Current Date

Search
Close this search box.
Search
Close this search box.

എന്റെ കുഞ്ഞിനോട്!

വിവാഹത്തിന്  ശേഷം കുറഞ്ഞത് ഒരു വർഷമെങ്കിലും കഴിഞ്ഞ് ഒരു കുട്ടിക്ക് ജന്‍മം നല്‍കിയാല്‍ മതിയെന്നായിരുന്നു എന്റെ ചിന്ത. പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതോ, തുടക്കത്തിൽ ആരെങ്കലും തടയുമെന്നോ ഉള്ള ഭയം കൊണ്ടായുരുന്നില്ല. കുഞ്ഞുങ്ങളോടുള്ള വെറുപ്പ് കൊണ്ടുമായിരുന്നില്ല. അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിനും, കാണാൻ മനസ്സ് എത്രമാത്രം കൊതിക്കുന്നുവെന്നതിനും അല്ലാഹു സാക്ഷിയാണ്! പക്ഷേ, നമുക്ക് ചില സ്വകാര്യ ആഗ്രഹങ്ങളുണ്ട്. സ്വാതന്ത്രത്തോടെയും, ആസ്വാദനത്തോടെയും ഓരോ ഭാര്യഭർത്താക്കന്മാരും കഴിയുന്ന കുറച്ചുകാലം. പക്ഷേ, വിവാഹത്തിന് ശേഷം വളരെ പെട്ടെന്ന് ആ ചിന്തയെല്ലാം  മാറുകയും ഇല്ലാതാവുകയും ചെയ്തു. തന്റെ കൈയിൽ കിടന്ന് കുഞ്ഞ് കളിക്കുന്നത് കാണാനുള്ള ആഗ്രഹം എല്ലാ ചിന്തകളെയും ഇല്ലാതാക്കി. അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞ “ഭൗതിക ജീവതത്തിന്റെ അലങ്കാരം” നമുക്കെങ്ങനെയാണ് വൈകിപ്പിക്കാൻ കഴിയുന്നത്? ഈ അലങ്കാരം നമ്മുടെ സന്തോഷത്തെയും, സ്വാതന്ത്ര്യത്തെയും എങ്ങനെയാണ്  ഇല്ലാതാക്കുന്നത്? മറിച്ച്, ഇതിലൂടെയാണ് നമ്മുടെ സന്തോഷത്തെ നാം കെട്ടിപടുക്കുന്നത്!

പരമപ്രധാനമായി, ആദ്യത്തെ കൺമണി പെണ്ണാകണമെന്നതായിരുന്നു എന്റെ അഗ്രഹം. ഇത് വർഗപരമായ പ്രേരണകൊണ്ടൊന്നുമല്ല. അങ്ങനെയെങ്കിൽ, നമ്മുടെ സമൂഹം ആദ്യത്തെയും അവസാനത്തെയും ആഗ്രഹമായി ആൺകുട്ടിയാകണമെന്ന് ചിന്തിക്കുന്നതുപോലെ ഞാനും ചിന്തിക്കണമായിരുന്നു. കാരണം, നാം ജീവിച്ചുകൊണ്ടിരിക്കുന്നത് തികച്ചും പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ്. എന്നിരുന്നാലും, ആൺകുട്ടിയും, പെൺകുട്ടിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പെൺകുട്ടികളുടെ നിർമലതയും,  മൃദുലതയും, കോമളതയും തന്റെ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തുന്നു. ആദ്യത്തെ കൺമണി പെണ്ണാകണമെന്ന് ഞാൻ ആഗ്രഹിച്ചത്, ആ കുഞ്ഞ് ഉമ്മക്ക് ഏറ്റവും അടുത്ത കൂട്ടുകാരിയും, ഉപ്പയുടെ പ്രിയപ്പെട്ടവളുമായിരിക്കും എന്ന അർഥത്തിലാണ്. എന്നാൽ അല്ലാഹുവിന്റെ തീരുമാനം അതിനെല്ലാം അപ്പുറുമാണ്.  ആൺകുട്ടികളെയും പെൺകുട്ടികളെയും കാണാൻ എന്തൊരു ഭംഗിയാണ്!

തന്റെ ഗർഭത്തിന്റെ തുടക്കത്തിൽ കൺകുളിർമയായ നിന്നെ എന്താണ് വിളിക്കേണ്ടതെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇനിയും നിന്നെ കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ലല്ലോ. എങ്കിലും, ഡോക്ടർമാർ നിന്നെ കുറിച്ച് അറിയിച്ചുതരുന്നതുവരെ, എന്റെ ഉള്ളിലെ ഉമ്മയെന്ന വികാരം നീയൊരു യുവരാജാവാണെന്ന്  അറിയിച്ചുകൊണ്ടിരുന്നു. അത് തന്നെ സങ്കടപ്പെടുത്തുകയോ, വിഷമിപ്പിക്കുകയോ ചെയ്തില്ല. കാരണം, ഇത് നമുക്കിടിയിലെ ആദ്യ കൂടികാഴ്ചയാണ്. അതിലൂടെ നിന്റെ ഹൃദയമിടിപ്പ് ഞാൻ കേട്ടു, നിന്റെ കുഞ്ഞ് രൂപം ഞാൻ കണ്ടു. അങ്ങനെ ഒരു നൂറ്റാണ്ട് കഴിഞ്ഞാലും മായിക്കപ്പെടാൻ കഴിയാത്ത ചിത്രം എന്റെ ഭാവനയിൽ തെളിഞ്ഞു. അവരുടെ വലത് കൈയിൽ കൈപ്പടത്തിന്റെ വലിപ്പത്തിൽ കിടന്നുറങ്ങുന്ന ഭ്രൂണം. ആ ചിത്രം വളരെ വ്യക്തമായിരുന്നു. മൂന്ന് മാസം പ്രായമുള്ള ഭ്രൂണത്തെ ഇത്രയും വ്യക്തമായ രൂപത്തിൽ കാണാൻ കഴിയുന്നവെന്നതിൽ ഞാൻ അത്ഭുതപ്പെട്ടു. എന്നെയും, നിന്റെ ഉപ്പയെയും പിടിച്ചുലച്ച ആ വൈകാരിക നിമിഷം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുവാൻ കഴിയുമായിരുന്നില്ല.

Also read: ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍

നീയുമായുള്ള യാത്ര ഇവിടെ തുടങ്ങുകകയാണ്. തുടക്കത്തിലെ നാലാം മാസത്തിൽ നിനക്ക് വേണ്ടി ഞാൻ പ്രയാസപ്പെട്ടു. നിനക്ക് ലഭ്യമായ എല്ലാ മാർഗവും നീ ഉപയോഗിച്ചു. അങ്ങനെ, പ്രസവ കാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഞാനും അനുഭവിച്ചു. എന്നിരുന്നാലും, ആ വേദന ആസ്വാദകരവും, മധുരം നിറഞ്ഞതുമായിരുന്നു. എപ്പോൾ നിന്നെ ഓർക്കുന്നുവോ അപ്പോൾ ‘ഞാൻ ഇവിടെയുണ്ട് ഉമ്മ’ എന്ന് അറിയിക്കാൻ നീ ശ്രമിച്ചുകൊണ്ടിരുന്നു. ‘നീയുണ്ടെന്ന് എനിക്കറിയാം’ എന്ന് ഞാനെന്റെ വയറ്റിൽ കൈ വെച്ച് സ്നേഹത്തോടെ നിനക്ക് ഉത്തരം നൽകി. മനസ്സിന്റെ സന്തോഷമേ നിന്നെ എനിക്കെങ്ങനെ മറക്കാൻ കഴിയും!

ഏറ്റവും പ്രയാസകരമായ പ്രസവത്തിന്റെ ആരംഭ ഘട്ടം ഇവിടെ അവസാനിക്കുകയാണ്. അങ്ങനെ എന്നോട് ശണ്ഠകൂടികൊണ്ടിരുന്നതിൽ എനിക്ക് കുറച്ച് ആശ്വാസം ലഭിച്ചു. നിനക്ക് നാലാം മാസമായപ്പോൾ, ഇളകാൻ തുടങ്ങിയോ ഇല്ലയോ എന്ന് എല്ലാവരും ചോദിക്കാറുണ്ടായുരുന്നു. ഇതുവരെയായും അനുഭവപ്പെട്ടിട്ടില്ലെന്നും, ഞാനറിയാതെ തന്റെ കുഞ്ഞിന് എങ്ങനെ ഇളകാൻ കഴിയുമെന്നും ഞാൻ അവരോട് മറുപടി പറഞ്ഞു. നീ വരാനിരിക്കുന്ന ദിവസം എന്റെ പ്രതീക്ഷ പൂത്തുലയുന്ന ദിവസമാണ്. ആ സമയം ഞാൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ പെട്ടെന്നൊരു ഇളക്കം അനുഭവപ്പെടുകയും, അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്തു. അന്നേരം നീ വരാനായിരിക്കുന്നുവെന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെ തന്റെ സന്തോഷം വർധിച്ചു. ആ ദിവസം എന്റെ ഓർമയിൽ നിന്ന് ഒരിക്കലും മാഞ്ഞുപോവുകയില്ല. ആ സമയം നീ വിജയത്തിന്റെ അനുഗ്രഹം ചൊരിയാനും, സ്നേഹം പങ്കുവെക്കാനും ആഗ്രഹിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അനുഗ്രഹീതമായ ആ ദിവസത്തെ  നിന്റെ ചെറിയ ഞെരക്കങ്ങൾ എനിക്ക് നൽകിയത് ഏറ്റവും മനോഹരമായ സമ്മാനമായിരുന്നു.

ആ സമയം ഞങ്ങൾക്കിടയിൽലെ ആശയവിനിമയം വർധിച്ചു. കുഞ്ഞിന്റെ ആ ഞരക്കത്തിൽ ഞാൻ സന്തുഷ്ടയായി. കിട്ടിയ ഈ അവസരത്തെ നിന്നോട് സംസാരിക്കുന്നതിന് ഞാൻ ഉപയോഗപ്പെടുത്തി. നിനക്ക് വേണ്ടി ഞാൻ എന്റെ സംസാരത്തെ പിടിച്ചുവെക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ പരാതി, ഇനിയും എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ടായിരുന്നു എന്നതാണ്. എല്ലാം കേൾക്കാൻ നീ നിർബന്ധിതനായിരുന്നു. എന്റെ ഗർഭപാത്രത്തിൽ നിനക്ക് ഒളിക്കാൻ മറ്റൊരിടമില്ലായിരുന്നല്ലോ! എന്റെ ആത്മഗതങ്ങളെല്ലാം നിന്നിൽ സ്വാധീനമുണ്ടാക്കി. എന്റെ എല്ലാ സംസാരവും നീ കേട്ടുകൊണ്ടിരുന്നു. അപ്രകാരം നിനക്ക് ഞാൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു തന്നു, പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചു, ചില കഥകൾ പറഞ്ഞുതന്നു, ശാന്തമായ ഗാനങ്ങൾ നിന്നെ കേൾപ്പിച്ചു. അങ്ങനെ, ഏറ്റവും നല്ല അച്ചടക്ക ശിക്ഷണത്തോടെ നിന്നെ വളർത്തുന്നതിന് എന്റെ ജീവതത്തെ നിനക്ക് അർപ്പിക്കാൻ ഞാൻ കരാർ ചെയ്തു. നല്ല സന്താനമയി വളർത്തിയെടുക്കുന്നതിനും, ഉദാത്ത സ്വഭാവത്തോടുകൂടെ നീ വളരുന്നതിനും, നിനക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കുന്നതിനും ഞാൻ തീരുമാനിച്ചു. പക്ഷേ, ഞാൻ ഒരു മാതൃകാപരമായ ഉമ്മയായിരിക്കുമെന്ന് നിന്നോട് ഞാൻ വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, അപ്രകാരം ഒരു ഉമ്മയാകുന്നതിന് ഞാൻ പരമാവധി  പരിശ്രമിക്കുന്നതായിരിക്കും.

Also read: അറിവും കഴിവും ഒരുപോലെ പ്രധാനമാണ്

ഞാൻ അതിന് തയാറായി കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, നിന്റെ വരവിനെ ഞാൻ ഭയപ്പെടുന്നു. പ്രത്യേകിച്ച് ഒന്നും കൊണ്ടല്ല, നിന്റെ ഉപ്പയുടെ കാര്യത്തിലാണ് ഭയം. ഉപ്പയെക്കാൾ നിന്നെ ഞാൻ കൂടുതൽ സ്നേഹിക്കുമെന്നും, നീയുമായും കൂടുതൽ സമയം ചെലവഴിക്കുമെന്നുമുള്ള ഭയം. ഇപ്പോൾതന്നെ എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ നിന്റെ ഉപ്പയെയാണ് ഏൽപിച്ചിരിക്കുന്നത്. നീ വരുന്ന ദിവസം കാര്യങ്ങളെല്ലാം മാറിമറിയുന്നതായിരിക്കും. നിന്റെ ഉപ്പയോടൊപ്പം കുറഞ്ഞ സമയമാണ് ഞാൻ ചെലവഴിക്കുന്നതെങ്കിൽ, നീയുമായി അധികം സമയം ചെലവഴിക്കാതിരിക്കുന്നത് തന്നെ പ്രയാസപ്പെടുത്തുകയില്ലെന്ന സത്യം നിന്നെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്തുതന്നെയായാലും, നിനക്ക് ഒരു ദിവസം വരുന്നതാണ്. നീ വളർന്ന് വലുതാകുമ്പോൾ നിനക്ക് നിന്റെതായ കാര്യങ്ങളുണ്ടാവുകയും, തുടർന്ന് നിന്റെ വിവാഹം നടക്കുകയും ചെയ്യുന്നു. അപ്പോൾ എനിക്ക് നിന്റെ ഉപ്പയല്ലാതെ മറ്റാരുമുണ്ടാവില്ല. എന്നെ പരിഗണിക്കുമ്പോൾ നിന്റെ അഭിപ്രായത്തിൽ ഇത് ശരിയായിരിക്കില്ലേ? ക്ഷമിക്കുക, എന്റെ സംസാരം നിന്നെ വേദനിപ്പിച്ചുവെങ്കിൽ. എന്നാൽ, ഒളിച്ചോടാൻ കഴിയാത്ത യാഥാർഥ്യമാണിത്. നിന്റെ ഉപ്പയെ ഉമ്മൂമ വളർത്തുകയും, നന്നായി കഷ്ടപ്പെടുകയും ചെയ്ത ശേഷം ഞാനിവിടെ നിന്റെ ഉപ്പയോടൊപ്പമുള്ളതുപോലെ, നീ എന്നെ വിട്ടുപോകുന്ന ഒരു ദിവസം വരുന്നതാണ്. എന്നിൽ നിന്ന് വിദൂരമായി നീ നിന്റെതായ ജീവിത തിരക്കുകളിൽ മുഴുകുന്നതായിരിക്കും.

നമ്മുടെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. എങ്ങനെ നിന്നോട് ഇടപഴകുമെന്നും പറയാൻ കഴിയില്ല. എന്നാൽ, എന്റെ പരിഗണനയും, എന്നിൽ നിന്നുള്ള സ്നേഹവും നിന്നിലേക്ക് ചൊരിയുമെന്ന കാര്യത്തിൽ ഞാൻ നിനക്ക് ഉറപ്പ് നൽകുന്നു. അതിയായ സങ്കടത്തോടെ, നിന്നിൽ നിന്ന് ഞാൻ മുൻകൂർ ജാമ്യമെടുക്കുന്നു. നിന്റെ ഇരുകവിളിൽ ചുവക്കുന്നതുവരെ ഞാൻ നുള്ളിയെടുക്കുന്നതായിരിക്കും. ആ പ്രവർത്തി ഒരിക്കലെങ്കിലും നിന്നെ കരയിപ്പിക്കാൻ കാരണമാകുന്നുവെങ്കിലും, നീ നിന്റെ മനസ്സിൽ എന്നോട് വിദ്വേഷം വെച്ചുപുലർത്തരുത്. ഇത്,  നിന്നോടുള്ള അതിയായ സ്നേഹം കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല.

Also read: അതിഥി തൊഴിലാളികളും മനുഷ്യത്വം മരവിച്ച ഭരണകൂടവും

നിന്റെ വിശേഷഗുണങ്ങൾ മനക്കണ്ണിൽ കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചു. അങ്ങനെ, ഇളം ചുവപ്പ് നിറത്തിലുള്ള ശരീരരവും, തവിട്ടുനിറത്തിൽ പാറിക്കിടക്കുന്ന മുടിയും, കുഞ്ഞ് മൂക്കുമുള്ള നിന്റെ ഭംഗിയാർന്ന കുഞ്ഞുരൂപം ഞാൻ മനസ്സിൽ സങ്കൽപിച്ചു. തവിട്ടുനിറത്തിലുള്ള കണ്ണുകളും, നീണ്ട പുരികവും നിന്റെ ഉപ്പയുടേത് പോലെയുണ്ട്. എപ്പോൾ ഞാൻ നിന്റെ ഉപ്പയിലേക്ക് അടുക്കുന്നുവോ അപ്പോൾ നിന്നെ ഞാൻ കാണുന്നു. നിന്റെ തുടുത്ത മുഖവും, സുന്ദരമായ കവിളുകളും എനിക്ക് എപ്പോഴും നുള്ളാനുള്ളതായിരിക്കും. നിന്നെ കുറിച്ചോർക്കുമ്പോഴെക്കെ, നിന്നലേക്ക് അടുക്കാനുള്ള ആഗ്രഹവും ശക്തമാകുന്നു. ഞാൻ നിന്നെ ഓരുപാട് ഇഷ്ടപ്പെടുന്നു. നീ ഉണ്ടെന്ന ചിന്ത എന്റെ ജീവിതത്തിൽ മാത്രമാകുന്നു. നീ എന്റെ അടുത്ത് ഉറങ്ങുകയാണെന്നത് എന്റെ ജീവതത്തെ സന്തോഷകരവും ആനന്ദകരവുമാക്കുന്നു. നമ്മൾ തമ്മിൽ കാണുന്നിതിന് അധികം സമയം അവശേഷിക്കുന്നില്ല. ഞാൻ, കൺനിറയെ നിന്നെ കാണാനും, നിന്റെ ചെറിയ വിരലുകൾ സ്പർശിക്കാനും, നിന്റേതുമാത്രമായ ഗന്ധത്തെ മണത്തറിയാനും, സ്നേഹത്തോടെ നിന്നെ ചുംബിക്കാനും, നിന്റെ ചെവിയിൽ മന്ത്രിക്കാനും പോവുകയാണ്. വരാൻപോകുന്ന നിന്റെ സഹോദരന്മാർക്കിടയിൽ നിനക്ക് പ്രത്യേക സ്ഥാനമാണുണ്ടായിരിക്കുക. നീയാണ് ഉമ്മ എന്നതിന്റെ അർഥം എന്നെ ആദ്യം പഠിപ്പിച്ചത്. എന്തെങ്കിലും കണ്ട് പേടിക്കുമ്പോൾ, “ഉമ്മാ” എന്ന് വിളിച്ച് ആദ്യമായി എന്റെ ചാരത്ത് ഓടിയൊളിച്ചത് നീയാണ്. നിന്റെ സഹോദരന്മാരോട് നീ വിശാല മനസ്കത കാണിക്കണം. അവർ വലുതാകുമ്പോൾ അവരെ സംരക്ഷിക്കേണ്ടത് നീയാണ്.

വിവ: അർശദ് കാരക്കാട്

Related Articles