Current Date

Search
Close this search box.
Search
Close this search box.

പ്രവാചക പോരാട്ടങ്ങളും സാമ്പത്തിക ഉപരോധവും: സമാധാനത്തെ മുന്‍കടക്കുന്ന നീതി

മദീനയിലെത്തിയ തിരുദൂതര്‍ ഖുറൈശി കച്ചവട യാത്രകളെ നിരന്തരം തടസ്സപ്പെടുത്തി. ഹിജ്‌റ രണ്ടാം വര്‍ഷം ബദ്ര്‍ സംഭവിക്കുന്നതിന് മുമ്പ് എട്ടോളം ചെറു സൈനിക ദൗത്യ മുന്നേറ്റങ്ങള്‍ (അതില്‍ നാലെണ്ണം തിരുദൂതര്‍ നേരിട്ടു നയിച്ചു) ഇത്തരം കച്ചവടസംഘങ്ങള്‍ക്ക് നേരെയുണ്ടായി. മക്കക്കാരുമായി തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നതിന് പകരം അവരെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കാനാണ് മുസ്ലിംകള്‍ ശ്രമിച്ചത്. അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാന കച്ചവട കേന്ദ്രമായ മക്കക്കും വര്‍ത്തക പ്രമാണിമാരായിരുന്ന ഖുറൈശികള്‍ക്കും ഇത് തലവേദന സൃഷ്ടിച്ചു. ഈ ഭീഷണി ഉയര്‍ത്തുന്നതിലൂടെ പ്രവാചകന്‍ മക്കക്കാരോട് അവര്‍ ചെയ്ത അക്രമങ്ങള്‍ തിരുത്താനും മുസ്ലിംകളെ ഉപദ്രവിക്കുന്നത് തടയാനും ആവശ്യപ്പെടുകയായിരുന്നു.

സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി യമനില്‍ നിന്നുള്ള ഖുറൈശി കച്ചവടസംഘത്തെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട അബ്ദുല്ലാഹിബ്‌നു ജഹ്ശ് (റ) ന്റെ നേതൃത്വത്തിലുള്ള എട്ടോളം പേരടങ്ങുന്ന ദൗത്യസംഘം പ്രസ്തുത കച്ചവട സംഘത്തെ ആക്രമിച്ചു. കച്ചവട സംഘം യുദ്ധം വിലക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്നായ റജബ് അവസാനിക്കുന്നതിന് മുമ്പേ യാത്ര പൂര്‍ത്തികരിക്കും എന്നതിലാനാലായിരുന്നു മുസ്ലിംകള്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്. ഈ മാസങ്ങളിലും ഹറമിന്റെ പരിസരങ്ങളിലും യുദ്ധം പാടില്ല എന്നത് അറബികള്‍ കാലങ്ങളായി പുലര്‍ത്തിയിരുന്ന പാരമ്പര്യമായിരുന്നു. നാല് മാസങ്ങളുടെ പവിത്രത സംബന്ധിച്ചുള്ള ഇസ്ലാമിക വിധി ഇല്ലാതിരുന്ന പ്രസ്തുത സാഹചര്യത്തില്‍ അറേബ്യന്‍ സംസ്‌കാരങ്ങളിലെ നന്‍മകളെ മാനിച്ചിരുന്ന പ്രവാചകന്‍ ഈ ആക്രമണത്തെ അംഗീകരിക്കാനും സമരാര്‍ജിത സ്വത്ത് സ്വീകരിക്കാനും തയ്യാറായില്ല. ഈ സംഭവം മുസ്ലിംകള്‍ പവിത്രമായ ആചാരങ്ങള്‍ ലംഘിക്കുന്നവരാണ് എന്ന വിമര്‍ശനവും വിളിച്ചു വരുത്തി. തുടര്‍ന്ന് വിഷയത്തിലെ നിലപാട് വ്യക്തമാക്കികൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു:

”ജനം ചോദിക്കുന്നു, വിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൗരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്ന് ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൗരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്ന”. (സൂറ: അല്‍ ബഖറ:217)

യുദ്ധകല്‍പ്പന പ്രതിപാദിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തത്തിലേതു പോലെ തന്നെ മേല്‍ പരാമര്‍ശിച്ച സൂക്തത്തിലും ഖുറൈശി വര്‍ത്തക സംഘങ്ങളെ ആക്രമിക്കാന്‍ അനുവദിക്കുന്നതിനുള്ള കാര്യകാരണങ്ങളുണ്ട്. വിശ്വാസികള്‍ നേരിടുന്ന പീഢനം, ജനങ്ങളെ സത്യമാര്‍ഗത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയല്‍, മസ്ജിദുല്‍ ഹറമിന്റെ നിഷേധം, സ്വഭവനങ്ങളില്‍ നിന്ന് പുറത്താക്കലും സമ്പത്ത് അധീനപ്പെടുത്തലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാവുന്നതിനുള്ള കാരണങ്ങളാണ്. ഇവിടെ പ്രതിരോധം കൊണ്ട് ഉദ്ദേശിക്കുന്നത് കേവല പ്രതിരോധമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് മക്കക്കാര്‍ മദീനക്ക് നേരെ യുദ്ധപ്രഖ്യാപനം നടത്തിയതായി യാതൊരു സൂചനയുമില്ല. അതോടൊപ്പം ‘സെക്യുലര്‍’ അര്‍ത്ഥങ്ങളിലുള്ള നീതിയോ സമാധാനമോ നേടലും പ്രവാചക ലക്ഷ്യമായിരുന്നില്ല. സമാധാന അന്തരീക്ഷത്തില്‍ പ്രബോധനം നിര്‍വഹിക്കലായിരുന്നു പ്രവാചക ദൗത്യം. അതിന് വിഘാതം സൃഷ്ടിക്കുന്ന അനീതികളെയും അക്രമങ്ങളെയും (ഫിത്ന) സായുധമായി പ്രതിരോധിക്കാന്‍ മുസ്ലിം സമൂഹത്തിന് അവകാശവും ബാധ്യതയുമുണ്ട്.

മറ്റൊരര്‍ത്ഥത്തില്‍, പ്രവാചകദൗത്യത്തിന് സംഹാരാത്മകവും നിര്‍ണാമാത്മകവുമായ മാനങ്ങളുണ്ട്. സത്യമാര്‍ഗത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയുന്ന ഭൗതിക കാരണങ്ങളെയും സ്വേച്ഛാധിപത്യങ്ങളെയും അടിച്ചമര്‍ത്തലുകളെയും ഉന്‍മൂലനം ചെയ്യുക എന്നത് സംഹാരാത്മക മുഖമാണ്. സായുധ പോരാട്ടങ്ങള്‍ക്ക് അനുവാദം നല്‍കപ്പെട്ടതും സംഹാരാത്മക മാനങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടിയാണ്. പ്രബോധനമാണ് നിര്‍മാണാത്മക മുഖം, പ്രസ്തുത ലക്ഷ്യസാക്ഷാത്കാരത്തിന് യാതൊരു വിധത്തിലുമുള്ള ശക്തി പ്രയോഗവും അനുവദനീയമല്ല. ‘ദീനില്‍ ബലാല്‍ക്കാരമില്ലെന്ന്’ സൂറ അല്‍ബഖറയില്‍ തന്നെ അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്. ശത്രു സമാധാനപരവും സ്വതന്ത്രവുമായി പ്രബോധനം അനുവദിക്കുന്നുണ്ടെങ്കില്‍ ആയുധമെടുക്കരുതെന്നും വിശുദ്ധ ഖുര്‍ആന്‍ നിഷ്‌കര്‍ശിക്കുന്നു (8:61-62). അതേസമയം, ആരാധന-പ്രബോധന സ്വാതന്ത്രങ്ങളെ ഹനിക്കുന്നവരോട് -ശത്രു എത്ര വലിയ ശക്തിയാണെങ്കിലും- സന്ധിയാവരുതെന്നും കല്‍പ്പിക്കുന്നു ( 47:35). ചുരുക്കത്തില്‍, പ്രവാചകന്‍ ആഗ്രഹിച്ച സമാധാനം കേവല സമാധാനമായിരുന്നില്ല, എല്ലാ വിധ നീതിയും പ്രബോധന സ്വാതന്ത്രവും അടങ്ങിയ സമാധാനമായിരുന്നു.

പ്രതിരോധാത്മകമായ ഒരു പോരാട്ടമല്ലാതിരുന്ന ബദ്‌റിന് കൃത്യമായ കാരണങ്ങളുണ്ട്. മക്കക്കാരുടെ സത്യനിഷേധം അതിലൊരു കാരണമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

‘ദീനിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. ദീനിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു” (60:8).

വിശ്വാസികളുമായി സൗഹാര്‍ദം പുലര്‍ത്തുന്ന സത്യനിഷേധികളോട് നീതി പാലിക്കുന്നതിനൊപ്പം നന്മ ചെയ്യണമെന്ന് കൂടി അല്ലാഹു കല്‍പ്പിക്കുന്നു. തിരുദൂതരോട് എപ്പോഴും അതിക്രമം പ്രവര്‍ത്തിച്ചവരോട് പോലും അദ്ദേഹം നീതി ചെയ്തിരുന്നു. അവര്‍ക്കെതിരെ യാതൊരു പ്രതികാര നടപടികളും സ്വീകരിച്ചതുമില്ല. നീതിയോടുള്ള തന്റെ പ്രതിബദ്ധത തിരുദൂതര്‍ ജീവിതം മുഴുക്കെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം പറയുന്നു : ”ഞാന്‍ കുട്ടിയായിരിക്കെ എന്റെ അമ്മാവന്‍മാരോടൊപ്പം അല്‍ മുത്തയ്യിബീന്‍ സഖ്യത്തില്‍ പങ്കെടുത്തു. എനിക്കെത്ര ചുവന്ന ഒട്ടകങ്ങള്‍ നല്‍കപ്പെട്ടാലും ഞാനത് ലംഘിക്കുകയില്ല”. ‘ഹില്‍ഫുല്‍ ഫുദൂല്‍’ എന്ന പേരില്‍ പ്രശസ്തമായ ഉടമ്പടി, തന്റെ എതിരാളികള്‍ പങ്കാളികളാണെങ്കിലും നീതിക്ക് വേണ്ടി തുടരാന്‍ ആഗ്രഹിക്കുകയായിരുന്നു തിരുദൂതര്‍.

ഹുദൈബിയ ഉടമ്പടി: സ്വേച്ഛാധിപതി സന്ധിക്ക് വഴങ്ങുമ്പോള്‍

പാരമ്പര്യ വ്യാഖ്യാതാക്കളും കര്‍മശാസ്ത്ര പണ്ഡിതന്‍മാരും ജിഹാദിന് വ്യത്യസ്ത ഘട്ടങ്ങളുണ്ടെന്ന് നിരീക്ഷിക്കുന്നു. അവയിലെ മധ്യഘട്ടം ഹിജ്‌റയോടെ ആരംഭിച്ച് മക്കാ വിജയത്തോടെ അവസാനിക്കുന്നു. ഈ കാലഘട്ടത്തില്‍ മുസ്ലിംകളും മക്കക്കാരും തമ്മില്‍ പല തലങ്ങളില്‍ ഏറ്റുമുട്ടുന്നുണ്ട്. പ്രസ്തുത സന്ദര്‍ഭങ്ങളില്‍ തിരുദൂതര്‍ അനുവര്‍ത്തിച്ചിരുന്ന നയനിലപാടുകളെ മനസിലാക്കാന്‍ ഹുദൈബിയ സന്ധിയെ പഠനവിധേയമാക്കുന്നത് ഉപകരിക്കും.

ഹിജ്‌റ അഞ്ചാം വര്‍ഷം ഖുറൈശികള്‍ സകലശക്തിയും സംഭരിച്ച് പോരാട്ടത്തിനെത്തുകയും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കും സല്‍മാനുല്‍ ഫാരിസ് (റ) വിന്റെ കിടങ്ങുകള്‍ക്കും മുന്നില്‍ നിസ്സഹായരാവുകയും ചെയ്ത അഹ്‌സാബ് യുദ്ധത്തിന് തൊട്ടടുത്ത വര്‍ഷമാണ് തിരുദൂതര്‍ ഉംറക്ക് തയ്യാറാവുന്നത്. തിരുദൂതരുടെയും അനുയായികളുടെയും യാത്ര മക്കക്കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ യാത്രാസംഘം ഹുദൈബിയ എന്ന പ്രദേശത്ത് തമ്പടിച്ചു.

ഹുദൈബിയ സംഭവിക്കുമ്പോഴേക്കും മൂന്ന് പ്രധാന യുദ്ധങ്ങളും നിരവധി ചെറുസംഘട്ടനങ്ങളും അതിജീവിച്ചിരുന്നു. അതു വഴി ഇസ്ലാമിന്റെ സന്ദേശം ആര്‍ക്കും തടുക്കാനാവാത്ത വിധം വ്യാപിച്ചു. മദീനയിലെ മുസ്ലിംകളും അവരിലേക്ക് പുതുതായി ചേരുന്നവരും സുരക്ഷിതത്വം കൈവരിക്കുകയും ചെയ്തു. സാമ്പത്തിക സോത്രസുകള്‍ കുറവായിരുന്നെങ്കിലും മെല്ലെ അഭിവൃദ്ധി പ്രാപിച്ചു വന്നു. (തിരുദൂതരുടെ കുടുംബത്തിന് ഹിജ്‌റ ആറാം വര്‍ഷത്തിന് ശേഷമാണ് ദിവസം രണ്ടു നേരം ഭക്ഷണം ലഭിച്ചു തുടങ്ങിയത്) എന്നാല്‍ മക്കയില്‍ ബാക്കിയായ മുസ്ലിംകള്‍ കടുത്ത പീഡനങ്ങള്‍ അനുഭവിച്ചിരുന്നു. മസ്ജിദുല്‍ ഹറാമില്‍ പ്രവേശനം ലഭിച്ചിരുന്നു എന്നത് മാത്രമായിരുന്നു അവരുടെ ഏക ആശ്വാസം.

ഹുദൈബിയയില്‍ വെച്ച് മക്കക്കാര്‍ക്ക് പത്തുകൊല്ലത്തെ സമാധാന കരാറില്‍ ഒപ്പ് വെക്കേണ്ടി വന്നു. തൊട്ടടുത്ത വര്‍ഷം മുസ്ലിംകള്‍ക്ക് ഉംറ ചെയ്യാനുള്ള അനുമതി നല്‍കാനും അവര്‍ നിര്‍ബന്ധിതരായി. മദീനയില്‍ നിന്നുള്ള മുസ്ലിമിന് എപ്പോള്‍ വേണമെങ്കിലും ഇസ്ലാം ഉപേക്ഷിച്ച് മക്കയിലെത്താം, എന്നാല്‍ മക്കയില്‍ നിന്നുള്ള മുസ്ലിമിന് മദീനക്കാര്‍ക്കൊപ്പം ചേരാന്‍ അനുമതിയില്ല എന്ന ഉപാധി മുസ്ലിംകള്‍ക്ക് വലിയ മന:പ്രയാസം സൃഷ്ടിച്ചെങ്കിലും അവര്‍ തിരുദൂതരെ അനുസരിക്കാന്‍ തയ്യാറായി.

ചില സ്വഹാബാക്കളെങ്കിലും സംശയിച്ചതു പോലെ പ്രത്യക്ഷത്തില്‍ ഹുദൈബിയ ഒരു ഖുറൈശി വിജയമായി തോന്നാമെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ വിലയിരുത്തുമ്പോള്‍ അത് മുസ്ലിം സമൂഹത്തിന് വമ്പിച്ച നേട്ടമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ സംശയത്തിനിടയില്ലാത്ത വിധം അത് പ്രഖ്യാപിക്കുന്നുമുണ്ട്. സമാധാനം പാലിക്കാന്‍ നിര്‍ബന്ധിതരായ മക്കക്കാര്‍ കാരാറിലേര്‍പ്പെട്ടതോടെ മുസ്ലിംകള്‍ സ്വതന്ത്രമായ ഒരു ശക്തിയായി അംഗീകരിക്കപ്പെട്ടു. അറേബ്യന്‍ ഉപദ്വീപിലെ മറ്റു ശക്തികള്‍ക്കും ഖുറൈശി വിരോധം ഭയക്കാതെ മുസ്ലിംകളുമായി കരാറില്‍ ഏര്‍പ്പെടാമെന്നായി. നിയമപരമായി തീര്‍ത്ഥാടനം നിര്‍വഹിക്കാന്‍ അര്‍ഹതയുള്ള ഒരു വിഭാഗത്തിന് ഹറം നിഷേധിക്കുന്നത് അറബ് സംസ്‌കാരത്തിന് വിരുദ്ധമാകയാല്‍ സന്ധി വഴി അംഗീകാരവും സാധുതയും സിദ്ധിച്ച മുസ്ലിംകളെ ഹറമില്‍ പ്രവേശിപ്പിക്കാനും ഖുറൈശികള്‍ സന്നദ്ധമാവേണ്ടി വന്നു.

മുസ്ലിംകളുമായി സന്ധി ചെയ്യുന്നത് അവര്‍ക്ക് നിയമസാധുതയും അംഗീകാരവും നല്‍കലാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് മക്കക്കാര്‍ തുടക്കത്തില്‍ സന്ധി സംഭാഷണങ്ങള്‍ക്ക് തയ്യാറാവാതിരുന്നത്. സമകാലികത്തില്‍ പ്രസ്തുത നിലപാട് കാണണമെങ്കില്‍ ഫലസ്ത്വീനിലേക്ക് നോക്കുക. ഫലസ്ത്വീനികള്‍ ഒരു ജനതയോ രാഷ്ട്രമോ പൂര്‍ണ്ണമനുഷ്യരോ അല്ലാത്തതിനാല്‍ ഫലസ്ത്വീന്റെ മണ്ണ് ‘ഭൂമിയില്ലാത്ത ജനതക്ക്’ കൈയ്യേറാനുള്ളതായിരുന്നുവെന്ന് കേട്ടിട്ടില്ലേ? മക്കക്കാരും വംശീയരാഷ്ട്രവും ചെയ്യുന്നത് തങ്ങളുടെ എതിരാളികളുടെ പ്രാഥമിക അസ്ഥിത്വത്തെ തന്നെ നിരാകരിക്കലാണ്.

ഹുദൈബിയ സന്ധി പ്രവാചകരോടും ഇസ്ലാമിനോടുമുള്ള മുസ്ലിം സമൂഹത്തിന്റെ പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച സംഭവമാണ്. ആയിരത്തി നാന്നൂറ് സ്വഹാബാക്കള്‍ മരണം വരെ തിരുദൂതരോടൊപ്പം പൊരുതുമെന്ന് ശപഥം ചെയ്ത ശേഷം മാത്രമാണ് മക്കക്കാര്‍ സന്ധിക്ക് തയ്യാറാവുന്നത്. പ്രസ്തുത പ്രതിജ്ഞ ചരിത്രത്തില്‍ ‘ബൈഅത്തു റിദ്വാന്‍’ എന്ന നാമത്തില്‍ വിശുത്രമായി. പങ്കെടുത്തവര്‍ക്ക് മുഴുവന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട രണ്ടാമത്തെ സംഭവവുമായി (ബദ്ര്‍ യുദ്ധമാണ് ആദ്യത്തേത്).

എല്ലാ ഉന്നതമായ പോരാട്ടങ്ങളും അതിന്റേതായ ത്യാഗസമര്‍പ്പണങ്ങളെ ആവശ്യപ്പെടുന്നുണ്ട്. പ്രവാചകന്റെ നയതന്ത്രം സമകാലികത്തിലും നമുക്ക് വഴിതെളിക്കുന്നു. സ്വേച്ഛാധിപതികള്‍, അധിനിവേശ കുടിയേറ്റക്കാര്‍, കൊളോണിയല്‍ ശക്തികള്‍, ഏകാധിപതികള്‍ തുടങ്ങിയവരാരും സ്വയം സമാധാനം ആഗ്രഹിക്കുന്നവരല്ല, മറിച്ച് സന്ധിഭാഷണങ്ങളിലേക്ക് വലിച്ചിഴക്കപ്പെടേണ്ടവരും വിലപേശലുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടേണ്ടവരുമാണ്. അപ്രകാരം തടയപ്പെട്ടില്ലെങ്കില്‍ അവര്‍ അടിച്ചമര്‍ത്തലും വെട്ടിപ്പിടിക്കലും കൊലപാതകങ്ങളും നിര്‍ബാധം തുടരും. സമാധാനത്തിനും ഹറമിലേക്കുള്ള പ്രവേശനാനുമതിക്കും നയതന്ത്ര വിജയത്തിനുമായി തിരുദൂതര്‍ മക്കയില്‍ പെട്ടുപോയ മുസ്ലിംകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു എന്നത് ശരിയാണ്, എന്നാല്‍ അത് സമകാലികത്തിലെ മുസ്ലിം നേതാക്കളും അവരുടെ വാലാട്ടികളും ദൈവിക വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വാദിക്കുന്നത് പോലെ ‘നീതിയില്ലാത്ത സമാധാനമായിരുന്നില്ല’. അനുഗ്രഹീതനായ പ്രവാചകനും പ്രതിഭാധനനായ നേതാവുമായിരുന്ന മുഹമ്മദ് (സ) തന്റെ എതിരാളികളെ നിരവധി പോരാട്ടങ്ങളില്‍ പരാജയപ്പെടുത്തിയതിനും മാനസികമായി തളര്‍ത്തിയതിനും ശേഷം അവരെ സന്ധി സംഭാഷണത്തിനെത്തുവാന്‍ നിര്‍ബന്ധിച്ചതിനെ സമകാലിക മുസ്ലിം നേതാക്കളുടെ നിലപാടുകളുമായി സമീകരിക്കാനാവില്ല.

ലോകം മുഴുക്കെ അനീതിയാണെന്ന് അംഗീകരിച്ച ഇസ്‌റായേല്‍ നിലപാടുകളെ ന്യായീകരിക്കുകയും ആ വംശീയ രാഷ്ട്രത്തെ സാധാരണവത്കരിക്കുകയും ചെയ്യുന്ന മുസ്ലിം രാഷ്ട്രങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. അതു വഴി പാശ്ചാത്യരോടുള്ള കൂറ് നിരന്തരം തെളിയിക്കുകയും ഇസ്ലാമിനെ അനന്തമായി വഞ്ചിക്കുകയും ചെയ്യുന്നു. ഇവര്‍ മുസ്ലിം സമൂഹത്തിനേല്‍പ്പിച്ച ആഘാതങ്ങള്‍ നിര്‍ണയാതീതമാണ്.

സാമ്പത്തിക സമ്മര്‍ദ്ദം : പരിഗണിക്കപ്പെടാതെ പോയ തിരുചര്യ

മക്കക്കാരെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാഴ്ത്തി നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കുക എന്ന പ്രവാചക നയത്തിന്റെ പരിണതിയായിരുന്നു ബദ്ര്‍ യുദ്ധം. തിരുദൂതര്‍ തുടര്‍ന്നു പോന്ന സാമ്പത്തിക നയത്തിന് അറേബ്യയില്‍ എത്രത്തോളം സ്വാധീനമുണ്ടായിരുന്നുവെന്നതിന് ഥുമാമ ബിന്‍ ഉഥാല്‍ (റ) വിന്റെ ചരിത്രം സാക്ഷിയാണ്. ഖുറൈശികളുടെ ബദ്ധവൈരികളായിരുന്ന ബനൂ ഹനീഫ (യമാമ) ഗോത്രത്തലവനായിരുന്നു ഥുമാമ. പ്രവാചകന്റെ പ്രഖ്യാപിത എതിരാളിയായിരുന്ന അദ്ദേഹം ക്രി.വ 628 ല്‍ തിരുദൂതരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഏതാനും സ്വഹാബാക്കളെ വധിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ തിരിച്ചടിച്ച മുസ്ലിംകളുടെ കൈയ്യിലകപ്പെട്ട ഥുമാമ തിരുദൂതരുടെ മുന്നില്‍ ഹാജരാക്കപ്പെട്ടു (മുസ്ലിംകള്‍ തങ്ങള്‍ പിടി കൂടിയത് ഥുമാമയെ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല). മദീന പള്ളിയുടെ തൂണുകളിലൊന്നില്‍, നമസ്‌കാരം വീക്ഷിക്കാന്‍ പാകത്തില്‍ ഥുമാമയെ ബന്ധിച്ച പ്രവാചകര്‍ അദ്ദേഹത്തോട് ആദരവോടെ പെരുമാറി. മൂന്നാം നാള്‍ സ്വതന്ത്രനാക്കപ്പെട്ട ഥുമാമ (റ) നബി (സ) അനുമതിയോടെ ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടു.

ഥുമാമ (റ) ന്റെ ഇസ്ലാം ആശ്ലേഷണത്തില്‍ വിറളി പിടിച്ച മക്കക്കാര്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും മക്കയിലേക്കുള്ള ഗോതമ്പും ധാന്യങ്ങളും ഉല്‍പാദിപ്പിച്ചിരുന്ന യമാമയിലെ നേതാവിനെ വധിക്കുന്നത് ബുദ്ധിയല്ലെന്ന് കണ്ട് പിന്‍മാറി. മക്കക്കാരുടെ അഹങ്കാരത്തോട് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കൊണ്ട് പ്രതികരിച്ച ഥുമാമ (റ) പ്രവാചകന്‍ നേരിട്ട് കല്‍പ്പിക്കാതെ മക്കയിലേക്ക് ധാന്യമെത്തില്ലെന്ന് പ്രഖ്യാപിച്ചു. പ്രയാസത്തിലകപ്പെട്ട മക്കക്കാര്‍ ഹുദൈബിയ സന്ധി മുന്‍നിര്‍ത്തി -സന്ധിയില്‍ അത്തരമൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും- പ്രവാചകനോട് സഹായമഭ്യര്‍ത്ഥിച്ചു. കാരുണ്യത്തിന്റെ തിരുദൂതര്‍ ആ ഉപരോധം ഉടനടി നീക്കുകയുണ്ടായി. മുസ്‌ലിം സമൂഹത്തിന് ആവശ്യമായ നിര്‍ണായക ശക്തികേന്ദ്രങ്ങളും തന്ത്രപ്രധാന സംവിധാനങ്ങളും അധീനപ്പെടുത്തുന്നതില്‍ ഉല്‍സാഹിച്ച തിരുദൂതര്‍ തന്റെ എതിരാളികള്‍ക്കായി പോലും അവ അത്യുദാരമായി ഉപയോഗിച്ചിരുന്നു.

 

വിവ: ബാസിൽ പി.എ

പഠനത്തിൻ്റെ ഒന്നാം ഭാഗം: https://islamonlive.in/palestine-2/palastine-prophetic-way-study/

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles