Middle East

പ്രതീക്ഷയുടെ പ്രകാശഗോപുരമാണ് ഹമാസ്

ഹമാസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫലസ്തീനിയൻ ഇസ്ലാമിക ചെറുത്തുനിൽപ്പ് പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടതിന്റെ 32ാം വാർഷികാഘോഷം ഗസ്സ മുനമ്പിൽ നേതാക്കളുടെ ആവേശഭരിതമായ പ്രഭാഷണങ്ങളും മറ്റുമായി അധികമാരും അറിയാതെ കടന്നുപോയി. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ആഘോഷപരിപാടികൾ ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. അറബ് ജനതയെ സംബന്ധിച്ചിടത്തോളം, ആരും തന്നെ ഹമാസിന്റെ ആഘോഷപരിപാടികൾക്ക് ശ്രദ്ധകൊടുത്തു കണ്ടുമില്ല, ഒരുപക്ഷേ അവർ അവരുടെ തന്നെ നേതാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ദുരിതങ്ങളിലും മുങ്ങികിടക്കുന്നതു കൊണ്ടാകാം. ഫേസ്ബുക്കിലും ട്വിറ്ററിലും പോലും ഫലസ്തീൻ പ്രശ്നം അൽപം പിറകോട്ടു പോയിട്ടുണ്ട്. എഴുത്തുകാർ പോലും ഫലസ്തീൻ പ്രശ്നം അവരുടെ തൂലികയ്ക്ക് വിഷയമാക്കുന്നത് അപൂർവ്വമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഫലസ്തീൻ പ്രശ്നത്തെ കുറിച്ച് എഴുതുക എന്നത് തെറ്റിൽ നിന്ന് എന്നെ അകറ്റി നിർത്താനും ശരിയായതിലേക്ക് എന്നെ നയിക്കുന്നതിനുമുള്ള മതപരമായ കടമയായാണ് ഞാൻ മനസ്സിലാക്കുന്നത്.

ആധുനിക കാലഘട്ടത്തിലെ സുപ്രധാന ചെറുത്തുനിൽപ്പ് പ്രസ്ഥാനമാണ് ഹമാസ്, ലോകത്തുടനീളം അതിന് അനുയായികളുണ്ട്. മെഡിറ്ററേനിയൻ സമുദ്രം മുതൽ ജോർദാൻ നദി വരെ ഫലസ്തീൻ വിമോചനത്തിന് അതു തുറവിയൊരുക്കുമെന്നും, ജറൂസലേമും അൽഅഖ്സ മസ്ജിദും തിരിച്ചുപിടിക്കുമെന്നുമുള്ള ശുഭാപ്തിവിശ്വാസത്തിലാണ് ഹമാസ് അനുയായികൾ. പോരാട്ടത്തിലൂടെ മാത്രമേ ഫലസ്തീൻ വിമോചിപ്പിക്കപ്പെടുകയുള്ളൂ; ചെറുത്തുനിൽപ്പാണ് പരിഹാരം; തോക്കുകൾ കൊണ്ടു മാത്രം സംസാരിക്കാൻ അറിയുന്ന ഇസ്രായേലിനോട് ചർച്ചകളിലൂടെയല്ല, മറിച്ച് തോക്കുകൾ കൊണ്ടു തന്നെയാണ് സംസാരിക്കേണ്ടത്, അതിലൂടെ മാത്രമേ വിമോചനം സാധ്യമാവുകള്ളു.

ഫലസ്തീനിലെ മുസ്ലിം ബ്രദർഹുഡ് നേതാവായിരുന്ന ശൈഖ് അഹ്മദ് യാസീനാണ് ഹമാസിന്റെ സ്ഥാപക നേതാവ്. അഹ്മദ് യാസീനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ബ്രദർഹുഡ് അംഗങ്ങളായിരുന്നു, ബ്രദർഹുഡ് സ്ഥാപകൻ ശഹീദ് ഇമാം ഹസനുൽ ബന്നയുടെ ചിന്താസരണിയായിരുന്നു അവർ പിന്തുടർന്നിരുന്നത്. ഒന്നാം ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ട് അധികം താമസിയാതെ തന്നെ 1987 ഡിസംബർ 14ന് ലോകത്തിനു മുന്നിൽ ഹമാസിന്റെ പിറവി പ്രഖ്യാപിക്കപ്പെട്ടു.

Also read: ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കലാപം മൂന്ന് ദിവസം നീണ്ടുനില്‍ക്കില്ല

ഡോ. അസ്സാം തമീമി അദ്ദേഹത്തിന്റെ Hamas: Unwritten Chapters (Hurst & Company, London, 2007) എന്ന കൃതിയിൽ, ഒന്നാം ഇൻതിഫാദ തുടങ്ങി തൊട്ടടുത്ത ദിവസമായ ഡിസംബർ 9നാണ് ഹമാസിന്റെ സ്ഥാപക പ്രസ്താവന എഴുതപ്പെട്ടത് എന്ന് പറയുന്നുണ്ട്. ഹമാസിന്റെ രൂപീകരണം പ്രഖ്യാപിക്കുന്നതിൽ ചെറുതായി സമയം വൈകിയതിന്റെ കാരണം വ്യക്തിമല്ല, ഒരുപക്ഷേ സുരക്ഷാ കാരണങ്ങൾ കൊണ്ടോ, അന്തരിച്ച ഫതഹ് നേതാവ് യാസിർ അറഫാത്തിൽ നിന്നും ഉണ്ടാവൻ ഇടയുള്ള ഇടങ്കോലിടലോ ആവാം. ഇസ്ലാമിക ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന്റെ പിറവി തടയാൻ യാസർ അറഫാത്ത് ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു. അതിന്റെ കാരണങ്ങൾ എന്തുതന്നെയായിരുന്നാലും ശരി, ഹമാസിന്റെ രൂപീകരണം അന്താരാഷ്ട്ര തലത്തിൽ സമാനതകളില്ലാത്ത കോളിളക്കം സൃഷ്ടിക്കുകയും ഇസ്രായേലിനെ പിടിച്ചുകുലുക്കുകയും ചെയ്തു.

അക്കാലത്ത്, മുസ്ലിംകൾക്കിടയിൽ മത അവബോധം വർധിച്ചു, ഒരു ഇസ്ലാമിക ഉണർവ്, ഇസ്ലാമിക ലോകത്തുടനീളം ഒരു നൂറ്റാണ്ടുകാലത്തോളം നിലനിന്നിരുന്ന പാശ്ചാത്യവത്കൃത മതേതരത്വത്തിൽ നിന്നുള്ള വിടുതൽ. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വളർച്ചയും സമൃദ്ധിയും അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെയുള്ള വിജയത്തിനു സാക്ഷ്യം വഹിച്ചു. മതാത്മക കരുത്തിന്റെ പിൻബലത്തോടെ തങ്ങളുടെ അധിനിവേശത്തിനെതിരെ പോരാടുന്ന ശുത്രുവിനെ ഇസ്രായേൽ ഭയപ്പെട്ടു, ആദ്യ ഇൻതിഫാദയുടെ സമയത്തു തന്നെയുള്ള ഹമാസിന്റെ ജനനം ഇസ്രായേലിനെ ഭയപ്പാടിലാക്കി, അധിനിവേശ രാഷ്ട്രത്തിന്റെ അടിത്തറകളെ അതു പിടിച്ചുകുലുക്കി.

ഹമാസിന് പിന്നിലായി കരുതലോടെ ബ്രദർഹുഡും ഉണ്ടായിരുന്നു, തങ്ങളുടെ സ്വന്തം ഫലസ്തീൻ വിമോചന പദ്ധതിയുടെ ഭാഗമായാണ് ഹമാസിനെ ബ്രദർഹുഡ് നോക്കിക്കണ്ടത്. ഹമാസിൽ അവർ തങ്ങളുടെ പരിപൂർണത കണ്ടെത്തി. ഹമാസിനു വേണ്ടി ഇക്കാലം വരെ നിരവധി പോരാളികളാണ് ജീവത്യാഗം ചെയ്ത് രക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്, സ്ഥാപകൻ ശൈഖ് അഹ്മദ് യാസീൻ, ഡോ. അബ്ദുൽ അസീസ് റൻതീസി തുടങ്ങി നിരവധി നേതാക്കൾ ഇസ്രായേലിനാൽ വധിക്കപ്പെട്ടിട്ടുണ്ട്.

1948ൽ അധിനിവേശം ആരംഭിച്ചതു മുതൽക്കു തന്നെ, ഇതൊരു കേവലം ഫലസ്തീൻ പ്രശ്നമാക്കി മാറ്റാനാണ് ഇസ്രായേൽ ശ്രമിച്ചത്, തദ്ദേശിയരെ മാത്രമായി അടിച്ചൊതുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്, പക്ഷേ ഒരൊറ്റ ലക്ഷ്യത്തിനുമേൽ യോജിച്ചു പോരാടുന്ന ഒരു ജനതയെ ഒന്നടങ്കം പരാജയപ്പെടുത്താൻ അവർക്കൊരിക്കലും കഴിയില്ല. എന്നാൽ ഇസ്രായേലിന്റെ വിനാശകരമായ ആഖ്യാനനിർമിതിയിൽ അറബികൾ വീണുപോയി.

ഫലസ്തീൻ ജനതയുടെ ഏക നിയമാനുസൃത പ്രതിനിധികളായി 1965ൽ പി.എൽ.ഓ (ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ) സ്ഥാപിക്കപ്പെട്ടതു മുതൽ ഇന്നുവരെ, ഫലസ്തീൻ പ്രശ്നം ചുരുങ്ങി വരികയാണ് ഉണ്ടായത്. ഒരു അറബ് പ്രശ്നം എന്നതിൽ നിന്നും അത് കേവലം ഫലസ്തീൻ പ്രശ്നമായി ചുരുങ്ങി. ഓസ് ലോ ഉടമ്പടിയിലൂടെ സയണിസ്റ്റ് അധിനിവേശത്തിന് നിയമപരിരക്ഷ ലഭിച്ചു, അതേസമയം ഫലസ്തീനികൾ വെറും കയ്യോടെ മടങ്ങി. വാഗ്ദാനം ചെയ്യപ്പെട്ട സ്വതന്ത്രരാഷ്ട്രം ഇതുവരെ ഫലസ്തീനികൾക്കു ലഭിച്ചിട്ടില്ല. എന്നാൽ ഇസ്രായേലി കൊളോണിയൽ അധിനിവേശം ചരിത്രപ്രധാനമായ ഫലസ്തീൻ ഭൂമി ഒന്നൊന്നായി പിടിച്ചടക്കി.

Also read: ഇമാം ബന്നയും സാമൂഹിക പരിഷ്‌കരണ മാതൃകയും

ഓസ് ലോ കരാൻ മുതൽ, കഴിഞ്ഞ 28 വർഷമായി, ഉപരോധങ്ങൾ, നിരോധനങ്ങൾ, ചൂഷണോപാധികൾ എന്നിവയിലൂടെ ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രായേൽ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. 2006ൽ നടന്ന ഫലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചതിനെ തുടർന്ന്, രാഷ്ട്രീയരംഗത്തു നിന്നും ഇസ്രായേൽ ഹമാസിനെ നീക്കംചെയ്തു, ഇതിലൂടെ ഹമാസിനെ ദുർബലരാക്കുക എന്നതായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. ഇതുതന്നെയാണ് ട്രംപിന്റെ ‘നൂറ്റാണ്ടിന്റെ കരാറും’ പ്രധാനമായി ലക്ഷ്യമിടുന്നത്. ട്രംപ് മുന്നോട്ടു വെച്ചിട്ടുള്ള ‘നൂറ്റാണ്ടിന്റെ കരാർ’ ഇസ്രായേലിന്റെ കോളോണിയൽ അധിനിവേശത്തിന് നിയമപരിരക്ഷ നൽകി, കൂടാതെ ഫലസ്തീൻ ഭൂമി, സമ്പത്ത്, പ്രകൃതിവിഭവങ്ങൾ എന്നിവ കൊള്ളയടിക്കാൻ ഇസ്രായേലിന് അനുമതിയും നൽകി. അറബ് രാജ്യങ്ങളിൽ ഒരു വിഭാഗം ഇസ്രായേലുമായുള്ള ബന്ധം സാധാരണമാക്കിയിട്ടുണ്ട്.

എന്നിരുന്നാലും, ഹമാസ് ഒരിക്കലും അടിയറവ് പറയാൻ പോകുന്നില്ല; ഇസ്രായേലിന്റെ കണ്ണിലെ കരടായി അതു തുടർന്നും നിലകൊള്ളും. ഹമാസ് എന്ന ഇസ്ലാമിക ചെറുത്തുനിൽപ്പ് പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ, അന്തലൂസിയയും മറ്റും ഭൂമുഖത്തു നിന്നും ഇല്ലാതായതു പോലെ, വർഷങ്ങൾക്കു മുമ്പു തന്നെ ഫലസ്തീൻ പൂർണമായും ഭൂമുഖത്തു നിന്നും തുടച്ചുനീക്കപ്പെടുമായിരുന്നു എന്ന കാര്യം വളരെ വ്യക്തമായി തന്നെ നാം മനസ്സിലാക്കേണ്ടതുണ്ട്.

ഫലസ്തീനികൾക്കു മാത്രമല്ല, മുഴുവൻ അറബ് ലോകത്തിനും പ്രതീക്ഷയുടെ പ്രകാശഗോപുരമാണ് ഹമാസ്. അതൊരിക്കലും അണഞ്ഞുപോവുകയില്ല; ഇൻഷാ അല്ലാഹ്.

വിവ. മുഹമ്മദ് ഇർഷാദ്

Facebook Comments
Related Articles
Tags
Close
Close