Current Date

Search
Close this search box.
Search
Close this search box.

കോളനിവല്‍ക്കരണവും ക്രൈസ്തവവല്‍ക്കരണവും തമ്മിലെന്ത്?

Ottoman-3x.jpg

സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒട്ടോമന്‍ ഭരണകൂടം ആരംഭിക്കുന്നത് 18, 19 നൂറ്റാണ്ടുകളിലാണ്. ജര്‍മ്മനിയാണ് അതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൊടുത്തത്. യൂറോപ്പിന്റെ നിലവാരത്തിലേക്ക് ഒട്ടോമന്‍ സൈന്യത്തെ ഉയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അതിലൂടെ ജര്‍മ്മനിക്ക് ഒട്ടോമന്‍ സൈന്യത്തെ നിയന്ത്രിക്കാനും സുപ്രധാനമായ പദവികളില്‍ എത്തിച്ചേരാനും സാധിക്കുകയുണ്ടായി. അതിന് മുമ്പും യൂറോപ്പുമായുള്ള സൈനിക സഹകരണങ്ങള്‍ ഒട്ടോമന്‍ ഭരണകൂടം നത്തിയിരുന്നുവെങ്കിലും ഒരു യൂറോപ്യന്‍ രാഷ്ട്രം ഒട്ടോമന്‍ സ്‌റ്റേറ്റിന്റെ സൈന്യത്തെ നിയന്ത്രിക്കുന്നത് ഇതാദ്യമായിരുന്നു.

സുല്‍ത്താന്‍ സുലൈമാന്റെ ഭരണകാലത്ത് തങ്ങളുടെ രാഷ്ട്രപരിധിക്കുള്ളില്‍ ജീവിച്ചിരുന്ന ക്രൈസ്തവരെ ഭരണപരമായി നിയന്ത്രിക്കാനുള്ള അവകാശം ഫ്രാന്‍സിന് പതിച്ച് നല്‍കിയിരുന്നു. ഫ്രാന്‍സുമായുള്ള നയതന്ത്ര ബന്ധം ഊഷ്മളമായിരുന്ന ആദ്യകാലത്ത് ഈ നീക്കം അത്ര അപകടമായിരുന്നില്ലെങ്കിലും ഫ്രഞ്ച് വിപ്ലവത്തോട് കൂടി അതിന് മാറ്റം വരാന്‍ തുടങ്ങി. മാത്രമല്ല, 1798 ല്‍ നെപ്പോളിയന്‍ സൈന്യം ഈജിപ്തും സിറിയയുടെ പല ഭാഗങ്ങളും കീഴടക്കിയതോട് കൂടി ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പ് കൂടുതല്‍ അപകടത്തിലാകുകയും ചെയ്തു. അതേസമയം ഇതിനെ ഒരു കൊളോണിയല്‍ അധിനിവേശമായി മനസ്സിലാക്കാനുള്ള ശേഷി പോലും അന്ന് ഒട്ടോമന്‍ ഭരണാധികാരികള്‍ക്കുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഫ്രാന്‍സിന് സുല്‍ത്താന്‍ സുലൈമാന്‍ പതിച്ച് നല്‍കിയ വിശേഷാധികാരം പതിയെ എല്ലാ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും ലഭ്യമാകാന്‍ തുടങ്ങി. അതിന്റെ ഫലമായി തങ്ങളുടെ രാഷ്ട്രപരിധിയില്‍ ജീവിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ മേലുള്ള ഭരണപരമായ മുഴുവന്‍ അവകാശങ്ങളും ഒട്ടോമന്‍ സ്‌റ്റേറ്റിന് നഷ്ടപ്പെടുകയും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അതിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങുകയും ചെയ്തു. മാത്രമല്ല, പ്രാദേശിക ഭരണകൂടങ്ങള്‍ തമ്മിലുള്ള ആഭ്യന്തര കലഹങ്ങള്‍ അവര്‍ നന്നായി മുതലെടുക്കുകയും ചെയ്തു. അഥവാ, ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒട്ടോമന്‍ സ്‌റ്റേറ്റിന് മേല്‍ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ അപ്രമാദിത്യം യൂറോപ്പ് കൈവരിക്കുകയുണ്ടായി.

യൂറോപ്യന്‍ കച്ചവട സമൂഹവും ഒട്ടോമന്‍ സ്‌റ്റേറ്റില്‍ ജീവിച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത് ഒട്ടോമന്‍ രാഷ്ട്രത്തെ ഭരണപരമായി ക്ഷയിപ്പിക്കുന്നതിനുള്ള മാര്‍ഗമായാണ് യൂറോപ്പ് കണ്ടിരുന്നത്. അതിനാല്‍ തന്നെ ക്രൈസ്തരുടെ മേലുള്ള ഭരണപരമായ അവകാശത്തിനായി യൂറോപ്പ് നിരന്തരം ആവശ്യപ്പെടുകയും ഒട്ടോമന്‍ സ്‌റ്റേറ്റ് അത് നല്‍കുകയും ചെയ്തു. എന്നാല്‍ കോളനീകരണത്തിന്റെ ഒരു കറുത്ത നിഴല്‍ അതിന്റെ പിന്നിലുള്ളത് മുന്‍കൂട്ടി കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

മുസ്‌ലിം രാഷ്ട്രങ്ങളിലെ ക്രൈസ്തവ മതന്യൂനപക്ഷളുടെ മേലുള്ള അധികാരപ്രയോഗം യൂറോപ്പ് കുരിശ്‌യുദ്ധക്കാലം മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ പൂര്‍ണ്ണ പിന്തുണയോടെ തന്നെയായിരുന്നു ഇത്. ഉദാഹരണത്തിന്, 1798 ലെ നെപ്പോളിയന്റെ ഈജിപ്ത്, ഫലസ്തീന്‍ അധിനിവേശങ്ങള്‍ക്ക് ക്രൈസ്തവരുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. അതോടൊപ്പം തങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത ക്രൈസ്തവരെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു നെപ്പോളിയന്‍ ചെയ്തിരുന്നത്.

നെപ്പോളിയന്‍ അധിനിവേശത്തിന് ശേഷവും യൂറോപ്പ് ഫലസ്തീന്‍, ലബനാന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം തുടരുകയുണ്ടായി. ഒട്ടോമന്‍ സ്‌റ്റേറ്റിനും യൂറോപ്പിനുമിടയില്‍ മധ്യവര്‍ത്തികളായായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്രമേണ അവര്‍ വലിയൊരു ആധിപത്യ ശക്തിയായി വളരുകയും ഒട്ടോമന്‍ സ്‌റ്റേറ്റിനെ അട്ടിമറിക്കാന്‍ യൂറോപ്പിന്റെ പിന്തുണ ഉറപ്പ് വരുത്തുകയും ചെയ്തു. അതേത്തുടര്‍ന്ന് അറബ് മേഖലയില്‍ സഹവര്‍ത്വിത്തോടെ ജീവിച്ചിരുന്ന മുസ്‌ലിംകളും ക്രൈസ്തവരും പരസ്പരം പോരടിക്കാന്‍ തുടങ്ങുകയും ഒട്ടോമന്‍ സ്‌റ്റേറ്റിന്റെ ആഭ്യന്തരത്തകര്‍ച്ചയിലേക്ക് അത് വഴി വെക്കുകയും ചെയ്തു.

അറബ് മേഖലയില്‍ ക്രൈസ്തവ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിരവധി മിഷണറി സ്ഥാപനങ്ങള്‍ യൂറോപ്പ് സ്ഥാപിക്കുകയുണ്ടായി. മുസ്‌ലിംകളെയും തങ്ങളോട് സഹകരിക്കാതിരുന്ന അറബ് ക്രൈസ്തവരെയും പരിവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അത്. 1820 ല്‍ അമേരിക്കയാണ് അതാദ്യം തുടങ്ങിവെച്ചത്. പിന്നീട് ഫ്രാന്‍സും ബ്രിട്ടനും അതേറ്റെടുക്കുകയും തങ്ങളുടെ കോളനികളില്‍ നരവധി മിഷണറി സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. ചുരുക്കത്തില്‍, കോളനിവല്‍ക്കരണവും ക്രൈസ്തവവല്‍ക്കരണവും ഒരേസമയം തന്നെ പ്രായോഗികവല്‍ക്കരിക്കാന്‍ യൂറോപ്പിന് കഴിഞ്ഞു. (തുടരും)

വിവ: സഅദ് സല്‍മി

മുസ്‌ലിം ഭരണത്തകര്‍ച്ചയുടെ കാരണങ്ങള്‍

Related Articles