Current Date

Search
Close this search box.
Search
Close this search box.

സ്വന്തത്തിനു വേണ്ടി കുഴി കുഴിക്കുന്നവര്‍

കഴിഞ്ഞ ദിവസം ഒരു ബന്ധുവിനെ കാണാന്‍ പോയിരുന്നു. എമ്പതോടടുത്ത ഒരു വൃദ്ധയെ. ആ വീട്ടില്‍ അവര്‍ മാത്രമാണ് താമസം. തൊട്ടടുത്ത വീട്ടിലെ ചില സ്ത്രീകളെയും അവിടെ കണ്ടു. സംസാരത്തില്‍ അവരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും അവര്‍ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു അവരുടെ കണ്ണ് നനയുന്നതും കണ്ടു. ഭര്‍ത്താവും മക്കളുമില്ലാത്ത അവര്‍ മരണത്തെ കാത്തിരിക്കുന്നത് പോലെ തോന്നി. ആരോഗ്യത്തിനു കാര്യമായ പ്രശ്നമില്ലെങ്കിലും അവരുടെ മനസ്സ് വല്ലാതെ വേദനിക്കുന്നു എന്ന് മനസ്സിലായി. യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ അവരുടെ ധൈന്യതുടെ മുഖം മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല.

അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായി. നാട്ടിലെ ഒരു വലിയ തറവാടിന്റെ ഭാഗമാണ് അവരും. കുറച്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. ഭര്‍ത്താവിന്റെ സ്വത്തു മക്കളില്ല എന്നതിന്റെ പേരില്‍ ഭര്‍ത്താവിന്റെ കുടുമ്പക്കാര്‍ക്കും ലഭിച്ചു. തന്റെ സ്വത്തു മറ്റാര്‍ക്കും ലഭിക്കുന്നത് അവര്‍ക്ക് ഇഷ്ടമായില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്തു മുഴുവന്‍ തന്നെ നോക്കിക്കൊള്ളാം എന്ന കരാറില്‍ ഒരു ബന്ധുവിന് എഴുതി കൊടുത്തു. സ്വത്തു കയ്യില്‍ വന്നപ്പോള്‍ ബന്ധുവിന്റെ സ്വഭാവം മാറി. അന്ന് തന്നെ പലരും അവരെ അങ്ങിനെ ചെയ്യുന്നതില്‍ നിന്നും തടഞ്ഞിരുന്നു. അവര്‍ ആരുടെ ഉപദേശവും കേള്‍ക്കാന്‍ സന്നധമായില്ല. അതിന്റെ ബാക്കി പത്രമാണ്‌ ഇപ്പോള്‍ അവര്‍ അനുഭവിക്കുന്നത്. ഇപ്പോഴും അവര്‍ക്ക് തണല്‍ ഭര്‍ത്താവിന്റെ വീട്ടുകാരാണ് എന്നതാണു അതിലെ വൈരുധ്യം.

ഇത് ഒരു ഒറ്റപ്പെട്ട സംഭാവമാകാന്‍ ഇടയില്ല. സമ്പത്തിനെ കുറിച്ച് ഇസ്ലാമിന്റെ നിലപാട് വളരെ കൃത്യമാണ്. “ അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നാധാരമാക്കിവെച്ചിട്ടുള്ള സമ്പത്ത് മൂഢന്‍മാരെ ഏല്‍പിക്കാതിരിക്കുക”. എന്നത് ഒരു കല്‍പ്പന കൂടിയാണ്. സമ്പത്ത് ഉണ്ടാകാന്‍ പലപ്പോഴും ബുദ്ധിമുട്ട് വരില്ല അതെ സമയം അത് നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒരാളുടെ സമ്പത്തിന്റെ അവകാശികളെ കൂടി ഇസ്ലാം നിര്‍ണ്ണയിച്ചിരിക്കുന്നു. രണ്ടു രീതിയിലാണ് ആളുകള്‍ക്ക് ബുദ്ധിമോശം വരാന്‍ സാധ്യത. ഒന്ന് താന്‍ മരിച്ചാല്‍ തന്‍റെ അവകാശം നിയമ പരമായ അവകാശികള്‍ക്ക് ലഭിക്കരുത്‌ എന്ന കാരണത്താല്‍ മറ്റു ചിലര്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ തന്നെ എഴുതി നല്‍കുന്നു. മറ്റൊന്ന് തനിക്കു ശേഷം മക്കള്‍ സമ്പത്തിനു വേണ്ടി പരസ്പരം എതിരിടേണ്ട എന്ന തീരുമാനത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സമ്പത്ത് മക്കള്‍ക്ക്‌ എഴുതി കൊടുക്കുന്നു. ഇത് രണ്ടും ബാധിക്കുന്നത് ജീവിച്ചിരിക്കുന്ന തന്നെതന്നെയാണ് എന്നാരും ഓര്‍ക്കാറില്ല.
സമ്പത്ത് മൂന്ന് രീതിയില്‍ ചിലവഴിക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നു. അതില്‍ രണ്ടു രീതിയില്‍ മാത്രമേ അതിന്റെ ഉടമസ്ഥന് കഴിയൂ. അല്ലെങ്കില്‍ അയാള്‍ക്ക് രണ്ടു രീതിയില്‍ മാത്രമേ ഉത്തരവാദിത്തമുള്ളു. ഒന്ന് സകാത്ത് മറ്റൊന്ന് സദഖ:. മൂന്നാമത്തേത് അനന്തരാവകാശമാണ്. മരണപ്പെട്ടയാള്‍ക്ക് സാമ്പത്തുണ്ടെങ്കില്‍ അത് സ്വാഭാവികമായും നടക്കും. അതിന്റെ നടത്തിപ്പിലോ വിതരണത്തിലോ അയാള്‍ക്ക്‌ ഒരു അധികാരവുമില്ല എന്ന് സാരം. താന്‍ ജീവിച്ചിരിക്കുമ്പോഴാണ് സമ്പത്ത് ഉപയോഗപ്പെണ്ടത്. മരണ ശേഷം തന്റെ സമ്പത്ത് തനിക്കു ഗുണം ചെയ്യണം എന്നാണെങ്കില്‍ പോലും ജീവിച്ചിരിക്കുന്ന കാലത്ത് അതിനെ ശരിയായ മാര്‍ഗത്തില്‍ പരിചരിക്കണം. അതെ സമയം പലര്‍ക്കും അവരുടെ സമ്പത്ത് ഈ ലോകത്തോ പരലോകത്തോ ഉപകാരപ്പെടുന്നില്ല എന്നതാണ് വാസ്തവം. ആരും കൊണ്ട് പോകരുത് എന്ന് കരുതി കിണറ്റില്‍ മുട്ടയിട്ട പക്ഷിയുടെ കഥയാണ് ഓര്‍മ്മ വരിക.

Also read: വൂഡ്രോ വിൽസൺ: ഒരു സമാധാന നൊബേൽ ജേതാവിന്റെ വംശീയ പൈതൃകം

ധനത്തിനെ വിശ്വാസികളുടെ ആയുധം എന്ന് പൂര്‍വ പണ്ഡിതര്‍ സൂചിപ്പിച്ചിരുന്നു. അന്യരെ ആശ്രയിച്ചു ജീവിക്കുന്നതിനേക്കാള്‍ ഉത്തമം സമ്പത്ത് അവശേഷിപ്പിചു മരിച്ചു പോകുന്നതാണു എന്നവര്‍ മനസ്സിലാക്കിയിരുന്നു. കച്ചവടക്കാരനായ സുഫ് യാനുസ്സൌരിയോടു ഒരിക്കല്‍ ഒരാള്‍ ചോദിചു . “ ഈ കച്ചവടം താങ്കളെ ഈ ലോകത്തോടല്ലേ കൂടുതല്‍ അടുപ്പിക്കുന്നത്. അദ്ദേഹം പ്രതികരിച്ചു. “ അതെന്നെ ഈ ലോകത്തോട്‌ അടുപ്പിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പരലോകവുമായും എന്നെ അടുപ്പിക്കും”.

തന്റെ സമ്പത്ത് തന്റെ മരണം വരെ തന്റെ ഉടമസ്ഥതയില്‍ ആകുക എന്നതാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. ഒരാളുടെ അഭിമാനം സംരക്ഷിക്കുന്നതില്‍ സമ്പത്തിന്റെ പങ്കു വലുതാണ്‌. തന്റെ അധീനതയിലായിരുന്ന സമ്പത്ത് ജീവിത കാലത്ത് തന്നെ ആളുകള്‍ക്ക് എഴുതി കൊടുത്തു പിന്നെ ആളുകളുടെ ( മക്കളായാല്‍ പോലും) ഔദാര്യത്തില്‍ ജീവിക്കുന്ന നിന്ദ്യത ഇസ്ലാം ആഗ്രഹിക്കുന്നില്ല. ഇന്ന് പലരും നിന്ദ്യത വിളിച്ചു വരുത്തുന്നു. പിന്നെ വിധിയില്‍ അഭയം തേടുകയും ചെയ്യും. അഭിമാനം ഇസ്ലാം വില കല്‍പ്പിക്കുന്ന ഒന്നാണു. അല്ലാഹു പറഞ്ഞത് ദാനത്തെ കുറിച്ചും അനന്തരാവകാശത്തെ കുറിച്ചുമാണ്. ഒന്നാമതത്തെത് അയാളുടെ സാമ്പത്തിക അവസ്ഥ അനുസരിച്ചാണ്. രണ്ടാമത്തെത് അയാള്‍ വിട്ടേച്ചു പോകുന്ന സമ്പത്തിനെ കുറിച്ചും. ദൈവം ആഗ്രഹിക്കാത്ത കാര്യം നടപ്പാക്കി ജീവിതത്തില്‍ കൈകടിക്കാന്‍ ഇടവന്നാല്‍ അതിനു വിധിയെ പറഞ്ഞിട്ട് കാര്യമില്ല.

Also read: മദീന മുസ്ഹഫ് ആപ്പ് പുതിയ രൂപത്തില്‍

ഒരിക്കല്‍ നാട്ടിലെ ഒരു പണക്കാരന്റെ വീട്ടില്‍ ഒരു പിരിവുമായി ചെന്നു. അവസാനം അയാള്‍ അകത്തേക്ക് പോയി മകനുമായി സംസാരിക്കുന്നത് കേട്ടു. തിരിച്ചു വന്നു അയാള്‍ ഒരു ചെറിയ സംഖ്യ നല്‍കി. അയാളുടെ പദവി നോക്കിയാല്‍ അത് തീര്‍ത്തും ചെറുതാണ്. പുറത്തേക്കു ഇറങ്ങുമ്പോള്‍ അയാള്‍ പതുക്കെ പറഞ്ഞു “ എന്റെ പേരില്‍ ഇപ്പോള്‍ ഒന്നുമില്ല . അതൊക്കെ മക്കള്‍ക്ക്‌ നല്‍കി. ഇപ്പോള്‍ അവര്‍ തരുന്നതല്ലേ കൊടുക്കാന്‍ പറ്റൂ”. താന്‍ അധ്വാനിച്ചു സമ്പാദിച്ച സ്വത്തില്‍ അയാള്‍ ഒരു ഭിക്ഷക്കാരന്‍ ആകേണ്ട അവസ്ഥ വല്ലാതെ തളര്‍ത്തി. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമ്പോള്‍ കയറ്റാന്‍ ആരും കാണില്ല എന്ന ബോധമാണ് സമ്പത്തിന്റെ കാര്യത്തില്‍ നമുക്ക് ഉണ്ടാകേണ്ടത്.

Related Articles