Faith

ഇമാം ബന്നയും സാമൂഹിക പരിഷ്‌കരണ മാതൃകയും

നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹത്തെ ഏകീകരിച്ചിരുന്ന രാഷ്ട്രീയ വ്യവസ്ഥ കാലാന്തരത്തില്‍ നഷ്ടപ്പെടുകയുണ്ടായി. ഇതിനിടയില്‍, ഒരു വിഭാഗം ഇസ്‌ലാമിക വ്യക്തിത്വത്തില്‍ നിന്നും, പാരമ്പര്യത്തില്‍ നിന്നും വിട്ടുനില്‍ക്കന്‍ ആഗ്രഹിച്ചു. മറ്റൊരു വിഭാഗം നിര്‍ജീവമായി തങ്ങളുടെ പാരമ്പര്യത്തെ പരിഷ്‌കരിക്കാതെ മുറുകെ പിടിച്ചു. മൂന്നാമതൊരു വിഭാഗം ഇസ്‌ലാമിക പാരമ്പര്യത്തില്‍നിന്ന് വിട്ട് നില്‍ക്കുന്നവരെയും, നിര്‍ജീവമായി മുന്നോട്ടുകുന്നവരെയും സംയോജിപ്പിക്കാന്‍ ആഗ്രഹിച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് ഇമാം ഹസനുല്‍ ബന്ന ഇസ്‌ലാമിനെ മുന്നില്‍ വെച്ച് സമൂഹത്തെ ഉണര്‍ത്തുന്നതിനാവശ്യമായ ചിന്താപദ്ധതി സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്നത്. അത് ഇസ്‌ലാമിക സമൂഹം ഉയര്‍ന്നുവന്ന തനതായ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. തീര്‍ച്ചയായും, ഇമാം ഹസനുല്‍ ബന്ന ഒരു പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമാണ്. ചിന്തകളെ സിദ്ധാന്തങ്ങളില്‍ നിന്ന് പ്രായോഗിക മണ്ഡലത്തിലേക്കും, പുസ്തക താളുകളില്‍ നിന്ന് മനുഷ്യ മനസ്സുകളിലേക്കും, പള്ളികളില്‍ നിന്ന് സര്‍വകലാശാലയിലേക്കും, ചെറിയ സങ്കേതങ്ങളില്‍ നിന്ന് സമൂഹമധ്യത്തിലേക്കും കൊണ്ടുവന്ന വ്യക്തിത്വമാണ് ഇമാം ബന്ന.

ധാര്‍മികമായി ഉയര്‍ത്തിയും, ആത്മീയമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടുമാണ് സമൂഹത്തെ രൂപപ്പെടുത്തേണ്ടതെന്ന് അദ്ദേഹം വിശ്വാസിച്ചു. വ്യക്തിയെയും, കുടുംബത്തെയും, സമൂഹത്തെയും രൂപപ്പെടുത്തുന്നതിന് അദ്ദേഹം വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍, അത് പ്രസംഗങ്ങളിലും ഉപദേശങ്ങളിലും മാത്രം അവസാനിക്കുന്ന ഒന്നായിരുന്നില്ല. മറിച്ച്, പരിശീലന പദ്ധതികളിലും, പ്രായോഗിക രീതികളിലും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. അദ്ദേഹം ഗ്രന്ഥങ്ങളിലെ കര്‍മശാസ്ത്ര ഗവേഷണ ജിഹാദില്‍നിന്ന് മാറി ഫലസ്തീനിലെ ജൂതന്മാര്‍ക്കെതിരിലും, കനാലിന്റെ തീരങ്ങളിലെ ബ്രിട്ടീഷ്‌കാര്‍ക്കുമെതിരിലുമുള്ള ജിഹാദിലേക്ക് നീങ്ങി. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും, പ്രാദേശിക ഉല്‍പന്നങ്ങള്‍ പിന്തുണക്കുകയും വൈദേശിക വിഭവങ്ങള്‍ ബഹിഷ്‌കരിക്കുകയും ചെയ്യുന്നതിനും, വ്യവസായം-വ്യാപാരം-അച്ചടി തുടങ്ങിയ മേഖലയെ പ്രത്യകമാക്കിയുള്ള കൂട്ടുപങ്കാളിത്തമുള്ള കമ്പനികള്‍ക്ക് അടിത്തറപാകുന്നതിനുമുള്ള അടിസ്ഥാന തത്വമായി അദ്ദേഹം ഇസ്‌ലാമിക സാമ്പത്തിക കാഴ്ചപ്പാടിനെ മാറ്റി. മൈക്രഫോണ്‍, റേഡിയോ തുടങ്ങിയവ ഉപയോഗിക്കുന്നത് അനുവദനീയമാണോ അല്ലയോ എന്ന ചര്‍ച്ചയില്‍ ആളുകള്‍ മുഴുകികൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹം പത്രപ്രവര്‍ത്തനത്തിന്റെയും, പ്രചരണത്തിന്റെയും പുതിയ വഴികളിലേക്ക് പ്രവേശിച്ചു.

Also read: മാൽക്കം എക്സ് ; ആത്മീയ ഉണർവിന്റെ രാഷ്ട്രീയ രൂപം

ഇസ്‌ലാമിലെ കലാപരമായ മേഖലിയിലേക്കും ഇമാം ബന്ന പ്രവേശിക്കുകയുണ്ടായി. ഇഖ്‌വാന്റെ ശാഖകള്‍ക്കിടയില്‍ അദ്ദേഹം നാടകസംഘങ്ങള്‍ രൂപീകരിച്ചു. ഇഖ്‌വാന്റെ നാടകസംഘം ‘ജമീല്‍ ബുസൈന’ എന്ന നാടകം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ ഈജിപ്തില്‍ കളിച്ചു. ആ ചിത്രീകരണത്തില്‍ ഈജിപ്തിലെ അന്നത്തെ നാടക മേഖലയിലെ താരങ്ങളായ ജോര്‍ജ് അബ്‌യദ്, മഹ്മൂദ് അല്‍മിലീജി, ഫാത്തിമ റുശ്ദ് എന്നിവര്‍ പങ്കെടുത്തു. അദ്ദേഹം യാഥാര്‍ഥ്യമാക്കിയ പരിഷ്‌കരണത്തിന്റെയും നവോന്ഥാനത്തിന്റെയും പ്രത്യേകതയെന്നത് ഇസ്‌ലാമിനെ മുന്നില്‍വെച്ച് കൊണ്ട് സമൂഹത്തിന് പുതിയ ജീവിതവും പരിവര്‍ത്തനവും നല്‍കുക എന്നതായിരുന്നു. അത്, വ്യക്തിയില്‍ നിന്ന് സമൂഹത്തിലേക്കും, വ്യവസ്ഥാപിതമല്ലാത്ത ഉദ്യമങ്ങളില്‍നിന്ന് വ്യവസ്ഥാപിതവും നിയന്ത്രിതവുമായ ശൈലിയിലേക്കുമുള്ള പരിവര്‍ത്തനമായിരുന്നു. ഇത്തരം ചിന്തകളെ കേന്ദ്രീകരിച്ച് നിശ്ചലവും നിര്‍ജീവവുമായ അവസ്ഥക്ക് ശേഷം ഇമാം ഹസനുല്‍ ബന്ന സമൂഹത്തെ പരിഷ്‌കരിച്ച് വിപ്ലവം യാഥാര്‍ഥ്യമാക്കുകയായിരന്നു. ഇസ്‌ലാം, ഇഹത്തിലും പരത്തിലുമുള്ള മനുഷ്യരുടെ എല്ലാ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്യുന്നു. അത് വിശ്വാസവും ആരാധനയുമാണ്, രാജ്യവും ജനതയുമാണ്, മതവും രാഷ്ട്രീയവുമാണ്, അത്മീയതയും പ്രായോഗികതയുമാണ്, യുദ്ധവും സമാധാനവുമാണ്, വിട്ടുവീഴ്ചയും അവകാശങ്ങള്‍ നേടിയെടുക്കലുമാണ്, സംസ്‌കാരവും നിയമവുമാണ്, ഭൗതികവും ആത്മീയവുമാണ്.

ഇമാം ഹസനുല്‍ബന്ന രക്തസാക്ഷിയായി അല്ലാഹുവിലേക്ക് യാത്ര തരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ചിന്തകള്‍ ജീവിക്കുന്നു. ആ ചിന്ത ഇന്നും ശത്രുക്കുളോട് പോരാടുന്നതിനുള്ള മുസ്‌ലിം സമൂഹത്തിന്റെ ശക്തി കേന്ദ്രമാണ്. എപ്പോഴൊക്കെ വിത്ത് ഭൂമിക്ക് മുകളില്‍ മുളച്ച് വളരുന്നുവോ അപ്പോഴൊക്കെ ശത്രുക്കള്‍ അതിന്റെ വേര് ഉറക്കുന്നതിന് മുമ്പായി പിഴുതെറിയാന്‍ വന്നെത്തുന്നു. നമസ്‌കരിക്കാന്‍ പള്ളികളില്‍ ആളുകള്‍ തടിച്ചുകൂടുന്നുവെന്നത് മുസ്‌ലിം രാഷ്ട്രങ്ങളില്‍ വസിക്കുന്ന പാശ്ചാത്യരുടെയും, അവരുടെ പിണിയാളുകളെയും അലോസരപ്പെടുത്തുന്നില്ല. റമദാന്‍ മാസത്തെ ആദരവോടെ സ്വീകരിക്കുന്നത് അവരെ അലോസരപ്പെടുത്തുന്നില്ല. ഇനി, ഹജ്ജ് ചെയ്യുന്ന ഒരുപാട് ഹാജിമാരുടെ എണ്ണവും അവരെ അലോസരപ്പെടുത്തുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാല്‍, അവരെ അസ്വസ്ഥപ്പെടുത്തുന്നത് ഇസ്‌ലാമിക മൂല്യങ്ങളും, നിയമങ്ങളും, ധാര്‍മികതയും രാഷ്ട്രീയ-സാമ്പത്തിക-സംസ്‌കാരിക രംഗങ്ങളില്‍ സ്ഥാപിതമാവുക എന്നതാണ്. ചിന്തയും, ചരക്കുകളും ഇറക്കുമതി ചെയ്യപ്പെട്ടിരുന്ന കമ്പോളത്തില്‍നിന്ന് ഈയൊരു വലിയ ജനക്കൂട്ടത്തെ അതിന് പകരമാകുന്ന ഒന്നിലേക്കും, മത്സരിച്ച് മുന്നേറുവാനുള്ള ആഗ്രഹത്തിലേക്കും ഇമാം ബന്ന സ്വാഗതം ചെയ്തു. ഇമാം ബന്ന അവശേഷിപ്പിച്ചുപോയ പൈതൃകം പരിഷ്‌കരിക്കുകയും, അതില്‍ പുതിയ ഗവേഷണം നടത്തുകയെന്നത് കാലത്തിന്റെ ആവശ്യമാണ്. ഈ ചിന്തകള്‍ ഒരു വിഭാഗത്തിന് കുത്തകയാക്കി വെക്കുവാനുള്ളതല്ല; അത് സമൂഹത്തിന്റേതാണ്.

വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles
Show More
Close
Close