Current Date

Search
Close this search box.
Search
Close this search box.

സൗഹൃദവും വ്യക്തിത്വവും

ബന്ധങ്ങളെ വേണ്ടത്ര വിലമതിക്കുകയും അതേസമയം ഏത് സാഹചര്യങ്ങളിലും അവയെ അധികം പരിക്കുളൊന്നും ഏല്പിക്കാതെ, കാറ്റിലും കോളിലും തകരാൻ അനുവദിക്കാതെ, സൂക്ഷ്മതയോടെ നിലനിർത്തി മുന്നോട്ട് കൊണ്ടുപോവാൻ പരിശ്രമിക്കുകയും ചെയ്യുന്നവർ എപ്പോഴും ഉയർന്ന മനോഭാവമുള്ള വ്യക്തിത്വങ്ങൾ ആയിരിക്കും. ബന്ധങ്ങളിൽ വൈകാരികതയ്ക്ക് അതിയായ പ്രാധാന്യമുണ്ട്. അച്ഛൻ അമ്മ, മക്കൾ, ജീവിതപങ്കാളി, ആത്മസുഹൃത്ത് പോലെയുള്ള ഉറ്റ ബന്ധങ്ങളുമായി വൈകാരികതയ്ക്ക് ഒട്ടും സ്ഥാനം നല്കാതെയോ അവരുടെ ഫീലിംഗ്‌സിനെ തീരെയും പരിഗണിയ്ക്കാതെയോ നല്ലൊരു ബന്ധം അവർക്കും തനിക്കുമിടയിൽ രൂപപ്പെടുത്തിയെടുക്കാം എന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ എത്ര കിണഞ്ഞു ശ്രമിച്ചാലും ഒരാൾക്കും കഴിയില്ല. സ്വന്തം വികാരങ്ങളെ മാനേജ് ചെയ്യുന്നതോടൊപ്പം തന്നെ യഥാസ്ഥാനങ്ങളിൽ വേണ്ടപോലെ പ്രകടിപ്പിക്കാനും കഴിഞ്ഞിരിക്കണം. അതേപോലെ വികാരങ്ങളെ മാനിക്കാതെ പെരുമാറാൻ തുടങ്ങിയാൽ നിത്യേനയെന്നോണം ഓരോരോ പ്രശ്‌നങ്ങൾ അവർക്കിടയിൽ ക്രിയേറ്റ് ചെയ്യപ്പെടും. പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ തലവേദനയായി മാറും.

എന്നാൽ വികാരങ്ങളെ നിയന്ത്രിക്കാൻ ചിന്തകൾകൊണ്ടെ സാധിക്കുള്ളൂ എന്ന വസ്തുത നമ്മിൽ പലരും ചിലപ്പോഴെല്ലാം മറന്നു പോകുകയും വികാരങ്ങൾക്ക് അടിമപ്പെട്ട് ജീവിതം നാശത്തിലേക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു. ആത്മനിയന്ത്രണം ഫലവത്തായ രീതിയിൽ ആർജ്ജിച്ചെടുക്കൽ ആത്മബോധമില്ലാതെ സാധിക്കുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല എന്ന് തന്നെ പറയാം.

നമുക്കറിയാം ബന്ധങ്ങളെ നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകൽ അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ഒരു വ്യക്തിയുടെ യഥാർത്ഥ കഴിവുകളിൽ ഒന്നായിട്ട് അല്ലെങ്കിൽ വലിയൊരു ജീവിത നേട്ടമായി അതിനെ അംഗീകരിക്കുകയും ആ മനുഷ്യനെ നല്ലൊരു മാതൃകയാക്കാൻ നാം തയ്യാറാവുകയും വേണം. എന്നാൽ ആരെയും പ്രീതിപ്പെടുത്താനോ പ്രീണിപ്പിച്ചു നിർത്താനോ ഉള്ള മനപ്പൂർവ്വമുള്ള ശ്രമങ്ങൾ അവരിൽ കണ്ടെത്താൻ നമുക്ക് കഴിയുകയുമില്ല എന്നതാണ് വിസ്മയിപ്പെടുത്തുന്ന ഒരു കാര്യം. അയാൾ എപ്പോഴും അയാൾ തന്നെ ആയിരിക്കും. അല്ലെങ്കിലും സ്വത്വബോധത്തിൽ ജീവിക്കുന്ന ഒരാളാവുമ്പോൾ താൻ എവിടെ, എപ്പോൾ, എങ്ങനെ, ആരോട്, എന്ത് ആവണം അല്ലെങ്കിൽ എങ്ങനെ ആയിരിക്കണം എന്ന ബോധത്തിലാണ് അത്തരമൊരു വ്യക്തി നിൽക്കുന്നതും ചിന്തിക്കുന്നതും പ്രവൃത്തിക്കുന്നതും.

Also read: മറ്റൊരു ഡിസംബർ ആറു കൂടി കടന്നു വരുമ്പോൾ

മറ്റുള്ളവർ എന്ത് എന്നതോ അല്ലെങ്കിൽ എന്തല്ല എന്നതൊന്നും തന്നെ അയാളെ ബാധിക്കുന്ന പ്രശ്നമല്ല. എന്തിനാണ് നാം അതിനായ് സമയം കണ്ടെത്തുന്നത്, എന്താണ് ഒരാളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയിട്ട് ലഭിക്കുന്നത്. നമ്മുടെ സാമിപ്യം അത്രമേൽ അവർ ആഗ്രഹിക്കുന്നെങ്കിൽ മാത്രമേ, അവരായ് അനുവദിച്ചു നൽകുന്ന സ്വാതന്ത്ര്യത്തിലേക്ക് ഇന്നേവരെ അകലെ നിന്ന് അറിഞ്ഞ മനുഷ്യന്റെ ജീവിതത്തിലേക്ക് ലക്ഷ്മണ രേഖ മുറിച്ചു കടന്ന്, അതിർത്തികൾ ഭേദിച്ച് അകത്തേയ്ക്ക് കടന്ന് ചെല്ലാൻ പാടുള്ളൂ. അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് ആദരവോടെ ഒരു അകലം സൂക്ഷിക്കുന്നതാണ് ഉത്തമം. മറ്റൊരാളിൽ കാണുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കും മുമ്പ് ചെറിയ രീതിയിലെങ്കിലും ഒരു അത്മാവലോകനം നടത്തുന്നത് ആർക്കും ഉപകരിക്കും.

വസ്തുനിഷ്ഠാപരമായി ചിന്തിച്ചാൽ ഒരു നല്ല ക്യാരക്റ്റർകൊണ്ട് മോൾഡ് ആക്കപ്പെട്ട വ്യക്തിത്വം അത്രയധികം ഗുണഗണങ്ങൾകൊണ്ട് നിറഞ്ഞതായിരിക്കും മറ്റൊരു വ്യക്തിയുടെ കുറവുകൾ പാടി നടക്കുന്നത് അവരുടെ വ്യക്തിത്വത്തിന് ചേർന്നതല്ല എന്ന ബോധമാണ് അവരെ നയിക്കുന്നത്. കുറവുളെക്കാൾ ആളുകളിലെ ഗുണങ്ങളിലേയ്ക്കാണ് ഇത്തരക്കാർ നോക്കുക. ഒരു വ്യക്തിത്വത്തിന്റെ ബെയ്‌സ് അല്ലെങ്കിൽ അടിത്തറ (foundation) എന്ന് പറയുന്നത് ശക്തമായൊരു ക്യാരക്ടർ ആണ്. ഫൗണ്ടേഷൻ ഇല്ലാതെ ഒരു ബിൽഡിങ് പണിയാൻ പറ്റുമോ? ഇല്ല എന്നറിയാം. ഒരു നല്ല ക്യാരക്ടർ ഉള്ളത്കൊണ്ട് തന്നെ അവർക്ക് വ്യക്തിബന്ധങ്ങൾ ശക്തമായി സൂക്ഷിക്കാൻ കഴിയുന്നു. വിശ്വസനീയത ഇവരുടെ ഒരു ഉയർന്ന ക്വാളിറ്റിയായിരിക്കും. അന്യന്റെ രഹസ്യങ്ങളിലേയ്ക്ക് തലയിട്ട് ചൂഴ്ഞ്ഞു നോക്കാനും കൈകടത്തലുകൾ നടത്താനും അവരുടെ അത്മാഭിമാനബോധം അനുവദിക്കില്ല.

അപരന്റെ മനസ്സിനെ, ചിന്തകളെ, കുറവുകളെ അല്ലെങ്കിൽ ന്യൂനതകളെ, കാഴ്ചപ്പാടുകളെ, ശരീരത്തെ, തൊലി നിറത്തെ, ജാതിയെ, മതത്തെ പുച്ഛിക്കാൻ നിൽക്കുന്ന ഒരാൾക്ക് ഒരിക്കലും നല്ല ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചെടുക്കാൻ കഴിയില്ല. മേൽപ്പറഞ്ഞവയിൽ വലിയൊരു ശതമാനവും അവരുടെ സ്വന്തം ചോയ്സ് അല്ലല്ലോ എന്നൊക്കെ നാം ചിന്തിക്കണം. അവരായിട്ട് തിരഞ്ഞെടുത്തതല്ലല്ലോ അതൊന്നും. സകല ജീവികളെയും വസ്തുക്കളെയും അതാതിന്റെ സ്ഥാനത്ത് കണ്ടുകൊണ്ട്, അത് എങ്ങനെയാണോ കാണപ്പെടുന്നത് അതേപോലെ സ്നേഹിക്കലാണ് കരണീയം. മാനവിക മൂല്യങ്ങൾ അതിമഹത്തരമാണ്, അത് പ്രായോഗികതയിലേക്ക് എത്തിപ്പെടുന്നത് ഔന്നിത്യബോധത്തോടെ ജീവിക്കുന്ന ഇത്തരം മനുഷ്യരിലൂടെയും. ഇങ്ങനെയൊക്കെ ജീവിക്കാൻ കഴിയുന്ന ഒരാൾക്ക് ആരുടെയും മനസ്സിലൊരു മഹത്തായ സ്ഥാനം നേടിയെടുക്കാനും അയാളുമായി നല്ലൊരു സൗഹൃദം സ്ഥാപിച്ചെടുക്കാനും എളുപ്പം പറ്റും. എല്ലാ മനുഷ്യരോടും ഒരേപോലെ പെരുമാറാൻ, എല്ലാവരെയും ഒരേപോലെ ട്രീറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു വ്യക്തിയോടും അയാളിലെ വ്യക്തിത്വത്തോടും ആർക്കാണ് ആദരവും ഇഷ്ടവും ആരാധനയും തോന്നിപ്പോവാത്തത്??

Also read: അയുക്തിവാദം

സിനിമയിൽ കാണുന്ന ഹീറോയെ ആരാധിക്കുന്ന നാം ഓർത്ത് നോക്കൂ സിനിമകളിൽ നിയമവിരുദ്ധവും സാമൂഹ്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ കാര്യങ്ങൾ ചെയ്യുന്ന ഒരു നായകൻ നമ്മുടെയൊക്കെ ആരാധനാ പാത്രമാവുന്നു. എന്നാൽ വാസ്തവത്തിൽ റിയൽ ഹീറോസ് ജീവിതത്തിൽ കാണുന്ന ഈ മനുഷ്യരല്ലേ. ഇവരെയാണ് നമ്മൾ ആദരിക്കേണ്ടത്. മനുഷ്യരാശിയ്ക്ക് എന്നുമൊരു പ്രത്യാശയാണ് ഇവർ, മാനവ കുലത്തിന്റെ നിലനിനിൽപ്പിനും സമൂഹത്തിന്റെ കെട്ടുറപ്പിനും അപരിഷ്കൃതരായ ആളുകളിലേക്ക് അറിവിൻ വെളിച്ചം പകർന്ന് പ്രബുദ്ധതയിലേക്ക് നയിക്കുന്നതിലും നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഇവർ നൽകുന്ന സംഭാവന ചർച്ച ചെയ്യപ്പെടാറില്ലെങ്കിലും ഇവരൊക്കെയാണ് നന്മയുടെ പരിപാലകർ, നന്മയുടെ ദൂതന്മാർ. ഇവരെ തിരിച്ചറിയുന്നതിൽ വൈമുഖ്യം കാണിക്കരുത്. നന്മകളെയും നന്മ ചെയ്യുന്ന മനസ്സുകളെയും തിരിച്ചറിയാതെ പോകുന്നത് വലിയൊരു തെറ്റാണ്. നന്മയുടെ പ്രചാരകരെ സമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിയ്ക്കും എന്നും ആവശ്യമാണ്.

സൗഹൃദമെന്നാൽ കരുത്താണ്, പ്രതീക്ഷയാണ്, വിശ്വാസമാണ്. ജീവിതത്തിൽ ഏത് ദുരന്തഘട്ടത്തിലും ഏത് ദുർഘടനിമിഷങ്ങളിലും യഥാർത്ഥ സൗഹൃദം നൽകുന്ന പിൻബലവും താങ്ങും കൂട്ടും വലുതാണ്. ഒരു ആത്മസുഹൃത്തെന്നാൽ അമൂല്യമായ ഒന്നാണ്, ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു മുതൽക്കൂട്ടും. അബ്ദുൾ കലാമിൻെറ വാക്കുകൾ നോക്കൂ “One best book is equal to hundred friends, but one good friend is equal to a library” ഒരു മികച്ച പുസ്തകം നൂറ് സുഹൃത്തുക്കൾക്ക് തുല്യമാണ് എന്നാൽ ഒരു നല്ല സുഹൃത്ത് ഒരു ഗ്രന്ഥശാലയ്ക്ക് തുല്യവും എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ആത്മാർത്ഥ സുഹൃത്ത് എന്നാൽ അച്ഛനമ്മമാർ, മക്കൾ, ജീവിതപങ്കാളി എന്ന പോലെ ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയൊരു സ്ഥാനം അർഹിക്കുന്ന ആളാണ്. നല്ല ബന്ധങ്ങൾ ഒരാൾക്ക് മനസ്സമാധാനവും ശാന്തിയും സംതൃപ്തിയും പകരും. അല്ലാത്തവ എന്നത്തേയ്ക്കും ആശാന്തിയും മനോവ്യഥയും മനഃസംഘർങ്ങളും നൽകി പരീക്ഷിച്ചുകൊണ്ടിരിക്കും.

ബന്ധങ്ങളെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരാൾ അല്ലെങ്കിൽ ഒരു വ്യക്തിയാണ് ലോകത്ത് ഏറ്റവും നല്ല ജീവിതം ജീവിക്കുന്നവർ എന്നാണ് പറയപ്പെടുന്നത്. If friendship is your weakest point then you are the strongest person in the world എന്ന്
അബ്രഹാം ലിങ്കൺ ഉദ്ധരിച്ചത്. കുറെ ഫ്രണ്ട്സുണ്ടെന്ന് കരുതി നിരുത്തരാവാദിത്വത്തോടെ കറങ്ങി നടപ്പോ, അലക്ഷ്യമായ ജീവിത രീതികളോ അല്ല. സൗഹൃദം ഒരു കരുത്തായി, മൂല്യബോധത്തോടെ കാത്തുസൂക്ഷിക്കാനുള്ള മനസ്സിന്റെ കപ്പാസിറ്റിയെയാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ നമ്മുടെ ലൈഫിൽ ഒരാൾക്ക് ഏത് സ്ഥാനം നൽകണമെന്ന് ആത്യന്തികമായി നാം തന്നെയാണ് തീരുമാനിക്കുന്നത്.

Also read: ഫഖ്‌രിസാദയുടെ വധവും ഇസ്രായേലും ?

കുട്ടികൾ ഹൈസ്ക്കൂൾ കോളേജ് തലങ്ങളിലേക്ക് എത്തുന്നത് കൗമാരപ്രായത്തോട് അടുത്താണല്ലോ. വൃത്തികെട്ട കൂട്ടുകെട്ടിലും ഗ്രൂപ്പുകളിലും ചെന്ന് പെടുമ്പോഴാണ് പൊതുവെ മക്കൾ വഴിതെറ്റി പോകുന്നതെന്ന് നാം മനസ്സിലാക്കുക രക്ഷിതാക്കൾ തങ്ങളുടെ മകനോ മകളോ എന്താണെന്ന് അറിയാൻ സ്വന്തം മക്കളെ കണക്കിലധികം ചോദ്യം ചെയ്തും സൗഹൃദത്തിന് പതിവിൽ കവിഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സ്വാതന്ത്ര്യത്തിന് വിലക്കുകൾ കൽപ്പിച്ചും ആവരുത്. കൂട്ടുകെട്ടും സൗഹൃദവും എത്തരത്തിലുള്ള സ്വഭാവക്കാരുമായിട്ടാണ് എന്ന് നോക്കിയാൽ മതിയാകും. 90% അത് തന്നെയായിരിക്കും അവരുടെ മക്കളും. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ പറ്റുമെങ്കിൽ കുട്ടികൾക്ക് ഗൈഡൻസ് നൽകാൻ അച്ഛനമ്മമാർക്ക് കഴിയണം.

കുട്ടികളുടെ മനസ്സിന്റെ പൾസ് അറിയണമെങ്കിൽ അവരുമായി സ്വതന്ത്രമായി ഇടപഴകിയെ തീരൂ. അല്ലാതെ അവർ മനസ്സ് വിട്ട് തരില്ല. വ്യക്തിയായി അവരെ പരിഗണിക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചും അവർ അതേ റെസ്പെക്ടും പരിഗണനയും നൽകി മതാപിതാക്കളെ സ്നേഹിക്കും. മക്കളുമായുള്ള സൗഹൃദപരമായ ഇടപെടലുകളിലൂടെയാണ് അത് പ്രയോഗികമാക്കാൻ കഴിയുന്നത്. ഗൗരവത്തോടെ, ശ്രദ്ധയോടെ അച്ഛനമ്മമാരുടെ വാക്കുകളെ ശ്രവിക്കാനും അതിന് സൗമ്യഭാവത്തിൽ പ്രതികരിക്കാനും മറുപടി നൽകാനും സൗഹൃദപാരമായ ഇടപെടലുകളിലൂടെ അച്ഛനമ്മമാർക്ക് അവരെ പഠിപ്പുച്ചെടുക്കാം. കുട്ടികൾക്ക് ഏറ്റവും നല്ല സുഹൃത്തും വഴികാട്ടിയും രക്ഷിതാക്കൾ ആവുമ്പോൾ ഗുരുക്കന്മാരുടെ സ്ഥാനവും അവർക്കായി മാറും.

ഏതൊരു ബന്ധത്തിനും അല്പം സൗഹൃദത്തിന്റെ ഛായ പകർന്ന് നൽകുമ്പോൾ അത് മനോഹരവും ശക്തവും അതേസമയം പരസ്പരം റെസ്പെക്ട് ചെയ്യുന്ന, സ്വാതന്ത്ര്യം അറിയുന്ന, അറിയാൻ അനുവദിക്കുന്ന ബന്ധമായി മാറുകയും എന്നുമെന്നും നിലനിൽക്കുകയും ചെയ്യും. അത് രക്ഷിതാക്കൾക്കും മക്കൾക്കുമിടയിൽ ആവാം, സഹോദരങ്ങൾക്കിടയിൽ ആവാം, ഭർത്താവ് ഭാര്യമാർക്കിടയിലാവാം, കമിതാക്കൾക്കിടയിലും ആവാം. സൗഹൃദമാവണം ബന്ധങ്ങളുടെയെല്ലാം ബെയ്‌സ് അല്ലെങ്കിൽ അടിസ്ഥാനം. സൗഹൃദത്തിന്റെ നിറവിൽ നിലനിൽക്കുന്ന ഏതൊരു ബന്ധങ്ങൾക്കും പുതിയൊരു ഭാവം അറിയാതെ തന്നെ വന്നുചേരും.

Also read: സ്വാതന്ത്ര്യ സമരത്തിൻറെ രാജപാതയിൽ

ബന്ധങ്ങൾക്ക് എപ്പോഴും ബലവത്തായതും സുദൃഢവുമായ ഒരു അടിത്തറ പാകിയെടുക്കാൻ ആദ്യപടിയായി പ്രസ്തുത വ്യക്തിയെ മനസ്സിലാക്കുക, ഉൾക്കൊള്ളുക എന്നീ പ്രക്രിയകൾ തടസ്സങ്ങളേതുമില്ലാതെ, നിർബാധം സംഭവിക്കണം. മനസ്സുകൾക്കിടയിൽ ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകൾ ദുരീകരിക്കാൻ ഹൃദയം തുറന്ന് സംസാരിക്കണം. താൻപോരിമയും സ്വാർത്ഥതയും കുടിലത നിറഞ്ഞ മനോഭാവവും ഈഗോയും ബന്ധങ്ങളെ തകർത്ത് കളയും എന്നന്നേക്കുമായി അനിശ്ചിതത്വത്തിന്റെ വാക്കിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. സ്നേഹം, ആർദ്രത, സഹാനുഭൂതി, അനുകമ്പ, ദയ, സഹതാപം, പൊറുക്കാനും മറക്കാനുമുള്ള കഴിവ്, കൃതജ്ഞത, ഇവയൊക്കെ ബന്ധങ്ങളെ ഗാഢമാക്കിയും ഊഷ്മളമാക്കിയും നിർത്താൻ വളരെ സഹായകമാകും. അതേപോലെ മനസ്സിന് സ്ഥിരത കൈവരിച്ച അല്ലെങ്കിൽ അചഞ്ചലമായ നിലപാടുകളോടെ ചിന്തിക്കുന്ന ആർക്കും വ്യക്തിബന്ധങ്ങൾ നഷ്ടമാവില്ല കാരണം വ്യക്തമായ നിലപാടുള്ളവർ സ്പഷ്ടമായി കാര്യങ്ങളെ ഉൾകൊള്ളാൻ തയ്യാറാവുന്ന വ്യക്തിത്വങ്ങൾ ആയിരിക്കും.

Related Articles