Current Date

Search
Close this search box.
Search
Close this search box.

സോഷ്യൽ മീഡിയ വഴി സ്ത്രീകള്‍ നടത്തുന്ന വിവാഹ അഭ്യര്‍ത്ഥന

ഈയടുത്തായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ക്ലിപ്പുകള്‍ വഴി ചില സ്ത്രീകള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതായി കാണുന്നുണ്ട്. മുസ്ലിം സമൂഹത്തില്‍ ഒരിക്കലും പരിചിതമല്ലാത്ത ഒരു മാര്‍ഗമാണിത്. നൂതന ആശയവിനിമയ മാര്‍ഗങ്ങളിലൂടെ അനായാസം ഫോട്ടോ എടുക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയതോടെയാണ് ഇത്തരം രൂപങ്ങളെല്ലാം വ്യാപകമായത്.

സ്ത്രീ സ്വയം വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതിന്‍റെ വിധി

രണ്ട് രീതിയിലാണ് സ്ത്രീകള്‍ സ്വയം വിവാഹ അഭ്യര്‍ത്ഥന നടത്താറുള്ളത്:
1- ഒരു സ്ത്രീ മറ്റൊരു പുരുഷനോട് നേരിട്ട് വിവാഹ അഭ്യര്‍ത്ഥന നടത്തുക; സല്‍വൃത്തനായ ഒരു പുരുഷനോട് സ്ത്രീ സ്വയം വിവാഹ അഭ്യര്‍ത്ഥന നടത്തുന്നത് അനുവദനീയമാണ്. അല്ലാഹു പറയുന്നു: ‘ഒരു സത്യവിശ്വാസിനി സ്വദേഹം നബിക്കു സമര്‍പ്പിക്കുന്ന പക്ഷം നബി അവളെ വേള്‍ക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അത്- ഇത് അങ്ങേക്ക് മാത്രമുള്ളതാണ്, മറ്റു വിശ്വാസികള്‍ക്കില്ല- താങ്കള്‍ക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു'(അഹ്സാബ്: 50). സാബിത്തുല്‍ ബനാനി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; അദ്ദേഹം പറയുന്നു: ഒരിക്കല്‍ ഞാന്‍ അനസ്(റ) ന്‍റെ അടുത്തിരിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്‍റെ മകളുമുണ്ടായിരുന്നു. അന്നേരം അനസ്(റ) പറഞ്ഞു: ഒരിക്കല്‍ ഒരു സ്ത്രീ നബിക്കരികില്‍ വന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തി: പ്രവാചകരെ, എന്നെ നിങ്ങള്‍ ഭാര്യയായി സ്വീകരിക്കുമോ? ഇതുകേട്ട് അനസ്(റ) ന്‍റെ മകള്‍ പറഞ്ഞു: എത്ര ലജ്ജാവഹമാണ് ആ സ്ത്രീ ചെയ്തത്. വളരെ മോശമായിപ്പോയി. അന്നേരം അവളോട് അനസ്(റ) പറഞ്ഞു: അവള്‍ നിന്നേക്കാള്‍ ഉത്തമയാണ്. അവള്‍ക്ക് നബിയെ ഇഷ്ടമാവുകയും അത് നബിയോട് നേരിട്ട് ചെന്ന് പറയുകയുമാണ് ആ സ്ത്രീ ചെയ്തത്(ബുഖാരി, നസാഈ).
ഇമാം ഇബ്നു ബത്താലിന്‍റെ ശര്‍ഹു സ്വഹീഹുല്‍ ബുഖാരിയില്‍ ഈ ഹദീസിന്(227/7) അദ്ദേഹം വിശദീകരണം നല്‍കുന്നു; മുല്‍ഹിബ് എന്നവര്‍ പറയുന്നു: സല്‍വൃത്തനായ ഒരു പുരുഷനോട് സ്ത്രീ വിവാഹ അഭ്യര്‍ത്ഥന നടത്തുന്നത് അനുവദനീയമാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. ഒരു പുരുഷനിലുള്ള നന്മയും ശ്രേഷ്ഠതയും അറിവും മഹത്വവും മതവുമായി ബന്ധപ്പെട്ട മറ്റെന്ത് കാര്യം കൊണ്ടും ഒരു സ്ത്രീക്ക് അവനോട് വിവാഹ അഭ്യര്‍ത്ഥന നടത്താവുന്നതാണ്. അതൊരിക്കലും മോശമായി കാണേണ്ടതില്ല. മാത്രമല്ല, അത് അവളുടെ ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുകയോ ഉള്ളൂ. അനസ്(റ) തന്‍റെ മകളോട് ‘അവള്‍ നിന്നേക്കാള്‍ ഉത്തമയായ സ്ത്രീയാണ്’ എന്ന് പറഞ്ഞതില്‍ നിന്ന് അത് വ്യക്തമാണ്. അതുപോലെ തന്നെ ഒരു സ്ത്രീ വിവാഹ അഭ്യര്‍ത്ഥനയുമായി വന്നാല്‍ തനിക്കും അവളെ ഇഷ്ടപ്പെട്ടാല്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കാവൂ. അതുകൊണ്ടാണ് തിരുനബി ആ സ്ത്രീയെ നോക്കുകയും പ്രത്യേക ഇഷ്ടം തോന്നാത്തതിനാല്‍ അഭ്യര്‍ത്ഥന സ്വീകരിക്കാതിരിക്കുകയും ചെയ്തത്.

ഉംദത്തുല്‍ ഖാരിയില്‍(113/20) മഹാനായ ബദറുദ്ദീനുല്‍ ഐനി പറയുന്നു: ‘അവള്‍ നിന്നേക്കാള്‍ ഉത്തമയായ സ്ത്രീയാണ്’ എന്ന വാചകത്തില്‍ നിന്ന് സൽവൃത്തനായ ഒരു പുരുഷനോട് അവനിലുള്ള അറിവും മഹത്വവും നന്മയും ശ്രേഷ്ഠതയും കാരണമായി സ്ത്രീക്ക് നേരിട്ട് വിവാഹ അഭ്യര്‍ത്ഥന നടത്തല്‍ അനുവദനീയമാണെന്ന് വ്യക്തമാണ്. അതൊരു ന്യൂനതയല്ല. മറിച്ച് അവളുടെ ശ്രേഷ്ഠതയെ ആണ് അത് അറിയിക്കുന്നത്. കാര്യത്തിന്‍റെ ബാഹ്യ രൂപത്തിലാണ് അനസ്(റ) ന്‍റെ മകള്‍ ശ്രദ്ധിച്ചത്. അതിന്‍റെ ആന്തരിക രൂപത്തെക്കുറിച്ച് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അനസ്(റ) മകളോട് അവള്‍ നിന്നെക്കാള്‍ ഉത്തമയായ സ്ത്രീകയാണെന്ന് പറഞ്ഞത്. എന്നാല്‍ ഏതെങ്കിലും ഒരു സ്ത്രീ ഐഹികമായ വല്ല ലക്ഷ്യത്തിനും വേണ്ടിയാണ് ഒരു പുരുഷനോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നത് എങ്കില്‍ ഏറ്റവും മോശപ്പെട്ട കാര്യം തന്നെയാണത്.

Also read: വൂഡ്രോ വിൽസൺ: ഒരു സമാധാന നൊബേൽ ജേതാവിന്റെ വംശീയ പൈതൃകം

ചില കര്‍മ്മശാസ്ത്ര പണ്ഡിതന്മാരും ഇത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദുല്‍ കൂറാനി ഈ ഹദീസ് ഉദ്ധരിച്ച് സല്‍വൃത്തനായ ഒരു പുരുഷനോട് സ്ത്രീ വിവാഹ അഭ്യര്‍ത്ഥന നടത്തുന്നത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്(അല്‍കൗസറുല്‍ ജാരി ഇലാ രിയാളി അഹാദീസില്‍ ബുഖാരി, 113/20). ഇത്തരത്തിലുള്ള വിവാഹ അഭ്യര്‍ത്ഥന അനുവദനീയമാണെങ്കിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാര്‍ക്കടുത്തും അത് അനുവദനീയമല്ല. അത് പിതാവോ പിതാവിന്‍റെ സ്ഥാനത്ത് നില്‍ക്കുന്ന മറ്റാരെങ്കിലും അന്വേഷിക്കലാണ് നല്ലത്. മഹാനായ ഇബ്നു ഹജര്‍ പറയുന്നു: അറിവും നന്മയുമുള്ള ഒരു പുരുഷനോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നത് കൊണ്ട് വല്ല നേട്ടവും ഉണ്ടാവുമെങ്കില്‍ ഒരു വ്യക്തിക്ക് തന്‍റെ മകള്‍ക്കോ ഉടമസ്ഥത അവകാശമുള്ള മറ്റു സ്ത്രീകള്‍ക്കോ വേണ്ടി വിവാഹ അഭ്യര്‍ത്ഥന നടത്താവുന്നതാണ്. അതില്‍ ലജ്ജ തോന്നേണ്ടതില്ല. വിവാഹിതനാണെങ്കില്‍ കൂടി അയാളോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതില്‍ പ്രശ്നമില്ല. കാരണം, അബൂബക്കര്‍(റ) വിവാഹിതനായിരിക്കെയാണ് അദ്ദേഹത്തോട് ഒരു സ്ത്രീ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്.

പ്രവാചകന്‍ ശുഹൈബ് നബി മൂസാ നബിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന ഒരു സംഭവത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്: ‘എട്ടുകൊല്ലം എന്‍റെ കൂലിക്കാരനാകണമെന്ന ഉപാധിയോടെ ഇരുപുത്രികളിലൊരുത്തിയെ നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരാന്‍ ഞാനാഗ്രഹിക്കുകയാണ്. പത്തുകൊല്ലം തികക്കുകയാണെങ്കില്‍ അത് നിങ്ങളുടെയിഷ്ടം; നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സദ് വൃത്തനായ ഒരു വ്യക്തിയായി-ഇന്‍ ശാഅല്ലാഹ്- നിങ്ങള്‍ക്കെന്നെ കാണാം'(ഖസസ്: 27). അതുപോലെ തന്നെ മഹതി ഖദീജ ബിന്‍ത് ഖുവൈലിദ് നബിയുടെ സല്‍സ്വഭാവത്തിലും പെരുമാറ്റത്തിലും ആകൃഷ്ടയായി കൂട്ടുകാരി നഫീസ ബിന്‍ത് മുനയ്യയെ നബി തങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ചു. ഖദീജ ബീവിക്ക് വേണ്ടി നഫീസ ബിന്‍ത് മുനയ്യ വിവാഹ അഭ്യര്‍ത്ഥന നടത്തി. പ്രവാചകന്‍(സ്വ) അത് സ്വീകരിക്കുകയും ചെയ്തു. ഖദീജ ബീവിയുടെ വിവാഹ ചുമതല പിതാവ് ഖുവൈലിദ് സന്തേഷപൂര്‍വം ഏറ്റെടുത്തു. ഉമര്‍(റ) നെ തൊട്ട് പുത്രന്‍ അബ്ദുല്ലാഹ് ഉദ്ധരിക്കുന്നത് കാണാം; ഹഫ്സ ബിന്‍ത് ഉമര്‍ വിധവയായിരുന്ന(പ്രമുഖ സ്വഹാബി ഖുനൈസ് ഇബ്ന്‍ ഹുദാഫതു സഹമി ആയിരുന്നു ഭര്‍ത്താവ്. അദ്ദേഹം ബദ്റില്‍ ശഹീദാവുകയും മദീനയില്‍ മറവു ചെയ്യപ്പെടുകയുമാണുണ്ടായത്) സാഹചര്യത്തെക്കുറിച്ച് ഉമര്‍(റ) പറയുന്നു: ഉസ്മാന്‍ ഇബ്ന്‍ അഫാനെ കണ്ടപ്പോള്‍ ഞാന്‍ ഹഫ്സക്ക് വേണ്ടി അദ്ദേഹത്തോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഉമറിന്‍റെ മകള്‍ ഹഫ്സയെ നിങ്ങള്‍ക്ക് നിക്കാഹ് ചെയ്തു തരാം. ഞാനൊന്ന് ആലോചിക്കട്ടെയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം എന്നെ കണ്ട് പറഞ്ഞു: ഇപ്പോള്‍ ഒരു വിവാഹം വേണ്ടെന്നാണ് എന്‍റെ മനസ്സ് പറയുന്നത്. ഉമര്‍(റ) പറയുന്നു: പിന്നീട് ഞാന്‍ അബൂബക്കര്‍ സിദ്ദീഖി(റ) നെ ചെന്നു കണ്ടു: നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉമറിന്‍റെ മകള്‍ ഹഫ്സയെ നിങ്ങള്‍ക്ക് നിക്കാഹ് ചെയ്തു തരാം. അബൂബക്കര്‍(റ) ഒന്നും മിണ്ടിയില്ല. ഉസ്മാന്‍(റ) നിരസിച്ചപ്പോള്‍ അനുഭവപ്പെടാത്ത ദുഖം അബൂബക്കര്‍(റ) പ്രതികരിക്കാതിരുന്നപ്പോള്‍ എന്നിലുണ്ടായി. കുറിച്ച് ദിവസം കഴിഞ്ഞ് പ്രവാചകന്‍(സ്വ) ഹഫ്സ ബീവിക്ക് വേണ്ടി എന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. അങ്ങനെ ഞാന്‍ എന്‍റെ മകളെ പ്രവാചകന് നിക്കാഹ് ചെയ്തു കൊടുത്തു. പിന്നീട് അബൂബക്കര്‍(റ) എന്നെ വന്നുകണ്ടു: ഹഫ്സ ബീവിക്ക് വേണ്ടി എന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഞാന്‍ പ്രതികരിക്കാതിരുന്നത് നിങ്ങള്‍ക്ക് സങ്കടമായല്ലേ? അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അന്നേരം അദ്ദേഹം പറഞ്ഞു: പ്രവാചകന്‍ മഹതിയെക്കുറിച്ച് സംസാരിച്ചിരുന്നു. അതുകൊണ്ടാണ് ഞാനൊന്നും പറയാതിരുന്നത്. പ്രവാചകന്‍റെ രഹസ്യം വെളിപ്പെടുത്താന്‍ ഞാന്‍ ഇഷ്ടപ്പെട്ടതുമില്ല. പ്രവാചകന്‍ വിവാഹം ചെയ്തില്ലായിരുന്നുവെങ്കില്‍ ഉറപ്പായും ഞാന്‍ തന്നെ മഹതിയെ വിവാഹം ചെയ്യുമായിരുന്നു.

Also read: സ്വന്തത്തിനു വേണ്ടി കുഴി കുഴിക്കുന്നവര്‍

2- സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ സ്വയം വിവാഹ അഭ്യര്‍ത്ഥന നടത്തുക; സൽവൃത്തനായ ഒരു പുരുഷനെ കണ്ട് ഇഷ്ടപ്പെട്ട് അയാളോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതും സമൂഹ മാധ്യമങ്ങള്‍ വഴി വിവാഹ അഭ്യർത്ഥന നടത്തുന്നതും തമ്മിലുള്ള വ്യത്യാസം, രണ്ടാമത്തെത് സ്ത്രീ പ്രകൃതത്തിന് നിരക്കാത്തതും അവളിലെ ലജ്ജയെ എടുത്തു കളയുന്നതുമാണ്. എല്ലാവര്‍ക്കുമായി എടുത്തുവെക്കുന്ന ഭക്ഷണം പോലെയാണത്. യുവാക്കളും അല്ലാത്തവരുമടങ്ങുന്ന ജനത്തോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതും സമൂഹ മാധ്യമങ്ങള്‍ വഴി സംസാരിക്കുന്നതും ഒരിക്കലും ശരിയല്ല. ആ കൂട്ടത്തില്‍ മുസ്ലിംകള്‍ അല്ലാത്തവരും ഉണ്ടാകുമെന്നതില്‍ സംശയമില്ല. മാത്രമല്ല, അതെല്ലാം വലിയ അപകടത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

ശറഇയ്യായ ചില നിയമങ്ങള്‍ പ്രകാരം ഇതൊരിക്കലും അംഗീകരിക്കാനാകില്ല. അതില്‍ ചിലത്;
1- ഒഴികഴിവുകള്‍ ഇല്ലാതാക്കുക; ഇത്തരം മാര്‍ഗങ്ങള്‍ സ്ത്രീകള്‍ക്ക് ഒരിക്കലും സുരക്ഷിതമല്ല. അതില്‍ ഭൂരിഭാഗവും അപകടങ്ങളിലേക്കാണ് ചെന്നെത്തുക.
2- നിരന്തരമായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും; പ്രവാചകന്‍(സ്വ) പറയുന്നു: ‘സ്വയം ബുദ്ധിമുട്ടരുത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയുമരുത്
3- ആഗ്രങ്ങള്‍; എല്ലാവര്‍ക്കും അറിയാവുന്നത് പോലെത്തന്നെ തെമ്മാടിത്തരങ്ങളാണ് അത്തരം വിവാഹ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് ഉണ്ടാവുക. വിവാഹമെന്ന പേരില്‍ അവള്‍ക്ക് പല യുവാക്കളെയും ചെന്ന് കാണേണ്ട അവസ്ഥ വരും. അത് അവള്‍ക്ക് പ്രശ്നങ്ങളല്ലാതെ മറ്റൊന്നും കൊണ്ടുവരികയില്ല. അതുകൊണ്ടാണ് ശരീഅത്ത് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വിവാഹ അഭ്യര്‍ത്ഥന വിലക്കാന്‍ കാരണം.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles