Current Date

Search
Close this search box.
Search
Close this search box.

ഇസ്‍ലാമിലെ നീതി സങ്കൽപം; ആധുനിക നിർവചനങ്ങൾക്ക് ഒരു വിമർശനം

സാമ്രാജ്യത്വ അധിനിവേശത്തിൽ അധിഷ്ടിതമായ ഒരു ലോകക്രമത്തിലാണ് നിലവിൽ നമ്മൾ ജീവിക്കുന്നത്. സാമ്രാജ്യത്വം സൈനിക-രാഷ്ട്രീയാധിനിവേശം അവസാനിപ്പിച്ച് മടങ്ങിയെങ്കിലും പൊതുസമൂഹത്തിന്റെ ചിന്തയിലും സംസ്കാരത്തിലും മുഴു ജീവിത തുറകളിലും ഒരു പാശ്ചാത്യ സ്വാധീനം ഉറപ്പുവരുത്തുകയുണ്ടായി. ഇസ്ലാമിക പ്രമാണങ്ങളെ സംബന്ധിച്ചുള്ള പൊതു ധാരണകളിൽ വിഷലിപ്തമായ ഒട്ടനവധി വികല ആശയങ്ങളും സന്ദേഹങ്ങളും അവരുടെ മനസ്സിൽ വിതറി. ഇസ്ലാമിക ശരീഅത്ത് പഴഞ്ചനും ആധുനിക യുഗത്തിന് യോജിച്ചതുമെല്ലെന്ന് പാശ്ചാത്യ സംസ്കാരത്തിലും തത്വശാസ്ത്രത്തിലും അഭിരമിച്ചവർ പ്രചരിപ്പിച്ചു.

“ആധുനിക ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിവർത്തനോന്മുഖമായ നവീന സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നതിനും ശരീഅത്ത് അനുയോജ്യമല്ല. പതിനാല് നൂറ്റാണ്ട് പഴക്കം ചെന്ന ‘ഒട്ടകയുഗ’ത്തിലെ അറേബ്യൻ സാഹചര്യത്തിൽ പ്രായോഗികമായ ശരീഅത്ത് ആധുനിക ശാസ്ത്ര-സാങ്കേതിക യുഗത്തിൽ അനുയോജ്യമല്ല” എന്നിങ്ങനെ പോകുന്നു അവരുടെ വിതണ്ഡവാദങ്ങൾ. ഈയൊരു സന്ദർഭത്തിൽ, ഇസ്ലാമിക പ്രമാണങ്ങളുടെ സാമൂഹിക നീതി സങ്കൽപവും കാലാതിവർത്തിയായ അതിൻറെ പ്രായോഗികക്ഷമതയും സമർത്ഥിക്കുന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാകുന്നു.

ആത്മീയതലത്തിലൂടെ മാത്രം മനുഷ്യനെ വീക്ഷിക്കുകയും ശാരീരിക കാമനകളെ ചവിട്ടിമെതിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ക്രിസ്തുമതം, പദാർത്ഥത്തിന്റെ കണ്ണാടിയിലൂടെ മനുഷ്യനെ വീക്ഷിക്കുകയും അവൻറെ ഭൗതിക താൽപര്യങ്ങൾക്ക് മാത്രം വിലകൽപ്പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം, അപര സാമൂഹിക നിർമ്മിതിയിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരെ ഹിംസാത്മക ആഹ്വാനങ്ങൾ പുറപ്പെടുവിക്കുന്ന ഹിന്ദുത്വ സംഘടനകൾ തുടങ്ങിയവയിൽ നിന്നൊക്കെ വ്യത്യസ്തമായി മനുഷ്യനെ അതിൻറെ ശരിയായ രൂപത്തിൽ മനസ്സിലാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അവൻറെ ആത്മീയാവശ്യങ്ങളെ ശാരീരികാവശ്യങ്ങളിൽ നിന്നോ ധാർമിക ആവശ്യങ്ങളിൽ നിന്നോ വേർപ്പെടുത്താവുന്നതല്ല എന്ന് ഇസ്ലാം നിരീക്ഷിക്കുന്നു.

