Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയുടെ ഐക്യം പുനഃസ്ഥാപിക്കാൻ ഷഹീൻ ബാഗുകൾ

സി.എ.എ വിവേചനപരമാണെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും ഏകാഭിപ്രായം വെച്ചുപുലർത്തുന്നവരാണ് മുൻ-സുപ്രീംകോടതി ജഡ്ജിമാർ മുതൽ നൊബേൽ പുരസ്ക്കാരജേതാക്കളുൾപ്പെടെയുള്ള രാജ്യത്തെ വിദ്യാസമ്പന്നർ. പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള എതിർപ്പായിരുന്നു സി.എ.എ വിഷയത്തിൽ ബി.ജെ.പി സർക്കാർ പ്രതീക്ഷിച്ചതെന്നു വേണം കരുതാൻ. എന്നാൽ, അവരെ അൽഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ന്യൂനപക്ഷ സമുദായക്കാരായ വിദ്യാർഥികൾ 4 ശതമാനം മാത്രം വരുന്ന കേന്ദ്രസർവകലാശാലകളിൽനിന്ന് തന്നെ പ്രതിഷേധം  ആളിപ്പടർന്നത്.

പക്ഷെ, അൽഭുതങ്ങളിനിയും സംഭവിക്കാനുണ്ടായിരുന്നു. ഓഖ്‌ലയിലെ ഇടത്തരക്കാരുടെ കേന്ദ്രമായ ഷഹീൻ ബാഗിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന കുത്തിയിരിപ്പ് സമരമാണ് അതിൽ പ്രധാനപ്പെട്ടത്. ഇതിന്റെ നേതൃത്വം വഹിക്കുന്നത് മുഴുവൻ പ്രദേശവാസികൾ തന്നെയായ സ്ത്രീകളാണ്. രണ്ട് മാസത്തോളമായി ടാർപ്പോളിൻ ടെന്റിനുകീഴെ റോഡിൽ തന്നെ കഴിയുന്ന ഇവർക്ക് മല്ലിടേണ്ടിവരുന്നത് ഡൽഹിയിലെ 100വർഷത്തിനിടയിലെ കൊടുംതണുപ്പിനോടുകൂടിയാണ്. ഇതിന് വർഗീയനിറം നൽകാനുള്ള ചില രാഷ്ട്രീയക്കാരുടെ കൊണ്ടുപിടിച്ച ശ്രമങ്ങളെ വിഫലമാക്കുവാനും ഇവർക്ക് സാധിച്ചു.

എന്തിന്, സമരപ്പന്തലിൽ മതപ്രഭാഷണം നടത്താൻ ശ്രമിച്ച ഒരു മുസ്‌ലിം മതനേതാവിനെപ്പോലും അവർ തടയുകയാണ് ചെയ്തത്. സമാനമായിത്തന്നെ, ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടയിലും സമരപന്തലിൽ കാലുകുത്താൻ ഒരു രാഷ്ട്രീയനേതാവിനെയും അവരനുവദിച്ചില്ല. മുസ്‌ലിം സാമുദായിക ചിഹ്നങ്ങളോ ഗാനങ്ങളോ അവരുപയോഗിക്കുന്നില്ല. മറിച്ച് ഇന്ത്യൻ പതാകയും സ്വാതന്ത്ര്യസമര നേതാക്കളായ ഗാന്ധിയുടെയും അംബേദ്‌കറുടെയും ചിത്രങ്ങളാണ് അവർ പ്രദർശിപ്പിക്കുന്നത്. ഒപ്പം ഭരണഘടനയുടെ ആമുഖം വായിക്കുകയും ദേശീയഗാനവും മറ്റു ദേശഭക്തിഗാനങ്ങളും ആലപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Also read: മക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ദാമ്പത്യ സംഘര്‍ഷങ്ങള്‍

തങ്ങളുടെ കുടുംബങ്ങളെ നോക്കി വീടകങ്ങളിൽ കഴിഞ്ഞിരുന്ന ഷഹീൻ ബാഗിലെ ദാദിമാരുൾപ്പെടെയുള്ളവർ ഇതാദ്യമായാണ് ഒരു പ്രതിഷേധപരിപാടിയിൽ പങ്കെടുക്കുന്നത് തന്നെ. എന്നിട്ടുപോലും വളരെ നിർണായകമായ ഇത്തരമൊരു സംരംഭം കൊണ്ടുനടക്കുന്നതിൽ അവർ കാണിക്കുന്ന രാഷ്ട്രീയ പക്വതയും വൈദഗ്ധ്യവും എടുത്ത് പറയേണ്ടത് തന്നെയാണ്.താൽക്കാലിക പുസ്തകശാലകളും പെയിന്റിങ്ങ് പ്രദർശനങ്ങളും കവിയരങ്ങുകളുമൊക്കെ നടത്തി അവരതിനെ സജീവമാക്കി നിലനിർത്തുന്നു. എല്ലാതരം വിവാദങ്ങളെയും വകഞ്ഞുമാറ്റിയാണ് കശ്മീരി പണ്ഡിറ്റുകളുടെ ഒരു സംഘത്തെ അവരീ റാലിയിലേക്ക് ക്ഷണിച്ചതും ഐക്യദാർഢ്യമർപ്പിച്ചതും. കാർഷിക ലോണുകൾ മൂലം വലയുന്ന ഒരു കൂട്ടം സിഖ് കർഷകർക്കും അവർ തങ്ങളുടെ ഐക്യദാർഢ്യമർപിച്ചു.

ഡെൽഹി തെരഞ്ഞെടുപ്പിനിടെയും ഭീഷണിപ്പെടുത്തലുകളും വെടിവെപ്പുൾപെടെയുള്ള മറ്റക്രമ സംഭവങ്ങളെയും അവർ നേരിട്ടത് നിറഞ്ഞ ആത്മവിശ്വാസത്തോടുകൂടെത്തന്നെയായിരുന്നു. വിജയങ്ങൾ പുതിയ വിജയങ്ങളെ വളർത്തും. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ നേതൃത്വത്തിൽ തന്നെ ഷഹീൻ ബാഗുകൾ ഉയർന്ന് വരുന്നത് അതുകൊണ്ടാണ്. അനൈക്യമുണ്ടാക്കുന്ന മതതീവ്രവാദ പ്രവണതകളെ തടഞ്ഞുനിർത്തുന്നതിൽ നിർണായക പങ്കാണ് ഗാന്ധിയൻ മോഡൽ സമരമുറകൾക്കുള്ളതെന്ന് തെളിയിക്കുന്നവയാണ് ഓരോ ഷഹീൻ ബാഗും.

വിവ. ദാനിഷ് മാട്ടുമ്മൽ

Related Articles