Economy

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഇസ്‌ലാമിക് ഫിനാന്‍സ്

1929ലെ സാമ്പത്തിക മാന്ദ്യം മുതല്‍ 1996ലെ ഏഷ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രതിസന്ധി, 2008ലെ മോര്‍ട്ട്‌ഗേജ് പ്രതിസന്ധി തുടങ്ങി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഓരോ പുതിയ പ്രതിസന്ധിയും ആഗോള സാമ്പത്തിക വ്യവസ്ഥയെ നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക രംഗത്തെ ഈ അസന്തുലിതാവസ്ഥ ആഗോള ധനകാര്യ സംവിധാനത്തെ ദിവസം കഴിയും തോറും ക്ഷയിപ്പിക്കുകയാണെന്നതില്‍ സംശയമില്ല. ഇതിന്റെ പരണിതിയെന്നോണം വ്യാപകമായ തൊഴിലില്ലായ്മ, മോശം ഉല്‍പാദനക്ഷമത തുടങ്ങിയ പ്രശ്‌നങ്ങള്‍ സമൂഹം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ് ഇസ്ലാമിക് ഫിനാന്‍സ് കാര്യക്ഷമമായ ഒരു ബദല്‍ സംവിധാനമായി ഉയര്‍ന്നുവരുന്നത്. സമീപകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ ഇസ്ലാമിക് ഫിനാന്‍സിനെ ഒരു നിലക്കും പ്രതികൂലമായി ബാധിക്കുന്നില്ലെന്നും അത് ദൃഢവും സുശക്തവുമായിത്തന്നെ നിലനില്‍ക്കുന്നുവെന്നുമുള്ളതാണ് പ്രധാന കാരണം.

പലിശ ബന്ധിതമായ സാമ്പത്തിക വ്യവസ്ഥയുടെ ബലഹീനതയും ദുര്‍ബലതയും എല്ലാവരും തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന പലിശ രഹിത സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് അക്കാദമിക് രംഗങ്ങളില്‍ വലിയ തോതിലുള്ള ഗവേഷണങ്ങളും പഠനങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. പെട്ടെന്നുള്ള പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ഇസ്ലാമിക് ഫിനാന്‍സിന്റെ ഗുണപരമായ മേന്മയെക്കുറിച്ച ചര്‍ച്ച എന്ത് കൊണ്ടും പ്രസക്തമാണ്.

Also read: എന്റെ കുഞ്ഞിനോട്!

1996ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് പലിശ ബന്ധിതമായ സമ്പദ് വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുകയും തദ്ഫലമായി പലിശ രഹിത സമ്പദ് വ്യവസ്ഥ മുന്നോട്ട് വെക്കുന്ന ഇസ്ലാമിക് ബാങ്കിംഗില്‍ ലോകം താത്പര്യം  പ്രകടിപ്പിച്ചു തുടങ്ങുന്നതും. ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു കൂട്ടം പരിഹാരങ്ങളാണ് നിലവിലുള്ള സമ്പദ് വ്യവസ്ഥയേക്കാള്‍ ഇസ്ലാമിക് ഫിനാന്‍സിനെ സ്വീകരിക്കുന്നത് തന്ത്രപരമായ ഒരു തെരെഞ്ഞെടുപ്പാണെന്ന ഉപസംഹാരത്തിലേക്കെത്താന്‍ ലോക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ്, സ്റ്റോക്ക് വിലനിര്‍ണ്ണയ സംവിധാനത്തിലെ തടസ്സങ്ങള്‍, അനുഭവക്കുറവ് തുടങ്ങിയ വെല്ലുവിളികള്‍ ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം ഒരര്‍ഥത്തില്‍ നേരിടുന്നുണ്ടെങ്കിലും പലിശ സമ്പ്രദായം കാരണം പല ധനകാര്യസ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന ഗൗരവതരമായ പ്രശ്‌നങ്ങള്‍ക്കെതിരെ സ്വയം പരിരക്ഷ  ഉറപ്പുവരുത്തുന്നുണ്ട് ഇസ്ലാമിക് ഫിനാന്‍സ്. ഇസ്ലാമിക ശരീഅത്ത് തത്ത്വങ്ങളുമായി പൊരുത്തപ്പെടാത്ത ഡെറിവേറ്റീവ് കോണ്‍ട്രാക്ട്  പോലുള്ള അപടകട സാധ്യതയുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഉപയോഗിക്കാത്തതാണ് ഇസ്ലാമിക് ഫിനാന്‍സിന്റെ വിജയമെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത് പോലുളള ക്രയവിക്രയങ്ങള്‍ ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, നിക്ഷേപ ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ തകര്‍ച്ചക്ക് പ്രധാനമായും കാരണമായിട്ടുണ്ടെന്ന് പഠനങ്ങള്‍ നേരത്തെതന്നെ തെളിയിച്ചിട്ടുണ്ട്. ഇസ്ലാമിക് ഫിനാന്‍സ് അനുവര്‍ത്തിച്ച് പോരുന്ന ധാര്‍മ്മിക മൂല്യങ്ങളാണ് മറ്റു സമ്പദ് വ്യവസ്ഥകളില്‍ നിന്നും അതിനെ പ്രധാനമായും വേര്‍തിരിക്കുന്നത്. സമഗ്രത ഉള്‍ക്കൊള്ളുന്നതിലൂടെയും ഇസ്ലാമിക നിയമത്തിന്റെ തത്ത്വസംഹിതയുമായി പൊരുത്തപ്പെടാത്ത വാണിജ്യപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ സ്ഥിരം ആസ്തികളും സേവനങ്ങളുമായി അപകടസാധ്യതകളില്‍ നിന്ന് ഏറെ വിദൂരത്താണ് ഈ ബാങ്കിംഗ് സമ്പ്രദായം.

സുരക്ഷിത നിക്ഷേപം
സാമ്പത്തിക പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ മാത്രം ബാധിക്കുന്ന ബാങ്കിംഗ് സംവിധാനം എന്ന നിലയില്‍, ഇസ്ലാമിക് ഫിനാന്‍സിന്റെ സുരക്ഷയെക്കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ പ്രതീക്ഷയുണ്ടാവുകയും ഇത് നിക്ഷേപകരെ നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. ഈ സുരക്ഷാബോധം തന്നെയാണ് നിക്ഷേപകരെ ഇസ്ലാമിക് ഫിനാന്‍സിലേക്ക് ആകര്‍ഷിപ്പിക്കുന്നതും. അതോടൊപ്പം, ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം നിരവധി പുതുമയുള്ള ആശയങ്ങളും വ്യതിരിക്തവും ലളിതവുമായ ഇടപാടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. സമ്പൂര്‍ണ്ണ തൊഴില്‍, സമ്പത്തിന്റെ ന്യായമായ വിതരണം, സുസ്ഥിര വളര്‍ച്ച, ഉത്പന്നങ്ങളുടെ ന്യായമായ വില, സുസ്ഥിരമായ വരുമാന വിതരണം തുടങ്ങിയവ അതില്‍ ചിലതാണ്. ഈ ഇടപാടുകളെല്ലാം പലിശരഹിതമാണ് എന്നത് തന്നെയാണ് ഇസ്ലാമിക ഫിനാന്‍സിന്റെ ഏറ്റവും വലിയ ശക്തി.

Also read: അതിഥി തൊഴിലാളികളും മനുഷ്യത്വം മരവിച്ച ഭരണകൂടവും

കടത്തെ ആശ്രയിക്കുന്നില്ല എന്നത് ഇസ്ലാമിക് ഫിനാന്‍സിന് അത് മൂലമുണ്ടാകുന്ന നിരവധി ഘടനാപരമായ പ്രശ്‌നങ്ങളില്‍ നിന്നും പരിരക്ഷ നല്‍കുകയുണ്ടായി. സാമ്പത്തികമായി പ്രയാസമുള്ള കാലഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ഇത് ഈ സംവിധാനത്തെ പ്രാപ്തമാക്കി. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങളുടെ വിജയത്തിന്റെ കാരണം ഈ വ്യവസ്ഥയുടെ സ്വഭാവവും ഗുണങ്ങളും തന്നെയാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്‍കരുതലും വലിയ തോതിലുള്ള അപകട സാധ്യതയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കൃത്യമായ നിയന്ത്രണങ്ങളും തന്നെയാണ് മോര്‍ട്ട്‌ഗേജ് പ്രശ്‌നത്തില്‍ നിന്നും ഇസ്ലാമിക ബാങ്കുകളെ സുരക്ഷിതമായി നിലനിര്‍ത്തിയത്.

പുതിയ സാമ്പത്തിക പ്രതിസന്ധി
ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ലോകം വീണ്ടും ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പുതിയ വൈറസ് പരത്തുന്ന ഭീതി കാരണം ആഗോള ധനവിപണിക്ക് 1.7 ട്രില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായതായും കഴിഞ്ഞ ആഴ്ചകളില്‍ എണ്ണവിലയിലുണ്ടായ ഇടിവ് ആഗോള ധനവിപണിയില്‍ അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ഇസ്ലാമിക് ഫിനാന്‍സിന് അതിന്റെ ശക്തിയും മേന്മയും ലോകത്തെ അറിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ്. തുടര്‍ച്ചയായി തിരിച്ചടികളും വെല്ലുവിളികളും നേരിട്ടികൊണ്ടിരിക്കുന്ന പലിശ ബന്ധിതമായ നിലവിലെ ബാങ്കിംഗ് സംവിധാനങ്ങള്‍ ഇസ്ലാമിക ഫിനാന്‍സ് മുന്നോട്ട് വെക്കുന്ന പലിശ രഹിത സമ്പ്രദായത്തെ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

വിവ.അബ്ദുല്ലത്തീഫ് പാലത്തുങ്കര

Facebook Comments
Related Articles
Tags
Close
Close