Opinion

ചെറുത്തുനിൽപ്പിന്റെ കാലത്തെ കവിത

പൗരത്വ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുയരാൻ തുടങ്ങി മൂന്ന് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. പ്രതിഷേധത്തിന് രാജ്യത്തിന് പുറത്തേക്കും കാര്യമായി വളരാൻ കഴിഞ്ഞിട്ടുണ്ട്. ജാമിയ മില്ലിയ സർവകലാശാലയാണ് പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ചതെങ്കിൽ മറ്റു യൂണിവേഴ്സിറ്റികളും ഒട്ടും വൈകാതെ സമരത്തിൽ പങ്കുചേരുന്നത് നാം കണ്ടു. ഡൽഹി പോലീസ് വിദ്യാർത്ഥികൾക്കെതിരെ അഴിച്ചുവിട്ട ക്രൂരതകൾക്കെതിരെയാണ് പ്രക്ഷോഭം രൂപം കൊണ്ടതെങ്കിൽ പിന്നീടത് മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന ബില്ലിനെതിരെയുള്ള താക്കീതായി മാറുകയായിരുന്നു. കവിതയിലൂടെ കലയെ പ്രക്ഷോഭത്തിന്റെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ചു എന്നതാണ് സിഎഎ വിരുദ്ധ സമരങ്ങളുടെ പ്രധാന സവിശേഷത. തെരുവ് നാടകങ്ങൾ, റാപ് ഗാനങ്ങൾ, പെയിന്റിങ്ങുകൾ തുടങ്ങി വ്യത്യസ്ത കലാരൂപങ്ങളിലൂടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും കവിതക്കാണ് കൂടുതൽ പ്രേക്ഷകരും അനുവാചകരുമുണ്ടായത്.

കവിതയും പ്രക്ഷോഭവും
ഫാഷിസം, പീഡനങ്ങൾ, അനീതി തുടങ്ങിയവക്കെല്ലാമെതിരായി സാമൂഹിക മാറ്റത്തിനായി എപ്പോഴും മുന്നിൽ നിന്നത് കവിതയാണ്. കബീർ, രവിദാസ് തുടങ്ങി ബ്രാഹ്മനിക് മേധാവിത്വത്തിനും ജാതീയ വിവേചനങ്ങൾക്കുമെതിരെ ശബ്ദിച്ച ഒട്ടേറെ കവികളുടെ പാരമ്പര്യം ഇന്ത്യക്കുണ്ട്. സമാനമായി, പാശ്ചാത്യ ലോകത്തും അമേരിക്കയിലെ വർണ വിവേചനങ്ങൾക്കെതിരെ ടോണി മോറിസൻ, ആലീസ് വാക്കർ, മായ എയ്ഞ്ചലോ എന്നിവർ ശക്തമായ കവിതകൾ പടക്കുകയുണ്ടായി. അഥവാ, ഇരുപതാം നൂറ്റാണ്ടിലെ റാഡിക്കൽ അടിമത്തവിരുദ്ധ കവിതകളിൽ മുഖ്യ പങ്കും ബ്ലാക്ക്, ദളിത് ധാരകളുടെതായിരുന്നു. സാമൂഹിക, രാഷ്ട്രീയ വേർതിരിവുകൾ, സാമൂഹിക ഉച്ചനീചത്വങ്ങൾ, ഫാഷിസത്തിന്റെ ഉദയം തുടങ്ങിയവക്കെല്ലാമെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങൾ ഇന്നത്തെ ലോകത്ത് നടക്കുന്നുണ്ട്. ചിലെ, കൊളംബിയ, ഇന്ത്യ, സിറിയ, ഹോങ്കോങ് എന്നിവിടങ്ങളിലാണ്‌ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഇന്ന് നടക്കുന്നത്. പ്രശസ്ത ആഗോള മാധ്യമ ഭീമനായ വാഷിങ്ടൺ പോസ്റ്റ് ഈയിടെ 2019 നെ തെരുവ് പ്രക്ഷോഭകരുടെ വർഷം എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
ഒരു പ്രക്ഷോഭം രൂപപ്പെടാൻ ഒട്ടേറെ ചേരുവകളുടെ ആവശ്യമുണ്ട്. പ്രാദേശികമായ ദുരിതങ്ങൾക്ക് പുറമെ ഇലക്ടറൽ രാഷ്ട്രീയത്തിൽ ജനങ്ങൾക്കുണ്ടായ മടുപ്പും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുണ്ടായ അസമത്വവും അനീതിയുമെല്ലാം ആണ് പ്രക്ഷോഭകരെ ഇളക്കിവിട്ടത്. മോദി സർക്കാറിനെതിരെ ലോകവ്യാപകമായി ഉയരുന്ന പ്രക്ഷോഭങ്ങളെയും വായിക്കേണ്ടത് നവലിബറൽ നയങ്ങൾക്കും സ്റ്റേറ്റിന്റെ ഫാഷിസ്റ്റ് സ്വഭവത്തിനുമെതിരെ ജനങ്ങളോട് ഐക്യപ്പെടുന്ന കവിതകൾ സൃഷ്ടിക്കുന്ന ചെറുത്തുനിൽപ്പിന്റെ ഉണർവിലാണ്. കവിതകൾ രചിച്ച് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമില്ലായ്മയെ ചോദ്യം ചെയ്തത് പൗരന്മാരുടെ പ്രശ്നങ്ങളിലേക്ക് അവരെ വഴിനടത്തുന്നത് കവികളാണ്.

Also read: എന്റെ കുഞ്ഞിനോട്!

ഉയർന്നുവരുന്ന കവിത
കലാരൂപങ്ങളിലൂടെ സാമൂഹ്യ രാഷ്ട്രീയ ബോധമണ്ഡലത്തെ സൃഷ്ടിക്കുകയാണ് കലാകാരന്മാരുടെ ജോലിയെങ്കിൽ ജനങ്ങളുടെ പ്രശ്നങ്ങളെ കൂടുതൽ പ്രതിഫലിപ്പിക്കാനുള്ള കഴിവ് കവിതക്കാണ്‌. അതുകൊണ്ട് തന്നെ പല കവികളും ജനകീയ മുന്നേറ്റങ്ങളുടെ തലപ്പത്തിരുന്നവരാണെന്ന്‌ കാണാം. ഫൈസ് അഹമ്മദ് ഫൈസിന്റെ ഹം ദേഖേങ്കെ എന്ന കവിതയും ഹബീബ് ജലിബ് നസ്മിന്റെ മൈ നഹി മാൻതാ എന്ന കവിതയും തുടങ്ങി ദുഷ്യന്ത് കുമാർ, ഗോരഖ് പാണ്ഡെ, മുക്തിബോധ് തുടങ്ങിയവരുടെ കവിതകളും ഇപ്പോഴും ജന മനസ്സുകളിൽ ജീവിച്ചു കൊണ്ടിരിക്കുന്നത്. പുതുതലമുറ കവികളിൽ ശ്രദ്ധേയനായ കവിയാണ് വരുൺ ഗ്രോവർ. അദ്ദേഹത്തിന്റെ ഹം കാഗസ് നഹി ദിഖായെങ്കെ എന്ന കവിത ഇന്ന് സിഎഎ വിരുദ്ധ സമരങ്ങളിലെ മൂളിപ്പാട്ടാണ്. അന്താരാഷ്ട്ര തലത്തിൽ ഫാഷിസ്റ്റ് വിരുദ്ധ ഗാനമെന്ന പ്രസിദ്ധി നേടിയ ബെല്ല ചിയാവോ എന്ന നാടൻപാട്ട് രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിൽ എഴുതപ്പെട്ട ഒരു വിപ്ലവ ഗാനമാണ്. മോദി സർക്കാറിനെതിരായി പൂജൻ ശൈൽ എന്ന കവി ഇതിനെ വാപസ് ജാവോ എന്ന പേരിൽ ഹിന്ദിയിലേക്ക് മാറ്റിയെഴുതുകയുണ്ടായി. 2019 ൽ സാന്റിയാഗോയിൽ വെച്ച് സ്ത്രീപീഡനത്തിനെതിരെ ഏതാനും സ്ത്രീകൾ ആലപിച്ച എ റൈപ്പിസ്റ്റ്‌ ഇൻ യുവർ വേ എന്ന ചിലിയൻ കവിതയും സമാനമായി ഏറെ ജനപ്രീതി നേടുകയുണ്ടായി. പ്രശസ്ത ഹോളിവുഡ് നിർമാതാവായ ഹാർവെയ് വെയ്ൻസ്റ്റൈൻ മൻഹാട്ടണിലെ കോടതിയിൽ സ്ത്രീ പീഡനത്തിന് വിചാരണ നേരിടുമ്പോൾ സ്ത്രീ പീഡനത്തിനെതിരായ തങ്ങളുടെ പോരാട്ടത്തിന്റെ സൂചകമായി ഈ കവിത ഏതാനും ആക്ടിവിസ്റ്റുകൾ അവതരിപ്പിക്കുകയുണ്ടായി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ സാമൂഹിക പ്രശ്നമായാണ് കാണേണ്ടതെന്നായിരുന്ന് ഒരുപാട് സ്ത്രീ ആക്ടിവിസ്റ്റുകൾ അഭിപ്രായപ്പെട്ടത്. സ്ത്രീക്ക് ചുറ്റും സൃഷ്ടിക്കപ്പെട്ട ക്രൂരമായ സാമൂഹിക പശ്ചാത്തലത്തെ കവിത നന്നായി വിമർശിക്കുന്നത് കാണാം:
എന്റേതായിരുന്നില്ല കുറ്റം,
ഞാൻ എവിടെയായിരുന്നു എന്നതോ
ഞാൻ എന്താണ് ധരിച്ചത് എന്നതോ ആയിരുന്നില്ല
നീയാണ് എന്നെ പീഡിപ്പിച്ചത്
അത് കോടതിയും പോലീസും
ജഡ്ജിമാരും രാഷ്ട്രവും
പ്രസിഡന്റുമെല്ലാം ആണ്
മർദ്ദിച്ചൊതുക്കുന്ന രാഷ്ട്രം തന്നെയാണ്
യഥാർത്ഥ പീഡകൻ

Also read: ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഇസ്‌ലാമിക് ഫിനാന്‍സ്

നാടൻ പാട്ടുകളും മറ്റു കലാരൂപങ്ങളും പ്രാദേശിക കലകളുമെല്ലാം ഇന്ത്യൻ സാഹചര്യത്തെയും ഏറെ സ്വാധീനിക്കുകയുണ്ടായി. എ റേപിസ്റ്റ് ഇൻ യുവർ വേ എന്ന കവിത ഇന്ത്യയിലെ ആക്ടിവിസ്റ്റുകളെയും ഏറെ ആകർഷിച്ചു. ബംഗാളിലെ ഒരു വനിതാ ആക്ടിവിസ്റ്റ് അതിനെ ബംഗാളിയിലേക്ക് മൊഴിമാറ്റുകയും കൊൽക്കത്തയിലെ ഒരു വേദിയിൽ അത് അവതരിപ്പിക്കുകയും ചെയ്തു. ഹിന്ദുത്വ ദേശീയതയെയും ഇന്ത്യൻ സമൂഹത്തിന്റെ ആൺകോയ്മാ മനോഭാവത്തെയും വിമർശിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധ പ്രകടനമായിരുന്നു അത്. ഇത്തരം കവിതകൾ ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ധൈര്യം നിറക്കുകയും ഇന്ത്യയിലുൾപ്പെടെ ഒട്ടേറെ സ്ത്രീകൾ സമരത്തിന്റെ മുഖമായി മാറുകയും ചെയ്തു. ശാഹീൻബാഗിലെ സ്ത്രീകളെപ്പറ്റി കവി ഫിറാഖ് ചാറ്റർജി കം റ്റു ശഹീൻബാഗ് എന്ന പേരിൽ ഒരു കവിത എഴുതുകയുണ്ടായി. ഇച്ഛാശക്തിയുടെ പ്രതീകങ്ങളായ ശാഹീൻബാഗിലെ സമരപ്പന്തലിരിക്കുന്ന സ്ത്രീകളെ കണ്ടുപഠിക്കാൻ ലോകത്തോട് ആവശ്യപ്പെടുകയാണ് അദ്ദേഹം കവിതയിലൂടെ:
ഇരുളിന്റെ വിരിമാറിൽ
വെളിച്ചത്തിന്റെ പൊട്ടുകൾ കാണണമെങ്കിൽ
ശാഹീൻബാഗിലേക്ക്‌ വരൂ
ചന്ദ്രന്റെ മറവിൽ രാത്രി അതിന്റെ മുടി
ചീകിയൊതുക്കുന്നത് കാണണമെങ്കിൽ
ശാഹീൻബാഗിലേക്ക് വരൂ
ഒരു കിയറോസ്തമിപ്പടത്തിലൊേതുപോലെ
നിശബ്ദരാവാത്ത
ഷിറിന് വേണ്ടി വിതുമ്പാത്ത
പെണ്ണുങ്ങളെ കാണണമെങ്കിൽ
ശാഹീൻബാഗിലേക്ക്‌ വരൂ
തണുത്തു മരവിച്ച തെരുവുകളിൽ
അർത്ഥമറിയാതെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന കുഞ്ഞുങ്ങളെ കാണണമെങ്കിൽ
ശാഹീൻബാഗിലെക്ക് വരൂ
സ്വാതന്ത്ര്യവും ഭീതിയും
ഒരുമിച്ചൊടുങ്ങുന്ന കാഴ്ച കാണണമെങ്കിൽ
ഇങ്ങോട്ട് വരൂ
അവിടെ വാതിൽക്കലിരുന്ന്
ഏമാന്റെ ആളുകൾ വിറകൊള്ളുന്നുണ്ട്
നമ്മളുടെ ഓരോ ചുവടുകളെയും
അവർക്ക് ഭയമാണ്
വരൂ, ശാഹീൻബാഗിൽ വരൂ
പ്രതീക്ഷ മാത്രം ചുമന്നുകൊണ്ടിരിക്കുന്ന
ആ കുഞ്ഞുങ്ങളെ കാണൂ
നമ്മൾക്കറിയാത്ത പലതും
അവർക്ക് നല്ല നിശ്ചയമുണ്ട്
ഒരു മർദകനുമറിയാത്ത ഒന്ന് അവർക്കറിയാം

Also read: ഒരുപാട് മാതൃകകൾ അവശേഷിപ്പിച്ച ജീവിതത്തിനുടമ

യുവ കവിയും ആക്ടിവിസ്റ്റുമായ ആമിർ അസീസ് സിഎഎ വിരുദ്ധ സമരത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ഇടത് സാംസ്കാരിക പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമാണ് ആമിർ. ബോബ് ഡിലൻ, ജോണി കാഷ്, ഗോരഖ്‌ പാണ്ഡെ തുടങ്ങിയവരുടെ സ്വാധീനം അദ്ദേഹത്തിൽ കാണാം. ഒരു നാടക നടനെന്ന നിലയിൽ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒട്ടേറെ തെരുവുനാടകങ്ങളിലും അദ്ദേഹം അഭിനയിക്കുകയുണ്ടായി. മോദിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായ അച്ഛെ ദിൻ പദ്ധതിയുടെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്ന അച്ഛേ ദിൻ ബ്ലൂസ് എന്ന വീഡിയോക്ക് മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബിൽ ലഭിച്ചത്. മുസ്‌ലിമായതിന്റെ പേരിൽ ഗോരക്ഷകർ അടിച്ചുകൊന്ന പെഹ്ലുഖാന്റെ കഥയാണ് ദി ബല്ലാഡ് ഓഫ് പെഹ്ലു ഖാൻ എന്ന കവിത പറയുന്നത്. ജാമിയ മില്ലിയ്യ വിദ്യാർത്ഥികൾ ക്കെതിരെ പോലീസ് അഴിച്ചുവിട്ട മർദ്ദനങ്ങൾ ക്കെതിരെയും ആമിർ തന്റെ കവിതയിലൂടെ സംസാരിക്കുന്നുണ്ട്. പെൺകുട്ടികളുടെ ധീരമായ ചെറുത്തുനിൽപ്പിനെ വാഴ്ത്തി യെ ഹെ ജാമിയ കി ലഡ്‌കിയാൻ എന്ന കവിത അദ്ദേഹം എഴുതി. സബ് യാദ് രഖാ ജായെഗാ എന്ന കവിതയാണ് ഇപ്പോൾ യുവജനങ്ങൾ ക്കിടയിൽ ഏറെ ഹിറ്റായി മാറിയിരിക്കുന്നത്. ഗവൺമെന്റിന്റെ ഉത്തരവാദിത്തമില്ലായ്മയേയും നിഷ്ക്രിയത്വത്തെയും പഴിക്കുന്ന ഒരു കവിതയാണത്. ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും സിഎഎക്കെതിരെ പോരാടുന്ന പ്രക്ഷോഭകരുടെയും ദേശം എന്ന ആശയ സങ്കല്പത്തെ അടയാളപ്പെടുത്തുന്ന സൃഷ്ടിയാണ് അത്. അമേരിക്ക അന്യായമായി തടവിൽ വെച്ചിട്ടുള്ള വിക്കിലീക്സ് സ്ഥാപകനായ ജൂലിയൻ അസാൻജിന്റെ മോചനത്തിനായി ലോകപ്രശസ്ത ഗായകനായ പിങ്ക്‌ ഫ്ലോയ്ഡ് ഈ കവിത ഒരു പ്രക്ഷോഭവേദിയിൽ അവതരിപ്പിക്കുകയുണ്ടായി. എല്ലാം ഓർമ്മിക്കപ്പെടും എന്ന് പേരുള്ള ആ കവിത ഇങ്ങനെയാണ്:
എല്ലാം ഓർമ്മിക്കപ്പെടും,
നിങ്ങൾ ഞങ്ങളെ കൊന്നുകളഞ്ഞോളൂ
പക്ഷേ ഞങ്ങൾ പ്രേതങ്ങളായി വന്ന്
ഒരു തെളിവും വിടാതെ നിങ്ങളുടെ കൊലകളെ എഴുതി വെയ്ക്കും
നിങ്ങൾ കോടതിമുറികളിലിരുന്ന്‌
കളിവാക്കുകളെഴുതുമ്പോൾ
ഞങ്ങൾ ചുമരുകളിൽ
നീതിയെഴുതുകയാണ്
ഏതൊരു ചെവിടുപൊട്ടനും കേൾക്കുമാറുച്ചത്തിൽ
ഞങ്ങൾ ശബ്ദമുയർത്തും
ഏത് അന്ധനും കാണുന്ന കോലത്തിൽ
ഞങ്ങൾ അവ നന്നായെഴുതും
നിങ്ങൾ ഭൂമിയിൽ അനീതിയെഴുതുമ്പോൾ
ഞങ്ങൾ ആകാശത്തിരുന്ന്
വിപ്ലവങ്ങളെഴുതും

Also read: ‘എന്‍.പി.ആര്‍ ഒരു രൂപത്തിലും സ്വീകാര്യമല്ല’

അക്രമിക്കപ്പെടുന്നവരോട് ഐക്യപ്പെടുന്നതിലേറെ ഒരു കവി ചെയ്യുന്നത് സമൂഹത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ തുറന്നെഴുതുന്നു എന്നതാണ്. സമത്വപൂർണമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ അത് ജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ ബോധത്തെ നിരന്തരം വിമലീകരിക്കുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തെ ചലനങ്ങളാണ് പല കവികളെയും ചരിത്രപരമായി രൂപപ്പെടുത്തിയെടുത്തതെന്നു കാണാം. ജനാധിപത്യവിരുദ്ധരായ ഭരണകൂടങ്ങൾക്കെതിരെ ഇന്നും ആഗോളവേദികളെ അടക്കിഭരിക്കുന്നത് സോവിയറ്റ് കാലത്തെ കലയും സാഹിത്യങ്ങളുമാണ്. ഇരുണ്ട കാലത്തോട് പൊരുതാൻ വരുംകാലങ്ങളിലും ഇനിയുമൊരുപാട് കവിതകളും കവികളും ജനിച്ചുകൊണ്ടിരിക്കും. ജർമൻ എഴുത്തുകാരനായ ബർത്തോൾഡ് ബ്രെഹ്‌ത്‌ ഒരിക്കൽ പറഞ്ഞുവച്ചത് നമ്മുടെ ഓർമയിലുണ്ടാകട്ടെ: ഇരുണ്ട കാലത്തും പാട്ടുകളും ഉണ്ടാകുമോ?. അതെ, ഇരുണ്ട കാലത്തെപ്പറ്റി അന്നും പാട്ടുകളുണ്ടാകും.

വിവ.അഫ്സൽ പിടി മുഹമ്മദ്

Facebook Comments
Related Articles
Close
Close