Current Date

Search
Close this search box.
Search
Close this search box.

സ്ത്രീക്ക് മുന്തിയ പരിഗണന

ചരിത്രത്തിൽ എന്നും എവിടെയും കടുത്ത അവഗണനക്ക് ഇരയാവുന്നത് സ്ത്രീകളാണല്ലോ. ഖുർആന്റെ അവതരണകാലത്ത് ആദി പാപത്തിന് കാരണക്കാരി പെണ്ണാണെന്ന ധാരണയാണ് പൊതുവെ നിലനിന്നിരുന്നത്.

പാമ്പിന്റെ പ്രേരണയ്ക്ക് വഴങ്ങി ആദി മാതാവ് ഹവ്വാ വിലക്കപ്പെട്ട കനി തിന്നു. ഭർത്താവിനെ തീറ്റുകയും ചെയ്തു. അതിനാൽ ഹവ്വാ ബീവി മാനവകുലത്തിന്റെ മാതാവെന്നപോലെ പാപത്തിന്റെയും മാതാവാണ്.

വിശുദ്ധ ഖുർആൻ ഈ കഥയെ തീർത്തും നിരാകരിക്കുന്നു. ഖുർആനിലെവിടെയും പാമ്പിന്റെ കഥയില്ല.അതുപോലെ ഹവ്വാ ബീവിക്കെതിരെയുള്ള ആരോപണത്തെയും പൂർണമായും തള്ളിക്കളയുന്നു. ഖുർആനിക വീക്ഷണത്തിൽ മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ഭൂമിയിലേക്കാണ്.( 2: 30)

സ്വർഗത്തിൽ പാർപ്പിച്ചത് ഭൂമിയിൽ ജീവിക്കാനാവശ്യമായ പരിശീലനത്തിന് വേണ്ടിയാണ്. അവിടെയുള്ള എല്ലാ വിശിഷ്ട വിഭവങ്ങളും അനുവദിക്കപ്പെട്ടിരുന്നു. ഒരു പ്രത്യേക വൃക്ഷത്തിന്റെ പഴമൊഴികെ.ആ വൃക്ഷത്തെ സമീപിക്കുക പോലും അരുതെന്ന് ആദാമിനും ഹവ്വാക്കും ഒരുപോലെ അനുശാസനമുണ്ടായിരുന്നു.(2:35)

എന്നാൽ പിശാചിന്റെ ദുർബോധനത്തെപ്പറ്റി ദൈവം നൽകിയ മുന്നറിയിപ്പ് ഇരുവരും മറന്നു.അങ്ങനെയവർ പഴം പറിച്ചു തിന്നു. തെറ്റ് ബോധ്യമായതോടെ ഇരുവരും പശ്ചാത്തപിച്ചു. ദൈവം അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ പാപ മുക്തരായി ഇരുവരും സ്വർഗത്തിൽനിന്ന് പുറത്താക്കപ്പെട്ടു. ഇരുവരെയും ആവശ്യമായ നിർദേശങ്ങൾ നൽകി ഭൂമിയിലേക്കയച്ചു.(2:36-39, 20: 115-122)

ഖുർആൻ എവിടെയും ഹവ്വായെ പ്രത്യേകമായി കുറ്റപ്പെടുത്തുന്നില്ല. എന്നല്ല, ഇരുവരും പാപം ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്ത സംഭവം വിശദീകരിക്കുന്ന ഖുർആൻ പ്രത്യേകമായി കുറ്റാരോപണം നടത്തിയത് ആദമിനെയാണ്.

ആദം നബി മറന്നുവെന്നും ഇച്ഛാശക്തിയുള്ളവനായിരുന്നില്ലെന്നും 20:115 ൽ പറയുന്നു.അങ്ങനെ അദ്ദേഹം തന്റെ നാഥനെ ധിക്കരിച്ചുവെന്നും അദ്ദേഹത്തിന് പിഴവ്പറ്റിയെന്നും വ്യക്തമാക്കുന്നു. പിന്നീട് അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചുവെന്നും അദ്ദേഹത്തെ ദൈവം പ്രത്യേകം തെരഞ്ഞെടുക്കുകയും നേർവഴിയിൽ നയിക്കുകയും ചെയ്തുവെന്നും ഖുർആൻ 20:121,122 ലും പറയുന്നു. അങ്ങനെ ഖുർആൻ ആദിപാപത്തിന് കാരണക്കാരി സ്ത്രീയാണെന്ന തെറ്റായ ധാരണയെ പൂർണമായും തിരുത്തുന്നു.

ജീവിതത്തിലെ എല്ലാ മേഖലയിലും കടുത്ത അവഗണനയാണ് സ്ത്രീ അനുഭവിച്ചിരുന്നത്. ഖുർആൻ ഇതിന് അറുതി വരുത്തി. നാരികൾ നരകാവകാശികളാണെന്ന പരമ്പരാഗതമായ ധാരണയെ അത് പൂർണമായും നിരാകരിക്കുന്നു.: “”സത്യവിശ്വാസം, ഭയ ഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉൾക്കൊള്ളുന്നവരും ദൈവത്തെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീ-പുരുഷന്മാർക്ക് പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.” (33:35)

ഭൂമിയിലും സ്ത്രീപുരുഷന്മാർ പരസ്പരം സഹകാരികളാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു: “”സത്യവിശ്വാസികളായ സ്ത്രീ-പുരുഷന്മാർ പരസ്പരം സഹായികളാണ്. അവർ നന്മ കൽപ്പിക്കുന്നു.തിന്മ തടയുന്നു. നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുന്നു. സകാത്ത് നൽകുന്നു. ദൈവത്തെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല, ദൈവം അവരോട് കരുണ കാണിക്കും. ദൈവം പ്രതാപിയും യുക്തിമാനും തന്നെ; തീർച്ച.” (9:71)

മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്നാവശ്യപ്പെടുന്ന ഖുർആൻ വാക്യങ്ങളിൽ മാതാവ് അനുഭവിക്കുന്ന കഷ്ടപ്പാടുകളാണ് എടുത്തു പറഞ്ഞത്.(31:14. 46:15)

അപമാനഭാരത്താൽ പെൺകുഞ്ഞുങ്ങളെ കുഴിച്ചു മൂടിയിരുന്ന ക്രൂരകൃത്യത്തിന് ഖുർആൻ അന്ത്യം കുറിച്ചു. കൊടിയ ശിക്ഷക്ക് കാരണമാകുന്ന കുറ്റമാണതെന്ന് പ്രഖ്യാപിച്ചു . (16:58, 59. 81:8, 9)

ലോകത്തെങ്ങുമുള്ള എക്കാലത്തെയും മുഴുവൻ വിശ്വാസികൾക്കും മാതൃകയായി ഖുർആൻ അവതരിപ്പിക്കുന്നത് രണ്ട് വനിതകളെയാണ്. അതിലൊന്ന് ലോകം കണ്ട ഏറ്റവും ക്രൂരനും സ്വേച്ഛാധിപതിയുമായ ഫറവോന്നെതിരെ ധീര വിപ്ലവം നയിച്ച വീര വനിതയായ അദ്ദേഹത്തിന്റെ പത്നിയാണ്. ആസിയ ബീവി എന്നാണ് ചരിത്രം അവരെ പരിചയപ്പെടുത്തിയത്. മറ്റൊന്ന് യേശുവിന്റെ മാതാവ് മറിയം ബീവിയാണ് (66:11,12)

മറിയമിന്റെ പേരിൽ ഖുർആനിൽ ഒരധ്യായം തന്നെയുണ്ട്. അവരുടെ പേര് 34 തവണ ഖുർആനിൽ ആവർത്തിച്ച് വന്നിട്ടുമുണ്ട്.
ഇപ്രകാരം തന്നെ പുരുഷൻമാരേക്കാൾ വിവേകവും പക്വതയും പുലർത്തിയ ഒരു സ്ത്രീഭരണാധികാരിയെയും ഖുർആൻ പരിചയപ്പെടു ത്തുന്നുണ്ട്. (27: 28-40)

ഇങ്ങനെ ഖുർആൻ സ്ത്രീകളുടെ ജനിക്കാനും അന്തസ്സോടെ ജീവിക്കാനും പൊതുജീവിതത്തിൽ ശക്തമായി ഇടപെടാനുമുള്ള അവകാശം അംഗീകരിക്കുകയും നേടിക്കൊടുക്കുകയും ചെയ്തു. ( തുടരും )

Related Articles