ഒരു ഭരണാധികാരി അക്രമിയെന്ന് വിളിക്കപ്പെടുന്നത് ഏറ്റവും പരിതാപകരമായ സാഹചര്യമാണ്. അന്യായമായി സമൂഹത്തോട് അദ്ദേഹം അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു, പ്രജകളോട് നിര്‍വഹിക്കേണ്ട ഉത്തരവാദിത്വത്തില്‍ അദ്ദേഹം വീഴ്ച വരുത്തിയിരിക്കുന്നു, അല്ലെങ്കില്‍ തന്റെ അധികാരം ശരീഅത്തിന് വിരുദ്ധമായി മറ്റുള്ളവര്‍ക്ക് വിഭചിച്ചിരിക്കുന്നു തുടങ്ങിയ അര്‍ത്ഥങ്ങള്‍ മേല്‍ പറഞ്ഞ പ്രയോഗത്തിനുണ്ട്. അക്രമം അന്ത്യനാളില്‍ അന്ധകാരങ്ങളായിരിക്കും. കാരണം അല്ലാഹു അക്രമ ഭരണാധികാരിയെ വെറുക്കുന്നു. ജനങ്ങളും അദ്ദേഹത്തെ വെറുക്കുകയും ധിക്കരിക്കുകയും ചെയ്യുന്നു. അവസരം ലഭിച്ചാല്‍ അവര്‍ അയാള്‍ക്കെതിരെ രംഗത്ത് വരും. ഈ അക്രത്തിന് പല രൂപങ്ങളും മുഖങ്ങളുമുണ്ട്. ചിലപ്പോള്‍ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തോടോ, വ്യക്തിയോടോ, സ്‌റ്റേറ്റിനോടോ ആയിരിക്കും അത്. ചിലപ്പോല്‍ സമൂഹത്തെ മൊത്തത്തില്‍ ഗ്രസിക്കുന്നതായിരിക്കും. സ്വാര്‍ത്ഥനായി സമൂഹത്തിന്റെ ഇംഗിതം വകവെച്ച് കൊടുക്കാതെ അധികാരത്തില്‍ തുടരുക അതിന് ഉദാഹരണമാണ്. അല്ലെങ്കില്‍ ജനങ്ങളോട് അക്രമം പ്രവര്‍ത്തിക്കുന്ന തന്റെ കൂടെയുള്ള മറ്റാരെയെങ്കിലും ഭരണം ഏല്‍പിക്കുക, പൗരന്‍മാരുടെ സമ്പത്ത് അന്യായമായി സമ്പാദിക്കാനുള്ള നിയമം കൊണ്ട് വരിക, അവരുടെ അഭിമാനവും പരിശുദ്ധിയും പിച്ചിച്ചീന്തുക തുടങ്ങിയവയെല്ലാം ഭരണാധികാരിയുടെ അക്രമത്തിന്റെ വിവിധ രൂപങ്ങളാണ്. സമൂഹത്തിന്റെ ധാര്‍മികതയും വിശ്വാസവും താല്‍പര്യവും അവഗണിക്കുകയെന്നത് ഏറ്റവും വലിയ അക്രമമാണ്.
ദൈവിക സരണിയില്‍ നിന്നും വരും തലമുറയെ മാര്‍ഗഭ്രംശത്തിലകപ്പെടുത്തുന്നതിൽ ഇതിന് വലിയ പങ്കുണ്ട്. ഇത് അവരുടെ ധാര്‍മിക ബോധവും പ്രതീക്ഷയും നഷ്ടപ്പെടുന്നതിനും അവരെ ദുര്‍ബലമാക്കുന്നതിനും അത് വഴിയൊരുക്കുന്നു. മുസ്‌ലിം ഉമ്മത്ത് പല രാഷ്ട്രങ്ങളിലും വിധേയമായിക്കൊണ്ടിരിക്കുന്ന അക്രമത്തിന്റെ ചില ഉദാഹരണങ്ങളാണിവ. തങ്ങളെ അക്രമിക്കുന്ന ഇത്തരം സ്വേഛാധിപകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ മുസ്‌ലിം ഉമ്മത്തിന് അനുവാദമുണ്ടോ. ഇസ്‌ലാമിക ചരിത്രത്തിലെ സലഫുസ്സാലിഹുകള്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു. ‘അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്ന കാലത്തോളം’ എന്ന ഹദീസ് അവലംബിച്ച് അടങ്ങിയിരിക്കുകയായിരുന്നില്ല ഉത്തമരായ പൂര്‍വ്വിക പണ്ഡിതര്‍ ചെയ്തത്. അവര്‍ അത്തരം ഭരണാധികാരികളെ കയ്യൊഴിയുകയും അവരില്‍ നിന്നും അകന്ന് നില്‍ക്കുകയുമാണ് ചെയ്തത്. ഭരണാധികാരിയെ കൂടിയാലോചനയിലൂടെ തെരഞ്ഞെടുക്കേണ്ടതാണ് എന്ന ഫിഖ്ഹ് രാഷ്ട്രീയ നയമായിരുന്നു അവരുടേത്. അത് കൊണ്ട് തന്നെ പ്രജകളുമായി കൂടിയാലോചിക്കാതെ ഭരണാധികാരിയെ താഴെ ഇറക്കാനുള്ള ശ്രമവും അവര്‍ നടത്തിയില്ല.
ഖുലഫാഉര്‍റാശിദുകള്‍ക്ക് ശേഷം ഇസ്‌ലാമിക രാഷ്ട്രീയ ഘടന കൂടിയാലോചനയില്‍ നിന്നും വഴിമാറി. മുസ്‌ലിങ്ങള്‍ക്ക് അവരുടെ നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇത് മുഖേന നഷ്ട്‌പ്പെട്ടു. മുസ്‌ലിം പണ്ഡിതര്‍ക്ക് തൃപ്തികരമായ അവസ്ഥയായിരുന്നില്ല അത്. നിയമപരമായ അനുവാദമില്ലാത്തത് കൊണ്ടല്ല മറിച്ച്, ഭരണാധികാരികള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന പക്ഷം നിലവിലുള്ളതിനേക്കാള്‍ ഗുരുതരമായ സാഹചര്യമായിരിക്കും അത് സൃഷ്ടിക്കുകയെന്ന ഭയത്താലായിരുന്നു അവര്‍ അതിന് തയ്യാറാവാതിരുന്നത്. അമവി-അബ്ബാസി ഭരണകൂടങ്ങളോട് മുന്‍ കാല പണ്ഡിതര്‍ സ്വീകരിച്ച സമീപനത്തിന്റെ മാനദണ്ഡം ഇതായിരുന്നു. അത് കൊണ്ട് തന്നെ ഭരണാധികാരിക്കെതിരെ പോരാടുന്നതിന് പകരം വിജയിച്ചടക്കപ്പെട്ടത് പോലെ അമീറുല്‍ മുഅ്മിനീന്‍ എന്ന അഭിസംബോധനയുമായി അവരുടെ കൂടെ ജീവിക്കുകയാണുണ്ടായത്. അതോടൊപ്പം തന്നെ പ്രസ്തുത ഭരണക്രമത്തില്‍ അധികാരമേറ്റടുത്ത് മുസ്‌ലിംകളുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തില്‍ കൈകടത്താന്‍ അവര്‍ തയ്യാറായതുമില്ല.
അബൂഹനീഫയുടെ ചരിത്രം വളരെ പ്രസിദ്ധമാണല്ലോ. മുസ്‌ലിങ്ങളുടെ കൂടിയാലോചന ഇല്ലാതെ രൂപപ്പെട്ട ഭരണ വ്യവസ്ഥയില്‍ ഖാദി സ്ഥാനം വഹിക്കുന്നതിന് തയ്യാറല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമവി ഭരണകൂടത്തിനെതിരെ രംഗത്ത് വന്ന സൈദ് ബിന്‍ അലിയുടെ നിലപാട് അദ്ദേഹം ശരിവെച്ചതായും ചരിത്രത്തില്‍ കാണാവുന്നതാണ്. അബ്ബാസി ഭരണാധികാരിക്കെതിരെ പ്രക്ഷോഭം നയിച്ച ഇബ്‌റാഹീമിന്റെയും സഹോദരന്‍ മുഹമ്മദിന്റെയും സമീപനത്തെയും അദ്ദേഹം അംഗീകരിക്കുകയുണ്ടായി. അബ്ബാസി ഖലീഫയായ മന്‍സൂറിനെ ഉപദേശിച്ച് കൊണ്ട് ഇമാം അബൂ ഹനീഫ ഇപ്രകാരം പറഞ്ഞുവത്രെ. ‘ദൈവിക ദീനിന്റെ വക്താക്കള്‍ കോപത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരാണ്. താങ്കള്‍ക്ക് സ്വന്തത്തോട് ഗുണകാംക്ഷയുണ്ടെങ്കില്‍ യഥാര്‍ത്ഥത്തില്‍ ദൈവപ്രീതിയല്ല ഞങ്ങളെ ഒരുമിച്ച് കൂട്ടിയത് കൊണ്ട് ആഗ്രക്കുന്നതെന്ന് മനസ്സിലാവും. മറിച്ച് ഞങ്ങളെല്ലാം താങ്കളെ ഭയപ്പെടുന്നത് കൊണ്ട് താങ്കളെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്നവരാണെന്ന് സാധാരണ ജനം മനസ്സിലാക്കും. താങ്കള്‍ ഭരണമേറ്റടുത്തത് ഫത്‌വ നല്‍കുന്ന ഏതെങ്കിലും രണ്ട് പേരുടെയെങ്കിലും പിന്തുണയില്ലാതെയാണ്. ഖലീഫയാവട്ടെ ജനങ്ങളുടെ കൂടിയാലോചനയും തൃപ്തിയും മുഖേനയാണ് തിരഞ്ഞെടുക്കപ്പെടുക.
അദ്ദേഹത്തിനെതിരെ ശക്തമായാണ് ഭരണകൂടം പ്രതികരിച്ചത്. മര്‍വാനു ബിന്‍ ഹകമിന്റെ കാലത്ത് ഖാദി സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി നൂറ് ചാട്ടവാറടിയാണ് അദ്ദേഹത്തിന് നല്‍കിയത്. പക്ഷെ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. കൂഫയിലെ ഗവര്‍ണറായിരുന്ന യസീദു ബ്‌നു ഹുബൈറ ഓരോ ദിവസവും പത്ത് വീതമാണ് അടിച്ചത്. ഒടുവില്‍ അവരെല്ലാം നിരാശരാവുകയാണുണ്ടായത്. അബ്ബാസി ഭരണാധികാരി മന്‍സൂറും അദ്ദേഹത്തെ ക്ഷണിച്ചു. പക്ഷെ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത്. പ്രസ്തുത സംഭവം ഇമാം ദഹബി ഇപ്രകാരം വിശദീകരിക്കുന്നു. ‘ഖാദി സ്ഥാനം ഏറ്റെടുക്കാന്‍ ഖലീഫ മന്‍സൂര്‍ അബൂ ഹനീഫയെ ക്ഷണിക്കുകയും അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. അപ്പോള്‍ ഖലീഫ മന്‍സൂര്‍ അദ്ദേഹത്തോട് ചോദിച്ചു. പിന്നെ ഞങ്ങളുടെ സ്ഥാനമാണോ താങ്കള്‍ ആഗ്രഹിക്കുന്നത്? അദ്ദേഹം പറഞ്ഞു. ‘ഞാനതിന് യോഗ്യനല്ല.’ താങ്കള്‍ കളവ് പറയുകയാണെന്നായിരുന്നു ഖലീഫയുടെ മറുപടി. മഹാനായ ഇമാം അദ്ദേഹത്തോട് പറഞ്ഞു. ‘ഞാന്‍ അതിന് യോഗ്യനല്ല എന്ന് താങ്കള്‍ തന്നെ വ്യക്തമാക്കിയല്ലോ. ഞാന്‍ കളവ് പറയുന്നവനാണെങ്കില്‍ പിന്നെ എങ്ങനെ അതിന് യോജിക്കും. അതല്ല സത്യം പറയുന്നവനാണെങ്കില്‍ പിന്നെ ഞാനതിന് യോഗ്യനല്ല എന്ന് പറഞ്ഞത് ശരിയാണ് താനും. ഉത്തരം മുട്ടിയ ഖലീഫ അദ്ദേഹത്തിനെ തടവിലുടകയാണുണ്ടായത്. അക്രമിയായ ഭരണാധികാരിയെ പിന്തുണക്കലായിരുന്നില്ല ഇമാം അബൂ ഹനീഫയുടെ നയം എന്ന് ഇവിടെ വ്യക്തമാവുന്നു. ‘അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നേടത്തോളം കാലം’ എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ അവരെ സഹായിക്കുകയും ചെയ്തില്ല അദ്ദേഹം.
രാഷ്ട്രീയാരോപണത്തിന്റെ പേരില്‍ മന്‍സൂറിന്റെ കാലത്ത് ഇമാം മാലിക്(റ)മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. അബ്ബാസി ഭരണത്തിന് ജനങ്ങള്‍ ബൈഅത്ത് ചെയ്യണമെന്ന നിര്‍ബന്ധനിയമത്തെ എതിര്‍ത്തുവെന്നതായിരുന്നു കാരണം. ഇമാമിന് നിര്‍ബന്ധമായും ബൈഅത്ത് ചെയ്യേണ്ടതില്ല എന്ന ഫത്‌വ കാരണത്താല്‍ ഖലീഫ മന്‍സൂറിന്റെ പിതൃവ്യന്‍ ജഅ്ഫറും അദ്ദേഹത്തെ മര്‍ദ്ദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കൈ തോളില്‍ നിന്നും വേര്‍പെടുന്നത് വരെ മര്‍ദ്ദിച്ചുവെന്നതാണ് ചരിത്രം.
അബ്ബാസികള്‍ക്കെതിരെ അലവികളെ സഹായിച്ചുവെന്ന ആരോപണമായിരുന്നു ഇമാം ശാഫിഈ(റ)വിന് നേരിടേണ്ടി വന്നത്. മുഅ്തസിലി ഭരണകൂടത്തെ പിന്തുണച്ചില്ലെന്ന പേരില്‍ ഇമാം അഹ്മദിനെയും അവര്‍ എതിര്‍ത്തു. വലീദിനും സുലൈമാനും ഒന്നിച്ച് ബൈഅത്ത് ചെയ്യുന്നതിന് വേണ്ടി വിളിക്കപ്പെട്ട സഈദുബിന്‍ മുസയ്യബ് ഇപ്രകാരം പറഞ്ഞുവത്രെ. ‘രണ്ട് പേര്‍ക്ക് ഒന്നിച്ച് ഞാന്‍ ബൈഅത്ത് ചെയ്യുകയില്ല. ഇത്തരം സമീപനങ്ങള്‍ തെളിയിക്കുന്നത് തങ്ങള്‍ മൗനം ദീക്ഷിച്ച, നമസ്‌കാരം നിര്‍വഹിക്കുവെന്നവകാശപ്പെടുന്ന ഭരണകൂടങ്ങളെ ശറഇയ്യായി അവര്‍ പരിഗണിച്ചിരുന്നില്ല എന്നതാണ്. അവര്‍ വിപ്ലവങ്ങളും പ്രക്ഷോഭങ്ങളും നടത്താതിരുന്നത് ജനങ്ങളുടെ നന്മ ഉദ്ദേശിച്ചും വലിയ ദുരന്തത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക എന്ന അടിസ്ഥാനത്തിലുമായിരുന്നു. ( തുടരും )
( കടപ്പാട് )
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU