History

സലാഹുദ്ദീന്റെ ഖുദ്സ് വിമോചനം

ഫാത്തിമിയ ഖിലാഫത്തിൽ നിന്ന് ജറൂസലേം പിടിച്ചടക്കിയ കുരിശുയുദ്ധക്കാരിൽ നിന്ന് ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം, 1187 ഒക്ടോബർ 2-ന് സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി വിശുദ്ധ നഗരത്തെ മോചിപ്പിച്ചു.

‘ഡ്യൂസ് വൾട്ട്!’ – ലാറ്റിൻ ഭാഷയിൽ ‘ദൈവം അത് ഇച്ഛിക്കുന്നു’ എന്ന ആർപ്പുവിളിയോടെ – റോമൻ കത്തോലിക്കാ സഭയുടെ തലവൻ അർബൻ രണ്ടാമൻ 1095-ൽ കുരിശുയുദ്ധത്തിന് തീകൊളുത്തുകയും, ക്രിസ്ത്യൻ യൂറോപ്യന്മാരെ ജറൂസലേമിലേക്ക് ‘സായുധ തീർത്ഥാടനത്തിന്’ പോകാനും മുസ്‌ലിംകളിൽ നിന്ന് വിശുദ്ധഭൂമി വീണ്ടെടുക്കാനും പ്രചോദിപ്പിക്കുകയും ചെയ്തു. ഒരു ലക്ഷം സൈന്യം ഈ ദൗത്യം ഏറ്റെടുത്തു, അങ്ങനെ ആദ്യത്തെ കുരിശുയുദ്ധത്തിന് നാന്ദി കുറിച്ചു.

1099 ജൂലൈ 15 ന്, ഒരു വർഷം മുമ്പ് സെൽജൂക്കുകളിൽ നിന്ന് ഫാത്തിമിയ്യകൾ തിരിച്ചുപിടിച്ച ജറുസലേം, ഒരു മാസത്തിലധികം നീണ്ടു നിന്ന ക്രൂരമായ ഉപരോധത്തെത്തുടർന്ന് കുരിശുയുദ്ധക്കാർക്ക് കീഴടങ്ങി.

Also read: മികച്ച പ്രഭാഷകൻറെ ഗുണങ്ങള്‍

അവരുടെ വിജയം ജറുസലേമിലെ കുരിശുയുദ്ധ രാജ്യം സ്ഥാപനത്തിന് അടിത്തറയിട്ടു.

ലെവന്റിലെ സുന്നി സെൽജുക്കുകളും ഈജിപ്തിലെ ഷിയ ഫാത്തിമിയ്യകളും തമ്മിൽ അധികാര പോരാട്ടങ്ങൾ നിലനിന്നിരുന്ന അക്കാലത്ത്, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും മുസ്ലീം ശക്തികൾ വിഭജിക്കപ്പെട്ട അവസ്ഥയിലായിരുന്നു,

1146 നും 1174 നും ഇടയിൽ സിറിയൻ പ്രവിശ്യയിലെ സെൽജുക് സാമ്രാജ്യത്തിന്റെ ഭൂരിഭാഗവും ഭരിച്ച സുൽത്താൻ നൂറുദ്ദീൻ സെംഗി, കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തുന്നതിനായി മെസൊപ്പൊട്ടേമിയയിലെ യൂഫ്രട്ടീസിനും ഈജിപ്തിലെ നൈലിനും ഇടയിലുള്ള എല്ലാ മുസ്‌ലിം ശക്തികളെയും ഒന്നിപ്പിക്കാൻ ശ്രമിച്ചു.

1137 ൽ ഒരു കുർദിഷ് സുന്നി സൈനിക കുടുംബത്തിൽ ജനിച്ച സലാഹുദ്ദീൻ, അമ്മാവൻ ഷിർക്കുവിനൊപ്പം നൂറുദ്ദീന് വേണ്ടി ഈജിപ്തിലേക്ക് ഒരു സൈനിക സന്ദർശനത്തിന് പോയിരുന്നു. ആഭ്യന്തര അധികാര പോരാട്ടങ്ങൾ പരിഹരിക്കുകയും അദ്ദേഹത്തിന്റെ ഭരണം ഉറപ്പിക്കാനും വേണ്ടി ഫാത്തിമിയ്യ ഖലീഫ അൽഅദീദിന്റെ ഉപദേശകൻ ഷാവറിനെ സഹായിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. എന്നാൽ, ഈജിപ്തിന്റെ സമർത്ഥനായ ഭരണാധികാരിയായിരുന്ന ഷാവർ ഉടൻ തന്നെ ഷിർക്കുവിനും സെംഗികൾക്കുമെതിരെ കുരിശുയുദ്ധക്കാരുമായി സഖ്യമുണ്ടാക്കി.

Also read: ആദം നബി ഇന്ത്യയിൽ?

ഖലീഫ അൽ അദീദിന്റെ വ്യക്തിപരമായ അഭ്യർത്ഥനയെത്തുടർന്ന്, കുരിശുയുദ്ധ ആക്രമണത്തിനെതിരെ പോരാടാനായി ഷിർക്കു ഈജിപ്തിലേക്ക് മടങ്ങി. പിന്നീട് ഷാവറിനെ വധിക്കുകയും സുന്നിയായിരുന്നിട്ടും ശിയ ഖലീഫയാൽ വസീറായി നിയമിക്കപ്പെടുകയും ചെയ്തു. എന്നാൽ അധികകാലം കഴിയും മുന്നേ ഷിർക്കു മരണപ്പെടുകയും, അദ്ദേഹത്തിന്റെ സ്ഥാനത്ത് സലാഹുദ്ദീൻ വസീറായി നിയമിക്കപ്പെടുകയും ചെയ്തു.

സലാഹുദ്ദീൻ ഈജിപ്തിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയും ഖലീഫയുടെ മരണത്തെത്തുടർന്ന് ഈജിപ്തിന്റെ ഭരണാധികാരിയായിത്തീരുകയും ഫാത്തിമിയ്യ ഖിലാഫത്തിനെ നിർത്തലാക്കുകയും ചെയ്തു.

നൂറുദ്ദീൻ മുസ്ലീം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ ആധിപത്യം വ്യാപിപ്പിച്ചുവെങ്കിലും ജറൂസലേമിനെ മോചിപ്പിക്കുകയെന്ന തന്റെ ആത്യന്തിക ലക്ഷ്യം നേടുന്നതിനു മുമ്പ് അദ്ദേഹം കാലംചെയ്തു. സിറിയയിൽ നൂറുദ്ദീന്റെ സിംഹാസനത്തിനുമേൽ അവകാശവാദമുന്നയിച്ച മറ്റുള്ളവരെ പരാജയപ്പെടുത്തി സലാഹുദ്ദീൻ സുൽത്താനായി പ്രഖ്യാപിക്കപ്പെട്ടു.

സുന്നി ഭരണത്തിൻനു കീഴിൽ മുസ്ലീം നഗരങ്ങളെ ഏകീകരിക്കാൻ സലാഹുദ്ദീൻ ഒരു ദശകത്തിലേറെ ചെലവഴിച്ചു. അദ്ദേഹം അയ്യൂബിയ്യ രാജവംശം സ്ഥാപിക്കുകയും ഈജിപ്ത്, സിറിയ, അപ്പർ മെസൊപ്പൊട്ടേമിയ, ഹിജാസ്, യെമൻ, വടക്കൻ ആഫ്രിക്കൻ തീരങ്ങളുടെ വലിയൊരു ഭാഗം എന്നിവിടങ്ങളിൽ തന്റെ ഭരണം ഉറപ്പിക്കുകയും, അങ്ങനെ നൂറുദ്ദീന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.

1185-ൽ സലാഹുദ്ദീൻ കുരിശുയുദ്ധക്കാരുമായി ഒരു ഉടമ്പടി അംഗീകരിച്ചു, മുസ്‌ലിം ലോകത്തെ രാഷ്ട്രീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ഒരു വലിയ സൈന്യത്തെ വളർത്താനുള്ള സമയവും പ്രസ്തുത നീക്കത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു.

Also read: കോവിഡ്: തിരിച്ചുവരവിന്റെ പാതയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍

രണ്ടുവർഷത്തിനുശേഷം, 1187-ൽ ഫ്രഞ്ച് കുരിശു യോദ്ധാവായ ഓൾട്രെജോർഡൈൻ പ്രഭു ചാട്ടിലോണിലെ റെയ്നാൾഡ് ഒരു മുസ്ലീം യാത്രാസംഘത്തെ ആക്രമിച്ചു.

തന്റെ ഭരണത്തിനു കീഴിൽ മുസ്ലീം നാടുകളെ ഏകീകരിച്ചതിനുശേഷം, റെയ്നാൾഡിന്റെ കരാർ ലംഘനത്തിന്റെ വെളിച്ചത്തിൽ കുരിശുയുദ്ധക്കാരെ നേരിടാൻ സലാഹുദ്ദീൻ തയ്യാറായിരുന്നു. ഈ സമയത്ത് ജറൂസലേം രാജ്യം ആന്തരികമായി വിഭജിക്കപ്പെട്ടിരുന്നു.

1187 ജൂലൈ 4 ന്, ടിബീരിയസിനു സമീപമുള്ള ഹിത്തീൻ യുദ്ധത്തിൽ സലാഹുദ്ദീന്റെ സൈന്യം മികച്ച വിജയം നേടി, കുരിശുയുദ്ധക്കാർക്ക് സംഭവിച്ചത് ഏറ്റവും വലിയ തോൽവിയും. കുരിശുയുദ്ധ രാജാവ് ഗൈ ഡി ലുസിഗ്നനും ചാറ്റിലോണിലെ റെയ്നാൾഡും ഉൾപ്പെടെ നിരവധി കുരിശുയുദ്ധ പ്രഭുക്കന്മാരും രാജകുമാരൻമാരും പിടിക്കപ്പെട്ടു. മുസ്ലീങ്ങൾക്കെതിരായ റെയ്നാൾഡിന്റെ കൂട്ടക്കുരുതിയെത്തുടർന്ന് നടത്തിയ ശപഥത്തിന്റെ പൂർത്തീകരണത്തിന്റെ ഭാഗമായി സലാഹുദ്ദീൻ റെയ്നാൾഡിനെ വധിച്ചു.

കുരിശുയുദ്ധക്കാരുടെ മനോവീര്യത്തിനും സൈനിക ശക്തിക്കും കനത്ത പ്രഹരമേൽപ്പിച്ച ഹിത്തീൻ യുദ്ധത്തിനുശേഷം, സലാഹുദ്ദീൻ പല കുരിശുയുദ്ധ രാജ്യങ്ങൾക്കെതിരെയും നീങ്ങുകയും മേഖലയിലെ മിക്കവാറും എല്ലാ കുരിശുയുദ്ധ പ്രദേശങ്ങളും കീഴടക്കുകയും ചെയ്തു. അങ്ങനെ ജറൂസലേം തിരിച്ചു പിടിക്കുന്നതിലേക്കുള്ള വഴി വെട്ടിത്തെളിച്ചു.

ലെവാന്റിലെ കുരിശുയുദ്ധക്കാർക്കും മുസ്‌ലിംകൾക്കെതിരായ മുൻ തോൽവികളിൽ നിന്ന് ഓടിപ്പോയ കുരിശുയുദ്ധ പോരാളികൾക്കും വിശുദ്ധനഗരം ഒരു അഭയസ്ഥാനമായി മാറിയിരുന്നു. സലാഹുദ്ദീന്റെ സൈന്യം നഗരത്തിലേക്ക് പ്രവേശിക്കുകയും അതിനെ ഉപരോധിക്കുകയും ചെയ്തപ്പോൾ അവർ ജറൂസലേമിനെ പ്രതിരോധിച്ചു.

Also read: ഇത്ര അനായസകരമായ ആരാധന വേറെ ഏതാണുള്ളത്?

ഭീമൻ കവണകൾ ഉപയോഗിച്ച് മുസ്ലീം സൈന്യം നഗരമതിലുകൾക്ക് നേരെ ഭീമാകാരമായ കല്ലുകൾ വർഷിച്ചു, നഗരത്തെ പലതവണ ആക്രമിക്കാൻ ശ്രമിച്ചു. 12 ദിവസത്തെ ഉപരോധത്തിനുശേഷം, 1187 ഒക്ടോബർ 2 ന് ക്രിസ്ത്യൻ സേനയുടെ നേതാവായ ഇബെലിനിലെ ബാലിയൻ നഗരം സലാഹുദ്ദീനു മുന്നിൽ അടിയറവെച്ചു കീഴടങ്ങി.

1099 ൽ ജറൂസലേമിൽ പ്രവേശിച്ച് 40,000 മുസ്ലീം, ജൂത നിവാസികളെ കൂട്ടക്കൊല ചെയ്ത കുരിശുയുദ്ധക്കാർ നടത്തിയ രക്തരൂക്ഷിതമായ പിടിച്ചെടുക്കലിന് വിരുദ്ധമായി, സമാധാനപരമായാണ് മുസ്ലീംകൾ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. കുരിശുയുദ്ധക്കാർക്ക് നഗരത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുപോകാൻ കഴിഞ്ഞു, ക്രിസ്ത്യൻ ആരാധനാലയങ്ങൾ അങ്ങനെത്തന്നെ കേടുകൂടാതെ നിലകൊണ്ടു. അറബ് ക്രിസ്ത്യൻ സമുദായങ്ങൾക്ക് അവിടെതന്നെ താമസിക്കാൻ അനുവാദമുണ്ടായിരുന്നു.

കുരിശുയുദ്ധക്കാരുടെ നിയന്ത്രണത്തിനു കീഴിലുള്ള 88 വർഷത്തിനു ശേഷം സലാഹുദ്ദീന്റെ നേതൃത്വത്തിലുള്ള മുസ്‌ലിംകൾ വീണ്ടും ജറൂസലേമിൽ പ്രവേശിച്ചു.

വിവ- അബൂ ഈസ

Facebook Comments

ജഹാന്‍ അല്‍ഫറ

Jehan Alfarra is a Palestinian writer and multimedia journalist covering Middle Eastern affairs and specialising in Palestinian political news and social issues. She is also a contributing author to the book “Gaza Writes Back”.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker