AsiaPolitics

ഡല്‍ഹി ഭീകരതയുടെ ദൃക്‌സാക്ഷി വിവരണങ്ങള്‍

തിങ്കളാഴ്ചയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും ഒരു പൊലിസ് കോണ്‍സ്റ്റബിളും നാലു സിവിലിയന്മാരും കൊല്ലപ്പെടാന്‍ കാരണമായ കലാപം, വെടിവെപ്പ്,കല്ലേറ്,ആക്രമണം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഡല്‍ഹി പൊലിസ് നോക്കിനില്‍ക്കെയാണ് ജനക്കൂട്ടം കല്ലേറ് നടത്തുന്നത്. ഈ സമയം അവിടെ സംഭവിച്ചതിന് ദൃക്‌സാക്ഷിയായ ‘ദി വയര്‍’ റിപ്പോര്‍ട്ടര്‍ നവോമി ബാര്‍ടണ്‍ സംഭവത്തെക്കുറിച്ച് വിവരിക്കുന്നു.

ജാഫറാബാദ്

ജാഫറാബാദില്‍ മെട്രോക്ക് താഴെകൂടി ഗോഖല്‍പുരിയിലേക്ക് മൗജ്പൂര്‍ വഴി കടന്നുപോകുന്ന ഹൈവേയുടെ ഇരു ഭാഗവും പൊലിസ് ബ്ലോക്ക് ചെയ്തിരുന്നു. അതിനു പുറമെ ഹൈവേയുടെ ഇരു ഭാഗത്തും ഹിന്ദു-മുസ്ലിം സംഘങ്ങളും നിലയുറപ്പിച്ചിരുന്നു. സംഘര്‍ഷം രൂപപ്പെട്ട വഴി കൃത്യമാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ നേരത്തെ തന്നെ ജാഫറാബാദില്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. പ്രധാനമായും മുസ്ലിംകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇവിടെ പൊലിസ് പ്രതിരോധ വലയം തീര്‍ത്തിരുന്നു. കഴിഞ്ഞ ആറ് ആഴ്ചകളായി ഇവിടെ സമാധാനപരമായ രീതിയില്‍ ആണ് സമരം നടക്കുന്നത്. ഇവിടെ നിന്നും കാര്യമായ ആക്രമണ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇവിടെ ഇന്ന് തകര്‍ന്ന ഇഷ്ടികകളും കല്ലുകളും ചിതറിക്കിടക്കുന്ന ചെരുപ്പുകളാലും നിറഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് ചെറുപ്പക്കാരെ അണിനിരത്തി മൗജ്പൂര്‍-ബാബര്‍പൂര്‍ സ്റ്റേഷന് താഴെയുള്ള ഈ പ്രദേശം ഹിന്ദുത്വ ശക്തികള്‍ കൈവശപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

ജാഫറാബാദില്‍ കഴിഞ്ഞ 40 ദിവസമായി തുടര്‍ന്നു വന്ന പോലെ ഇപ്പോഴും സമാധാനപരമായ രീതിയിലാണ് സി.എ.എ വിരുദ്ധ സമരക്കാര്‍ നിലകൊള്ളുന്നത്. തിങ്കളാഴ്ചത്തെ ആക്രമണം അഞ്ച് പേരുടെ ജീവനാണെടുത്തത്. അതിരാവിലെ തന്നെ ഇവിടെ പൊലിസുകാരുടെ നേതൃത്വത്തില്‍ ആക്രമണം ആരംഭിച്ചിരുന്നു. തീവ്രഹിന്ദുത്വ പ്രവര്‍ത്തകരും പൊലിസുകാരുടെ കൂടെയുണ്ട്. ചാന്ദ്ബാഗില്‍ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കു നേരെ ആക്രമമഴിച്ചുവിടുകയായിരുന്നു. ഇത് പിന്നീട് വടക്കുകിഴക്കന്‍ ഡല്‍ഹിയിലുടനീളം വ്യാപിക്കുകയാണ് ചെയ്തതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരണം.

Also read: മാൽക്കം എക്സ് ; ആത്മീയ ഉണർവിന്റെ രാഷ്ട്രീയ രൂപം

ദൃക്‌സാക്ഷിയായ അദീബ് പറയുന്നു: ‘എല്ലാം ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. ഞങ്ങളുടെ കച്ചവടമെല്ലാം നശിപ്പിക്കപ്പെട്ടു. ഞങ്ങള്‍ ഒരു മാസത്തിലധികമായി പ്രതിഷേധത്തിലാണ്. ഞങ്ങള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് ഞങ്ങളുടെ അടുത്ത് വന്ന് പറയൂ, എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങള്‍ ഭ്രാന്തന്മാരാണെന്നും അക്രമികളാണെന്നും അവര്‍ പറയുന്നത് എന്തുകൊണ്ടാണ്? സര്‍ക്കാരില്‍ ബുദ്ധിമാന്മാരുണ്ടെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ക്ക് അത് ഞങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്തത്? പകരം അവര്‍ ആര്‍.എസ്.എസില്‍ നിന്നും ബജ്റംഗ്ദളില്‍ നിന്നുമുള്ള സംഘത്തെ അയച്ച് ഞങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ഞങ്ങളെ വെടിവയ്ക്കുകയും ചെയ്യുകയാണ്.’

ആസിഫ്: ‘ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണ് ഇതിന് ഉത്തരവാദി. സര്‍ക്കാരിന്റെയും പൊതുസ്വത്ത് നശിക്കുന്നതിന് കാരണമായ കലാപത്തിന് കാരണക്കാരന്‍ അദ്ദേഹമാണ്. യു.പിയില്‍ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും യോഗി ആതിഥ്യനാഥ് പിഴയീടാക്കിയിരുന്നു. ഇവിടെ അരവിന്ദ് കെജ്‌രിവാള്‍ അത്തരത്തില്‍ കപില്‍ മിശ്രക്കെതിരെ നടപടിയെടുക്കുമോ ?.ജാഫറാബാദിലെ ഞങ്ങള്‍ മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്കെതിരെ സാമുദായിക-വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ല. ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു. അദ്ദേഹം ഞങ്ങളുടെത് കൂടിയായിരുന്നു. അദ്ദേഹം ഒരു പിതാവും മകനുമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങളുടെ ഹൃദയം വേദനിക്കുന്നു. പരുക്കേറ്റ പൊലിസുകാര്‍ക്കു വേണ്ടി ഞങ്ങളും വേദനിക്കുന്നു. ഹിന്ദുക്കള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. ആരെങ്കിലും അവര്‍ക്കെതിരെ കൈയുയര്‍ത്തിയാല്‍ ആദ്യം അത് ഞങ്ങള്‍ തന്നെ തടയും. അതിന് ഉത്തരവാദികള്‍ ഞങ്ങള്‍ ആയിരിക്കും. ഇതിലൂടെ കടന്നു പോകുന്ന മുഴുവന്‍ ഹിന്ദു സഹോദരങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഞങ്ങള്‍ നല്‍കും.’

മുസ്ലിംകള്‍ പ്രതിഷേധിക്കുന്ന ഭാഗത്ത് പൊലിസ് അവരുടെ സാന്നിധ്യം ചെറുതായി വര്‍ധിപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ അവിടെ ശാന്തമായി ഇരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങള്‍ പോലും ഈ സമയം മുഴക്കിയിരുന്നില്ല. റോഡ് തടസ്സപ്പെടുത്തിയിട്ടില്ലായിരുന്നു. ഇവിടെ നേരത്തെ ആളനക്കമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശമായിരുന്നു. ഇവിടെ പ്രതിഷേധക്കാര്‍ പലരും മാറിമാറി വന്നുപോകലായിരുന്നു പതിവ്. നിശബ്ദരായ ഒരു പൊലിസ് നിരയും ആ സമയം ഇവിടെ ഉണ്ടാവാറുണ്ട്. ഇവിടെ ഒരു ഹിന്ദു യുവാവും ഒരു മുസ്ലിം യുവാവും ഒരുമിച്ച് സൈക്കിളില്‍ പോകുകയും സൗഹാര്‍ദത്തോടെ സംഭാഷണത്തിലേര്‍പ്പെടുന്നതും കാണാന്‍ കഴിഞ്ഞു.

ഈ പ്രദേശത്തേക്ക് ഹിന്ദുത്വ സംഘടനകള്‍ കടന്നുകയറിയതോടെയാണ് ഇവിടുത്തെ അന്തരീക്ഷം മാറിയത്. ഉച്ചത്തിലുള്ള നിലവിളികളും മുദ്രാവാക്യം വിളികളും ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. അതിനു ശേഷം ആളുകള്‍ ഞങ്ങളെ സംശയത്തോടെയാണ് നോക്കുന്നത്. നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ വഴിമാറി. ക്യാമറയും കൊണ്ട് സമരത്തിനിടയിലേക്ക് നുഴഞ്ഞുകയറാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ ഞങ്ങള്‍ പിടികൂടി. മാധ്യമ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ സമരത്തിന്റെ യാതൊരുവിധ ഫോട്ടോയോ വീഡിയോയെ ചിത്രീകരിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല.

Also read: ചങ്ങലയ്‌ക്ക്‌ ഭ്രാന്ത് പിടിച്ചാല്‍

ഏറ്റവും വലിയ ആക്രമണത്തിനാണ് മൗജ്പൂര്‍ സാക്ഷിയായത്. ഇവിടെ നിന്നാണ് ഒരു യുവാവ് പൊലിസുകാരന് നേരെ തോക്ക് ചൂണ്ടുന്ന വീഡിയോ പുറത്തുവന്നത്. ഹിന്ദുത്വ സംഘത്തിന് ആധിപത്യമുള്ള ഇടത്തേക്ക് ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ ഒരു ഉത്സവാന്തരീക്ഷമായിരുന്നു. ‘നിരന്തരം വെടിവെക്കൂ’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് അവിടെ നിന്നും ഉയരുന്നത്. ഇവരോടൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന പൊലിസുകാരെയും കാണാമായിരുന്നു. ഇവിടെ ധാരാളം ആളുകള്‍ വിവിധ ആയുധങ്ങളും വടികളും മരക്കമ്പുകളും ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും,ഇരുമ്പ് ദണ്ഡുകളും കമ്പികളും പിടിച്ചാണ് നില്‍ക്കുന്നത്. തലയില്‍ കാവി റിബ്ബണ്‍ കെട്ടി കാവി പതാകയും പിടിച്ചിട്ടുണ്ട്. സി.എ.എയെക്കുറിച്ചും ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും കാര്യമായി ഒന്നും അവര്‍ ചര്‍ച്ച ചെയ്യുന്നില്ല. ഈ ജനക്കൂട്ടത്തെ സി.എ.എ അനുകൂലികളായി പരാമര്‍ശിക്കുന്നത് ശരിയല്ല, കാരണം അവരുടെ പ്രധാന ലക്ഷ്യം ഹിന്ദുത്വ അനുകൂല വികാരപ്രകടനവും ആക്രമണവുമാണ്.

ഇവിടെ മതിലിന്റെ ഒരു ഭാഗത്ത് ഇസ്‌ലാമിനെതിരെ അശ്ലീല പ്രയോഗങ്ങളും തെറിവിളികളുമാണ് സ്േ്രപ പെയിന്റ് ഉപയോഗിച്ച് എഴുതിവെച്ചിരിക്കുന്നത്. ഈ മതിലിന്റെ മറുഭാഗത്താവട്ടെ സി.എ.എക്കെതിരെയുള്ള ചുവരെഴുത്തുകളും കാണാം. ഇക്കൂട്ടരെ സൂക്ഷ്മമായി നിരീക്ഷച്ചപ്പോഴാണ് ഇവരൊന്നും ആ പ്രദേശത്തുകാരല്ലെന്ന് മനസ്സിലായത്. വെടി വെക്കൂ എന്ന് ഉറക്കെ വിളിക്കുന്ന സ്ത്രീകളെ ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ വടിയുമായി ഒരാള്‍ എത്തി അത് തടഞ്ഞു. ഈ സമയം ആ സ്ത്രീകള്‍ ‘ജയ് ശ്രീറാം’ വിളികളുമായി അലറുന്നുണ്ടായിരുന്നു. പിന്നെ അയാള്‍ എന്നെ നിരീക്ഷിച്ചുകൊണ്ട് പിന്മാറി.

ജാഫറാബാദില്‍ പ്രതിഷേധം ശാന്തമായിരുന്നു. ഇവിടെയുള്ളവര്‍ അസ്വസ്ഥരായിരുന്നു. എന്നാല്‍ ഹിന്ദുത്വ ശക്തികളുടെ ഭാഗത്ത് ആഘോഷവും പാട്ടും കൂത്തുമായിരുന്നു. ഡാന്‍സ് പാര്‍ട്ടികള്‍ വരെ അവിടെയുണ്ടായിരുന്നു. വലിയ ശബ്ദത്തില്‍ സംഗീതവും ലൈറ്റുകളും ഉണ്ടായിരുന്നു. വലിയ ഉച്ചത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന സാമുദായിക വികാരം ഉണര്‍ത്തുന്ന സംഗീതമാണ് അവിടെ വെച്ചത്. ‘ഹിന്ദു കാ ഹിന്ദുസ്ഥാന്‍, ജയ് ശ്രീറാം’ വിളികളും ഉച്ചത്തില്‍ ഉയരുന്നുണ്ടായിരുന്നു.

തലക്ക് പരുക്കേറ്റ ഒരു കൗമാരക്കാരനെ ഞാന്‍ അവിടെ കണ്ടു. എന്തു പറ്റിയെന്ന് ഞാന്‍ ചോദിച്ചു. സംഘ്പരിവാര്‍ ഗുണ്ടകളില്‍ നിന്നുള്ള കല്ലേറ് കൊണ്ടതാണെന്ന് അറിയാന്‍ സാധിച്ചു. എന്നാല്‍ ആ കുട്ടിയുടെ ആവേശവും അഭിമാനവും കണ്ടപ്പോള്‍ എന്നില്‍ അത്ഭുതം ഉളവാക്കി. അപ്പോള്‍ അവിടെ ഒരു സംഘം നടന്നുപോകുന്നത് കണ്ടു. അവരുടെ കയ്യില്‍ പിസ്റ്റള്‍ ഉണ്ടായിരുന്നു. ആ സംഘത്തിലെ എല്ലാ അംഗങ്ങളുടെ കൈയിലും ഓരോ ആയുധങ്ങള്‍ ഉണ്ടായിരുന്നു. തെരുവുകളിലെ ഭൂരിഭാഗം ആളുകളിലും വടികളും ആയുധങ്ങളുമുണ്ടായിരുന്നു. ആ സമയമാണ് നാലു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി കടന്നുപോകുന്നത് ഞാന്‍ കണ്ടത്. അവന്റെ കൂടെ അമ്മയും ഇളയ സഹോദരിയുമുണ്ട്. കുട്ടിയുടെ ഒരു കൈ അഛന്‍ പിടിച്ചിട്ടുണ്ട്. മറ്റേ കൈയില്‍ ആ കുട്ടിയുടെ അതേ വലുപ്പത്തിലുള്ള ഒരു വടിയും ഉണ്ടായിരുന്നു.

അവലംബം:thewire.in
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Related Articles
Close
Close