻ വരുത്തിയത്. (ഖുർആൻ ലളിതസാരം:ആമുഖത്തിൽ നിന്ന്.)

ഖുർആനെപ്പറ്റി ഖുർആൻ
“”ഖുർആൻ ഇറങ്ങിയ മാസമാണ് റമദാൻ. അത് ജനങ്ങൾക്ക് നേർവഴി കാണിക്കുന്നതാണ്. സത്യമാർഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേർതിരിച്ച് കാണിക്കുന്നതുമാണ്”.(2:185)

“”ഇതാണ് വേദഗ്രന്ഥം. ഇതിൽ സംശയമില്ല. ഭക്തൻമാർക്കിത് വഴികാട്ടിയാണിത്.”(2:2)

“”ഇൗ ഖുർആൻ ഏറ്റവും നേരായ വഴി കാണിച്ചു തരുന്നു. സൽക്കർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാർത്ത അറിയിക്കുന്നു.” (17:9)

“”നാം ഇതിനെ അറബിഭാഷയിൽ വായനക്കുള്ള പുസ്തകമായി ഇറക്കിയിരിക്കുന്നു.നിങ്ങൾ നന്നായി ചിന്തിച്ച് മനസ്സിലാക്കാൻ”.(12:2)

“”ജനം ചിന്തിച്ചു മനസ്സിലാക്കാനായി നാം ഖുർആനിൽ കാര്യങ്ങൾ വിവിധ രൂപേണ വിശദീകരിച്ചിരിക്കുന്നു”.(17:41)

“”ഇൗ ഖുർആനിൽ നാം നിരവധി ഉദാഹരണങ്ങൾ വിവിധ രീതികളിൽ ജനങ്ങൾക്ക് വിവരിച്ചു തന്നിരിക്കുന്നു. എന്നാൽ മനുഷ്യൻ തർക്ക പ്രകൃതക്കാരൻ തന്നെ”.(18;54)

“”ഇൗ ഖുർആനിനെ നാം പല ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. നീ ജനങ്ങൾക്ക് സാവധാനം ഒാതിക്കൊടുക്കാൻ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിയിരിക്കുന്നു.” (17:106)

“”നാമിത് ഇടവിട്ട് ഇടവിട്ട് പലതവണയായി ഒാതിക്കേൾപ്പിക്കുന്നു.”(25:32)

ഉറപ്പായും ഈ ഖുർആൻ നിനക്ക് നാം അല്പാല്പമായി ഇറക്കിത്തന്നിരിക്കുന്നു. (76:23)

“”ഖുർആൻ നിർത്തി നിർത്തി സാവധാനം പാരായണം ചെയ്യുക”.(73:4)

“”ചിന്തിച്ചു മനസ്സിലാക്കാനും ഒാർക്കാനുമായി ഈ ഖുർആനിനെ നാം
ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?”(54:22,32,40)

“”ഉറപ്പായും ഇത് അത്യാദരണീയമായ ഖുർആൻ തന്നെ. സുരക്ഷിതമായ ഗ്രന്ഥത്തിൽ! വിശുദ്ധരല്ലാത്ത ആർക്കും ഇതിനെ സ്പർശിക്കാനാവില്ല. ലോകനാഥനിൽ നിന്ന് അവതീർണമായതാണിത്. എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങൾ നിസ്സംഗത പുലർത്തുന്നത്? ഇക്കാര്യത്തിൽ നിങ്ങളുടെ പങ്ക് അതിനെ കള്ളമാക്കി തള്ളലാണോ? ജീവൻ തൊണ്ടക്കുഴിയിലെത്തുമ്പോൾ നിങ്ങൾക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിർത്താനാവുന്നില്ല? മരണം വരിക്കുന്നവനെ നിങ്ങൾ നിസ്സഹായരായി നോക്കി നിൽക്കാറുണ്ടല്ലോ.” (56:77-84)

“”പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ച് ശ്രമിച്ചാലും ഈ ഖുർആൻ പോലൊന്ന് കൊണ്ടുവരിക സാധ്യമല്ല. അവരെല്ലാം പരസ്പരം പിന്തുണച്ചാലും ശരി. ഇൗ ഖുർആനിൽ മനുഷ്യർക്കായി എല്ലാവിധ ഉപമകളും നാം വിവിധ രൂപേണ വിവരിച്ചിട്ടുണ്ട്. എന്നിട്ടും മനുഷ്യരിലേറെപ്പേരും അവയെ തള്ളിക്കളഞ്ഞു. സത്യ നിഷേധത്തിലുറച്ചുനിന്നു.”(17:88,89)

“”തത്ത്വങ്ങൾ നിറഞ്ഞു നിൽക്കുന്ന ഖുർആൻ തന്നെ സത്യം. തീർച്ചയായും നീ ദൈവദൂതന്മാരിൽ ഒരുവനാണ്. ഉറപ്പായും നീ നേർ വഴിയിലാണ്. പ്രതാപിയും പരമകാരുണികനുമായവൻ ഇറക്കിയതാണ് ഈ ഖുർആൻ”. (36:2-5)

“”നാം ഈ ഖുർആനിലൂടെ മനുഷ്യർക്കായി വിവിധയിനം ഉദാഹരണങ്ങൾ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അവർ ആലോചിച്ചറിയാൻ. അറബി ഭാഷയിലുള്ള ഖുർആനാണിത്. ഇതിലൊട്ടും വളച്ചുകെട്ടില്ല. അവർ ഭക്തിയുള്ളവരാകാൻ വേണ്ടിയാണിത്.” (39:27,28)

“”വചനങ്ങളെല്ലാം വിശദമായി വിവരിക്കപ്പെട്ട വേദപുസ്തകമാണിത്. അറബി ഭാഷയിലുള്ള ഖുർആൻ. മനസ്സിലാക്കുന്ന ജനത്തിനു വേണ്ടിയാണിത്. (41:3)

“”നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലാണ് ഇറക്കിയിരുന്നതെങ്കിൽ അവർ പറയുമായിരുന്നു: എന്തുകൊണ്ട് ഇതിലെ വചനങ്ങൾ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകൻ അറബിയുമാവുകയോ? പറയുക: സത്യവിശ്വാസികൾക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്. ഫലവത്തായ ശമനൗഷധവും”.(41:44)

“”ഈ ഖുർആൻ ബോധനമായി നൽകിയതിലൂടെ നിനക്ക് നാം നല്ല ചരിത്രകഥകൾ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നും അറിയാത്തവരിൽ പെട്ടവനായിരുന്നു.”(12:3)

“”നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതിൽ സകല സംഗതികൾക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവർക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവാർത്തയുമാണിത്.”(16:89)

“”ഇസ്രയേൽ മക്കൾ ഭിന്നത പുലർത്തുന്ന മിക്ക കാര്യങ്ങളുടെയും നിജസ്ഥിതി ഈ ഖുർആൻ അവർക്ക് വിശദീകരിച്ചു കൊടുക്കുന്നു. തീർച്ചയായും സത്യവിശ്വാസികൾക്കിത് നല്ലൊരു വഴികാട്ടിയാണ്.മഹത്തായ അനുഗ്രഹവും.”(27:76,77)

“”ഖുർആന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്. അങ്ങനെ ഒാതിത്തന്നാൽ ആ പാരായണത്തെ നീ പിന്തുടരുക. തുടർന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.”(75:17-19)

“”ഖുർആൻ പാരായണം ചെയ്യുമ്പോൾ നിങ്ങളത് ശ്രദ്ധയോടെ കേൾക്കുക. നിശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.” (7:204)

“”അല്ലാഹു അല്ലാത്തവർക്ക് നിർമിച്ചുണ്ടാക്കാവുന്നതല്ല ഈ ഖുർആൻ. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇത് ലോകനാഥനിൽ നിന്നുള്ളത് തന്നെയാണ്.” (10:37)

നമുക്കിതൊന്നു വായിച്ചു നോക്കാം
ആശയവും ഭാഷയും ശൈലിയും ദൈവികമായ ഗ്രന്ഥം തികവോടെ മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുക സാധ്യമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ വിശുദ്ധ ഖുർആന്റെ ഉള്ളടക്കം മനസ്സിലാക്കാൻ സാധിക്കുമാറ് ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലേക്കും അത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ ഖുർആന്റെ നിരവധി പരിഭാഷകളുണ്ട്.

“”ദൈവനാമത്തിൽ ഇതൊന്ന് വായിക്കൂ! നിങ്ങൾക്ക് മനസ്സിന് ശാന്തിയും വ്യക്തിജീവിതത്തിൽ വിശുദ്ധിയും കുടുംബത്തിൽ ഭദ്രതയും സമൂഹത്തിൽ സുരക്ഷിതത്വവും ലോകത്ത് സമാധാനവും സർവോപരി മരണാനന്തര ജീവിതത്തിൽ ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും ഉറപ്പ് വരുത്താം”
വിശുദ്ധ ഖുർആൻ ലോകത്തെങ്ങുമുള്ള മുഴുവൻ മനുഷ്യരോടും ഇവ്വിധം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ദൈവം പറയുന്നു: “”ചിന്തിച്ചു മനസ്സിലാക്കാനായി ഈ ഖുർആനിനെ നാം ലളിതമാക്കിയിരിക്കുന്നു. ആലോചിച്ച് മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?” (54:22)

“”നിങ്ങൾക്ക് നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിൽ നിങ്ങൾക്കുള്ള ഉൽബോധനമുണ്ട്. എന്നിട്ടും നിങ്ങൾ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ?’ (21:10)

“”ഇവ്വിധം ദൈവം നിങ്ങൾക്ക് അവന്റെ വചനങ്ങൾ വിശദീകരിച്ചു തരുന്നു. നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കാൻ!” (24:61)

നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന്റെ ഈ ആഹ്വാനമുൾക്കൊണ്ട് നമുക്കും ഈ ഗ്രന്ഥത്തിലൂടെ ഒരു തവണയെങ്കിലും സഞ്ചരിക്കാം. ഒരു തവണയെങ്കിലും വായിച്ചു നോക്കാം. അങ്ങനെ ദൈവത്തിന്റെ സംബോധിതരാകാം. ദൈവം എന്തൊക്കെയാണ് നമ്മോട് പറയുന്നതെന്ന് പരിശോധിച്ച് നോക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ( അവസാനിച്ചു)

Related Articles