കൂടിയാലോചന കൂടാതെ അധികാരത്തില്‍ വന്ന മുസ്‌ലിം ഭരണാധികാരികളോട് പ്രഗല്‍ഭരായ പണ്ഡിതര്‍ സ്വീകരിച്ച സമീപനത്തെ കുറിച്ചാണല്ലോ നമ്മുടെ ചര്‍ച്ച. നമസ്‌കാരം നിലനിര്‍ത്തുന്നവരാണെങ്കില്‍ പോലും അവരെ സഹായിക്കുകയും അവരോട് വിധേയത്വം പുലര്‍ത്തുകയും ചെയ്യുക എന്നത് ഇമാമുമാരുടെയോ, പണ്ഡിതരുടെയോ നയമല്ലെന്നും അതോടൊപ്പം തന്നെ മറ്റ് ചില കാരണങ്ങളാല്‍ അവരെ താഴെയിറക്കുന്നതിനായി അവര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയില്ല എന്നും നാം വിശദീകരിക്കുകയുണ്ടായി. കര്‍മ്മ ശാസ്ത്ര തത്വങ്ങളില്‍ പ്രമുഖമായ ‘രണ്ട് കാര്യങ്ങളില്‍ ഏറ്റവും കുറഞ്ഞ ഉപദ്രവത്തെ സ്വീകരിക്കുക’ എന്ന നയത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടായിരുന്നു അത്. അതോടൊപ്പം തന്നെ ആദര്‍ശപരമായും ധാര്‍മികമായും വ്യതിചലിച്ച ഭരണാധികാരികള്‍ക്കെതിരെ നടത്തപ്പെട്ട ചില വിപ്ലവ പരീക്ഷണങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ കാണാവുന്നതാണ്. ഭരണാധികാരികള്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരായിരുന്നുവെന്നത് അതിനവര്‍ക്ക് തടസ്സമായില്ല എന്നത് ശ്രദ്ധേയമാണ്. മുഅ്തസില ചിന്താ വിഭാഗത്തിനെതിരെ പോരാടല്‍ നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്ന അഹ്മദ് ബിന്‍ നസ്്വര്‍ ബിന്‍ മാലിക് അല്‍ ഖുസാഈ ഇതിന്റെ ഉദാഹരണമാണ്. അഹ്‌ലുസ്സുന്ന വല്‍ ജമാഅത്തിനെ പിന്തുണച്ച അദ്ദേഹത്തിന് ആയിരങ്ങള്‍ ബൈഅത്ത് നല്‍കുകയുണ്ടായി. തനിക്കെതിരെ രൂപപ്പെട്ട ശക്തമായ മുന്നേറ്റത്തില്‍ കോപാകുലനായ ഖലീഫ വാസിഖ് അദ്ദേഹത്തോട് വാഗ്വാദത്തില്‍ ഏര്‍പെടുകയും ഒടുവില്‍ തന്റെ കൈ കൊണ്ട് തന്നെ അദ്ദേഹത്തെ ക്രൂരമായി വധിക്കുകയും ചെയ്തു. പലഭാഗങ്ങളായി ഛേദിക്കപ്പെട്ട അദ്ദേഹത്തിന്റെ മൃതശരീരം ഒടുവില്‍ മുതവക്കിലിന്റെ കാലത്ത് ബഗ്ദാദിലെ മഖ്ബറയില്‍ മറവ് ചെയ്യുകയാണുണ്ടായത്. അദ്ദേഹം സാധാരണക്കാരില്‍ പെട്ടവനായിരുന്നില്ല. ഉമ്മതിലെ പ്രഗല്‍ഭ പണ്ഡിതനും മഹാനുമായിരുന്നു. അദ്ദേഹത്തെ കുറിച്ച് ഇമാം ദഹബി പറയുന്നു. നന്മ കല്‍പിക്കുന്ന, സത്യം മാത്രം പറയുന്ന വലിയ മനുഷ്യനായിരുന്നു അഹ്മദ് ബിന്‍ നസ്്വര്‍. അദ്ദേഹത്തിന്റെ ശിഷ്യനായി യഹ്‌യ ബിന്‍ മുഈന്‍ പറയുന്നു. അല്ലാഹു അദ്ദേഹത്തിന് രക്തസാക്ഷിത്വമേകി. ഭരണാധികാരി വാസിഖ് അദ്ദേഹത്തോട് നിരന്തരമായി ചര്‍ച്ച ചെയ്ത് കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശം വ്യതിചലിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനും, അദ്ദേഹത്തെ കുറിച്ച മതിപ്പ് ഇല്ലാതാക്കാനും അത് മുഖേന താന്‍ ചെയ്ത ക്രൂരകൃത്യം ശരിയായിരുന്നുവെന്ന് സ്ഥാപിക്കാനും വാസിഖ് ശ്രമിച്ച് കൊണ്ടേയിരുന്നു.
അക്രമികളായ ഭരണാധികാരികളെ നീക്കം ചെയ്യണമെന്ന ഈ ഫിഖ്ഹ് ഒരിക്കലും ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതായിരുന്നില്ല. സലഫുസ്സാലിഹുകള്‍ പ്രസ്തുത മാര്‍ഗം അവലംബിച്ചിരുന്നുവെന്ന് ചുരുക്കം. പ്രസ്തുത ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ ഒരു പക്ഷേ അവര്‍ പരാജയപ്പെട്ടേക്കാം. അവര്‍ക്ക് കര്‍മ്മശാസ്ത്രപരമായി അബദ്ധം സംഭവിച്ചത് കൊണ്ടായിരുന്നില്ല അത്. മറിച്ച് തങ്ങളുടെ ഉദ്യമത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നേടിയെടുക്കാനാവത്തതിനാലായിരുന്നു. അതോടൊപ്പം തന്നെ അവരുടെ ചിന്തകളും ആശയങ്ങളും വിജയിക്കുകയും ചെയ്തു. നേരത്തെ സൂചിപ്പിച്ച ഭൗതിക ദൗര്‍ബല്യം കാരണം അവരെ രാഷ്ട്രീയമായും ഭൗതികമായും കഥകഴിക്കുകയെന്നത് എളുപ്പമായിരുന്നു. യസീദ് ബിന്‍ മുആവിയയുടെ ഖിലാഫത്ത് അംഗീകരിക്കാതെ രക്ത സാക്ഷിത്വം വരെ പോരാട്ടം നയിച്ച ഹുസൈന്‍ ബിന്‍ അലി(റ) ഏറ്റവും വ്യക്തമായ ഉദാഹരണമാണല്ലോ. യസീദ് നമസ്‌കാരം നിലനിര്‍ത്തുകയും തന്റെ മറ്റ് നിര്‍ബന്ധ ബാധ്യത നിര്‍വഹിക്കുന്നവനുമായിരുന്നല്ലോ. സഹോദരന് മുമ്പ് ഹസനു ബിന്‍ അലി(റ)യും ഇതേ പോരട്ടം നടത്തുകയുണ്ടായി. കൂഫക്കാര്‍ അദ്ദേഹത്തിനാണ് ബൈഅത്ത് ചെയ്തിരുന്നത്. തങ്ങള്‍ക്ക് മുമ്പ് ശാമുകാരുടെ ബൈഅത്ത് ലഭിച്ച് മുആവിയ ഖലീഫയായിട്ടുണ്ടെന്ന് അവര്‍ക്കറിയാമല്ലോ. ഈ മഹാന്‍മാരായ സലഫുകളൊന്നും ‘അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നേടത്തോളം കാലം’ എന്ന ഹദീസ് വെച്ച് വെറുതെയിരുന്നില്ല. ഹസന്‍ (റ) ഒടുവില്‍ മുആവിയയുമായി സന്ധി ചെയ്തത് പോലും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനും സാമൂഹിക ദുരന്തം ഒഴിവാക്കാനുമായിരുന്നു. തന്റെ ഈ നിലപാടില്‍ അദ്ദേഹത്തിന്റെ തന്നെ ചില അനുയായികള്‍ അതൃപ്തരുമായിരുന്നു. അദ്ദേഹം മുഖേന മുസ്‌ലിം സമൂഹം ഒരു നേതാവിന് കീഴില്‍ യോജിച്ച പ്രസ്തുത വര്‍ഷം ആമുല്‍ ജമാഅഃ അഥവാ യോജിപ്പിന്റെ വര്‍ഷം എന്നാണല്ലോ അറിയപ്പെടുന്നത്. മുആവിയ തന്റെ മകന്‍ യസീദിന് അധികാരമേല്‍പിച്ചതോടെ ഒരു പറ്റം സഹാബാക്കള്‍ അതിനെതിരെ എഴുന്നേറ്റ് നില്‍ക്കുകയുണ്ടായി. ഹസന്‍ ബിന്‍ അലി, അബ്ദുല്ല ബിന്‍ ഉമര്‍, അബ്ദുല്ല ബിന്‍ സുബൈര്‍, അബ്ദുര്‍റഹ്മാന്‍ ബിന്‍ അബൂബക്ര്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. തല്‍ഫലമായി പൊട്ടിപ്പുറപ്പെട്ട പോരാട്ടവും യുദ്ധവുമെല്ലാം അക്രമമൊഴിവാക്കാനും ഖിലാഫത്ത് അതിന്റെ അര്‍ഹര്‍ക്ക് ഏല്‍പിച്ച് കൊടുക്കാനുമുള്ള ശ്രമവുമായിരുന്നു. അബ്ദുര്‍റഹ്മാന്‍ ബിന്‍ അബൂബക്ര്‍ അമീര്‍ മുആവിയയോട് ഇപ്രകാരം പറഞ്ഞുവത്രെ. ‘താങ്കള്‍ മുഹമ്മദ് പ്രവാചകന്റെ ഉമ്മതിന് നന്മയുദ്ദേശിച്ചിട്ടില്ല. മറിച്ച് അതിനെ ഒരു ഹിര്‍ഖലിസം ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഹിര്‍ഖല്‍ നശിക്കുന്ന മുറക്ക് അടുത്ത് ഹിര്‍ഖല്‍ രംഗത്ത് വരുന്നു.’.
അബ്ദുല്ല ബിന്‍ സുബൈര്‍(റ) മുആവിയയുടെ മുമ്പില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ഒന്നുകില്‍ താങ്കള്‍ പ്രവാചകന്‍ സ്വീകരിച്ചതുപോലെ ഖിലാഫത്ത് ജനങ്ങള്‍ക്ക് വിട്ടേച്ചു പോവുക. അല്ലെങ്കില്‍ അബൂബക്ര്‍ ചെയ്തത് പോലെ തന്റെ കുടുബത്തെ അതില്‍ നിന്നും മാറ്റി നിര്‍ത്തുക. അതുമല്ലെങ്കില്‍ ഉമര്‍ (റ) വിനെ പോലെ കൂടിയാലോചനക്ക് വിടുക. പക്ഷെ ഈ നിര്‍ദ്ദേശങ്ങളൊക്കെയും അവഗണിച്ച് കൊണ്ട് മുആവിയ മകന് ഖിലാഫത്ത് നല്‍കിയപ്പോള്‍ നമസ്‌കാരം നിര്‍വ്വഹിക്കുന്നുവെന്നതിനാല്‍ അദ്ദേഹത്തെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്ന് അവരാരും പ്രഖ്യാപിച്ചില്ല. അദ്ദേഹത്തെ മാറ്റാനും ഖിലാഫത്തിന് അര്‍ഹനല്ല എന്ന് പ്രഖ്യാപിക്കാനുമായിരുന്നു അവര്‍ ശ്രമിച്ചത്. ഇത് തന്നെയായിരുന്നു ഹുസൈന്‍ ബിന്‍ അലിയുടെയും നിലപാട്. മദ്യപിക്കുന്ന, ദീനിനെ പുഛിക്കുന്ന യസീദിനെതിരെ രംഗത്ത് വന്ന അബ്ദുല്ലാഹിബിന്‍ സുബൈര്‍ (റ)ന് ഹിജാസിലുള്ളവര്‍ ബൈഅത്ത് ചെയ്തിരുന്നു. മുസ്‌ലിം ബിന്‍ ഉഖ്ബയുടെ നേതൃത്വത്തിലുള്ള യസീദിന്റെ സൈന്യവും അബ്ദുല്ലാ ബിന്‍ ഹന്‍ളലയുടെ നേതൃത്വത്തിലുള്ള ഇബ്‌നു സുബൈറിന്റെ സൈന്യവും തമ്മില്‍ ഹിജ്‌റ 63ല്‍ ഏറ്റുമുട്ടുകയുണ്ടായി. അത് കൊണ്ടും മതിയാവാതെ അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ സംരക്ഷണത്തിന് കീഴിലുള്ള മക്കയിലേക്കാണ് തന്റെ സൈന്യവുമായി യസീദ് പുറപ്പെട്ടത്. അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്ത് ഹജ്ജാജിന്റെ കരങ്ങളാല്‍ ഇബ്‌നു സുബൈര്‍ കൊല്ലപ്പെട്ടു. താന്‍ കൊല്ലപ്പെട്ട രാത്രിയില്‍ കുളിച്ചൊരുങ്ങി വസ്ത്രമണിഞ്ഞ അദ്ദേഹം തന്റെ ഉമ്മ അസ്മാഅ് ബിന്‍ത് അബീബക്‌റിന്റെ അടുത്ത് വന്ന് പറഞ്ഞുവത്രെ. അല്ലയോ ഉമ്മാ, എന്നെ ജനങ്ങള്‍ വഞ്ചിച്ചുവെന്നാണ് തോന്നുന്നത്. ഉമ്മ അദ്ദേഹത്തോട് പറഞ്ഞു. അമവികളിലെ കിടാങ്ങള്‍ക്ക് നിന്നെ തട്ടിക്കളിക്കാനുള്ള അവസരമുണ്ടാകരുത്. മാന്യനായി ജീവിക്കുകയും മാന്യതയോടെ മരിക്കുകയുമാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു. അവര്‍ എന്നെ അംഗവിഛേദം നടത്തി കുരിശില്‍ തറക്കുമെന്നതാണ് എന്റെ ആശങ്ക. ഉമ്മ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. അറുക്കപ്പെട്ട ആട്ടിന്‍ കുട്ടിയെ തൊലിയുരിക്കുന്നത് വേദനിപ്പിക്കുകയില്ലല്ലോ!. അദ്ദേഹം ഉമ്മയുടെ ഇരു കണ്ണുകള്‍ക്കിടയില്‍ ചുംബനം നല്‍കി് പുറത്തിറങ്ങി പടപൊരുതി രക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്.
നമസ്‌കരിക്കുന്നവരും, ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ഭരിക്കുന്നവരുമായിട്ട് കൂടി അബ്ദുല്ലാഹിബ്‌നു സുബൈറും മറ്റ് സഹാബാക്കളും യസീദിന്റെ അധികാരം അനുവദനീയമായിക്കണ്ടില്ല എന്നത് ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. വലീദു ബിന്‍ യസീദിന്റെ ഭരണം ദുഷിക്കുകയും ജനങ്ങള്‍ക്ക് സഹിക്കവയ്യാതാവുകയും ചെയ്തപ്പോള്‍ അവരൊന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധം നടത്തി. അദ്ദേഹത്തെ താഴെ ഇറക്കുന്നതിനും വധിക്കുന്നതിനും പകരം പിതൃവ്യ പുത്രന്‍ യസീദിനെ അധികാരമേല്‍പിക്കുന്നതിനും, വേണ്ടി ഡമസ്‌കസുകാര്‍ രംഗത്ത് വന്നു.
ചുരുക്കത്തില്‍ ഭരണാധികാരിക്കെതിരെ പ്രതിഷേധിക്കാന്‍ അവര്‍ നമസ്‌കരിക്കുന്നു എന്നത് ഒരിക്കലും സഹാബത്തിന് തടസ്സമായിരുന്നില്ല. പിന്നെ എങ്ങനെ അല്ലാഹുവിന്റെ വിധി അനുസരിച്ച് ഭരിക്കാത്ത, ഭൂമിയില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ നടപ്പിലാക്കാത്ത മുസ്‌ലിം സ്വേഛാധിപതികള്‍ക്കെതിരെ പോരാടാതിരിക്കും? ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണം നടത്തുന്ന മുസ്‌ലിം ഭരണാധികാരികളോട് യുദ്ധം ചെയ്യല്‍ അനുവദനീയമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അവസരമുണ്ടായിട്ടും ദൈവിക നിയമങ്ങള്‍ നടപ്പാക്കാതിരിക്കുകയെന്നത് മുസ്‌ലിം ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം കുറ്റകരം തന്നെയാണ്. കേവലം നമസ്‌കാരം മാത്രമാണ് അധികാരത്തില്‍ തുടരാനുള്ള മാനദണ്ഡമെങ്കില്‍ അല്ലാഹു അവരുടെ മേല്‍ നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും ചുമത്തുമായിരുന്നില്ല. മാത്രമല്ല തങ്ങളുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കാനും നിയമിക്കാനുമുള്ള അവകാശം പൊതു ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുമായിരുന്നില്ല.
( കടപ്പാട് )
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU