Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കലാപം മൂന്ന് ദിവസം നീണ്ടുനില്‍ക്കില്ല

ഇത് ഒന്നോ രണ്ടോ മണിക്കൂര്‍ ആയിരുന്നെങ്കില്‍ പൊലിസിന് അറിയില്ലായിരുന്നു,മുന്‍കൂട്ടി കണ്ടില്ല എന്നെല്ലാം പറഞ്ഞ് ഒഴിയാമായിരുന്നു. അതും ഒരു പ്രധാന നേതാവ് ഇന്ത്യയുടെ തലസ്ഥാനം സന്ദര്‍ശിക്കുന്ന വേളയില്‍. ഈ സമയം ആഭ്യന്തര മന്ത്രാലയം കണ്ണടച്ചതാണെന്ന വാദത്തെ കുറ്റം പറയാനാവില്ല. രാജ്യത്തിനകത്ത് എത്തിപ്പെടാനാകാത്ത ഒരിടത്താണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ഭൂമിശാസ്ത്രപരമായി കാര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കി എന്ന് നിങ്ങള്‍ക്ക് പറയാമായിരുന്നു.

എന്നാല്‍, അക്രമാസക്തരമായ മുസ്ലിം വിരുദ്ധ ജനക്കൂട്ടത്തിന് ഡല്‍ഹിയില്‍ സൈ്വര്യവിഹാരം നടത്താന്‍ കഴിയുമെങ്കില്‍, ഒരു ഭരണകക്ഷി രാഷ്ട്രീയ നേതാവ് ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ നിന്ന് ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും നിയമം കൈയിലെടുക്കുകയും ചെയ്‌തെങ്കില്‍, നിസ്സംശയം പറയാം അവര്‍ക്ക് ഭരണകൂടത്തിന്റെയും അധികൃതരുടെയും അനുമതിയുണ്ടെന്ന്.

ആക്രമികള്‍ക്കു നേരെ ഡല്‍ഹി പൊലിസ് കണ്ണടക്കുകയോ അല്ലെങ്കില്‍ അക്രമണത്തില്‍ അവര്‍ പങ്കാളികളാവുകയോ ചെയ്തു എന്നാണ് പുറത്തു വന്ന വീഡിയോകളില്‍ നിന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. ബി.ജെ.പി നേതാക്കളുടെ നിശബ്ദത കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ ഭരണകൂടത്തിനുള്ള പങ്ക് സംബന്ധിച്ച് വ്യക്തമാണ്.

Also read: ഉടുമുണ്ട് പൊക്കുന്ന ഇന്ത്യന്‍ ജനാധിപത്യം

ഒന്നിലധികം ദിവസങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഭരണകൂടത്തിന്റെ സജീവമായ ഇടപെടല്‍ ഇല്ലാതെ കഴിയില്ല. മുസ്ലിം വിരുദ്ധ ജനക്കൂട്ടത്തെ തടയാന്‍ പൊലിസിനായിട്ടില്ല. അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ സമാധാനം നിലനിര്‍ത്താന്‍ സൈന്യത്തെ വിളിക്കാന്‍ അവര്‍ ആവശ്യപ്പെടണമായിരുന്നു. ചൊവ്വാഴ്ച യോഗം കൂടിയതിനു ശേഷവും ഡല്‍ഹി പൊലിസ് പറഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നായിരുന്നു. പൊലിസ് അക്രമികളായ ജനക്കൂട്ടത്തില്‍ അംഗമല്ലായിരുന്നെങ്കില്‍ അക്രമണം തലസ്ഥാനനഗരിയുടെ എല്ലാ ഭാഗത്തേക്കും പടരില്ലായിരുന്നു.

ജനക്കൂട്ടത്തിന് പോലീസിന്റെ പിന്തുണയുണ്ടെന്നും ചിലയിടത്ത് അവര്‍ അക്രമികളുടെ കൂടെ സജീവമായി ഇടപെട്ടതായും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പുറത്തുവന്ന റിപ്പോര്‍ട്ടുകളിലും ദൃക്സാക്ഷി വിവരണങ്ങളിലും വ്യക്തമാണ്. ”ഇരുവശത്തുനിന്നും” ആക്രമണമുണ്ടായി എന്ന് ചിലര്‍ പറയുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് കല്ലെറിഞ്ഞ സംഭവങ്ങളുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല, എന്നാല്‍ ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്ന പക്ഷപാതപരമായ സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതിനാല്‍ തന്നെയാണ് ഇത് പ്രതികാരനടപടിയിലേക്ക് നയിക്കുന്ന ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ജനക്കൂട്ട അക്രമമാണെന്ന് പറയേണ്ടി വരുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തലസ്ഥാനം സന്ദര്‍ശിക്കുന്ന സമയത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്തിനാണ് ഇത്തരം അക്രമങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ല, ഇത്തരം അനുമാനങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ പലരും ഉപയോഗിച്ചത്, മതപരമായ ഭിന്നിപ്പും അക്രമപരവുമായ വിദ്വേഷപ്രസംഗങ്ങളായ ‘രാജ്യദ്രോഹികളെ വെടിവെക്കൂ’ ‘ഞങ്ങള്‍ അവരുടെ വീടുകളില്‍ പ്രവേശിച്ച് അടിക്കും’,’ ഒരേയൊരു പേര് മാത്രമേയുള്ളൂ, അതാണ് ജയ് ശ്രീ റാം.’ എന്നിവ മറികടക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ്.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്ന് അമിത് ഷാ തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലോടലിന് മാത്രമാണ് വിധേയമായത്. ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണ് പൊലിസിന് അന്ത്യശാസനം നല്‍കുകയും നിലവിലെ ആക്രമണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തത്. ഡല്‍ഹിയിലെ മറ്റു ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളെ ചോദ്യം ചെയ്തിരുന്നെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പതിവു പോലെ നിശബ്ദത പാലിച്ചു. ഇവയെല്ലാം വീണ്ടും ശരിയായ നിഗമനത്തിലേക്കാണ് നയിക്കുന്നത്. ഡല്‍ഹിയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന കലാപത്തിന്റെ ഉത്തരവാദിത്വം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനാണ്.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles