Current Date

Search
Close this search box.
Search
Close this search box.

മര്‍ദിതര്‍ക്കുള്ള പാഠങ്ങള്‍

ഫലസ്ത്വീനികള്‍, കശ്മീരികള്‍, റോഹിങ്ക്യകള്‍, ഉയ്ഗൂറുകള്‍ തുടങ്ങിയ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ പ്രതിരോധത്തിന്റെ മാര്‍ഗം സ്വീകരിക്കേണ്ടതുണ്ടോ? അവരെന്തിനാണ് തിരിച്ചടിക്കുന്നതും പ്രതിഷേധിക്കുന്നതും മതപരമായ അവകാശങ്ങള്‍ക്കും വിശുദ്ധ മസ്ജിദുകള്‍ക്കും വേണ്ടി പോരടിക്കുന്നതും? അവര്‍ക്ക് ‘പ്രായോഗികമതി’കളായ രാഷ്ട്രീയക്കാര്‍ ഉപദേശിക്കുന്നത് പോലെ വിട്ടു വീഴ്ച ചെയ്ത് ‘സമാധാനപരമായി’ ജീവിക്കാമല്ലോ!

യഥാര്‍ത്ഥത്തില്‍, കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി തുടര്‍ന്ന് വരുന്ന പ്രതിസന്ധികള്‍ക്കും തെറ്റിപ്പോയ നയനിലപാടുകള്‍ക്കും ശേഷം മുസ്ലിം സമൂഹം പ്രവാചക മാതൃകകളിലേക്ക് തിരികെയെത്തുകയാണ്. തന്റെ ജനതയെ ബാധിക്കാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ബോധവാനായിരുന്ന തിരുദൂതര്‍ അവയെ മറികടക്കാനുള്ള മാര്‍ഗങ്ങളും ഉപദേശിച്ചിരുന്നു. പ്രവാചകന്‍ (സ) പറയുന്നു: ”(ഒരു കാലത്ത്) ജനങ്ങള്‍ നിങ്ങളെ (മുസ്ലിം സമൂഹത്തെ) ആക്രമിക്കാനായി പരസ്പരം ക്ഷണിക്കും, തീന്‍മേശയിലെ ഭക്ഷണം പങ്കുവെക്കാന്‍ ക്ഷണിക്കുന്നത് പോലെ. ചോദിക്കപ്പെട്ടു : അന്ന് നമ്മള്‍ അത്രമേല്‍ (എണ്ണത്തില്‍) കുറവായിരിക്കുമോ? തിരുദൂതര്‍ പ്രതിവചിച്ചു: അല്ല, (എണ്ണത്തില്‍) നിങ്ങള്‍ ധാരാളമുണ്ടാവും, പക്ഷെ മലവെള്ള പാച്ചിലിലെ നുര പോലെയാവും (യാതൊരു പ്രയോജനവുമില്ലാത്ത അതീവ ദുര്‍ബലര്‍) . അല്ലാഹു ശത്രു ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ച ഭയം നീക്കം ചെയ്യും, നിങ്ങളുടെ ഹൃദയങ്ങളില്‍ ബലഹീനത നിറക്കുകയും ചെയ്യും. ചേദിക്കപ്പെട്ടു : എന്താണാ ബലഹീനത? നബി (സ്വ) പറഞ്ഞു: ഇഹലോകത്തോടുള്ള സ്‌നേഹവും മരണഭയവും”.

അല്ലാഹു പ്രവാചകര്‍ക്കും അവിടുത്തെ അനുയായികള്‍ക്കും കനിഞ്ഞേകിയ അപാരമായ ധൈര്യവും ത്യാഗസന്നദ്ധതയുമായിരുന്നു അവരെ അതിക്രമകാരികള്‍ക്കെതിരെ പോരാടാന്‍ പ്രാപ്തരാക്കിയത്. സാമ്പത്തിക തന്ത്രങ്ങളും അനിവാര്യമാവുമ്പോള്‍ മാത്രം സൈനിക ശക്തിയും എതിരാളികള്‍ക്ക് നേരെ പ്രയോഗിച്ച പ്രവാചകന് ഇരുഭാഗത്തെയും മരണനിരക്ക് ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിരുന്നു. എട്ടു കൊല്ലത്തെ പോരാട്ടങ്ങള്‍ക്കിടയില്‍ ഇരുന്നൂറ് മുസ്ലിംകള്‍ മാത്രമാണ് രക്തസാക്ഷികളായത് (ശത്രുപക്ഷത്തെ ആള്‍ നഷ്ടവും ഏതാണ്ട് സമാനമാണ്). അന്ന് മദീനയിലുണ്ടായിരുന്ന മുസ്ലിംകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണത്. അറേബ്യയിലും യഥ്രിബിലുമെല്ലാം തുടര്‍ക്കഥയായിരുന്ന ഗോത്രസംഘട്ടനങ്ങളില്‍ എത്രയോ ഇരട്ടി മനുഷ്യര്‍ വധിക്കപ്പെട്ടിട്ടുണ്ട്. ഉപദ്വീപില്‍ സമാധാനം സാധ്യമാക്കുന്നതില്‍ പ്രവാചകന്റെ ഭരണ നിര്‍വഹണവും നയനിലപാടുകളും നിസ്തുലമായ പങ്ക് വഹിച്ചതായി കാണാം. ഏതൊക്കെ ‘മതേതര’ മാപിനികള്‍ വെച്ച് അളന്നാലും അത് വ്യക്തമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

‘നിങ്ങളോട് യുദ്ധം കല്‍പിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അരോചകമാകുന്നു. നിങ്ങള്‍ക്കു ഗുണകരമായ ഒരു കാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു, നിങ്ങളോ അറിയുന്നില്ല.’

ബലഹീനത പ്രതിഫലിക്കുന്നതും മര്‍ദകനെ പ്രീണിപ്പിക്കുന്നതുമായ ഒത്തുതീര്‍പ്പുകള്‍ സ്വേച്ഛാധിപതികളെ കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ചുള്ള നിരന്തര ശ്രമങ്ങള്‍ എത്ര ശക്തിയുള്ള തെമ്മാടി രാഷ്ട്രത്തെയും സന്ധിക്ക് നിര്‍ബന്ധിതരാക്കും. ഒത്തൊരുമയോടെയും അച്ചടക്കത്തോടെയും നിര്‍വഹിക്കേണ്ട അത്തരം ശ്രമങ്ങള്‍ക്കിടയില്‍ ഒരിക്കലും ഭയക്കുകയുമരുത്. താരതമ്യപ്പെടുത്തുമ്പോള്‍ അധിനിവേശ-കുടിയേറ്റക്കാര്‍ എത്ര കരുത്തരാണെങ്കിലും ഒരിക്കല്‍ മുട്ടുമടക്കേണ്ടി വരിക തന്നെ ചെയ്യും. അവരെ ഒറ്റപ്പെടുത്താനും സാമ്പത്തികമായും സൈനികമായും മാനസികമായും തകര്‍ക്കാനും നമുക്ക് സാധിക്കും.

ഇന്ന് ലോകത്ത് ജീവിക്കുന്ന രണ്ട് ബില്യണിലധികമുള്ള മുസ്ലിംകള്‍ രാഷ്ട്രീയമായി ശക്തരല്ലാത്തതിനാല്‍ ഹിജ്‌റക്ക് മുമ്പുള്ള പ്രവാചകനയങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് വാദിക്കുന്നവരുണ്ട്. പ്രസ്തുത വീക്ഷണത്തെ സാധൂകരിക്കാനായി വിശ്വാസദാര്‍ഢ്യമില്ലായ്മയും ഭിന്നിപ്പുമൊക്കെ ചൂണ്ടിക്കാണിക്കുന്നവരുടെ ന്യായങ്ങള്‍ വളരെ ദുര്‍ബലമാണ്. ചരിത്രത്തില്‍ ഇത്തരം വാദഗതികള്‍ കപടവിശ്വാസികള്‍ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. മുസ്ലിംകള്‍ എണ്ണത്തില്‍ കുറവും നിരായുധരുമായിരുന്ന ഹുദൈബിയ തന്നെ ഉദാഹരണമായെടുക്കുക, മക്കക്കാര്‍ ആക്രമിച്ചിരുന്നെങ്കില്‍ ചോരപ്പുഴയൊഴുകുമായിരുന്നില്ലേ? ഹുദൈബിയയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് അല്ലാഹു മുന്‍കൂട്ടി പ്രവാചകരെ അറിയിച്ചിരുന്നതിനാലാണോ അദ്ദേഹം അത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്? അല്ലെന്ന് മുന്‍കാല പ്രവാചകന്മാര്‍ക്ക് അല്ലാഹു സമയബന്ധിതമായി മാത്രം നല്‍കിയ സഹായങ്ങള്‍ വ്യക്തമാക്കുന്നു. ബനൂ ഇസ്‌റാഈല്യരെ വിമോചിപ്പിച്ച് ചെങ്കടല്‍ തീരത്തെത്തുമ്പോള്‍ മൂസ (അ) ക്ക് അത് പിളരുമെന്ന് അറിയുമായിരുന്നില്ലല്ലോ. ചരിത്രത്തിലുടനീളവും ഇനി അന്ത്യനാള്‍ വരേക്കും വിജയത്തിന് എണ്ണവും വണ്ണവും മാനദന്ധമല്ല. അല്ലാഹു പിന്തുണക്കുന്നവരത്രെ വിജയികള്‍.

മറ്റൊരു ചോദ്യം ഏകീകൃതമായ ഉമ്മത്തോ അതിനെ നയിക്കാന്‍ ഒരു നേതൃത്വമോ ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിരോധത്തിന് ഏത് മാര്‍ഗം, എങ്ങനെയൊക്കെ, എപ്പോള്‍ സ്വീകരിക്കുമെന്നതാണ്. അത്തരമൊരു അവസ്ഥ മുസ്ലിം സമൂഹത്തെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. ഓരോ നാട്ടിലുമുള്ള മുസ്ലിം സമുദായങ്ങള്‍ക്ക് അവരവരുടെ സാഹചര്യങ്ങളനുസരിച്ച് പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. പരിശുദ്ധമായ മസ്ജിദിനെ സംരക്ഷിക്കാനായി, തകര്‍ക്കാനാവാത്ത ഈമാന്റെ കരുത്തില്‍ ഫലസ്ത്വീനിലെ സഹോദരി സഹോദരന്‍മാര്‍ പുഞ്ചിരിച്ചു കൊണ്ടെറിയുന്ന ഒരോ പ്രതിരോധക്കല്ലും ഹൃദയമില്ലാത്ത അധിനിവേശകനെ വിറളി പിടിപ്പിക്കുന്നുണ്ട്.

ഇന്ന് ലോകശക്തികളും മുഖ്യധാര മാധ്യമങ്ങളും ഫലസ്ത്വീനികളുടെ മനുഷ്യാസ്ഥിത്വത്തെ തന്നെ നിരാകരിച്ചു കൊണ്ടിരിക്കുകയാണ് (ഉലവൗാമിശ്വശിഴ). എന്നിരുന്നാലും, ലോകത്തെമ്പാടുമുള്ള മുസ്‌ലിംകളുടെയും നീതി തേടുന്ന മനുഷ്യരുടെയും പ്രാര്‍ത്ഥനകളും സാമൂഹിക മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങളും മുഖ്യധാരാ ആഖ്യാനങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മര്‍ദകനെ എങ്ങനെ നേരിടാം എന്ന് ലോകത്തെ പഠിപ്പിക്കുന്ന ഫലസ്ത്വീനികള്‍ മുസ്ലിം ഉമ്മത്തിനോട് ഒന്നാവാന്‍ ആവശ്യപ്പെടുന്നുമുണ്ട്.

ലോകത്തെമ്പാടുമുള്ള മുസ്ലിം സമൂഹത്തിന് ഏകീകൃത നേതൃത്വമില്ലാത്തതിനാല്‍ നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിമിതികളുണ്ട്. 2005 ല്‍ ഫലസ്ത്വീനികള്‍ ഇസ്‌റായേലിനെതിരെ പ്രവാചക നയതന്ത്രങ്ങളില്‍ പ്രധാനമായ സാമ്പത്തിക ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. ബി.ഡി.എസ് മൂവ്‌മെന്റ് (ആീ്യരീേേ, ഉശ്‌ലേൊലി,േ ടമിരശേീിെ) എന്നറിയപ്പെട്ട സാമ്പത്തിക ഉപരോധം വഴി അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇസ്‌റായേലിനെ നിര്‍ബന്ധിക്കുകയായിരുന്നു ഫലസ്ത്വീനി സന്നദ്ധ സംഘടനകളുടെ ലക്ഷ്യം. പ്രയോഗതലത്തില്‍ ഈ പ്രസ്ഥാനത്തിന് ദക്ഷിണ ആഫ്രിക്കയിലെ ആന്റി അപ്പാര്‍ത്തീഡ് മൂവ്വെന്റിനോട് കടപ്പാടുണ്ട്. വ്യവസ്ഥാപിത അടിച്ചമര്‍ത്തലിന് വിധേയരായിരുന്ന കറുത്ത വിഭാഗക്കാര്‍ അവിടുത്തെ വംശീയ ഭരണകൂടത്തിനെതിരെ 1959 ല്‍ പ്രഖ്യാപിച്ച ബഹിഷ്‌കരണ പരിപാടികള്‍ 1993 ല്‍ വിജയത്തിലെത്തി. ലോകത്താകമാനമുള്ള മര്‍ദിത ജനതക്ക് പുതുവെളിച്ചം പകര്‍ന്ന പ്രസ്തുത മുന്നേറ്റത്തിന് ആഗോള സ്വീകാര്യത ലഭിച്ചു. ഇത്തരം ബഹിഷ്‌കരണങ്ങളിലും ഐക്യദാര്‍ഡ്യങ്ങളിലും വിവിധ നാടുകളിലെ പൊതുജനങ്ങള്‍ക്കും മറ്റും സഹകരിക്കാനാവുമെന്നത് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. സായുധ പ്രതിരോധത്തിന് സാധിക്കാത്ത നേട്ടങ്ങള്‍ സാമ്പത്തിക ഉപരോധങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയുന്നുണ്ട്.

ബി.ഡി.എസ് പ്രസ്ഥാനത്തെ ഭയന്ന ഇസ്‌റായേല്‍ അതിനെതിരെ അവരുടെ ലോബികളെയും വക്താക്കളെയും ഉപയോഗപ്പെടുത്തി നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും നിയമനിര്‍മാണത്തിന് ശ്രമിച്ചിരുന്നു. അനവധി ജൂത പണ്ഡിതന്മാര്‍ പോലും നിരീക്ഷിക്കുന്നത് പോലെ, നീതിക്ക് വേണ്ടിയുള്ള, യഹൂദരടക്കം വിവിധ വിശ്വാസികള്‍ പിന്തുണച്ചിരുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് മേലും ഇസ്്‌റായേല്‍ ‘സെമിറ്റിക് വിരുദ്ധ’ ചാപ്പ ചാര്‍ത്തിക്കൊടുത്തു. ആത്യന്തികമായി ഇപ്പോഴും യൂറോപ്പില്‍ നിലനില്‍ക്കുന്ന സെമിറ്റിക് വിരുദ്ധത വേണ്ട വിധം അഭിമുഖീകരിക്കപ്പെടാതെ പോയി എന്നതായിരുന്നു ഈ ചാപ്പ കുത്തലിന്റെ മറുവശം. വിവിധ നാടുകളില്‍ യഹൂദര്‍ ഇപ്പോഴും ഈ പ്രശ്‌നം നേരിടുന്നുണ്ട്.

വിശ്വാസികള്‍ക്ക് മാത്രമുള്ള ചില ഹൃദയബന്ധങ്ങളെയും നമുക്ക് സമരമായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കും. മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കലും അതില്‍ നമസ്‌കരിക്കലും ഇസ്ലാമിക ആദര്‍ശ-വിശ്വാസങ്ങളുടെ ഭാഗമാണ്. ഒരു വിശ്വാസിക്ക് പരിശുദ്ധ ഭൂമി കാണുന്നത് ഈ ലോകവും അതിലുള്ള സകല വസ്തുക്കളും ലഭിക്കുന്നതിനെക്കാള്‍ പ്രിയങ്കരമാവുന്ന ദിവസം വരാനുണ്ടെന്ന് തിരുദൂതര്‍ അരുളിയിരിക്കുന്നു. ഇനി സന്ദര്‍ശനം സാധ്യമാവാത്തവരോട് അവിടുത്തെ വിളക്കുകള്‍ തെളിയിക്കാനുള്ള എണ്ണയെങ്കിലും കൊടുത്തയക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അല്‍ അഖ്സയിലെ വിളക്കുകള്‍ തെളിക്കാനുള്ള എണ്ണ അയക്കുന്നത് ആരാധനയാണെങ്കില്‍ അത് അധിനിവേശം ചെയ്തവരുടെ വിളക്കുകള്‍ക്കുള്ള എണ്ണ തടയുന്നതും ആരാധനയാവുന്നു.

ഹിജ്‌റ എട്ടാം വര്‍ഷം മക്ക ജയിച്ചടക്കിയ നിമിഷങ്ങളില്‍ പ്രവാചകന്‍ പ്രകടിപ്പിച്ച ഉന്നതമായ മൂല്യബോധവും നമുക്ക് ഓര്‍മയുണ്ടാകണം. വിനയത്താല്‍ തല കുനിച്ചും അപമാനത്താല്‍ മുറിവേറ്റ എതിരാളികളെ ആദരിച്ചും മക്കാപ്രവേശനം നടത്തിയ തിരുദൂതര്‍ പകര്‍ന്ന പാഠങ്ങള്‍ നാല് ഖലീഫമാരും തുടര്‍ന്ന് വന്ന അനവധി സൈനിക നേതാക്കളും അതേപടി പുലര്‍ത്തി. മക്കാ വിജയത്തിന് ആറു നൂറ്റാണ്ട് ഇപ്പുറം ഖുദ്‌സ് ജയിച്ചടക്കിയ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും പ്രവാചകപാത പിന്‍പറ്റി വിട്ടുവീഴ്ചയുടെ മഹിത മാതൃകയായി. മുസ്ലിംകളുടെ രക്തത്താല്‍ അഖ്‌സ നിറച്ചവരോടായിരുന്നു അതെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

മുസ്ലിം സമൂഹത്തോട് ഉപാധികളില്ലാതെ കീഴടങ്ങാനും അതു വഴി ‘സമാധാനവും വികസനവും’ സാധ്യമാക്കാനും ഉപദേശിക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏകാധിപതികള്‍ക്ക് അതിനായി വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും മുഴുവന്‍ അധ്യാപനങ്ങളും ദുര്‍വ്യാഖ്യാനിക്കേണ്ടി വരും. കാരണം, അല്ലാഹുവിനും തിരുദൂതര്‍ക്കും നീതിയില്ലാത്ത ‘സമാധാനം’ സമാധാനമല്ല. സൂറ അല്‍ ബഖറയില്‍, മൂസ (അ) യുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന പ്രവാചകന്റെയും ദൈവഭക്തരായ അനുയായികളുടെയും സന്ദേശം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘എത്രയെത്ര ചെറു സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയാല്‍ വന്‍സംഘങ്ങളെ ജയിച്ചടക്കിയിട്ടുള്ളത്’ (2:249)

 

വിവ: ബാസിൽ പി.എ

ഒന്നാം ഭാഗം: https://islamonlive.in/palestine-2/palastine-prophetic-way-study/

രണ്ടാം ഭാഗം: https://islamonlive.in/series/studies/prophetic-way-of…-palestine-issue/ ‎

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles