Current Date

Search
Close this search box.
Search
Close this search box.

‘നീതി’; ആധുനിക വ്യവഹാരിക വിവക്ഷയും ഇസ്ലാമിക വിവക്ഷയും

നീതി എന്നതിനെ കുറിച്ചുള്ള ആധുനിക വ്യവഹാരങ്ങളുടെ വിവക്ഷയും ഇസ്ലാമിക വിവക്ഷയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പൊതുവായി, വ്യക്തിനിയമം, LGBTQ സമൂഹങ്ങളെ കുറിച്ചുള്ള തീർപ്പുകളും അഭിപ്രായങ്ങളും തുടങ്ങിയവയിൽ ഈ ഒരു അന്തരം തീർത്തും പ്രകടമാണ്. ഇസ്ലാമിലെ നീതിയെന്നു പറയുന്നത് കേവലം ദേഹച്ഛകളെ പിന്തുടരുക എന്നതിലുപരി അല്ലാഹു വകവച്ചു നൽകിയ ചില അവകാശങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും മുകളിൽ നീതി നടപ്പിലാക്കുക എന്നതാണ്. ഇത് ആധുനിക വ്യവഹാരങ്ങളിലെ നീതി (Justice) യുടെ മൂല്യ സങ്കല്പങ്ങളിൽ നിന്ന് വ്യതിരിക്തമാണ്. ഇസ്ലാമിലെ നീതി എന്ന സങ്കൽപത്തെ ആധുനിക വ്യവഹാരങ്ങളുമായി തുലന വിധേയമാക്കുവാനുള്ള സെക്കുലർ ശ്രമങ്ങളെ “The Secular Translations” എന്ന ഗ്രന്ഥത്തിൽ തലാൽ അസദ് നിശിതമായി വിമർശിക്കുന്നുണ്ട്. 

സാമൂഹിക നീതി എന്നതിനുള്ള ആധുനിക സൈദ്ധാന്തിക അടിത്തറയുടെ വേരുകൾ ചെന്നെത്തുന്നത് നാലാം നൂറ്റാണ്ടിലെ ഗ്രീക്ക് തത്ത്വചിന്തകരായ പ്ലാറ്റോ, അരിസ്റ്റോട്ടിൽ എന്നിവരിലാണ്. തുടർന്ന്, ഇവരിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് വ്യത്യസ്ത ചിന്തകർ കടന്നുവന്നു. റോമൻ കാത്തലിക്ക് സഭയുടെ സൈദ്ധാന്തികനായ സെന്റ് തോമസ് അക്വിനസ്, സാമൂഹിക ഉടമ്പടി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളായ തോമസ് ഹോബ്സ്, ജോൺ ലൂക്ക്, മോൺടസ്ക്യൂ, പ്രയോജന സിദ്ധാന്തത്തിന്റെ വക്താവായ സ്റ്റുവർട്ട് മിൽ തുടങ്ങിയവരിലൂടെയാണ് ആധുനിക സാമൂഹിക നീതിയെ സംബന്ധിച്ചുള്ള പ്രത്യയശാസ്ത്ര അടിത്തറ രൂപീകൃതമായത്. പ്രസ്തുത വിവക്ഷകളെല്ലാം കേവല മാനുഷിക യുക്തിയിൽ അധിഷ്ഠിതമായതും ധാർമിക മൂല്യച്യൂതിയിൽ സന്നിഹിതവുമാണ്. സാമ്പത്തിക നീതിയുടെ വിഷയത്തിലും മേൽപറഞ്ഞ വ്യത്യാസം പ്രസക്തമാണ്. അതിനാലാണ് വ്യക്തികളുടെ ഉടമാവകാശ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഇസ്ലാമിക നിയമവ്യവസ്ഥ കൃത്യമായ അതിർവരമ്പുകൾ നിശ്ചയിച്ചത്. ലോകത്തിലെ ധനിക-ദരിദ്ര വിവേചനങ്ങളുടെ മുഴുവൻ വേരുകളും ചെന്നെത്തുന്നത് ഈയൊരു ചർച്ചയിലാണ്.

നീതി വ്യത്യസ്‍ത നിയമസംഹിതകളിൽ; താരതമ്യ വിശകലനം

ഇസ്ലാമിക നിയമപ്രമാണങ്ങളും വിവിധ മത-സാംസ്കാരിക-ചരിത്ര-സാമൂഹിക സന്ദർഭങ്ങളിൽ നിന്നുള്ള നിയമസംഹിതകളും തമ്മിലുള്ള താരതമ്യ വിശകലനവും അത്യന്തം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഭക്ഷ്യവിഭവങ്ങൾ, അസംസ്കൃത പദാർത്ഥങ്ങൾ,  പ്രകൃതിവിഭവങ്ങൾ എന്നിവ പരിശോധന വിധേയമാക്കാതെ ഒരു രാഷ്ട്രവും ഇറക്കുമതി ചെയ്യുകയില്ല. എന്നാൽ, മനുഷ്യജീവിതത്തിൽ ഈ കച്ചവട ചരക്കുകൾക്കും സമ്പത്തിനും കൽപ്പിച്ചു പോരുന്ന വിലയെങ്കിലും ആഴികൾക്കപ്പുറത്തുനിന്ന് ആദർശങ്ങളും ജീവിത വ്യവസ്ഥങ്ങളും ഇറക്കുമതി ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടതില്ലേ? യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ ചരക്കുകൾ എന്നപോലെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും ഇറക്കുമതി ചെയ്യുന്നു. സോഷ്യലിസം, കമ്മ്യൂണിസം പോലുള്ളവ കടമെടുക്കുമ്പോൾ സ്വന്തം ആത്മീയ മൂല്യങ്ങളും ധാർമിക അടിത്തറകളും കയ്യൊഴിയുന്നു. എന്നിട്ട്, അവർ മതത്തിന് നൽകുന്ന വിവക്ഷ എന്താണ്? “ബൂർഷ്വാസികളും  സ്വേച്ഛാധിപതികളും അധ്വാനിക്കുന്ന നിരാലംബരായ ജനങ്ങളെ വഞ്ചിക്കാൻ ഉപയോഗിക്കുന്ന മയക്കുമരുന്നാണ് മതം” എന്നുള്ളതാണ് അവരുടെ വിവക്ഷ. മനുഷ്യന്റെ വികാരവിചാരങ്ങളെ മുരടിപ്പിക്കുന്നതാണ് മതം എന്നുള്ളത് ഇസ്ലാമിൻറെ സിദ്ധാന്തമല്ല. അതിൻറെ ഉത്ഭവസ്ഥാനം പരിശോധിക്കുക എന്നത് അതിപ്രധാനമാണ്.

റോമ സാമ്രാജ്യത്വത്തിന്റെ തണലിൽ ക്രിസ്തുമതം രൂപീകരിച്ച നിയമസംഹിതയാണ് പിന്നീട് യൂറോപ്യൻ നിയമങ്ങളുടെ അടിസ്ഥാനമായത്. ഇസ്രായേൽ ജനത കൈക്കൊണ്ടുപോന്ന ആത്മീയ സംസ്കരണവും ജീവിതശൈലിയും കടൽ കടന്നു യൂറോപ്പിൽ എത്തിയപ്പോൾ ആകെ തകിടം മറിഞ്ഞു. വിഗ്രഹാരാധനയിലും കേവല ഭൗതികതയിലുമധിഷ്ഠിതമായ ഗ്രീക്ക് സംസ്കാരത്തിൻറെ ധാർമിക മൂല്യങ്ങളിലേക്കാണ് അവർ കടന്നുചെന്നത് . പ്രായോഗിക ജീവിതത്തിന് അനുയോജ്യമല്ല മതം എന്ന് ആ വിഭാഗം പ്രചുരപ്രചാരണം നടത്തി. അതിന്റെ സൗന്ദര്യമാർന്ന ഇളം കാറ്റുകൊണ്ട് പൂജാമുറിയിൽ ഇരുന്ന് ആശ്വസിക്കാം എന്ന്  അവർ ആജ്ഞാപിച്ചു. സാമൂഹിക ജീവിതത്തിൽ നിന്ന് പൂർണ്ണമായും അതിനെ അകറ്റിനിർത്തി. മതം അങ്ങനെ ഹൃദയങ്ങളുടെ മൂലകളിൽ ഒതുങ്ങി അവശേഷിച്ചു. കൂടാതെ, രാജാധികാരത്തിന് സമാന്തരമായ ഒരു ശക്തിയായി ക്രിസ്ത്യൻ ചർച്ചുകൾ മാറി. അങ്ങനെ ഭരണാധികാരികളും മതമേധാവികളും ജനങ്ങളെ ചൂഷണം വിധേയമാക്കുന്നതിൽ കൈകോർത്തു. തുടർന്ന്, മതത്തിന് യൂറോപ്പ് വകവെച്ചു നൽകിയ വിവക്ഷ സർവ്വലൗകികമായി അംഗീകരിക്കപ്പെട്ടു. 

ഈയൊരു ഘട്ടത്തിലാണ് നവോത്ഥാന സംരംഭങ്ങൾ രംഗപ്രവേശനം നടത്തുന്നത്. തദ്ഫലമായി, ശാസ്ത്രവും മതവും, ചർച്ചും ചിന്തയും തമ്മിലുള്ള സംഘട്ടനം ആരംഭിച്ചു. നവീന ശാസ്ത്രത്തിൻറെ അകമ്പടിയോടെ വ്യവസായിക ലോകം കുതിച്ചുയർന്നു. മുതലാളിമാരും തൊഴിലാളികളും എന്ന രണ്ട് വിഭാഗങ്ങൾ രൂപാന്തരപ്പെട്ടു. ചർച്ച് മുതലാളിമാരുടെ കൂടെ ചേർന്ന് ജനങ്ങളെ വഞ്ചിച്ചു. ഇത് മനസ്സിലാക്കുന്നതിലൂടെയാണ് കമ്മ്യൂണിസവും മതവും തമ്മിലുള്ള പ്രത്യക്ഷമായ വിരോധം ആരംഭിക്കുന്നത്. എന്നാൽ, ഇസ്‍ലാം വളർന്നുവന്നത് തീർത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ്. ആയതിനാൽ തന്നെ, ഇസ്ലാമിന്റെ ജീവിത വ്യവസ്ഥ തീർത്തും ശരീഅത്തിന്റെ നീതി സങ്കൽപത്തിന് അനുസ്യതമായിരുന്നു. അറേബ്യൻ ജാഹിലിയ്യത്ത് സർവ്വശക്തിയും സംഭരിച്ചു അതിനോട് പൊരുതിയപ്പോഴും അതിൻറെ മേധാവിത്വം സ്വന്തമായിരുന്നു. നിയമവ്യവസ്ഥകളിലും ആരാധനാമുറകളിലും സാമൂഹിക ചിന്ത തെളിഞ്ഞു നിന്നു. പ്രസ്തുത ചരിത്രം അത് സ്വയം തന്നെ വ്യക്തമാക്കിയതാണ്. 

യൂറോപ്പിലെ മത ദ്രോഹ വിചാരണ സഭകൾക്ക് പരിചയമുള്ള ശാസ്ത്രജ്ഞന്മാർക്കും ചിന്തകന്മാർക്കുമെതിരിൽ അഴിച്ചുവിട്ട സംഘടിതവും നീചവുമായ മർദ്ദനമുറകൾ ഇസ്ലാമിക ചരിത്രത്തിന് പരിചയമില്ല. മർദ്ദിത വിഭാഗത്തിന്റെ അവകാശം സംരക്ഷിക്കാൻ കമ്മ്യൂണിസത്തിന് മതത്തോട് പൊരുതണം. എന്നാൽ, ഇസ്ലാമിന് അത് സംരക്ഷിക്കാൻ മതത്തോടു പൊരുത്തേണ്ടതില്ല. ഹിന്ദു പ്രമാണത്തിൽ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയും മേൽപ്പറഞ്ഞതുപോലെതന്നെ അനീതിയുടെ ഒരു കലവറയായി നിലനിൽക്കുന്നു. മനുസ്മൃതിയിൽ അധിഷ്ഠിതമായ സമൂഹം ശ്രേണി കേന്ദ്രീകൃതമായിരുന്നു. അഖണ്ഡ ഹിന്ദു രാഷ്ട്രമെന്ന സങ്കൽപം തന്നെ അധീശത്വ ഭാവനയാണെന്ന് “The Syndicated Hinduism” എന്ന പുസ്തകത്തിൽ റോമില ഥാപ്പർ സമർത്ഥിക്കുന്നുണ്ട്. ബ്രാഹ്മണർക്ക് കീഴാളവിഭാഗത്തോട്  പൂർണാർത്ഥത്തിലുള്ള വിവേചനമായിരുന്നു. അവരെ മനുഷ്യരായി അല്ല, കേവലം മൃഗങ്ങളുടെ പരിഗണന പോലും വകവച്ചു നൽകിയിരുന്നില്ല. 

ഇവിടെയാണ് നീതിയിലധിഷ്ഠിതമായ ഇസ്ലാമിക വ്യവസ്ഥയുടെ സാമൂഹിക സങ്കല്പം തലയുയർത്തി നിൽക്കുന്നത്. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഇസ്ലാമിക ശരീഅത്തിനെ വികൃതമായി ചിത്രീകരിച്ചുകൊണ്ട്, ഏകീകൃത സിവിൽ കോഡ് പോലുള്ള നിയമങ്ങൾക്ക് വേണ്ടിയുള്ള ഭരണകൂടത്തിന്റെ മുറവിളി തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് മേൽപ്പറഞ്ഞവയിൽ നിന്ന് മനസ്സിലാകും. പ്രസ്തുത ആഹ്വാനം ഭരണകൂടത്തിന്റെ ന്യൂനപക്ഷ സമൂഹങ്ങളെ അടിച്ചമർത്തുന്ന അധീശത്വ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ഭരണകക്ഷിയും സംഘപരിവാറും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തെയും വാചാടോപ ഹിംസയെയും അസന്ദിഗ്ധം പിന്തുണയ്ക്കുന്നു.

മുസ്‍ലിം സാമൂഹിക-രാഷ്ട്രീയ കർത്യത്വം

മേൽ ഉദ്ധരിച്ച വായനകളെല്ലാം സാധ്യമാകുന്നത് മുസ്‍ലിം എന്നതിനുള്ള ആധുനിക നിർവചനത്തിൽ നിന്നാണ്. അതിലൂടെ മുസ്‍ലിം കർത്യത്വത്തെ പ്രതിസന്ധിയിലാക്കുന്നു. ഇസ്ലാം അഥവാ മുസ്‍ലിം എന്നതിനെ ഭ്രമാത്മകത്വമാക്കുവാനുള്ള (conceptualize) ശ്രമങ്ങൾ കഴിഞ്ഞ നൂറ്റാണ്ടുമുതൽ ആരംഭിച്ചിരുന്നു. നരവംശശാസ്ത്രജ്ഞരും ഓറിയന്റലിസ്റ്റുകളുമാണ് അതിനു തുടക്കമിട്ടത്. വംശാവലിപരമായ ഒരു സംജ്ഞയായി ഇസ്ലാമിനെ കണ്ടെത്തുവാൻ കഴിയില്ല എന്ന നിഗമനത്തിലാണ് റോബർട്ട് റെഡ്ഫീൽഡ്, ക്ലിഫോർഡ് ഗ്രീറ്റ്സിനെ പോലുള്ള നരവംശ ശാസ്ത്രജ്ഞർ എത്തിചേർന്നത്. ഒരു ‘ആഗോള ഇസ്ലാമി’നെ വ്യവഹാരികമായി രൂപപ്പെടുത്തുവാൻ സാധിക്കില്ല എന്നവർ വാദിച്ചു. കൂടാതെ, സാമൂഹിക-രാഷ്ട്രീയ കർത്യത്വങ്ങളൊന്നുമില്ലാത്ത കേവലമൊരു ‘മത’മായി ഇസ്ലാമിനെ വ്യവഹരിച്ചു. 

പിൽക്കാലത്ത് കടന്നുവന്ന തലാൽ അസദിനെ പോലുള്ള നരവംശ ശാസ്ത്രജ്ഞൻ ഇസ്ലാമിക പാരമ്പര്യത്തെ അതിൻറെ യഥാർത്ഥ അർത്ഥത്തിൽ വംശാവലിപരമായി കണ്ടെത്തി. പ്രമാണികത അടിസ്ഥാനമാക്കിയുള്ള ആശയ സംവാദങ്ങളിലൂടെയും കൊടുക്കൽ വാങ്ങലുകളിലൂടെയാണ് ഇസ്ലാമിക പാരമ്പര്യം നിലനിന്നു പോന്നിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈയൊരു പാരമ്പര്യത്തിൽ നിന്ന് തന്നെയാണ് പിൽക്കാലത്ത് വ്യത്യസ്ത വിജ്ഞാന ശാഖകളും ഇസ്ലാമിനകത്ത് രൂപപ്പെട്ടത്. കാലഘട്ടത്തിൻറെ മാറ്റത്തിനനുസരിച്ച് ഇസ്ലാമിക വ്യവസ്ഥിതിയെ അവ കൃത്യമായി വായിച്ചു. മഖാസിദ്ദുശരീഅ പോലുള്ള വിജ്ഞാന ശാഖകൾ അതിനുദാഹരണമാണ്. ഇസ്ലാമിക ശരീഅത്തിലെ മുഴുവൻ നിയമങ്ങളും ഇത്തരത്തിൽ പ്രാമാണികടിത്തറയിൽ രൂപീകരിക്കപ്പെട്ടതാണ്. കൂടാതെ, അവയെല്ലാം സർവ്വജനീനവും സാർവത്രികവുമാണ്. ഈ പ്രത്യേകതയാണ് ഇസ്ലാമിക നിയമസംഹിതയെ മറ്റു പ്രത്യയശാസ്ത്രങ്ങളിൽ നിന്ന്  വ്യതിരിക്തമാക്കുന്നത്. എന്നാൽ, ഇതിനെ മറികടന്നുകൊണ്ടാണ് ആധുനികതയുടെ ഉപരിപ്ലവമായ വായനകൾ ഇസ്ലാമിക നിയമസംഹിതയുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.

ഉപസംഹാരം

പാശ്ചാത്യ ലോകത്തെ അടക്കിഭരിക്കുകയും സദാചാരധർമ്മങ്ങളെ പ്രയോജന അടിസ്ഥാനത്തിൽ വീക്ഷിക്കുകയും ചെയ്യുന്ന ഭൗതിക ചിന്താഗതിയുടെ വലയത്തിലാണ് നിലവിലെ ലോകക്രമം അകപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ നിന്ന് ആത്മീയ ഘടകത്തെ ഇല്ലായ്മ ചെയ്യുന്നതും ലബോറട്ടറി പരീക്ഷണക്കുഴലുകളിൽ തെളിയാത്ത വിശ്വാസത്തെ നിഷേധിക്കുന്നതുമാണ് ഇക്കൂട്ടരുടെ ധാർമികത ബോധം. നിലവിലെ അടിസ്ഥാനപരമായ ആശയ സംഘട്ടനം ഇസ്ലാമിനും പാശ്ചാത്യ-പൗരസ്ത്യ പാളയങ്ങൾക്കുമിടയിലാണ്. പ്രപഞ്ചത്തെയും ജീവിതത്തെയും കുറിച്ച് സമ്പൂർണ്ണവും സമഗ്രവുമായ വീക്ഷണം പുലർത്തുകയും, സാമൂഹിക സഹകരണം സംസ്ഥാപിക്കുകയും, ദൈവ മാർഗദർശത്തിൽ മാനുഷിക ജീവിതത്തെ ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരാധ്യാത്മിക അടിസ്ഥാനമാണ് ഇസ്ലാം. 

അതേസമയം, കേവലം ഭൗതിക ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമാണ് ആധുനിക പ്രത്യയശാസ്ത്രങ്ങൾ. പ്രായോഗിക ജീവിതത്തെ കാലത്തിനനുസരിച്ച് ചലിപ്പിക്കുന്ന സിദ്ധാന്ത രൂപീകരണത്തിൽ മറ്റു ദർശനങ്ങൾ പരാജയപ്പെട്ടു പോവുകയാണ്. മനുഷ്യരാശിക്ക് ഒരു സമ്പൂർണ്ണ ജീവിത വീക്ഷണവും സമൂഹത്തിൽ ഒരു പ്രായോഗിക ജീവിത വ്യവസ്ഥയും അതിൻറെ നിത്യനൂതനാവശ്യങ്ങൾ നിർവഹിക്കുമാറ് ചലനാത്മകവും വിശദവുമായ ഒരു നിയമ സംഹിതയും ഇസ്ലാം സമർപ്പിക്കുന്നു. 

ആധുനിക ലോകത്തെ ഭരിക്കുന്ന ഭൗതിക തത്ത്വശാസ്ത്രങ്ങളുമായി ഇസ്‍ലാം നിരന്തരം സമരത്തിലാണ്. ഇത് നന്നായി മനസ്സിലാക്കിയ ഇക്കൂട്ടർ എല്ലായിടത്തും ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെ അടിച്ചമർത്താനും സർവ്വവിധേനയും ഇസ്ലാമിനെ നിഷ്കാസനം ചെയ്യാനും സംഘടിതമായി യത്നിക്കുകയാണ്. ഇസ്ലാമിക പ്രമാണങ്ങളെ വികൃതമാക്കലും കിരാത നിയമങ്ങളെ അടിച്ചേൽപ്പിക്കലുമൊക്കെ അതിൻറെ ബാക്കിപത്രമാണ്. ഇസ്ലാമിൻറെ കർതൃത്വത്തെ പൂർണമായി ഇല്ലാതാക്കുക എന്നുള്ളത് അവരുടെ അത്യന്തിക ലക്ഷ്യമായി അനുവർത്തിക്കുന്നു. 

ഇസ്ലാമിനെ പുനരുദ്ധീകരിക്കുകയാണ്, കൂടുതൽ സൂക്ഷ്മമായി പറഞ്ഞാൽ കർത്യത്വം നിലച്ച ഇസ്ലാമിനെ പുനരുജീവിപ്പിക്കുക എന്നുള്ളതാണ് നമ്മുടെ മുഖ്യലക്ഷ്യമെന്ന് മനസ്സിലാക്കണം. സെക്കുലർ വ്യവഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കപട ഇസ്ലാമിനെയാണ് പൊതുബോധത്തിനു മുമ്പിൽ അവർ പ്രതിഷ്ഠിക്കുന്നത്. അത്താതുർക്ക് സ്ഥാപിച്ചതും അതിന്റെ മാതൃകയിലുള്ളതുമായ സെക്കുലർ സംവിധാനങ്ങൾ ഇസ്ലാമികമാണെന്നു വിശ്വസിപ്പിക്കാനുള്ള പ്രബലമായ ശ്രമങ്ങളാണ് വിൽഫ്രഡ് കാന്റ്വൽ സ്മിത്തിനെ പോലുള്ള പാശ്ചാത്യ പാദസേവകർ ശ്രമിക്കുന്നത് (The Meaning and End of Religion: A New Approach to the Religious Traditions of Mankind,1962). 

ആധുനികത നിർമ്മിക്കുന്ന ഈയൊരു ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് പലപ്പോഴും നമ്മൾ പ്രത്യയശാസ്ത്ര വെല്ലുവിളികളെ നേരിടാറുള്ളത്. അധികാരത്തിന്റെ അതിശക്ത ഭാവനകൾ നിലനിൽക്കുന്ന സമകാലിക കാലഘട്ടത്തിൽ മുസ്ലിം കർത്യത്വത്തെ കുറിച്ച് ആലോചിക്കാൻ നമ്മുടെ സൂക്ഷ്മമായ ചട്ടക്കൂടിനു പുറത്തു കടക്കേണ്ടതുണ്ട്. അവർ ഇസ്ലാമിൻറെ ദൈവിക വാക്യങ്ങൾ മാറ്റിമറിക്കുകയും, അല്ലാഹുവിൻറെ സൂക്തങ്ങൾക്ക് തുച്ഛമായ വില വാങ്ങുകയും, ശത്രുതയുടെ പേരിൽ നിർമ്മിച്ച കള്ള പള്ളികളുടെ മീതെ ഇസ്ലാമിന്റെ പതാക നാട്ടുകയും, അധാർമികതയുടെ ഈറ്റില്ലങ്ങളിൽ ‘ഇസ്ലാമിക് സൈൻ ബോർഡുകൾ’ സ്ഥാപിക്കുകയും ചെയ്യുന്നു. ഇസ്ലാമിക നിയമവ്യവസ്ഥയെയും സാമൂഹിക സങ്കല്പത്തെയും അവമതിക്കുന്ന കൊളോണിയൽ ആധുനികതയുടെ നിരന്തരമായ അക്കാദമിക് വ്യായാമങ്ങളെ അതിജീവിക്കാൻ വിശുദ്ധ ഖുർആൻ വിഭാവന ചെയ്യുന്ന അനന്തമായ സാധ്യതകളെ ആശ്രയിക്കേണ്ടതുണ്ട്.

(അവസാനിച്ചു)

ഒന്നാം ഭാഗം: https://islamonlive.in/shariah/justice-in-islam-a-critique-to-modern-definitions/

References:

  1. വിശുദ്ധ ഖുർആൻ
  2. സ്വഹീഹുൽ ബുഖാരി റാഗിബ് അൽ അസ്ഫഹാനി , അൽ മുഫ‍്‍റദാത്ത് ഫീ ഗരീബിൽ ഖുർആൻ
  3. Social Justice in Islam , Sayyid Quthub
  4. Syndicated Hinduism, Romila Thapar
  5. Secular Translations , Talal asad
  6. The idea of an anthropology in islam, Talal asad
  7. The Meaning and End of Religion: A New Approach to the Religious Traditions of Mankind, Wilfred Cantwell Smith
  8. Sociological theory, George Ritzer
  9. زاد المعاد للإمام إبن القيم الجوزي

Related Articles