ആധുനിക ലോകത്ത് പാഞ്ചാത്യ വ്യവഹാരങ്ങളെ അന്ധമായി പിന്തുടർന്നുകൊണ്ട് ഇസ്ലാമിക ദർശനങ്ങളെ വികലമായി അവതരിപ്പിക്കാനുള്ള പ്രബലമായ ശ്രമങ്ങൾ നമുക്ക് ചുറ്റും അരങ്ങേറുന്നുണ്ട്. ആപേക്ഷിക്കണമെന്നോണം, ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് കൊണ്ടാടപ്പെടുന്ന, ഇസ്ലാമിലെ വ്യക്തി നിയമങ്ങളെ കേന്ദ്രീകരിച്ചുള്ള തർക്ക വിതർക്കങ്ങൾ ഇതിനുദാഹരണമാണ്. വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ അവർ അത് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. എന്നാൽ, ഇസ്ലാമിലെ സാമൂഹിക നീതി സങ്കല്പം യഥാർത്ഥത്തിൽ അനീതിയെ പ്രോത്സാഹിപ്പിക്കുന്നതാണോ? കാലാത്തിവർത്തിത്വത്തെയും സർവ്വത്രികതയേയും അത് സ്വാംശീകരിക്കുന്നുണ്ടോ?, ഇത്തരത്തിലുള്ള ധാരാളം ചിന്തകളിലാണ് പൊതുസമൂഹം നിലവിലുള്ളത്. ഇതിലെ തെറ്റിധാരണകളെ തിരുത്തി സാധാരണ ജനങ്ങൾക്ക് യാഥാർത്ഥ്യത്തെ മനസ്സിലാക്കി കൊടുക്കുക എന്നത് ഒരു സാമൂഹിക ആവശ്യകതയായി നിലനിൽക്കുന്നു. പരിശുദ്ധ ഖുർആനും മറ്റു ഇസ്ലാമിക പ്രമാണങ്ങളും മുന്നോട്ടുവെക്കുന്ന നീതിയുടെ വെളിപാടിനെ പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിക്കേണ്ടത് അതിന്റെ കൃത്യമായ ആശയ പ്രചാരണത്തിലൂടെയാണ്.

ഇസ്ലാമിലെ നീതി സങ്കൽപം

ദിവ്യത്വം, പ്രപഞ്ചം, ജീവിതം, മനുഷ്യൻ എന്നിവയെക്കുറിച്ച് ഇസ്ലാമിന്റെ ദർശനം എന്തെന്നറിയാതെ ഇസ്ലാമിലെ സാമൂഹ്യനീതിയുടെ സ്വഭാവം മനസ്സിലാക്കുക സാധ്യമല്ല. ഒരു വലിയ ദർശനത്തിന്റെ കേവലമൊരു അംശം മാത്രമാണ് സാമൂഹ്യനീതി. ഇസ്ലാമിന്റെ എല്ലാ ആഭിമുഖ്യങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ആ ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. “സർവ്വകാലികവും സാർവ്വജനീനവുമാണ് ഇസ്ലാമിക ശരീഅത്ത്” എന്നുള്ളത് പരീക്ഷിച്ചു ബോധ്യപ്പെട്ട ഒരു വസ്തുതയാണ്. ദൈവിക ബോധനവും ചരിത്രവും അനുഭവ യാഥാർത്ഥ്യവും അതിൻറെ സാധുതയെ സാക്ഷ്യപ്പെടുത്തുന്നു. “ഭൂമിയിൽ നീതി നിലനിർത്തുകയും ഇഹപരങ്ങളിൽ മാനുഷികക്ഷേമം കൈവരിക്കുകയുമാണ്” അല്ലാഹു മുഹമ്മദ് നബിക്ക് ശരീഅത്ത് നൽകിയതിന്റെ പ്രഥമ ലക്ഷ്യമെന്ന് നമുക്കറിയാം. പൂർവ്വ നിയമസംഹിതകളിൽ നിന്ന് വ്യത്യസ്തമായി ശരീഅത്തിന് നൈരന്തര്യവും സാകല്യവും അള്ളാഹു നൽകി.

ഖുർആനിന്റെ മുമ്പ് അവതീർണമായ വേദഗ്രന്ഥങ്ങൾ അക്ഷരത്തിലും ആശയത്തിലും വികൃതമാക്കപ്പെട്ടു. അറിവില്ലായ്മയിൽ മുങ്ങിത്താഴുന്ന ഒരു സമൂഹത്തിലേക്കാണ് ഇസ്ലാമിൻറെ സമഗ്രവും അന്തിമവുമായ സന്ദേശവുമായി അല്ലാഹു അവന്റെ ദൂതനായ മുഹമ്മദ് നബി(സ)യെ നിയോഗിച്ചത്. മുഹമ്മദീയ പ്രവാചകത്വത്തിന്റെ സവിശേഷത എന്തെന്ന് നബി തീരുമേനി വ്യക്തമാക്കുന്നത് “മുൻകഴിഞ്ഞ ആർക്കും നൽകപ്പെടാത്ത ഒരനുഗ്രഹം എനിക്ക് ലഭിച്ചു. ഇതുവരെ ദൈവിക ദൂതന്മാരെ ഓരോ സവിശേഷ ജനതയിലേക്ക് മാത്രമാണ് നിയോഗിക്കുകയാണുണ്ടായത്. എന്നാൽ, ഞാൻ അഖില ജനങ്ങൾക്കും വേണ്ടിയാണ് നിയുക്തനായത്” (ബുഖാരി,മുസ്ലിം).

മുഹമ്മദ് നബിയാൽ അവതീർണമാക്കപ്പെട്ട വിശുദ്ധ ഖുർആനാണ് ഇസ്ലാമിക വ്യവസ്ഥയുടെ പ്രാഥമിക അടിസ്ഥാനം. ഇസ്ലാമിക വ്യവസ്ഥയുടെ മുഴുവൻ ശാഖകളും വിശദാംശങ്ങളും ആ അടിസ്ഥാനപ്രമാണത്തിൽ നിന്നാണ് കാലക്രമേണ രൂപാന്തരപ്പെട്ടത് . ദൈവത്തെയും പ്രപഞ്ചത്തെയും ജീവിതത്തെയും മനുഷ്യനെയും സംബന്ധിച്ച് ഒരു സമ്പൂർണ്ണ സങ്കല്പത്തെ അത് വിഭാവന ചെയ്യുന്നു. ഇസ്ലാമിന്റെ കർമ്മപദ്ധതികളും അതിർവരമ്പുകളും ആരാധനകളും ജീവിത വ്യവഹാരങ്ങളുമെല്ലാം ആ അടിസ്ഥാനത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഓരോ പ്രശ്നത്തെ സ്വതന്ത്രമായി വീക്ഷിച്ച് അടിസ്ഥാന രഹിതമായ പ്രതിവിധി നിർദ്ദേശിക്കുക എന്നത് ഇസ്ലാമിൻറെ രീതിയല്ല. ഇസ്ലാമിനെ പരിശോധിക്കുന്ന ഒരു വ്യക്തിക്ക് അതിന്റെ മൗലികമായ തത്വങ്ങൾ ഗ്രഹിക്കണമെങ്കിൽ ഈ സമഗ്ര വീക്ഷണം അറിഞ്ഞിരിക്കണമെന്നത് അനിവാര്യമാണ്. അതുവഴി ശാഖാപരമായ നിയമങ്ങളെ അവയുടെ അടിസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുവാൻ സാധിക്കും. പരസ്പരം ഇണങ്ങിച്ചേർന്ന് അവിഭക്തമായ ഒരു സാകല്യമായി അവയെ ദർശിക്കാൻ സാധിക്കേണ്ടതുണ്ട്.

സൃഷ്ടികൾ ഉദ്‌ഭൂതമാവാനുള്ള ദൈവത്തിൻറെ ഇച്ഛയാണ് സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ബന്ധം. ദൈവേച്ഛയിൽ നിന്ന് ഉടലെടുത്തതാണ് പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളും. ഏക ഉദ്ദേശത്തിൽ നിന്ന് ഉദ്‌ഭൂതമായ ഈ ദൃശ്യ പ്രപഞ്ചം സമ്പൂർണ്ണമായും ഏകമാണ്. അതിൻറെ വിവിധ ഭാഗങ്ങളിൽ പരസ്പരബന്ധവും ഇണക്കവുമാണ് വീക്ഷിക്കപ്പെട്ടത്. ഈ പരിപൂർണ്ണ സംവിധാനത്തിന് അനുയോജ്യമായ ഒരു യുക്തി മുഴുവൻ വസ്തുക്കളിലും സ്ഥിതിചെയ്യുന്നുണ്ട്. പ്രകൃതിയുടെ സാഹചര്യങ്ങൾക്ക് അനുസൃതമായാണ് മനുഷ്യജീവിതം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പരിഷ്ക്യത ജാഹിലിയ്യത്തിന്റെ ഭാഷയിൽ വിവരിക്കപ്പെടുന്ന പോലെ ‘പ്രകൃതി’ മനുഷ്യനുമായി പോരടിക്കുകയോ മത്സരിക്കുകയോ ചെയ്യുന്ന ശത്രുവല്ല . ഒരേ നിയമമാണ് വ്യക്തിയെയും സമൂഹത്തെയും തലമുറകളെയും ഭരിക്കുന്നത്. വടംവലിയും സംഘർഷവും കൂടാതെ വ്യക്തിക്കും സമൂഹത്തിനും അതിൻറെ ഓജസ്സ് നിലനിർത്താൻ അവസരം നൽകുന്നു.

ബലിഷ്ഠമായ അടിത്തറകളിലാണ് ഇസ്ലാമിൽ സാമൂഹിക നീതി എന്ന ആശയം കെട്ടിപ്പടുത്തിരിക്കുന്നത്. പ്രസ്തുത നീതി സാധിക്കുന്നതിനുവേണ്ട മാർഗ്ഗങ്ങൾ അത് കണിശമായി നിർണയിച്ചിട്ടുണ്ട്. ജീവിതത്തെ സംബന്ധിച്ചുള്ള കൃത്യമായ ഒരു മൗലിക വീക്ഷണത്തിൽ നിന്നുകൊണ്ടാണ് സാമൂഹിക നീതിയുടെ സൈദ്ധാന്തിക വശത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. കേവല സാമ്പത്തിക-ഭൗതിക വലയങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ല അത്. മറിച്ച് , ഭൗതികവും ആത്മീയവും ഇഴചേർന്നു നിൽക്കുന്ന ഒരു ഏകാത്മക ഭാവത്തിലാണ് അത് സ്വാംശീകരിക്കുന്നത്. എന്നാൽ, സാമൂഹിക നീതിയെ സംബന്ധിച്ചുള്ള ആധുനിക വ്യവഹാരങ്ങൾ കേവലം വ്യക്തിപരമായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മുഴുവൻ മനുഷ്യരാശിയുടെയും സുദീർഘമായ കാലയളവിനെ അടിസ്ഥാനമാക്കിയുള്ള വിദൂര ലക്ഷ്യങ്ങളിൽ ഊന്നി നിന്നുകൊണ്ടാണ് ഇസ്ലാം അതിനെ മനസ്സിലാക്കുന്നത്. വ്യക്തിയെയും ആത്മാവിനെയും വേറിട്ട് കാണുന്ന, ആത്മീയതയെയും ഭൗതികതയെയും തീർത്തും വിഭിന്നമായി മനസ്സിലാക്കുന്ന പാശ്ചാത്യ വ്യവഹാരങ്ങൾക്ക് ഈ വീക്ഷണം തീർത്തും അന്യമായിരിക്കും. നിരുപാധികമായ മാനസിക സ്വാതന്ത്ര്യം, സമ്പൂർണ്ണമായ മനുഷ്യസമത്വം, സുദൃഢമായ സാമൂഹ്യബാധ്യത, എന്നിവയാണ് ഇസ്ലാമിക സാമൂഹിക നീതിയുടെ അടിസ്ഥാനമായി അനുവർത്തിക്കുന്നത്.

സാമൂഹിക നീതി സ്ഥാപിതമാക്കാൻ, അത് വ്യക്തിക്ക് അവകാശപ്പെട്ടതാണെന്നും സമൂഹത്തിന് അത് ആവശ്യമാണെന്നുമുള്ള ആന്തരിക ബോധം അനിവാര്യമാണ്. പ്രസ്തുത ബോധം വ്യക്തികളിൽ സജീവമല്ലെങ്കിൽ നിയമനിർമാണം വഴി മാത്രം സാമൂഹിക നീതി സ്ഥാപിക്കാൻ ശ്രമിക്കുന്നത് സാഹസികമായിരിക്കും. ഇസ്ലാം അതിന്റെ നിയമനിർമാണത്തിൽ ഈ വസ്തുത സജീവമായി പരിഗണിച്ചിട്ടുണ്ട്. ഇസ്ലാമിലെ മാനസിക സ്വാതന്ത്ര്യം രൂപീകരിച്ചിരിക്കുന്നത് സമത്വബോധത്തെ നിലനിർത്തി കൊണ്ടാണ്. ദൈവം അല്ലാതെയുള്ള മറ്റു സകല വസ്തുക്കളുടെയും അടിമത്വത്തിൽ നിന്ന് മനുഷ്യനെ വിമോചിപ്പിക്കുമ്പോൾ തന്നെ, ഹൃദയം സമത്വത്തിന്റെ അർത്ഥം ആഴത്തിൽ അറിയുകയും പ്രായോഗികമായി അനുഭവിക്കുകയും ചെയ്യുന്നു. ആപേക്ഷിക്കുമെന്നോണം, അനിയന്ത്രിതമായ ചിന്താ സ്വാതന്ത്ര്യത്തെയും നിരുപാധികമായ സമത്വത്തെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അതിനെ ക്ഷണികവും ഹ്രസ്വവുമായ രൂപത്തിൽ അവതരിപ്പിക്കുന്നുമില്ല. മറിച്ച്, വ്യക്തി സ്വാതന്ത്ര്യത്തെ പോലെ തന്നെ അയാളുടെ ബാധ്യതയും ഇസ്ലാം കണിശമായി അനുശാസിക്കുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും താൽപര്യങ്ങൾ ഒന്നായിരിക്കണമെന്നാണ് ഇസ്ലാം സിദ്ധാന്തിക്കുന്നത്. ചുരുക്കത്തിൽ, ഇവ മൂന്നിന്റെയും ശരിയായ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് ഇസ്ലാമിലെ സാമൂഹിക രീതി നിലകൊള്ളുന്നത്.

‘നീതി’ ഖുർആനിക പ്രയോഗങ്ങളിൽ

നീതി എന്ന അർത്ഥം വരുന്ന രണ്ടു പദങ്ങളാണ് ഖുർആൻ ഉപയോഗിച്ചിരിക്കുന്നത്. عدل، قسط എന്നീ പദങ്ങളാണത്. പ്രത്യക്ഷത്തിൽ രണ്ടു പദങ്ങളും ഒരേ അർത്ഥം പങ്കുവെക്കുന്നുണ്ടെങ്കിലും സൂക്ഷ്മമായ അർത്ഥത്തിൽ രണ്ടും സന്ദർഭോചിതമായി അർത്ഥ വ്യത്യാസം പങ്കിടുന്നുണ്ട്. ഇമാം റാഗിബുൽ അസ്ഫഹാനിയുടെ مفردات ألفاظ القرآن എന്ന ഗ്രന്ഥത്തിൽ അദ്ദേഹം عدل എന്ന ഖുർആനിക പ്രയോഗത്തെ സസൂക്ഷമം വിശദീകരിക്കുന്നുണ്ട്. അതിൽ عدل എന്നാൽ തുല്യത,സമത്വം,ഒരുപോലെയാക്കൽ എന്നിവയെയൊക്കെ സൂചിപ്പിക്കുന്ന വാക്കായാണ് വിവക്ഷിച്ചിട്ടുള്ളത്. അതേസമയം, “قسط” എന്ന പദത്തെ അദ്ദേഹം വിവക്ഷിക്കുന്നത് “هو العدل بالنصاب” അഥവാ കണക്കനുസരിച്ചുള്ള നീതി എന്നാണ്. “ميزان” എന്ന പദത്തോട് ചേർത്തു കൊണ്ടാണ് പലപ്പോഴും ഇത് ഉപയോഗിക്കുന്നത്. മറിച്ച്, عدل നെ കുറിച്ച്‌ അദ്ദേഹം അഭിപ്രായപ്പെടുന്നത് അത് വിധിതീർപ്പുകൽപ്പിക്കുന്നതിലെ തുല്യതയായിട്ടാണ്. വിശുദ്ധ ഖുർആനിലെ ഒട്ടനവധി സൂക്തങ്ങളിൽ ഈയൊരു തുല്യത സ്വഭാവത്തെ വിധി കൽപനകളിൽ കാണുവാൻ സാധിക്കും.

“إن الله يأمركم بالعدل” (നീതി കൊണ്ട് നിങ്ങളോട് അല്ലാഹു കൽപ്പിച്ചിരിക്കുന്നു) എന്ന സൂക്തത്തിന്റെ വിവക്ഷയായിട്ട് പല പണ്ഡിതന്മാരും വിവരിക്കുന്നത്, നീതി എന്നതു കൊണ്ട് അവിടെ ഉദ്ദേശമാക്കുന്നത് തൗഹീദ് അഥവാ ഏകദൈവത്വം എന്നുള്ളതാണ്. ഇമാം ഇബ്നു ജൗസിയുടെ “زاد المعاد” എന്ന ഗ്രന്ധത്തിൽ ഈയൊരു വിവക്ഷയെ നമുക്ക് കണ്ടെടുക്കുവാൻ സാധിക്കും. അപ്പോൾ ഒരു മുസ്ലിമിൻറെ അടിസ്ഥാന വിശ്വാസമായ ഏക ദൈവത്വത്തിൽ തന്നെ നീതി എന്ന സങ്കല്പം ഉള്ളടങ്ങിയിരിക്കുന്നു എന്ന് ഇവിടെ സുവ്യക്തമാണ്. മുസ്ലിം സമുദായത്തിനോട് അല്ലാഹു കൽപിക്കുന്ന സമുദായിക ഉത്തരവാദിത്തത്തെ നമുക്ക് ഖുർആനിൽ നിന്ന് വായിച്ചെടുക്കുവാൻ സാധിക്കും.” كنتم خير أمة أخرجت للناس” മുഴുവൻ മനുഷ്യരുടെയും മാർഗദർശനത്തിനും സംസ്കരണത്തിനുമായി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമായാണ് മുസ്ലിംകളെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. അതിനാൽ, സാമൂഹിക പരിരക്ഷയെന്നുള്ളത് ഒരു മുസ്ലിമിന്റെ മൗലികമായ ഉത്തരവാദിത്തമാണ്.

(തുടരും)

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles