Current Date

Search
Close this search box.
Search
Close this search box.

മരണത്തിനും പ്രതീക്ഷക്കുമിടയില്‍ മൂന്ന് മണിക്കൂര്‍

സി.എ.എ അനുകൂലികളും പ്രതികൂലികളും തമ്മിലുണ്ടായ സംഘട്ടനത്തിന് ശേഷമാണ് ദല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശമായ മൗജ്പൂരില്‍ ഞാനെത്തുന്നത്. നിരത്തില്‍ എല്ലായിടത്തും ജനങ്ങള്‍ ചെറുകൂട്ടങ്ങളായി നില്‍ക്കുന്നത് കാണാമായിരുന്നു. സഹപ്രവര്‍ത്തകരായ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ തഴയപ്പെടുന്നതിനെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. എവിടെയും നില്‍ക്കാതെ ഞാന്‍ പൊതു നിരത്തിലൂടെ മുന്നോട്ട് നടക്കുക മാത്രം ചെയ്തു.

പെട്ടെന്ന് ഒരു മനുഷ്യന്‍ എന്റെ കണ്ണിലുടക്കി. ഞാന്‍ നിമിഷ നേരത്തേക്ക് അവിടെ നിന്നു. ബായി ക്യാ ഹോ രഹാ ഹേ? സുഹൃത്തേ, എന്താണിവിടെ നടക്കുന്നത്? : ഞാന്‍ ചോദിച്ചു.
ദങ്കേ ഹോ രഹാ ഹാ.. ദങ്കേ.. (കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കലാപം.) അദ്ദേഹം അത്ര സുഖകരമല്ലാത്ത ചിരിയോടെ മറുപടി പറഞ്ഞു. സബ് കുച്ച് ഹോ രഹാ ഹേ.. ആപ്പ് ദേക്ക് കേ ആയേ തോ സാറാ? (ഇവിടെ പലതും നടക്കുന്നുണ്ട്. പോയി രക്ഷപ്പെടാന്‍ നോക്ക്).
ജനങ്ങളെ എറിഞ്ഞ് ക്ഷതമേല്‍പ്പിക്കാനുള്ള കല്ലുകളും കട്ടകളും റോഡിന്റെ മറുവശത്ത് സ്വരുക്കൂട്ടിവെച്ചിട്ടുണ്ട്.

ഞാന്‍ മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു. മൗജ്പൂരില്‍ എന്നെ ഡ്രോപ്പ് ചെയ്യാന്‍ വന്നിരുന്ന സുഹൃത്ത് താരിഖിനോട് തല്‍ക്കാലമായി ഏതെങ്കിലും ഹിന്ദു പേരുകള്‍ പരസ്പരം വിളിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരിന്നു. മാത്രമല്ല, ഇവിടെയെന്തിന് വന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ പിജിയില്‍ താമസിക്കുന്നവരാണെന്ന് പറഞ്ഞാല്‍ മതിയെന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു.

Also read: ഇന്ത്യയുടെ ഐക്യം പുനഃസ്ഥാപിക്കാൻ ഷഹീൻ ബാഗുകൾ

ഏകദേശം 200 മീറ്റര്‍ മുന്നോട്ട് നടന്നപ്പോള്‍ കാവി ധരിച്ച ഒരു പുരോഹിതനെ ശ്രവിക്കുന്ന ആബാല വൃന്ദം ജനങ്ങള്‍ എന്റെ കണ്ണില്‍ പെട്ടു. കുറച്ച് കൂടി അടുത്തെത്തിയപ്പോള്‍ അദ്ദേഹം പറയുന്നതെല്ലാം കേള്‍ക്കാനും സാധിച്ചു. മുസല്‍മാനോ കോ ജൈസേ ദേകോ വൈസേ ഹി മാറോ, ഊപര്‍ സേ ഓര്‍ഡര്‍ ആഗയാ ഹേ.. (മുസ്‌ലിംകളെ കാണുന്നിടത്ത് വെച്ച് കൊന്ന്കളഞ്ഞേക്ക്.. മുകളില്‍ നിന്നും അതിനുള്ള ഓര്‍ഡര്‍ വന്നിട്ടുണ്ട്.) അയാള്‍ എന്തോ തിരക്കുള്ളത് പോലെ അവിടെ നിന്നും പെട്ടെന്ന് തന്നെ അപ്രത്യക്ഷനായി. വളരെ ആശ്ചര്യത്തോടെയും അമ്പരപ്പോടെയും ഞാന്‍ അവിടെയുണ്ടായിരുന്ന ഒരു വ്യക്തിയോട് പുരോഹിതനെ കുറിച്ച് അന്വേഷിച്ചു: പാസ് കീ മന്‍ദിര്‍ കീ പണ്ഡിറ്റ് ഹേ.. ആപ്പ് കോന്‍ ഹേ… (തൊട്ടടുത്തുള്ള മന്ദിരത്തിലെ പുരോഹിതനാണ്.. അതൊക്കെ പോട്ടെ നിങ്ങളാരാണ്..?)
ഈ നിരത്തില്‍ താമസിക്കുന്നയാളാണ്: ഞാന്‍ മറുപടി പറഞ്ഞു. എങ്കില്‍ ഇങ്ങോട്ട് അകത്തേക്ക് കടക്കൂ: അവര്‍ പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ചോളാമെന്ന് ഒഴിവ്കഴിവ് പറഞ്ഞ് അവരുടെ അരികില്‍ നിന്നും രക്ഷപ്പെട്ടു. മൗജ്പൂരിലെ ഉള്‍ റോഡിലൂടെ ഞാന്‍ വീണ്ടും നടത്തം ആരംഭിച്ചു. പെട്ടെന്ന് എന്റെ ഫോണ്‍ ശബ്ദിച്ചു. താരിഖിന്റെ കോളായിരുന്നു. ആ ബഹളത്തിനിടെ എവിടേക്കോ അപ്രത്യക്ഷനായതായിരുന്നു അവന്‍. ‘നീ സംസാരിച്ച ആളുകള്‍ എന്നോട് ആരാണെന്ന് പലയാവര്‍ത്തി ചോദിച്ചു. ഞാനെങ്ങനെയോ അവരെ കബളിപ്പിച്ച് രക്ഷപ്പെട്ടതാണ്. ഇപ്പോഴും അവരെന്നെ പിന്തുടരുന്നുണ്ടെന്നാണ് തോന്നുന്നത്.’ ഞാന്‍ ശ്രദ്ധയോടെ തിരിഞ്ഞ് നോക്കി. ആ ഗ്രൂപ്പിലുണ്ടായിരുന്ന നാല് പേര്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.

മൗജ്പൂരിന്റെ ഉള്‍വഴികളിലൂടെ ഞാന്‍ ഒരു കിലോമീറ്ററോളം നടന്ന് കാണും. അവരുടെ പിന്തുടരല്‍ ഒഴിവാക്കാന്‍ ഒരുപാട് ദൂരം നടക്കേണ്ടിവന്നു. വിശ്രമിക്കാന്‍ നില്‍ക്കാതെ. എവിടെയും നിലയുറപ്പിക്കാതെ. അങ്ങനെ, കുറച്ച് സ്ത്രീകള്‍ സംഘമായി നിന്നിരുന്ന ഒരു വീടിന് സമീപം ഞാന്‍ എത്തി. ആ സ്ത്രീകളുമായി ഞാന്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ എന്നെ പിന്തുടര്‍ന്നിരുന്ന നാലുപേരും ഞാനൊരു മൗജ്പൂരിയല്ലെന്ന് മനസ്സിലാക്കിക്കാണും. അവരെന്റെ അടുത്തേക്ക് വന്നു.

മീഡിയാ സേ ഹോ തോ ബോലോ നാ.. ജൂട്ട് ബോല്‍കെ ഹമാരേ പണ്ഡിറ്റ് ജീ കെ ബാരെ മേ ക്യൂ പൂച്ച് രഹീ ഹോ? ( നീ മാധ്യമപ്രവര്‍ത്തകനാണല്ലേ.. എന്തിനാണ് ഞങ്ങളോട് ഇങ്ങനെ നുണ പറയുന്നതും പണ്ഡിറ്റിനെ കുറിച്ച് ഇങ്ങനെ അന്വേഷിക്കുന്നതും.) വാക്കുകളുടെ ഒരു പ്രഹരം ഞങ്ങള്‍ക്കിടയിലുണ്ടായി. ഞങ്ങളുടെ പണ്ഡിറ്റിനെ കുറിച്ച് നിനക്കെന്താണിത്ര അന്വേഷിക്കാനുള്ളത്? അവര്‍ എന്നോട് മറുപടി ആവശ്യപ്പെട്ട് ആക്രോശിച്ചു.
ഒടുവില്‍ ഞാന്‍ മാപ്പ് പറഞ്ഞു. ‘ യഥാര്‍ത്ഥത്തില്‍ ഞാനിവിടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു. പക്ഷേ, ഇപ്പോള്‍ അവള്‍ ഫോണെടുക്കുന്നില്ല. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ എന്നെ വിട്ടയക്കാന്‍ പറഞ്ഞു. അങ്ങനെ അവര്‍ നാലുപേരും പിരിഞ്ഞ്‌പോയി. തിരികെ ഞാന്‍ നടന്ന് പോകുമ്പോഴെല്ലാം അവരെന്നോട് വീണ്ടും വീണ്ടും ചോദിച്ചു: ഞങ്ങളുടെ പണ്ഡിറ്റിനെ കുറിച്ച് ചോദിക്കാന്‍ നീ ആരാടാ?
ഞാന്‍ അവരുടെ അടുത്ത് നിന്നും നടന്നകലാന്‍ ശ്രമിച്ചു. കഷ്ടിച്ച് 100 മീറ്റര്‍ നടക്കുമ്പോഴേക്കും മറ്റൊരാള്‍ എന്റെ നേരെ വന്നു. അതേ ഗ്രൂപ്പില്‍ പെട്ടയാളായിരുന്നു.
പി.ജിയില്‍ പോകണമെന്നല്ലേ പറഞ്ഞത്. ഏത് പിജിയിലേക്കാണെന്ന് പറ. പേര് പറ. അല്ലെങ്കില്‍ നിന്റെ കൂട്ടുകാരിയുടെ പേര് പറ.? അയാള്‍ ആവശ്യപ്പെട്ടു.
എന്റെ സുഹൃത്ത് കോള്‍ എടുക്കുന്നില്ല. പിന്നീടൊരിക്കല്‍ വരാമെന്നാണ് വിചാരിക്കുന്നത്. നിങ്ങള്‍ മെട്രോയിലേക്കുള്ള വഴിയൊന്ന് പറഞ്ഞ് തരുമോ. വൈമനസ്സ്യത്തോടെയും നേര്‍ത്ത ശങ്കയോടെയും അയാള്‍ എനിക്ക് മെട്രോയിലേക്കുള്ള വഴി പറഞ്ഞ് തന്നു. കഴിയുന്നത്ര വേഗത്തില്‍ ഞാന്‍ നടന്ന് പോയി.

Also read: ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കലാപം മൂന്ന് ദിവസം നീണ്ടുനില്‍ക്കില്ല

അരമണിക്കൂറോളം മൗജ്പൂരിന്റെ ഉള്‍പ്രദേശത്ത് കറങ്ങിനടന്ന ഞാന്‍ പൊതുനിരത്തിലേക്ക് എത്തിയിരുന്നു. ഉള്‍പ്രദേശങ്ങളില്‍ വലിയ ആയുധങ്ങളും ലാത്തികളും ചുഴറ്റി ചെറിയ സംഘങ്ങള്‍ സംശയത്തിന്റെ നോട്ടമെറിഞ്ഞ് വ്യത്യസ്ത ഭാഗങ്ങളില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അന്നേരം താരിഖ് എന്നെ വീണ്ടും വിളിച്ചു.

എന്തൊരു ദിവസമാണിത്. പെട്രോള്‍ പമ്പുകള്‍ കത്തിക്കുന്നു. ടയറുകള്‍ കത്തിച്ച് ജനങ്ങളുടെ മേലിലേക്ക് എറിയുന്നു. ലാത്തികളും വടികളും ചുഴറ്റി ആള്‍ക്കാര്‍ റോഡില്‍ നില്‍ക്കുന്നു. ഇതെല്ലാം തടയാന്‍ പോലീസുകാര് പോലുമില്ല. ജനം എന്തിനും തയ്യാറാണ്. സജ്ജരാണ്. സായുധരാണ്. ആ സ്ഥലത്ത് നിന്ന് നീ പെട്ടെന്ന് തിരിച്ച് വരൂ.. ഇത് അവരുടെ പ്രദേശമാണ്. നീ ഒരു മുസ്‌ലിമാണ് എന്ന് അവരെങ്ങാനും അറിഞ്ഞാല്‍ അവര്‍ നിന്നെ കൊണ്ട് പോകും.

എന്റെ തിരിച്ചറിയല്‍ കാര്‍ഡ് ബാഗിനകത്ത് ഒളിപ്പിച്ച് വെക്കാന്‍ അഭ്യാര്‍ത്ഥിച്ചാണ് അവന്‍ കോള്‍ അവസാനിപ്പിച്ചത്. ഞാന്‍ പൊതുനിരത്തിലെത്തിയപ്പോള്‍ മറ്റ് രണ്ട് പേര്‍ എന്നെ കണ്ടു. അവര്‍ എനിക്ക് നേരെ നടന്നുവന്നു. മാഡം…. നിങ്ങളുടെ കാമറ എവിടെയാണ്? അവരെന്നോട് ചോദിച്ചു. (ചുപാകെ ആയീ ഹോ ക്യാ) എവിടെയെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും.
റോഡുകള്‍ ഇടവഴികളേക്കാള്‍ സുരക്ഷിതമല്ലെന്ന് അന്നേരം എനിക്ക് തോന്നി. കാരണം, കയ്യില്‍ ലാത്തിപിടിച്ച് നെറ്റിയില്‍ റിബണ്‍ കെട്ടി നില്‍ക്കുന്ന ജനങ്ങള്‍ ചെറു സംഘങ്ങളായി എല്ലായിടത്തും നില്ക്കുന്നുണ്ട്. അപ്പോഴേക്കും മറ്റൊരു കൂട്ടം ജനങ്ങള്‍ എന്റെ അരികില്‍ വന്ന് ചോദിച്ചു: സീ ന്യൂസില്‍ നിന്നാണോ നിങ്ങള്‍. ഒരാള്‍ എന്റെ അടുത്തേക്ക് വന്നു. എന്നോട് ചേര്‍ന്ന് നിന്ന് ഒരു പരിഹാസ ചിരി ചിരിച്ചു. ജെ.എന്‍.യുവില്‍ നിന്നാണോ? അയാള്‍ വീണ്ടും ചോദിച്ചു. ഞാന്‍ മുഖത്ത് ചിരി വരുത്താന്‍ ശ്രമിച്ച് പറഞ്ഞു. അരേ.. നഹീ..

ഞാനൊരു മാധ്യമപ്രവര്‍ത്തകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇതോടെ എനിക്ക് മനസ്സിലായി. ഇവിടെ നിന്നും രക്ഷപ്പെടാനുള്ള അവസാന നിമിഷമാണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ വീണ്ടും ദൂരേക്ക് നടന്നുനീങ്ങി. ഞാനെങ്ങാട്ടാണ് പോകുന്നതെന്ന ചോദ്യം വഴിലുടനീളം അഭിമുഖീകരിച്ചുകൊണ്ടിരുന്നു. എനിക്ക് ഒരു അഭയസ്ഥലം കണ്ടത്തേണ്ടതുണ്ടായിരുന്നു. മാത്രമല്ല, എന്നെ തുടക്കത്തില്‍ ചോദ്യംചെയ്ത സംഘത്തിന്റെ കയ്യില്‍ പെടാതെ അവിടെ നിന്നും രക്ഷപ്പെടണമായിരുന്നു. അവരെങ്ങാനും എന്നെ വീണ്ടും കണ്ടെത്തിയിരുന്നെങ്കില്‍ എന്റെ കാര്യം എടുക്കാനില്ലായിരിക്കും. കാരണം ഞാന്‍ മാധ്യമപ്രവര്‍ത്തകയല്ലെന്ന്  മാത്രമല്ല മുസ്‌ലിമും അല്ലെന്ന് പറഞ്ഞ്പറ്റിച്ചിരിക്കുകയാണ്.
എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയപ്പോള്‍ മറ്റൊരു സംഘം എന്നെ തടഞ്ഞുനിര്‍ത്തി. അവര്‍ എന്നോട് ചോദിച്ചു: ആപ്‌കോ ജാനാ കഹാ ഹേ. നിങ്ങള്‍ക്കെവിടേക്കാണ് പോവേണ്ടത്.?
ഗുര്‍ഗോണിലേക്ക്: നേരത്തെ തീരുമാനിച്ചു വെച്ചത് പോലെ ഞാന്‍ ഒന്നും ആലോചിക്കാതെ മറുപടി പറഞ്ഞു. എങ്കില്‍ നീ ഈ കാണുന്ന ഇടവഴിയിലൂടെ പോവണം. റോഡിന്റെ അപ്പുറത്ത് മെട്രോ സ്‌റ്റേഷനുണ്ട്. അവിടെ നിന്നും ഓട്ടോ പിടിച്ച് പോയാല്‍ മതി.
അത് കേട്ട് ഞാന്‍ നടക്കാന്‍ ആരംഭിച്ചപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു: വേണ്ട. ഇടവഴി വേണ്ട.. മെയിന്‍ റോഡിലൂടെ പോയാല്‍ മതി. അതാണ് സുരക്ഷിതം.
ഞാന്‍ പറഞ്ഞു: റോഡിലൂടെ നടക്കൂമ്പോള്‍ വല്ലാത്ത പേടിതോന്നുന്നു. എല്ലായിടത്തും അക്രമങ്ങളാണ്. അസ്‌ലീ മാര്‍പീട്ട് തോ അന്ദര്‍ മുഹമ്മദന്‍ ഏരിയ മേ ഹോഗി. വോ മുഹമ്മദന്‍ ഏരിയ ഹേ. അഗര്‍ ആപ് അന്ദര്‍ സേ ഗയേ വഹാന്‍ കുച്ച് ഭി ഹോ സക്താ ഹൈ…(യഥാര്‍ത്ഥത്തില്‍ അക്രമം നടക്കുന്നത് ഉള്ളേരിയകളിലാണ്. അത് മുസ്‌ലിം പ്രദേശമാണ്. അവിടെ എന്തും സംഭവിക്കാം.) ഞാന്‍ ഒരു ഹിന്ദുവാണെന്ന ധാരണയില്‍ അയാള്‍ പറഞ്ഞു: മെയില്‍ റോട്ടില്‍ ഭയപ്പെടാനൊന്നുമില്ല. മുസ്‌ലിംകള്‍ മാത്രം പേടിക്കേണ്ടതുള്ളൂ.. റോഡ് മുഴുവന്‍ നമ്മുടെ ആള്‍ക്കാരാണ്. റോഡില്‍ നില്‍ക്കുന്ന ഹിന്ദുക്കള്‍ക്ക് നേരെ കൈ ചൂണ്ടി അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ മുസ്‌ലിംകളുമായി സംവദിക്കാനുള്ള അവസരമാണിതെന്ന് തിരിച്ചറിഞ്ഞ ഞാന്‍ റോഡിലൂടെ നടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് മുസ്‌ലിം കോളനികളിലേക്ക് നടന്നുപോയി. അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ തലകവചം ധരിച്ച് വീടിന് പുറത്ത് കാവല്‍നില്‍ക്കുന്ന പുരുഷന്മാരെ ഞാന്‍ കണ്ടു. സ്വദേശിയായ ഫിറോസിനെ കണ്ടുമുട്ടി. കുറച്ച് നേരം അവനോട് സംസാരിച്ചിരുന്നു. അദ്ദേഹം നിസ്‌കാരം നിര്‍വ്വഹിച്ചിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ‘എല്ലാം ഞങ്ങള്‍ക്ക് തഴയപ്പെട്ടിരിക്കുകയാണ്. മെയിന്‍ റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എവിടേക്ക് പോവാനാണ് ഞങ്ങള്‍. വീടുകളുടെ അകത്തളങ്ങളില്‍ മാത്രമേ അഭയമുള്ളൂ. റോഡുകള്‍ ഭീതിതമാണ്. ഇവിടെ ജനിച്ചത് കൊണ്ട് മാത്രമാണ് ഞങ്ങളിവിടെ താമസിക്കുന്നത്. ഇതാദ്യമാണ് ഇത്തരം സംഭവങ്ങളിവിടെ ഉണ്ടാകുന്നത്. വീട്ടിലുള്ള സ്ത്രീകളെ കുറിച്ച് ഞങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ട്…എന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കപ്പെട്ട അവന്‍ എന്നോട് സാധ്യമാകുന്ന വേഗത്തില്‍ രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. പോലീസുകാര്‍ നിഷ്‌ക്രിയരാണ്. അവര്‍ ഒന്നും പ്രതികരിക്കുന്നില്ല. അവര്‍ ഇവിടയെങ്ങും തന്നെയില്ല. അവര്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ആരും മുസ്‌ലിംകളുടെ കടകള്‍ കത്തിക്കുമായിരുന്നില്ല.

Also read: ഡല്‍ഹി ഭീകരതയുടെ ദൃക്‌സാക്ഷി വിവരണങ്ങള്‍

അവനെ സമാശ്വസിപ്പിച്ച് ഞാന്‍ വീണ്ടും മുന്നോട്ട് ചലിച്ചു. നടത്തം ആരംഭിച്ച അതേ നിരത്തില്‍ തന്നെ തിരിച്ചെത്തി. പക്ഷേ, ഭാഗ്യത്തിന് എന്നെ വഴിതിരിച്ചുവിട്ട ആ കൂട്ടം പ്രക്ഷോപകര്‍ അവിടെ ഉണ്ടായിരുന്നില്ല.അന്നേരം റോഡിന് മറുവശത്തായി മറ്റൊരു കൂട്ടത്തെ ഞാന്‍ കണ്ടു. അവര്‍ ബഹളം വെക്കുന്നത് എന്തിനാണെന്ന് അറിയാനുള്ള കൗതുകത്താല്‍ ഞാന്‍ അവരുടെ അരികിലേക്ക് നടന്നു. കുങ്കുമ റിബണ്‍ തലയില്‍ കെട്ടി ലാത്തിയേന്തിയ മുപ്പതോളം സ്ത്രീകളുണ്ടായിരുന്നു അവര്‍. കോയി മുസല്‍മാന്‍ തോ നഹീ ഹൈ ഇസ് ഗര്‍ മേ (ഈ വീട്ടിലൊന്നും മുസ്‌ലിംകളില്ലെ..) മട്ടുപ്പാവില്‍ താഴെ നടക്കുന്ന കലഹം വീക്ഷിക്കുന്ന വീട്ടുടമസ്ഥരോട് അവര്‍ ആക്രോശിച്ചുകൊണ്ടിരിക്കുകയാണ്.
നികാലോ ഇസ് ഗര്‍ സെ മുസല്‍മാന്‍ കൊ. മുസ്‌ലിംകളെ ഇറക്കി വിടൂ.. വല്ല ഹിന്ദുക്കളും മുസ്‌ലിമിന് അഭയം കൊടുത്തിട്ടുണ്ടെങ്കില്‍ നിഷ്‌കരുണം കൊന്ന് കളഞ്ഞേക്കും. ഞങ്ങള്‍ അവരുടെ വീടുകള്‍ക്ക് തീയിടും. ഇനിയൊന്നും ചിന്തിക്കാനില്ല. വീട് ഹിന്ദുവിന്റേതാണെങ്കിലും ശരി. അവര്‍ വീടുകള്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി.

മൗജ്പൂരില്‍ ഞാന്‍ മൂന്ന് മണിക്കൂറുകളോളം കഴിച്ചുകൂട്ടി. ഒരു പോലീസുകാരനെ പോലും കണ്ടില്ല. ഏതോ ഒരു പോലീസ് വാഹനം രണ്ട് പ്രാവശ്യം നിറുത്തുകയും പോലീസുകാര്‍ പ്രക്ഷോപകര്‍ക്ക് നേരെ കൈവീശിക്കാണിക്കുകയുംചെയ്തു. ദൈവത്തിനറിയാം.. എന്താണതിന്റെ അര്‍ത്ഥം എന്നൊന്നും എനിക്ക് മനസ്സിലായതേയില്ല.
ഒരു കടയുടെ ചവിട്ടുപടിയില്‍ കുറച്ച് സമയം പ്രതീക്ഷയറ്റ് ഞാന്‍ ഇരുന്നു. തൊട്ടടുത്തിരുന്നിരുന്ന നാല്‍വര്‍ സംഘം എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. അടുത്തൊരു നിമിഷം മറ്റൊരാള്‍ എന്നെ സമീപിച്ചു. അയാള്‍ എന്റെ പേര് അന്വേഷിച്ചു. ആ ചോദ്യത്തിന് ഉത്തരം നല്‍കരുതെന്ന് എനിക്ക് നല്ലവണ്ണം അറിയാവുന്നതാണ്. തീവ്രമായ പുച്ഛത്തോടെ അയാള്‍ ചോദിച്ചു: എന്തിനാ ഇവിടെ ഇരിക്കുന്നത്. എഴുന്നേറ്റ് പോ…
എല്ലാം കഴിഞ്ഞതിന് ശേഷം, ഞാന്‍ അവിടെ നിന്നും രക്ഷപ്പെടണമെന്ന് മനസ്സിലാക്കി. കാരണം, ആരെങ്കിലും എന്റെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടാല്‍ അതെന്റെ അവസാനമായിരിക്കും. എന്റെ ഭാഗ്യമെന്ന് പറയട്ടെ, റിപബ്ലിക് ടി.വിയിലെ മാധ്യമപ്രവര്‍ത്തകന്റെ വണ്ടി റോഡില്‍ ഞാന്‍ കണ്ടു. അടുത്ത മെട്രോ സ്‌റ്റേഷന്‍ വരെ എനിക്കൊരു ലിഫ്റ്റ് തരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഖജൂരിയില്‍ താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചിരുന്നു. അവന്റെ നാട്ടില്‍ ഉയരുന്ന മുദ്രാവാക്യങ്ങളെ കേള്‍പ്പിച്ചുതരാനായിരുന്നു ആ വിളി. ജൈ ശ്രീറാം.. തുടരെയുള്ള മുദ്രാവാക്യങ്ങള്‍ എന്നെ അലോസരപ്പെടുത്തി.

ജനങ്ങള്‍ സ്വദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുന്നതായ് അറിയാന്‍ സാധിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍, ഒരു വണ്ടി തച്ചുതകര്‍ക്കുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു. ഒരു മുസ്‌ലിം തന്റെ തിരിച്ചറിയല്‍ രേഖകാണിച്ചപ്പോള്‍ പ്രക്ഷോപകര്‍ അയാളുടെ വാഹനം തകര്‍ത്തതാണെന്നായിരുന്നു എന്റെ സുഹൃത്ത് അതിനെ കുറിച്ച് പറഞ്ഞത്. ആ വണ്ടി അവര്‍ തീ ഇടുകയും ചെയ്തു. റോഡ് തടസ്സപ്പെടുത്തുന്നവരുടെ കയ്യില്‍ കട്ടകളും ബാറ്റുകളും ലാത്തികളും കോടാലികുളും ഉണ്ടായിരുന്നു. പോലീസുകാരോ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരോ ഇല്ലാതിരുന്ന മൗജ്പൂരിന്റെ നിരത്തുകളില്‍ വിഹ്വലതയോടെയാണ് ഞാന്‍ കഴിച്ചുകൂട്ടിയത്. ഒരു മാധ്യമപ്രവര്‍ത്തകയായതിനാല്‍ അവരെന്നെ ശല്യപ്പെടുത്തുമെന്നും ഒരു സ്ത്രീയായതിനാല്‍ പീഢിപ്പിക്കുമെന്നും എന്റെ തിരിച്ചറിയല്‍ രേഖ കണ്ട് ഒരു മുസ്‌ലിമായതിനാല്‍ എന്നെ കൊലപ്പെടുത്തുമോ എന്നും ഞാന്‍ ഭയപ്പെട്ടു.

വിവ. അനസ് തെരുവത്ത്

Related Articles