Current Date

Search
Close this search box.
Search
Close this search box.

മറ്റൊരു ഡിസംബർ ആറു കൂടി കടന്നു വരുമ്പോൾ

ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ തന്നെ സംഘ രാഷ്ട്രീയം ഇന്ത്യയുടെ ഭാഗമായിരുന്നു. പക്ഷെ ഗാന്ധി, നെഹ്‌റു ആസാദ് പോലുള്ള മതേതര നേതാക്കളുടെ ഇടപെടലുകൾ അവർക്ക് തടസ്സമായി. കോണ്ഗ്രസ് മതേതരത്വത്തിനു കാവൽ നിന്നിരുന്ന കാലത്തോളം അത് തുടർന്ന് പോന്നു. ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് എന്നും വെള്ളക്കാർ പയറ്റിയത്. ഇന്ത്യയെ പോലെ ഭിന്ന മതവിശ്വാസികൾ ജീവിക്കുന്ന നാട്ടിൽ അവരെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമായിരുന്നില്ല. ആദ്യ വിദേശി കടന്നു കയറ്റക്കാരായ പോർച്ചുഗീസുകാർക്കെതിരെ ഒന്നിച്ചു നിന്ന് പട പൊരുതിയ ചരിത്രം ഇന്ത്യക്കുണ്ട്. അന്ന് ഹിന്ദുവും മുസ്ലിമും ഒന്നിച്ചാണ് ആ പണി ഏറ്റെടുത്തത്.

ചരിത്രത്തെ വികലമാക്കുക എന്ന ജോലിയാണ് വെള്ളക്കാർ ഏറ്റെടുത്തത്. ചരിത്രം മൂർച്ചയുള്ള ആയുധമാണ്. അത് തന്നെയാണ് ഇന്ന് സംഘ പരിവാറും ചെയ്യുന്നത്. ചരിത്രത്തെ യഥാർത്ഥ രീതിയിൽ വായിക്കുക എന്നതിന് പകരം അതിനെ പുതിയ അച്ചിയിൽ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാർ. ഇന്ത്യൻ പൈതൃകം എന്ന തലക്കെട്ടിൽ അവർ മുന്നോട്ട് വെച്ച തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകുന്ന വാഗ്ദാനം ചരിത്രത്തെ ഇന്ത്യൻ ഹിന്ദുത്വവുമായി കൂട്ടിചേർക്കും എന്ന് തന്നെയാണ്. വെള്ളക്കാരന്റെ മനസ്സിൽ ഉദിച്ച ആശയമാണ് അയോധ്യയിലെ രാമ ജന്മഭൂമിയും ബാബറി മസ്ജിദും. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനും രാമ ജന്മഭൂമിയിലെ അമ്പലം തകർത്താണ് ബാബറിന്റെ ഗവർണർ പള്ളി പണിതത് എന്ന് പറഞ്ഞില്ല. ശേഷം വന്ന മുഗൾ രാജാക്കനമാരെ ആ ആവശ്യം ഉന്നയിച്ചു ആരും ബന്ധപ്പെട്ടതായി നാം കേട്ടിട്ടില്ല.

രാമനെ ഇന്ത്യൻ ജനത ആരാധിച്ചു തുടങ്ങിയിട്ട് കാലമേറെയായി. തങ്ങളുടെ ആരാധ്യന്റെ പേരിലുള്ള അമ്പലം ഒരു അക്രമി പൊളിച്ചു നീക്കി അവിടെ മറ്റൊരു ആരാധനാലയം പണിയുമ്പോൾ നിസ്സംഗരായി നോക്കി നിന്നു എന്നത് അന്നത്തെ ഹിന്ദു സമൂഹത്തോടും വിശ്വാസികളോടും ചെയ്യുന്ന ക്രൂരതയാണ്. ആ കാലഘട്ടത്തിൽ രാജാക്കന്മാരുടെ പല നിലപാടുകളെയും പലപ്പോഴും ജനം ചോദ്യം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്താണ് അയോധ്യക്ക് പുതിയ ചരിത്രം രൂപം കൊള്ളുന്നത്‌. ഇന്ത്യയിൽ ശക്തി പ്രാപിച്ചു കൊണ്ടിരുന്ന ഹിന്ദുത്വം ഇത്തരം വിതണ്ടവാദങ്ങൾ ഏറ്റെടുക്കാൻ എന്നും തയ്യാറായിരുന്നു. പക്ഷെ ഇന്ത്യൻ ജനത ഇത്തരം വാക്കുകൾക്കു കാര്യമായ പ്രാധാന്യം നൽകിയില്ല. നെഹ്‌റു കാലത്ത് പള്ളിയിൽ വിഗ്രഹം വെച്ചെങ്കിലും അതും ഇന്ത്യൻ മനസ്സുകളിൽ വലിയ ചലനം സൃഷ്ടിച്ചില്ല. അന്ന് തന്നെ ഉദ്യോഗസ്ഥ തലത്തിൽ സംഘ പരിവർ ശക്തമായിരുന്നു എന്നതിന്റെ തെളിവാണ് ആ നദിയിൽ ഒഴുകി പോകേണ്ടിയിരുന്ന വിഗ്രഹം പള്ളിയിൽ തന്നെ കിടന്നു എന്നത്.

Also read: അയുക്തിവാദം

ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ബാബറി മസ്ജിദ് രാമജന്മഭൂമി വിഷയത്തിനു പിന്നെയും കാത്തിരിക്കേണ്ടി വന്നു. അങ്ങിനെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തു വർഗീയത ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായി മാറി . മതേതരത്വം വിറങ്ങലിച്ചു നിന്ന കാലത്ത് വർഗീയതക്ക് തേരോട്ടം നടത്താൻ ഇന്ത്യൻ മണ്ണ് പാകമായിരുന്നു. ലോകത്തിന്റെ മുന്നിൽ ഇന്ത്യ എന്ന രാജ്യം തോറ്റുപോയ ദിനങ്ങളെയാണ് ഡിസംബർ ആറു ഓർമ്മിപ്പിക്കുന്നത്. അക്രമികൾ തങ്ങളുടെ ശക്തി ഉപയോഗിച്ച് ഒരു വിഭാഗത്തിന്റെ ആരാധനാലയം തകർത്ത് കളഞ്ഞു. എല്ലാ നീതിയും നിയമവും അന്ന് നിശ്ചലമായി. അതിന്റെ പേരിൽ അക്രമികൾ ഹുങ്ക് കാണിച്ചു വോട്ടു ചോദിച്ചു. മതത്തിന്റെ പേരിൽ രാജ്യത്തെ കീറി മുറിച്ചു എന്നൊരിക്കൽ പറഞ്ഞിട്ടും ചെവി കൊടുക്കാൻ തയ്യാറാകാതിരുന്ന ജനം പള്ളി തകർത്ത രാഷ്ട്രീയത്തെ സ്വീകരിക്കുന്ന ലോകത്തേക്ക് കാര്യങ്ങൾ നീങ്ങിപ്പോയി.

സംഘ പരിവാർ ഇന്ത്യൻ രാഷ്ട്രീയത്തെ കക്ഷത്തിൽ ഒതുക്കി തുടങ്ങി എന്നതായിരുന്നു ബാബറി മസ്ജിദ് തകർച്ചയുടെ ബാക്കി പത്രം. അക്രമികൾക്ക് പിന്നീട് സമ്പൂർണ അധികാരവും കൂടി ലഭിച്ചു. പിന്നെ അവർക്ക് ചെയ്യാൻ കഴിയുക നാട്ടിൽ അക്രമം വ്യാപിപ്പിക്കുക എന്നത് മാത്രമാണ്. പള്ളി തകർത്തത് തെറ്റ് എന്ന് പറഞ്ഞ കോടതി തന്നെ അത് തകർത്തവർക്ക് നൽകി ഇന്ത്യൻ ജനാധ്യപത്യത്തെയും നീതി ബോധത്തെയും കാറ്റിൽ പറത്തി. കുറേ കാലത്തെ പഠന ഗവേഷണത്തിനു ശേഷവും നിലവിലുള്ള അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന് തെളിയിക്കാൻ കഴിയുന്ന ഒന്നും കോടതിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും ഒത്തു തീർപ്പിന്റെ രാഷ്ട്രീയം നാം കണ്ടു. അതിനു നേതൃത്വം നൽകിയ ജഡ്ജിക്ക് സംഘ പരിവാർ ഉചിതമായ പാരിതോഷികവും നൽകിയത് നാം കണ്ടു. അപ്പോഴും നാം പ്രതീക്ഷ കാത്തു സൂക്ഷിച്ചു. പള്ളി തകർത്തത് അക്രമം എന്ന് കോടതി കണ്ടെത്തിയ സ്ഥിതിക്ക് ആ അക്രമത്തിനു പിറകിലുള്ള അക്രമികൾ ശിക്ഷിക്കപ്പെടുന്നതു നാം സ്വപ്നം കണ്ടു. അതൊരു സ്വപ്നമായി തന്നെ അവശേഷിച്ചു. പള്ളി സ്വയം തകർന്നു വീണു എന്ന നിലയിൽ അവസാനം കോടതി എത്തിച്ചേർന്നു. ഇതെല്ലാം ഒരു അപസർപ്പക കഥയിലെ ഭാഗമല്ല നാം നമ്മുടെ കണ്ണ് കൊണ്ട് കണ്ടതും കാതുകൾക്ക് കൊണ്ട് കേട്ടതും അനുഭവിച്ചതുമാണ്.

Also read: ഇസ് ലാമോഫോബിയ വളർത്തിയെടുക്കുന്ന വിധം

മറ്റൊരു ഡിസംബർ ആറു കൂടി കടന്നു വരുമ്പോൾ നമ്മുടെ നാട്ടിൽ സംഘ പരിവാർ ഫാസിസം എല്ലാ സീമകളും തകർത്ത് അഴിഞ്ഞാട്ടം തുടരുന്നു. പുതിയ പള്ളികളുടെ ലിസ്റ്റുകൾ അവർ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കോടതികൾ അത് ഫയലിൽ സ്വീകരിക്കുന്നു എന്ന വാർത്തയും നമ്മുടെ മുന്നിലുണ്ട്. പള്ളി പൊളിക്കുക എന്നത് ഒരു കെട്ടിടം പോളിക്കലായി മാത്രം നാം കാണരുത്. അതിന്റെ പിറകിൽ ഒരു ജനതയുടെ ആത്മവീര്യം തകർക്കുക എന്നത് കൂടിയുണ്ട്. ആരെയാണോ സംഘ പരിവാർ ഫാസിസം ഒന്നാം നമ്പർ ശത്രുവായി കണക്കാക്കിയത് അവരെ പൂട്ടാനുള്ള എല്ലാ തന്ത്രവും അവരുടെ കയ്യിലുണ്ട്. പുതിയ പൗരത്വ നിയമവും കൂടി ചേർത്തു വായിച്ചാൽ എല്ലാം പൂർണമാണ്. വിശ്വാസിയുടെ ജീവിതം എന്നും കനൽകട്ടയിലൂടെ നടത്തമാണ്. പ്രവാചകന്മാർ അത് കൂടുതൽ അനുഭവിച്ചു. ഫറോവയും നമ്രൂദും അബുൽ ഹകമും എന്നോ ജീവിച്ചു മരിച്ചു പോയ കഥാപാത്രങ്ങളല്ല, അവർ എന്നും ജീവിക്കുന്ന സത്യത്തിന്റെ എതിരാളികളാണ് എന്ന് തിരിച്ചറിഞ്ഞാൽ എല്ലാ തിരിച്ചടികളും ഉറച്ച മനസ്സോടെ നേരിടാൻ വിശ്വാസികൾക്ക് സാധ്യമാകും.

Related Articles