Current Date

Search
Close this search box.
Search
Close this search box.

ആദം നബി ഇന്ത്യയിൽ?

നമ്മുടെ നാടിന് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമിക വീക്ഷണമനുസരിച്ച് ഇവിടെ നിരവധി പ്രവാചകന്മാർ വന്നിട്ടുണ്ടായിരിക്കും. അതോടൊപ്പം ആദം നബി ഇന്ത്യയിലാണ് വന്നതെന്നും ഇന്ത്യയിലെ ബ്രാഹ്മണർ ഇബ്രാഹിം നബിയുടെ അനുയായികളാണെന്നും അഭിപ്രായപ്പെട്ട പൂർവ്വകാല ഇസ്ലാമിക പണ്ഡിതന്മാരുണ്ടെന്നത് പലർക്കും അവിശ്വസനീയമായും അത്ഭുതകരമായും തോന്നിയേക്കാം.

ആദ്യ മനുഷ്യനായ ആദം നബി ആദ്യമായി ഭൂമിയിൽ വന്നത് ഇന്ത്യയിലാണെന്ന് പ്രമുഖ ഖുർആൻ പണ്ഡിതന്മാരായ ഹസനും സുദ്ദിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.ഹാഫിദ് ഇബ്നു കഥീർ തൻറെ ഖസ്വസ്വുൽ അമ്പിയാ(പ്രവാചക ചരിത്രം)യിൽ സുദ്ദിയുടെ ഇവ്വിഷയകമായുള്ള അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തുന്നു.:”ആദം ഇന്ത്യയിലിറങ്ങി. പിന്നീട് കഅബാലയം നിർമ്മിക്കുമ്പോൾ അതിൻറെ ഭിത്തിയിൽ സ്ഥാപിച്ച കറുത്ത കല്ലും (ഹജറുൽ അസ് വദ്) ഒരു പിടി ഇലകളുമായാണ് ആദം വന്നത്. ആ ഇലകൾ അദ്ദേഹം ഇന്ത്യയിൽ വിതറി. അതിനാൽ അവിടെ സുഗന്ധദ്രവ്യങ്ങൾ മുളച്ചു.”(ഒന്നാം അധ്യായം. ആദമിൻറെ സൃഷ്ടി.)

Also read: മികച്ച പ്രഭാഷകൻറെ ഗുണങ്ങള്‍

ഇത് കേവലം ഒരു മിത്താകാം. എന്നാൽ മനുഷ്യ വാസത്തിന് തുടക്കം കുറിച്ചത് ഇന്ത്യയിലാണെന്നും അന്നുമുതൽ ഇവിടെ മതത്തിൻറെ ചരിത്രം ആരംഭിച്ചുവെന്നും വിശ്വസിച്ചിരുന്ന ഇസ്ലാമിക പണ്ഡിതന്മാർ ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ഹിജ്റ വർഷം നാലാം നൂറ്റാണ്ടിൽ(316-383) ജീവിച്ച പ്രശസ്ത അറബിക്കവിയും പണ്ഡിതനുമായ ജമാലുദ്ദീൻ അബൂബക്കറുൽ ഖവാറസ്മി തൻറെ ‘മുഫീദുൽ ഉലൂം വ മുബീദുൽ ഹുമൂം’എന്ന ഗ്രന്ഥത്തിൽ പലയിടങ്ങളിലും ഇന്ത്യയിലെ ബ്രാഹ്മണരെക്കുറിച്ച പരാമർശമുണ്ട്. പതിനൊന്നാം അധ്യായത്തിൽ ഇങ്ങനെ എഴുതുന്നു:”പ്രവാചകനായ ഇബ്രാഹിമിൻറെ സമുദായമായിരുന്നതിനാലാണ് ഇന്ത്യയിലെ ബ്രാഹ്മണർക്ക് ആ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.”(ഭാഗം: 1)

ഇന്ത്യയിൽ പ്രവാചക മതം ആദി പുരാതനകാലം മുതൽ തന്നെ നിലനിന്നിരുന്നുവെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാർ വിശ്വസിച്ചിരുന്നുവെന്ന് ഇതൊക്കെയും വ്യക്തമാക്കുന്നു.

Related Articles