Personality

മനോഭാവവും വ്യക്തിത്വവും

അർത്ഥപൂർണ്ണവും സംതൃപ്തവുമായ ഒരു ജീവിതം ആഗ്രഹിക്കുന്നെങ്കിൽ നാം മനുഷ്യർ ഒരിക്കലും കേവലം ഒരു സുഖാന്വേഷി ആയി മാറരുത്. ജീവിതത്തിന്റെ ദ്വൈതഭാവങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനും അവയോടൊപ്പം താദാത്മ്യം പ്രാപിക്കാനും തയാറാവുന്ന ഫ്ലെക്സിബിളായ ഒരു മനസ്സുണ്ടെങ്കിൽ ശാശ്വതമായൊരു സംതൃപ്തിയും സന്തോഷവും അവനവന് എന്നും കൂട്ടിന് ഉണ്ടാവും. സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിൽ സുഖം മാത്രം അന്വേഷിക്കുന്നതോ ദുഃഖത്തെ മാത്രം കാണുന്നതോ ശരിയായ ഒരു നിലപാട് അല്ല. എല്ലാ ഭാവത്തിലും അർത്ഥത്തിലും ജീവിതത്തെ രുചിച്ചറിയുമ്പോൾ മാത്രമേ പൂർണ്ണാർത്ഥത്തിൽ അതിനെ അനുഭവിച്ചറിയാൻ കഴിയുന്നുള്ളൂ. തിക്താനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോൾ തളർച്ചയും ഭീതിയും മാത്രമല്ല നിരാശയും അരക്ഷിതാവസ്ഥയും അനുഭവപ്പെടുന്നത് സ്വാഭാവികം. മനുഷ്യന് എന്തിനെയും നേരിടാനും അതിജീവിക്കാനുമുള്ള കഴിവും ശേഷിയുമുണ്ട്. കൂടാതെ സഹിഷ്ണുതയും ക്ഷമയും ശീലിക്കാനുള്ള ഒരു സുവർണ്ണാവസരം കൂടിയാണ് ഇത്തരം സന്ദർഭങ്ങൾ .  അതിതീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്ന് പോരുമ്പോൾ ഒരു മനുഷ്യന്റെയുള്ളിൽ ആത്യന്തികമായ പല മാറ്റങ്ങളും സംഭവിച്ചുകൊണ്ടേ ഇരിക്കും. യാഥാർത്ഥ്യങ്ങളെല്ലാം മുന്നിൽ പകൽപോലെ തെളിഞ്ഞു കാണാൻ തുടങ്ങുമ്പോൾ വൈമനസ്യമേതുമില്ലാതെ അതിനെ സ്വീകരിക്കാനും മനസ്സ് തയാറായി തുടങ്ങും. ഒരു ചിത്രശലഭത്തെ പോലെ കൊക്കൂണിനകത്ത് നിന്നും മോചിതരായി ചിറക് വിടർത്തി പാറുന്ന മനസ്സ് പലതിൽ നിന്നും സ്വതന്ത്രമാക്കപ്പെടുകയും മറ്റൊരു വ്യക്തിയായി പുനർജന്മം പ്രാപിക്കുകയും ചെയ്യും. അങ്ങനെ എന്തിനെയും ഉൾക്കൊള്ളാനുള്ള വിശാല മനസ്സും ആർജ്ജിച്ചെടുക്കുന്നു. ദുഖങ്ങളും വേദനകളും പ്രയാസങ്ങളും പ്രശ്‌നങ്ങളും നേരിടുന്ന മനുഷ്യർ അതിനെ അതിജീവിക്കാനുള്ള വഴികൾ തേടുമ്പോഴാണ് അനന്തമായ സാധ്യതകളെക്കുറിച്ചും സ്വന്തം കഴിവുകളെക്കുറിച്ചും കൂടുതൽ അറിയുന്നത് എന്ന വസ്തുതയെ ഓർത്തുവെയ്ക്കുക.

അന്തരീകമായ പരിണാമം സംഭവിക്കാനായ് ഒരു സെൽഫ് എക്‌സ്‌പ്ലോറിങ്ങിന് നമുക്ക് ഇവിടെ വഴിയൊരുക്കുകയാണ് പ്രകൃതി. മനുഷ്യപ്രകൃതത്തിൽ ഉണ്ടാവുന്ന നൈസർഗ്ഗീകപരമായ മാറ്റങ്ങൾ അവരിൽ ഹൃദയശുദ്ധി നിലനിർത്താൻ സഹായിയ്ക്കും. പരീക്ഷണങ്ങളും പരാജയങ്ങളും ഇല്ലാത്ത ജീവിതം ഒരു വകയ്ക്കും കൊള്ളില്ല എന്ന സത്യം നാം മനസ്സിലാക്കണം. മനുഷ്യനെ പരുവപ്പെടുത്തിയും പാകപ്പെടുത്തിയും എടുക്കാനുള്ള ടെക്‌നിക്കുകളാണ് അവ. വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുമ്പോൾ മനസ്സിലാക്കുന്ന സത്യങ്ങളിൽ ചിലത് മാത്രമാണ് ഇവയെല്ലാം. ഇത്തരത്തിൽ അനുഭവങ്ങളോ പരീക്ഷണങ്ങളോ സാഹചര്യങ്ങളുടെ സമ്മർദ്ദമോ ഒട്ടും ഇല്ലായിരുന്നെങ്കിൽ വീട്ടിൽ വെറുതെ കുത്തിയിരുന്ന് അലസന്മാരായി മറുകയെ ഉള്ളൂ മനുഷ്യർ. ഒന്നോർത്ത് നോക്കൂ അപാര പൊട്ടൻഷ്യലും ടാലന്റും കൊണ്ട് അനുഗ്രഹീതരായ മനുഷ്യർ ഒന്നും ചെയ്യാതെ തിന്നും കുടിച്ചും ജീവിക്കുമ്പോൾ വെറുതെ പാഴായിപ്പോവുകയല്ലേ ഒരു മനുഷ്യജന്മം.

നമുക്ക് ഇഷ്ടമില്ലാത്ത ഉള്ളിൽ കടുത്ത മനപ്രയാസം സൃഷ്‌ടിക്കുന്ന അല്ലെങ്കിൽ നാം വല്ലാതെ വെറുക്കുന്ന എത്രയെത്ര കാര്യങ്ങൾ ഈ ലോകത്തുണ്ടാവും? അതേപോലെ മറ്റൊരു വ്യക്തിയ്ക്കും ഉണ്ടാവും അയാൾക്ക് ഒരുതരത്തിലും ഇഷ്ടപ്പെടാൻ സാധിക്കാത്ത ഒട്ടേറെ കാര്യങ്ങൾ. അത്തരം കാര്യങ്ങൾ ചെയ്യാനായിട്ട് ഒരാളെ നാം പ്രേരിപ്പിക്കുന്നെങ്കിൽ അത് തീർത്തും അന്യായമാണ്, അപലപനീയവുമാണ്. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാവരും ഇഷ്ടപ്പെടണം എന്ന പിടിവാശിയും പാടില്ല. നമുക്ക് നമ്മുടെ ജീവിതം എത്രത്തോളം വലുതാണോ അത്ര തന്നെ മറ്റുള്ളവർക്കും സ്വന്തം ജീവിത്തോട് പ്രതിപത്തിയും ഇഷ്ടവുമുണ്ട്. അന്യന്റെ അല്ലെങ്കിൽ അപരന്റെ ജീവിതത്തിലേയ്ക്ക് കൈകടത്തലുകൾ നടത്തുന്നതിന് ഒരു പരിധിയുണ്ട് അത് അറിഞ്ഞു വേണം പെരുമാറാൻ. ഒരാളുടെ സ്വകാര്യതയെ മാനിക്കാതെ അയാളുടെ ബൗണ്ട്രിയിലേയ്ക്ക് അതിക്രമിച്ചു കയറൽ അതേപോലെ ജീവിതത്തിൽ കയറി കളിക്കൽ ഒരിക്കലും ഒരു ഉത്തമ വ്യക്തിത്വത്തിന് പറഞ്ഞതല്ല. നമ്മുടെ സ്വന്തം ജീവിത പങ്കാളിയോ മക്കളോ ആയാൽ പോലും അവരുടെ വ്യക്തിത്വത്തെയും സ്വകാര്യതയെയും മാനിക്കണം എന്നാണ്. പങ്കാളികൾക്കിടയിലെ വിശ്വാസം നിലനിർത്താൻ രണ്ടുപേരും ഒരേപോലെ
ബാധ്യസ്ഥരുമാണ് താനും.

Also read: മികച്ച പ്രഭാഷകൻറെ ഗുണങ്ങള്‍

എന്തും തന്റെ കൈപ്പിടിയിൽ ഒതുക്കാനും സർവ്വതും വെട്ടിപ്പിടിക്കാനും ലോകത്തെ സ്വന്തം അധികാരപരിധിയിൽ നിർത്താനുമുള്ള അഭിവാഞ്ഛ ഏതൊരു മനുഷ്യന്റെയുള്ളിലും നിലകൊള്ളുന്നുണ്ട് എന്നാൽ അതുകൊണ്ടെല്ലാം മനുഷ്യൻ സംതൃപ്തനാവുമെന്നോ സന്തുഷ്ടജീവിതം നയിക്കുമെന്നോ തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. സ്വന്തം അസ്തിത്വമറിഞ്ഞ് അതിനോടൊപ്പം ജീവിക്കുമ്പോഴാണ് മനുഷ്യർ ഏറ്റവുമധികം സന്തോഷവാനായി കാണുക. തീവ്ര ഉത്ക്കർഷേച്ഛ(ambitious ആയിരിക്കണം) ഉള്ളവരായിരിക്കണം മനുഷ്യർ എങ്കിലേ വല്ലതും നേടാനായി നിരന്തരം പ്രയത്നിക്കുള്ളൂ. ജീവിതത്തിൽ തീക്ഷ്ണമായ ആഗ്രഹങ്ങളും മോഹങ്ങളും ഉള്ള ഒരാളിലെ എപ്പോഴും ഉന്മേഷവും ഉണർവ്വുമുണ്ടാവുള്ളൂ. എന്നാൽ സകലതും വെട്ടിപ്പിടിച്ച് മുന്നോട്ട് പോകുന്നതിനിടയിൽ ആ പോക്ക് നിമിഷങ്ങൾക്കകം അത്യാർത്തിയോ അതിമോഹമായോ മാറുന്നത് സ്വാഭാവികം, അതൊന്നും അവർ അറിയുന്നില്ല എന്നതാണ് ഏറെ ഖേദകരം. ഇതൊന്നുമല്ലായിരുന്നു തനിയ്ക്ക് വേണ്ടത് എന്ന തിരിച്ചറിവ് വൈകിയാണ് അവരിൽ ഉണ്ടാവുന്നത്. ഇവിടെയാണ് വ്യക്തിത്വത്തിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത്. വ്യക്തിത്വമുള്ള ഒരാളെ എവിടെയും എപ്പോഴും ബോധം പിന്തുടർന്നുകൊണ്ടിരിക്കും. കഴിയുന്നത്ര സമ്പാദിച്ചുകൂട്ടുമ്പോഴും അയാൾ സ്വന്തം സുഖങ്ങൾ മാത്രം നോക്കുന്ന ആളാവില്ല, സഹായ സന്നദ്ധതയും സേവന മനോഭാവവുമുള്ള ഒരാളായി മാറും അയാൾ. മറ്റുള്ളവർക്ക് സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പ് വരുത്താൻ തന്നാലാവുന്നത് അയാൾ നിരുപാധികം ചെയ്‌കൊണ്ടിരിക്കും. കൊച്ചു കൊച്ചു കാര്യങ്ങളിൽ തന്നെ അതിയായ സന്തോഷം കണ്ടെത്താമെന്നിരിക്കെ അവനവനെ മറന്നുകൊണ്ട് ലൗകിക സുഖങ്ങൾക്ക് പിന്നാലെ പായുന്ന മനുഷ്യനെ വൈകാതെ തന്നെ താൻ തനിക്കായി ജീവിക്കാൻ, തന്നെയറിഞ്ഞ് തന്നിലെ തന്നോടൊപ്പം ജീവിക്കാൻ സമയം കണ്ടെത്തിയില്ല എന്ന കുറ്റബോധം പിന്തുടരും.

കഠിനവും ആഴമേറിയതുമായ യാതനകളിൽ നിന്നും വേദനകളിൽ നിന്നും മാനസിക പീഡയിൽ നിന്നും പുറത്ത് വരണമെങ്കിൽ, ദിശയറിയതെ പകച്ചുനിൽക്കേണ്ട ഒരു ഘട്ടത്തിൽ ആ അന്ധകാര ചൂഴിയിൽ നിന്ന് പുറത്ത് കടക്കണമെങ്കിൽ ആ അവസ്ഥയിൽ മനസ്സ് അത്രയും ആഴത്തിൽ തന്നെ ചിന്തിക്കാൻ അവനിൽ അല്ലെങ്കിൽ അവളിൽ സമ്മർദ്ദം ചെലുത്തേണ്ടത്തിക്കൊണ്ടിരിക്കും. ആഴമേറിയ ഒരു കിണറിനകത്ത് അകപ്പെട്ടാൽ എങ്ങനെയിരിക്കും? കയറി വരാൻ കഠിന പരിശ്രമം വേണം, അതിയായ ഊർജ്ജവും ചെലവഴിക്കണം. അതല്ലെങ്കിൽ യുക്തിപൂർവ്വം വല്ല സൂത്രവും പ്രയോഗിച്ച് രക്ഷപെടാനുള്ള മാർഗ്ഗം തേടണം. അതേപോലെ തന്നെയാണ് ആഴമേറിയ സങ്കടക്കഴത്തിൽ അകപ്പെട്ടുപോയാലും അതിൽ നിന്ന് കരകയറാൻ ശക്തമായ ചിന്തകളുടെ അകമ്പടി കൂടിയേ തീരൂ. ഇത്തരം അവസരങ്ങളിൽ പോസിറ്റീവ് ചിന്തകളെ മുറുകെ പിടിക്കണം അവനവനിൽ വിശ്വാസവും ഉണ്ടാവണം. ഒരു തവണ അതിൽ നിന്ന് രക്ഷപെട്ടവനെ മുന്നോട്ടുള്ള ജീവിതത്തിൽ ഒന്നിനും പിന്നെ തളർത്താൻ കഴിയില്ല. ഈ പ്രക്രിയയ്ക്ക് ശേഷം മനുഷ്യന്റെ മനഃശക്തി കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് തിരിച്ചറിയുക. ഏത് കടുത്ത പ്രതിസന്ധിയിലും നാം അവനവനെ കൈവിടാതിരിക്കുക, നെഗറ്റീവ് ചിന്തകൾക്ക് അടിമപ്പെട്ടു പോകുമ്പോഴാണ് അത് സംഭവിക്കുന്നത്. നിഷേധാത്മക ചിന്തകളെയാണ് ഇത്തരം സാഹചര്യത്തിൽ ഒരാൾ ആശ്രയിക്കുന്നതെങ്കിൽ വിഷാദരോഗം പിടിപെടാൻ അധികനേരം എടുക്കില്ല. ആഴത്തിലുള്ള വേദനകളിൽ നിന്ന് പുറത്ത് വരാൻ മനസ്സ് സ്വയം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുമ്പോൾ മനസ്സും കണ്ണും അപരന്റെ പ്രശ്നങ്ങളിലേക്കും പ്രയാസങ്ങളിലേക്കും അവസ്ഥകളിലേക്കും സഞ്ചരിക്കുന്നതും ഉൾക്കണ്ണ് തുറക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

Also read: സലാഹുദ്ദീന്റെ ഖുദ്സ് വിമോചനം

ഒരു വ്യക്തി എന്നാൽ അല്ലെങ്കിൽ വ്യക്തിത്വമെന്നാൽ എല്ലാത്തിനെയും അതാതിന്റെ സ്ഥാനത്ത് വെച്ച് കാണാൻ ശ്രമിക്കുകയും, എല്ലാത്തിനും അതിന്റേതായ മൂല്യമുണ്ട് അല്ലെങ്കിൽ സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളാവണം. യാഥാർത്ഥ്യത്തെ തിരിച്ചറിയൽ ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് പരമപ്രധാനമായൊരു കാര്യമാണ്. എങ്കിൽ മാത്രമേ ജീവിതത്തെ സംതുലിതമാക്കി നിർത്താൻ സാധിക്കുള്ളൂ. ഉത്തമ വ്യക്തിത്വമെന്ന് കേട്ടാൽ എന്തോ അസാധ്യമായ എന്നൊക്കെ ചിന്തിക്കും മുമ്പേ പറയട്ടെ, ഒരു ഉത്തമ വ്യക്തിത്വമെന്നാൽ ഇത്ര തന്നെ ഉള്ളൂ, ഇപ്പറയുന്നതൊക്കെ ഉള്ളൂ. ജീവിതത്തിൽ എല്ലാത്തിന്റെയും മൂല്യവും സ്ഥാനവും തിരിച്ചറിയാനും മൂല്യാധിഷ്ഠിതമായൊരു ജീവിതത്തെ കൈകൊള്ളാനും കഴിഞ്ഞവന് അല്ലെങ്കിൽ കഴിഞ്ഞവൾക്ക്, എല്ലാ മനുഷ്യരെയും തന്നെപ്പോലെ ഒരു മനുഷ്യനായി കാണാനും കൂടെ കഴിയുമ്പോൾ അയാളിലെ അന്തരീകതലത്തിൽ അയാൾ പോലും അറിയാതെ ആകസ്മികമായതും അനിർവ്വചനീയവുമായ ഒരു മാറ്റം സംഭവിക്കുകയാണ്. അയാളുടെ വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം അത് പ്രകടമാകുകയും ചെയ്യും. തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവർക്കും സ്ഥാനവും മാനവും നൽകുന്നതിൽ വൈമുഖ്യം കാണിക്കാത്ത ഒരാൾ, അയാൾ എല്ലാവർക്കും അവരവർ അർഹിക്കുന്ന സ്നേഹവും ആദരവും നൽകാൻ തയാറാവുമെന്ന കാര്യത്തിൽ ശങ്കയ്ക്ക് വഴിയില്ലല്ലോ.

നമ്മുടെ സമൂഹത്തിൽ ഇന്നേവരെ നാം കണ്ടുവന്നത് കുടുംബത്തിലെ മുതിർന്നവർ അല്ലെങ്കിൽ കാരണവന്മാർ ഇടയ്ക്കിടെ പ്രായത്തിൽ ചെറിയവരെ അനുസരണക്കേട് എന്ന പ്രയോഗത്തിലൂടെ അവർ ചെയ്യുന്ന എന്തിനെയും പരസ്യമായി കടുത്ത ഭാഷയിൽ ശകാരിക്കുന്നതും മാനസിക പ്രഹരമേൽപ്പിക്കുന്നതും ഭയപ്പെടുത്തി നിർത്തി ബഹുമാനം പിടിച്ചു പറ്റാൻ ശ്രമിക്കുന്നതാണ്. പരമ്പരാഗതമായി തുടർന്ന് പോരുന്ന ഈ സമ്പ്രദായം സത്യത്തിൽ ഇന്നത്തെ കാലത്ത് അംഗീകരിക്കാൻ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞു എന്ന് കാണാം. കാരണം കൊച്ചുകുഞ്ഞായാൽ പോലും വ്യക്തിത്വം ഓരോ മനുഷ്യനിലും ഉണ്ട് അതിനെ നാം റെസ്പെക്ട് ചെയ്യണം. വ്യക്തിത്വത്തിന്റെ കാതലായ ഘടന തന്നെ “അഹം” അഥവാ ഈഗോയാണ്. നാം ഒരാളെ പരസ്യമായി അപമാനിക്കുമ്പോഴും അധിക്ഷേപിക്കുമ്പോഴും അവരിലെ ഈഗോയ്ക്ക് ആഴത്തിൽ മുറിവേൽക്കുന്നുണ്ട്. അവരുടെ വ്യക്തിത്വത്തെ തന്നെ അത് സാരമായി ബാധിക്കാനും ഇടയുണ്ട്. ഒരാളുടെ നന്മ നാം ആഗ്രഹിക്കുന്നെങ്കിൽ മക്കൾ ആയാലും കൊച്ചുമക്കൾ ആയാലും അവർക്ക് ഉൾകാഴ്ച പകരാൻ കൂടെ നിൽക്കുകയാണ് വേണ്ടത്, ചേർത്ത് നിർത്തി ചൊല്ലിക്കൊടുത്ത് പഠിപ്പിക്കാം. അത്തരം വ്യക്തിയോട് ആർക്കും ബഹുമാനവും ഇഷ്ടവും വർദ്ധിക്കാനെ ഇടയുള്ളൂ. ചെറുതെന്നോ വലുതെന്നോ ഇല്ലാതെ ഓരോ മനുഷ്യനും നമ്മിൽ നിന്നും ആദരവ് അർഹിക്കുന്നുണ്ട്.  അതിൽ വെളുത്തവൻ കറുത്തവൻ സമ്പന്നൻ ദരിദ്രൻ എന്നോ ലിംഗഭേദമോ, ജാതി മതഭേദമോ കാണിക്കാൻ പാടില്ല. ബഹുമാനവും സ്നേഹവും അങ്ങോട്ട് കൊടുത്ത് ഇങ്ങോട്ട് വാങ്ങേണ്ടവയാണ്. യോഗ്യതകൊണ്ട് നേടിയെടുക്കേണ്ട ഒന്നാണ് ഗിവ് ആൻഡ് ടെയ്ക്ക് എന്ന് പറയാം.

സംതുലിതാവസ്ഥയിലേയ്ക്ക് നമ്മുടെ ലൈഫ്‌ എത്തുമ്പോൾ മനസ്സ് പ്രതീക്ഷയ്ക്കപ്പുറം റിലാക്സ്ഡ് ആവും എന്ന് മാത്രമല്ല അപരന്റെ സമാധാനത്തിനും സന്തോഷത്തിനും കൂടെ നാം വില കല്പിക്കും. ലോകത്ത് ഏറ്റവും വലുത് സമാധാനമാണെന്ന തിരിച്ചറിവിലേയ്ക്ക് പതിയെ ചെന്നെത്തുമെന്നത് വലിയൊരു നേട്ടം തന്നെയാണ്. ജീവിതത്തെ തെല്ലൊന്നുമല്ല അത് മാറ്റിമറിയ്ക്കുന്നത്. സംഘർഷങ്ങൾ ഒഴിഞ്ഞ മനസ്സ് ആരാണ് ഇഷ്ടപ്പെടാത്തത്. ഏത് പ്രതിസന്ധികൾക്ക് നടുവിലും സമനിലയോടെയും സമചിത്തതയോടെയും നിൽക്കാനും ഒരു പുഞ്ചിരിയോടെ സദാസമയവും ആളുകളുമായി ഇടപഴകനും പ്രശ്നങ്ങളെ നേരിടാനും മാനസികമായി നാം ചില തയാറെടുപ്പുകൾ നടത്തിയാൽ മതി. ചിന്തകളിൽ ക്രിയാത്മകമായ പരിവർത്തനങ്ങൾ വരുത്താൻ ഒരാൾ തയാറാണെങ്കിൽ ജീവിതം പുതുപുത്തൻ അനുഭവങ്ങൾ തീർക്കുന്ന, സ്വർഗ്ഗീയ അനുഭൂതി പകരുന്ന ഒന്നായി തീരും സുന്ദരമായ അനുഭവങ്ങളിലൂടെ നമ്മൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. കാരണം ആത്യന്തികമായി മനുഷ്യൻ അന്വേഷിക്കുന്നതെല്ലാം അവന്റെ അല്ലെങ്കിൽ അവളുടെ ആത്മസത്തയിലാണ് കിടക്കുന്നത്. സ്വയം കണ്ടെത്തണം.

Also read: ആദം നബി ഇന്ത്യയിൽ?

ഒരു വ്യക്തിത്വത്തിന്റെ മേന്മ നിർണ്ണയിക്കപ്പെടുന്നത് മറ്റൊന്നും കൊണ്ടല്ല ആ മനുഷ്യന്റെ മനോഭാവം അഥവാ attitude കൊണ്ടാണ്. ഈ ലോകത്തോട് അതേപോലെ മറ്റുള്ള ആളുകളോട്, സ്വന്തം ജീവിതത്തോട് അതിലുപരി അവനവനോട് തന്നെ നാം വെച്ചുപുലർത്തുന്ന ഒരു മനോഭാവം എന്താണ്? നിർമ്മാണാത്മകവും ഗുണാത്മകവുമായ ഒരു ചിന്താവ്യൂഹം അല്ലെങ്കിൽ ഒരു മനഃസ്ഥിതി ഉള്ളിൽ രൂപപ്പെട്ടുവന്നിട്ടുണ്ടോ? ഇപ്പോഴും നമുക്ക് മറ്റുള്ളവരെ വെറുക്കാനും ഇഷ്ടപ്പെടാതിരിക്കാനും മാത്രമായ് കാരണങ്ങൾ കണ്ടെത്താൻ പറ്റുന്നുണ്ടോ? വൈരാഗ്യവും വിദ്വേഷവും വെച്ചുപുലർത്തി ജീവിക്കാൻ കഴിയുന്നുണ്ടോ? അന്യന്റെ സമ്പത്തും പണവും മോഹിക്കാനും അവയെ തന്റേതാക്കാനും തോന്നുന്നുണ്ടോ? അവരുടെ സുഖജീവിതം കാണുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ? ഉള്ളിൽ അസൂയയും കുശുമ്പും ജനിപ്പിക്കുന്നുണ്ടോ? എങ്കിൽ ഈ മനോഭാവം മാറേണ്ടതുണ്ട്. നമ്മെ ഭരിക്കുന്നത് നെഗറ്റീവ് ചിന്താഗതിയാണ്. താനൊരു നല്ല വ്യക്തിയാണ്, താൻ ചെയ്യുന്നതും പറയുന്നതുമെല്ലാം വളരെ ശരിയാണ്, താൻ എല്ലാംകൊണ്ടും വിമർശനാതീതനാണ് എന്ന ചിന്തയിൽ നാം മറ്റുള്ളവരെയെല്ലാം വിമർശനത്തിന് ഇരയാക്കുന്നത് നമ്മിലെ അറിവിന്റെയും ബോധത്തിന്റെയും അപര്യാപ്തതയാണ് കാണിക്കുന്നത്. ആത്മബോധം വന്ന ഒരാൾക്ക് മാത്രമേ തന്നിലെ പോരായ്മകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും ബോധം ഉണ്ടാവുള്ളൂ. പലവിധ മിഥ്യാബോധങ്ങൾ അല്ലെങ്കിൽ അബദ്ധധാരണകൾ നമ്മെ കുഞ്ഞിലേ കയ്യടക്കി വെച്ചിട്ടുണ്ടാവും അതിൽ നിന്നൊക്കെ സ്വയം തിരിച്ചറിവിലൂടെ മാറാൻ ശ്രമിക്കണം. നമുക്ക് സമൂഹത്തിലെയോ അല്ലെങ്കിൽ മറ്റുള്ള മനുഷ്യരിലെയോ അഴുക്കും ജീർണ്ണതയും കണ്ടെത്താൻ എളുപ്പം സാധിക്കുന്നു. അന്യന്റെ കുറവുകളെകാൾ ഗുണങ്ങൾ കണ്ടെത്താൻ മനസ്സ് കാണിക്കണം, മനുഷ്യരിലെ നന്മയെ തിരിച്ചറിഞ്ഞു സ്നേഹിക്കാനും കഴിയണം. എല്ലാവരെയും സ്നേഹിക്കാൻ സാധിച്ചോളണം എന്നൊന്നുമില്ല അവർക്ക് നമ്മോടുള്ള സമീപനവും വലിയൊരു ഘടകമാണ്. ബന്ധങ്ങൾ നഷ്ടപ്പെടുന്നതിനും ശിഥിലമാക്കപ്പെടുന്നതിനും നമൊരു ഹേതുവായി തീരാതെ നോക്കാമല്ലോ. അവനവന്റെ മനോഭാവം തന്നെയാണ് അതിപ്രധാനം. ജീവിതം പോലും നമ്മോട് തിരിച്ച് പ്രതികരിക്കുന്നത് നമ്മുടെ ആന്തരീക മനഃസ്ഥിതിയെ ആധാരപ്പെടുത്തിയാണ്. ജീവിതത്തെ അതിന്റെ ഉത്തുംഗതയിൽ ചെന്ന് ആസ്വദിക്കാൻ യോഗ്യത കൈവരിക്കുന്നത് ഒരാളുടെ മനോഭാവം അതിനൊത്തത് ആവുമ്പോൾ മാത്രമാണ്.

അവനവനിൽ വിശ്വസിച്ച് മുന്നേറുക എന്നത് തന്നെയാണ് ഒരു ശുഭാപ്തിവിശ്വസിയായ വ്യക്തിയുടെ ലക്ഷണം. പരാജയത്തെ കാര്യമാക്കരുത്. വിജയം തൊട്ടടുത്ത് തന്നെയുണ്ടാവും കണ്ടെത്തും വരെ വിശ്രമം മറന്ന് തേടിക്കൊണ്ടിരിക്കണം. അതിയായി ആഗ്രഹിക്കുന്ന ഒന്നിനായ് അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ പ്രപഞ്ചം കൂടെ നമുക്ക് കൂട്ട് നിൽക്കും. അത് നമ്മെ തേടി ഇങ്ങോട്ട് വരുന്ന പോലെ തോന്നും. ഏത് കാര്യത്തെ തൊട്ടാണ് മനസ്സ് അസ്വസ്ഥമാവേണ്ടത്? തന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും കൂട്ടുനിൽക്കുന്ന ചിന്തയാണ് തന്നെ അസ്വസ്ഥതപ്പെടുത്തുന്നത് എന്ന് ഉറപ്പ് വരുത്തണം. അല്ലാതെ തന്റെ ജീവിതത്തിലെ സന്തോഷവും സമാധാനവും കളയുന്ന ചിന്തകൾ ആയാൽ അത് അവനവനെ നാശത്തിന്റെ വാക്കിലേയ്ക്ക് എത്തിക്കും എന്നതിൽ സംശയമില്ലല്ലോ. അതേപോലെ ഏത് കാര്യത്തിലാണ് മനസ്സിനെയും ചിന്തകളെയും ഊർജ്ജത്തെയും ആർപ്പിക്കേണ്ടത് അല്ലെങ്കിൽ നിക്ഷേപിക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു ബോധം ഓരോ മനുഷ്യനിലും അയാളുടെ പുരോഗതിയ്ക്കും ഉന്നമനത്തിനും വേണ്ടി അത്യാന്താപേക്ഷിതമായ ഒന്നാണ്.

Also read: സിറിയയിലെ റഷ്യന്‍ ഇടപെടലിന് അഞ്ച് വര്‍ഷം

മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ നല്ലൊരു മനോഭാവം അഥവാ attitude ജീവിതത്തോട് അവർക്ക് ഉണ്ടാവുന്ന വിധം വേണം അവരെ ഗൈഡ് ചെയ്യാൻ. വ്യക്തതയോടെയും വിശാലമായും ചിന്തിക്കാൻ സാധിക്കുന്ന മക്കൾക്ക് മാത്രമേ അത് സാധ്യമാകുള്ളൂ. അതിനാലാണ് മനഃശാസ്ത്രജ്ഞന്മാർ എപ്പോഴും അച്ഛനമ്മമാരോട് മക്കളുമായി സംവദിക്കാനും സൗഹൃദം പങ്കിടാനും എന്തുകാര്യങ്ങളും തുറന്ന് സംസാരിക്കാനും ആവശ്യപ്പെടുന്നത്. വളരെയേറെ സങ്കടകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഒരു പ്രായം വരെ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല എന്നതാണ്. കുഞ്ഞുനാളിൽ തന്നെ വാക്കുകളുടെ തെറ്റായ പ്രയോഗങ്ങളും കുഞ്ഞ് കാണിക്കുന്ന തെറ്റായ ചേഷ്ടകളെയും ആളുകളോടുള്ള പെരുമാറ്റത്തെയും പതിയെ പതിയെ തിരുത്തിയെടുക്കേണ്ടതുണ്ട്. വലുതായാൽ അവർ തന്നെയങ്ങ് പഠിച്ചോളും അല്ലെങ്കിൽ പഠിക്കട്ടെ എന്ന് കരുതി നിൽക്കുകയാണെങ്കിൽ കുഞ്ഞ് അപ്പോഴത്തേക്കും രക്ഷിതാക്കൾക്ക് അസ്വീകാര്യമായ ശീലങ്ങളോ പെരുമാറ്റങ്ങളോ ശീലിച്ച് ഒരു പ്രത്യേക രീതിയിലേക്ക് മെന്റലി മോൾഡ് ചെയ്യപ്പെട്ടു പോയേക്കാം. കുഞ്ഞുമനസ്സുകൾക്ക് അറിയില്ല ഇവയെല്ലാം അവരുടെ ഭാവിജീവിതത്തെ സ്വാധീനിക്കുന്നതും നിർണ്ണയിക്കുന്നതും എങ്ങനെയാണെന്ന്, അതേപോലെ അവയിൽ തിരുത്തലുകൾ അനിവാര്യമാണെന്നൊന്നും. കല്ലിൽ കൊത്തിവെച്ചപോലെ പതിഞ്ഞുകിടക്കുന്ന കാര്യങ്ങളെ എങ്ങനെ മാറ്റിയെഴുതും? മുന്നോട്ടുള്ള ഓരോ ഘട്ടത്തിലും പലപ്പോഴും കുഞ്ഞ് തന്നെ അറിയാനിടയാവുന്ന അവൻ/അവൾ നേരിടുന്ന നിസ്സഹായത. ഒരു തവണ കോണ്ക്രീറ്റ് പോലെ സെറ്റ് ആയികഴിഞ്ഞ വിശ്വാസങ്ങളിലോ, ധാരണകളിലോ അല്ലെങ്കിൽ ചിന്താഗതിയിലോ അറ്റകുറ്റപ്പണികൾ നടത്തലോ പുനർനിർമ്മാണം ചെയ്യലോ അത്ര എളുപ്പമല്ല. അല്ലെങ്കിൽ പിന്നെ അവരിൽ ചിന്തകൾ ഉണരണം ആത്മബോധവും വ്യക്തിത്വബോധവും ഉള്ളൊരു കുട്ടിയായി മാറണം. മനുഷ്യത്വപരമായ ചിന്തകൾകൊണ്ട് തന്നെ മോൾഡ് ചെയ്യപ്പെട്ടതാകണം വ്യക്തിത്വം. എങ്കിലേ കാര്യമുള്ളൂ. ആത്മാഭിമാനബോധത്തോടെ മനസ്സാക്ഷിയ്ക്കൊത്തതായ ഒരു ജീവിതം ജീവിക്കാൻ കഴിയുന്നതല്ലേ ഒരാളുടെ ഭാഗ്യം.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker