Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ വിദ്വേഷ പ്രസംഗങ്ങള്‍: നുണകളുടെ കാറ്റലോഗ്

കഴിഞ്ഞ ആഴ്ചകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ വെച്ചായിരുന്നു ഇതിന്റെ തുടക്കം. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്തുക്കളെല്ലാമെടുത്ത് മുസ്ലിംകള്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നു എന്നായിരുന്നു അതില്‍ ഒന്ന്. മുസ്ലിംകള്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരും നുഴഞ്ഞുകയറ്റക്കാരുമാണെന്നാണ് അദ്ദേഹം ചാപ്പ കുത്തിയത്.

‘നിലവിലുള്ള ഭിന്നതകള്‍ വഷളാക്കുന്നതോ പരസ്പര വിദ്വേഷം സൃഷ്ടിക്കുന്നതോ മതപരമോ ഭാഷാപരമോ ആയ വ്യത്യസ്ത ജാതികളും സമുദായങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ഏര്‍പ്പെടാന്‍ പാടില്ല.’-തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യയില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ഇങ്ങനെ പറയുന്നു. മോദി വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതിന് ശേഷം പ്രധാനമന്ത്രി മുസ്ലിംകളെ കുറിച്ച് പരാമര്‍ശിക്കുന്നത് നിര്‍ത്തി. എന്നാല്‍, അത് ഒരു ദിവസത്തേക്ക് മാത്രമായിരുന്നു എന്നാണ് വാസ്തവം.

ഏപ്രില്‍ 23-ഓടെ, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഹിന്ദുക്കളില്‍ നിന്നും മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസ് ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന തെറ്റായതും ഭിന്നിപ്പിക്കുന്നതുമായ അവകാശവാദങ്ങള്‍ വീണ്ടും അദ്ദേഹം ഉന്നയിച്ചു. അഞ്ച് ദിവസങ്ങളിലായി മോദി നടത്തിയ ഓരോ പ്രസംഗവും ഞങ്ങള്‍ ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ വസ്തുതാപരമായി പരിശോധിക്കുകയും ചെയ്തു. പതിവ് രാഷ്ട്രീയ പ്രസംഗങ്ങളെയല്ല ഞങ്ങള്‍ ശ്രദ്ധിച്ചത്. പ്രധാനമന്ത്രിയുടെ ഭിന്നിപ്പിക്കുന്ന നുണകളിലാണ് ഞ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങിനെ ഞങ്ങള്‍ കണ്ടെത്തിയ വസ്തുതകളാണ് ചുവടെ.

ഏപ്രില്‍ 21 ബന്‍സ്വാര

അവകാശവാദം: വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ മംഗളസൂത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്വത്ത് സര്‍വേ നടത്തുമെന്നും അവ പിടിച്ചെടുത്ത് മുസ്ലിംകള്‍ക്ക് പുനര്‍വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞതായി അവകാശപ്പെട്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ”എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു ഷോപീസ് മാത്രമല്ല, അത് അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു,” ”അവരുടെ മംഗളസൂത്രം അവരുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് തട്ടിയെടുക്കുമെന്ന് നിങ്ങളുടെ പ്രകടനപത്രികയില്‍, നിങ്ങള്‍ ഭീഷണിപ്പെടുത്തുന്നുണ്ടോ?

വസ്തുത: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സ്ത്രീകളുടെ മംഗളസൂത്രത്തെക്കുറിച്ചോ സ്വകാര്യ സ്വത്ത് കണ്ടുകെട്ടുന്നതിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.

അവകാശവാദം: രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യത്തെ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെന്ന് മോദി അവകാശപ്പെട്ടു.

വസ്തുത: 2006ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ നടത്തിയ പ്രസംഗത്തിന്റെ വളച്ചൊടിക്കലാണിത്. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല, പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉന്നമിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്.

അവകാശവാദം: കോണ്‍ഗ്രസ് സമ്പത്ത് ‘നുഴഞ്ഞുകയറ്റക്കാര്‍ക്കും’ ‘കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും’ വിതരണം ചെയ്യുമെന്ന് മോദി അടുത്തതായി അവകാശപ്പെട്ടു – മുസ്ലീങ്ങളെ ഉദ്ദേശിച്ച് മോദി പറഞ്ഞു.

വസ്തുത: മുസ്ലിംകള്‍ ”നുഴഞ്ഞുകയറുന്നവര്‍” ആണെന്ന വ്യവഹാരത്തിന് വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ല – അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങളൊന്നും കൈവശമില്ലെന്ന് മോദി സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പ്രത്യുത്പാദന നിരക്ക്, ഹിന്ദുക്കളേക്കാള്‍ ഉയര്‍ന്നതാണെങ്കിലും, മറ്റെല്ലാ സമുദായങ്ങളേക്കാളും കുറവാണ്. കൂടാതെ, പ്രത്യുത്പാദനത്തിന് മതവുമായി ബന്ധമില്ല സാമ്പത്തികവുമായി ബന്ധമുണ്ട്. തമിഴ്‌നാട്ടില്‍ കൂടുതല്‍ ഉന്നതിയിലുള്ള മുസ്ലീങ്ങളെക്കാള്‍ ജനനനിരക്ക് കൂടുതലാണ് ദരിദ്രരായ ബീഹാറിലെ ഹിന്ദുക്കള്‍ക്ക്.

ഏപ്രില്‍ 22, അലിഗഢ്

അവകാശവാദം: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സ്വകാര്യ സ്വത്ത് സര്‍വേ നടത്തി പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന തെറ്റായ അവകാശവാദം മോദി ആവര്‍ത്തിച്ചു. ‘കോണ്‍ഗ്രസിന്റെ ഷെഹ്സാദ രാജകുമാരന്‍’ പറയുന്നു (കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരാമര്‍ശിക്കുന്നു) പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍, നിങ്ങള്‍ക്ക് എത്ര വരുമാനം, സ്വത്ത്, വീടുകള്‍ എന്നിവ ഉണ്ടെന്ന് കണ്ടെത്താന്‍ ഒരു സര്‍വേ നടത്തും… സര്‍ക്കാര്‍ വസ്തുവകകള്‍ പിടിച്ചെടുക്കുകയും പുനര്‍വിതരണം ചെയ്യുകയും ചെയ്യും. പ്രകടനപത്രികയില്‍ ഇക്കാര്യം പറയുന്നുണ്ട്.”

വസ്തുത: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇങ്ങനെ പറയുന്നില്ല. ഏപ്രില്‍ 6 ന് പ്രകടന പത്രിക പുറത്തിറക്കിയ വേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ”ഞങ്ങള്‍ രാജ്യത്തിന്റെ എക്‌സ്-റേ എടുക്കും. പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍, ആദിവാസികള്‍, പൊതുവിഭാഗത്തില്‍പ്പെട്ട ദരിദ്രര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് രാജ്യത്ത് തങ്ങളുടെ വിഹിതം എന്താണെന്ന് അതിലൂടെ അറിയാന്‍ കഴിയും. എന്നിരുന്നാലും, പാര്‍ട്ടി സ്വകാര്യ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പുനര്‍വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞില്ല.

അവകാശവാദം: മോദി തുടര്‍ന്നു പറഞ്ഞു: ”നിങ്ങളുടെ ഗ്രാമത്തില്‍ നിങ്ങള്‍ക്ക് ഒരു തറവാട്ടുഭവനമുണ്ടെങ്കില്‍, നിങ്ങളുടെ കുട്ടികള്‍ക്കായി നഗരത്തില്‍ ഒരു ചെറിയ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടെങ്കില്‍, അതിലൊന്ന് അവര്‍ തട്ടിയെടുക്കും… അല്ലേ? ഇതല്ലേ മാവോയിസ്റ്റ് ചിന്ത? നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്ത് തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു, സ്ത്രീകളുടെ സ്വത്ത് കൊള്ളയടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.”

വസ്തുത: കോണ്‍ഗ്രസ് പ്രകടനപത്രികയിലെ സമ്പത്ത് പുനര്‍വിതരണത്തെക്കുറിച്ചുള്ള ഒരേയൊരു പരാമര്‍ശം ഇതാണ്: ‘സര്‍ക്കാര്‍ ഭൂമിയും മിച്ചഭൂമിയും ഭൂപരിധി നിയമങ്ങള്‍ പ്രകാരം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നത് നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒരു അതോറിറ്റി സ്ഥാപിക്കും.’ ഇതൊരു വിപ്ലവകരമായ വാഗ്ദാനമല്ല: ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ ഭൂവുടമസ്ഥതയിലെ ചരിത്രപരമായ അസമത്വം പരിഹരിക്കുന്നതിനായി 1960-കളില്‍ കൊണ്ടുവന്ന ഭൂപരിധി നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഏപ്രില്‍ 23, ടോങ്ക്-സവായ് മധോപൂര്‍

അവകാശവാദം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ നിന്നുള്ള എക്സ്റേ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി മോദി പറഞ്ഞു: ”നിങ്ങളുടെ വീട്ടില്‍ ബജ്റ ധാന്യം സൂക്ഷിക്കുന്ന ഒരു പെട്ടി ഉണ്ടെങ്കില്‍ അത് പോലും എക്സ്റേയ്ക്ക് വിധേയമാക്കും എന്നാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ ഉള്ളതായി കണ്ടെത്തിയ നിങ്ങളുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുത്ത് പുനര്‍വിതരണം ചെയ്യും. നിങ്ങള്‍ക്ക് രണ്ട് വീടുകള്‍ ഉണ്ടെങ്കില്‍, അവര്‍ അവരുടെ എക്‌സ്-റേയില്‍ കണ്ടാല്‍, ഒന്ന് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് നിങ്ങള്‍ക്ക് സ്വീകാര്യമാണോ?’

വസ്തുത: കോണ്‍ഗ്രസ് പ്രകടന പത്രികയിലോ നേതാക്കളുടെ പ്രസംഗങ്ങളിലോ സര്‍ക്കാര്‍ ജനങ്ങളുടെ വീടുകള്‍ പിടിച്ചെടുത്ത് പുനര്‍വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല.

അവകാശവാദം: അതേ പ്രസംഗത്തില്‍, മോദി തെറ്റായ അവകാശവാദത്തിലേക്ക് വീണ്ടും മടങ്ങി: ‘രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യം മുസ്ലീങ്ങള്‍ക്ക് അവകാശമുണ്ട്, ഇതാണ് മന്‍മോഹന്‍ജി പറഞ്ഞത്.’

വസ്തുത: മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തിന്റെ വാചകം പ്രധാനമന്ത്രിയുടെ ഓഫീസ് പരിപാലിക്കുന്ന ആര്‍ക്കൈവില്‍ ലഭ്യമാണ്. ആ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്താന്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു ”വിഭവങ്ങളെക്കുറിച്ചുള്ള ആദ്യത്തെ അവകാശികള്‍” എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം എസ്.സി, എസ്.ടി, ഒബിസി, സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍’എന്നിവരുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ ഉള്‍പ്പെടെ മുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ ‘മുന്‍ഗണന’ വിഭാഗത്തെയും മേഖലകളെയും പരാമര്‍ശിക്കുന്നു.

വിരമിച്ച ഹൈക്കോടതി ജഡ്ജി രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിദ്യാഭ്യാസം, വരുമാനം, തൊഴില്‍ എന്നിവയില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസത്തിന് ശേഷമാണ് മന്മോഹന്‍ സിംഗ് ഈ പ്രസംഗം നടത്തിയത്.

ഏപ്രില്‍ 24, സാഗര്‍

അവകാശവാദം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയതായി മോദി അവകാശപ്പെട്ടു. ”ഒറ്റ വിജ്ഞാപനത്തിലൂടെ എല്ലാ മുസ്ലിം സമുദായങ്ങളെയും അവര്‍ ഒ.ബി.സി ക്വാട്ടയില്‍ ഉള്‍പ്പെടുത്തി. ഒ.ബി.സി സംവരണത്തിന്റെ വലിയൊരു ഭാഗം കോണ്‍ഗ്രസ് തട്ടിയെടുത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കി.

വസ്തുത: 1962-ല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിം സമുദായങ്ങളിലെ ചില ജാതികളെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആര്‍ നാഗന ഗൗഡ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ്. എല്ലാ പിന്നാക്ക സമുദായങ്ങള്‍ക്കും വര്‍ഗ്ഗീകരണത്തിന്റെ മാനദണ്ഡവും സംവരണത്തിന്റെ വ്യാപ്തിയും നിര്‍ദ്ദേശിക്കുന്നതിനാണ് ഇങ്ങനെ ഒരു പാനല്‍ രൂപീകരിച്ചത്. അതിനും വളരെ മുമ്പുതന്നെ മൈസൂര്‍ മഹാരാജാവ് 1921-ല്‍ മുസ്ലീങ്ങള്‍ക്ക് സംവരണ നയം കൊണ്ടുവന്നിരുന്നു. പിന്നീട്, 1994-ല്‍ എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ (സെക്കുലര്‍) സര്‍ക്കാര്‍ കര്‍ണാടകയിലെ എല്ലാ മുസ്ലിം സമുദായങ്ങളെയും ഒ.ബി.സി പട്ടികയ്ക്ക് കീഴില്‍ കൊണ്ടുവന്നു, അവര്‍ക്ക് 4% സബ് ക്വാട്ട ഉണ്ടാക്കി. ജനതാദള്‍ (സെക്കുലര്‍) നിലവില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്.

സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒന്നുമാത്രമാണ് കര്‍ണാടക. 12 വര്‍ഷം മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും മുസ്ലീം സമുദായങ്ങളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ 70 മുസ്ലീം ജാതികള്‍ക്ക് സംസ്ഥാനത്ത് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് മോദി വീമ്പിളക്കിയിരുന്നു.

ഏപ്രില്‍ 24, സര്‍ഗുജ

അവകാശവാദം: ആന്ധ്രപ്രദേശില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കാനാണ് കോണ്‍ഗ്രസ് ആദ്യം ശ്രമിച്ചതെന്നും രാജ്യത്തുടനീളം അതേ പദ്ധതി നടപ്പാക്കാനാണ് പദ്ധതിയിട്ടതെന്നും മോദി പറഞ്ഞു. ”അവര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ 15% ക്വാട്ട നിര്‍ദ്ദേശിച്ചു,” അദ്ദേഹം പറഞ്ഞു. ”എസ്.സി/എസ്.ടി, ഒ.ബി.സി എന്നിവര്‍ക്കുള്ള നിലവിലുള്ള ക്വാട്ട വെട്ടിച്ചുരുക്കിയും മോഷ്ടിച്ചും ചിലര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. 2009ലെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഈ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 2014ലെ പ്രകടനപത്രികയിലും ഇക്കാര്യം തങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അവര്‍ വ്യക്തമായി പറഞ്ഞു.

വസ്തുത: ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2005-ല്‍ മുസ്ലീങ്ങള്‍ക്ക് 5% സംവരണം നല്‍കുന്ന നിയമം പാസാക്കി. ‘ഒരു വിഭാഗം പൗരന്മാരെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരായി നിര്‍ണ്ണയിക്കുന്നതിനുള്ള ഏക അടിസ്ഥാനം’ മതം ആയിരിക്കില്ലെന്ന് വാദിച്ചുകൊണ്ട് ഹൈക്കോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി. 2009-ലെ പ്രകടനപത്രികയില്‍, ‘സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍’ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ശ്രദ്ധാപൂര്‍വ്വമായ ഒരു നയം സ്വീകരിച്ചു.

2014-ലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ‘പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള നിലവിലുള്ള സംവരണങ്ങളെ ഒരു തരത്തിലും ബാധിക്കാതെ, എല്ലാ സമുദായങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു വഴി കണ്ടെത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്.’ എന്ന് പറഞ്ഞു. 2019 ലെ പ്രകടനപത്രിക ഈ വിഷയത്തില്‍ മൗനം പാലിച്ചു. അതിന്റെ 2024 മാനിഫെസ്റ്റോയില്‍ ‘വിദ്യാഭ്യാസം, ആരോഗ്യം, പൊതുതൊഴില്‍, പൊതുമരാമത്ത് കരാറുകള്‍, നൈപുണ്യ വികസനം, കായികം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിവേചനമില്ലാതെ ന്യൂനപക്ഷങ്ങള്‍ക്ക് ന്യായമായ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ എന്നും പറയുന്നുണ്ട്.

അവകാശവാദം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ ക്വാട്ട നടപ്പാക്കിയെന്ന അവകാശവാദം അതേ പ്രസംഗത്തില്‍ മോദി ആവര്‍ത്തിച്ചു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയപ്പോള്‍, ഭരണഘടനയ്ക്കും ബാബാസാഹബ് അംബേദ്കറുടെ ആദര്‍ശങ്ങള്‍ക്കും വിരുദ്ധമായ കോണ്‍ഗ്രസിന്റെ തീരുമാനം ഞങ്ങള്‍ റദ്ദാക്കുകയും ദലിതര്‍ക്കും ആദിവാസികള്‍ക്കും അവരുടെ അവകാശങ്ങള്‍ തിരികെ നല്‍കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

വസ്തുത: 2023 മാര്‍ച്ചില്‍ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്ലിം ഒ.ബി.സികള്‍ക്കുള്ള 4% സബ്ക്വോട്ട എടുത്തുകളഞ്ഞു. എന്നാല്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും ക്വോട്ട പുനര്‍നിശ്ചയിച്ചില്ല. മറിച്ച്, അവര്‍ സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്തുകളിലേക്കും വൊക്കലിഗകളിലേക്കും ഈ സംവരണം മാറ്റി. ഈ ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് നിരീക്ഷിച്ച് 2023 ഏപ്രിലില്‍ സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു.

അവകാശവാദം: മോദി പിന്നീട് മറ്റൊരു അവകാശവാദം ഉന്നയിച്ചു ”പിതൃസ്വത്തിന് നികുതി ചുമത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു, മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്തിന് പോലും നികുതി ചുമത്തും. നിങ്ങള്‍ സ്വരൂപിക്കുന്ന സമ്പത്ത് നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കില്ല, കോണ്‍ഗ്രസ് അത് നിങ്ങളില്‍ നിന്ന് തട്ടിയെടുക്കും.

വസ്തുത: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ അനന്തരാവകാശ നികുതിയെക്കുറിച്ച് എവിടെയും പരാമര്‍ശമില്ല. അതില്‍ പറയുന്നത് ഇത്രമാത്രം: ‘ഞങ്ങള്‍ നയങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങളിലൂടെ സമ്പത്തിന്റെയും വരുമാനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന അസമത്വം പരിഹരിക്കും.’

ഏപ്രില്‍ 24, ബെതുല്‍

അവകാശവാദം: എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നുള്ള സംവരണം തട്ടിയെടുത്ത് അവരെ ഒരു ”ഖാസം ഖാസ്” അല്ലെങ്കില്‍ പ്രത്യേക വോട്ട് ബാങ്കിന് നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് മോദി അവകാശപ്പെട്ടു. മുസ്ലിംകള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നുവെന്ന കോണ്‍ഗ്രസ് അവകാശവാദം ആവര്‍ത്തിച്ച്, ‘വോട്ട് ബാങ്ക് ശക്തിപ്പെടുത്താന്‍’ സ്വകാര്യ സ്വത്ത് പിടിച്ചെടുക്കാനും പുനര്‍വിതരണം ചെയ്യാനും പാര്‍ട്ടി ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വസ്തുത: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മതപരമായ സംവരണത്തെക്കുറിച്ചോ സമ്പത്തിന്റെ പുനര്‍വിതരണത്തെക്കുറിച്ചോ എവിടെയും പറയുന്നില്ല.

അവകാശവാദം: അനന്തരാവകാശ നികുതിയുടെ വിഷയത്തിലേക്ക് വരുമ്പോള്‍, അത്തരമൊരു നികുതി ചുമത്തുന്നത് സാം പിത്രോഡയുടെ ‘വ്യക്തിപരമായ അഭിപ്രായം’ മാത്രമാണെന്ന് കോണ്‍ഗ്രസ് കള്ളം പറയുകയാണെന്ന് മോദി അവകാശപ്പെട്ടു. 2011ല്‍ കോണ്‍ഗ്രസ് പാരമ്പര്യ നികുതിക്ക് വേണ്ടി വാദിച്ചിരുന്നു എന്നതാണ് സത്യം, അദ്ദേഹം പറഞ്ഞു.

വസ്തുത: 2011ല്‍, അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരം അനന്തരാവകാശ നികുതി എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല ഈ നീക്കം പരിഗണിച്ചത്. 2017ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയും ഈ ആശയം മുന്നോട്ടുവച്ചിരുന്നു.

ഏപ്രില്‍ 25, ആഗ്ര

അവകാശവാദം: ഒബിസികള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള 27% ക്വാട്ടയുടെ ഒരു ഭാഗം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നതായി മോദി അവകാശപ്പെട്ടു.

വസ്തുത: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മതപരമായ സംവരണത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.

അവകാശവാദം: ജനങ്ങളുടെ അനന്തരാവകാശത്തിന്റെ 55% പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നതായി മോദി ആദ്യം അവകാശപ്പെട്ടു, തുടര്‍ന്ന് ‘നിങ്ങള്‍ നിങ്ങളുടെ അടുത്ത തലമുറയ്ക്ക് വസ്വിയ്യത്ത് നല്‍കുന്ന സ്വത്തിന് പകുതിയിലധികം നികുതി ചുമത്തപ്പെടും’ എന്നും വാദിച്ചു.

വസ്തുത: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ അനന്തരാവകാശ നികുതിയെക്കുറിച്ച് പരാമര്‍ശമില്ല. അനന്തരാവകാശത്തിന് 55% നികുതി ചുമത്തുന്ന യു.എസ് നിയമം സംബന്ധിച്ച സാം പിത്രോഡയുടെ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുനില്‍ക്കുകയും ചെയ്തു.

ഏപ്രില്‍ 25, മൊറേന

അവകാശവാദം: കര്‍ണാടകയിലെ മുസ്ലിംകള്‍ക്കുള്ള സംവരണം, മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം, കോണ്‍ഗ്രസിന്റെ മംഗളസൂത്രം തട്ടിയെടുക്കല്‍ എന്നിവയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് മോദി അനന്തരാവകാശ നികുതിയുടെ വിഷയത്തിലേക്ക് വീണ്ടും മടങ്ങി. ഇത്തവണ അദ്ദേഹം ഒരു പുതിയ അവകാശവാദം ഉന്നയിച്ചു: ”ഇന്ദിരാഗാന്ധി മരിക്കുകയും അവരുടെ മകന്‍ രാജീവ് ഗാന്ധിക്ക് അവരുടെ സ്വത്ത് അനന്തരാവകാശമായി നല്‍കുകയും ചെയ്തപ്പോള്‍, സര്‍ക്കാരിന് ഈ പണം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, സ്വത്ത് സംരക്ഷിക്കാന്‍, പ്രധാനമന്ത്രി രാജീവ് ഗാന്ധി അനന്തരാവകാശ നികുതി നിര്‍ത്തലാക്കി ‘

വസ്തുത: മരിച്ച വ്യക്തിയുടെ സ്വത്തുക്കള്‍ക്ക് ചുമത്തുന്ന എസ്റ്റേറ്റ് ഡ്യൂട്ടി നിര്‍ത്തലാക്കിയത് 1985-ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന വി.പി. സിംഗ് ആണ്. അല്ലാതെ സ്വത്തിന്റെ അനന്തരാവകാശിയായ ഒരാള്‍ അടയ്ക്കുന്ന അനന്തരാവകാശ നികുതിയല്ല. 1985 മാര്‍ച്ച് 16-നോ അതിനു ശേഷമോ സംഭവിക്കുന്ന മരണങ്ങളില്‍ എസ്റ്റേറ്റ് തീരുവ ചുമത്തില്ലെന്ന് സിംഗ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 1984 ഒക്ടോബര്‍ 31നാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്.

ഏപ്രില്‍ 25, ഓന്‍ല

അവകാശവാദം: കോണ്‍ഗ്രസ് സര്‍വേ നടത്തുകയും ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള പതിവ് തെറ്റായ അവകാശവാദങ്ങളിലൂടെ അദ്ദേഹം കടന്നുപോയി, പിന്നെ ഒരു പുതിയ ട്വിസ്റ്റ് കൂട്ടിച്ചേര്‍ത്തു: ”ഒരു സാമ്പത്തിക സര്‍വേ മാത്രമല്ല, എല്ലാ സ്ഥാപനങ്ങളും എല്ലാ ഓഫീസുകളും സര്‍വേ ചെയ്യാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഏതെങ്കിലും പിന്നാക്ക വിഭാഗത്തിലോ ദലിത് കുടുംബത്തിലോ രണ്ട് അംഗങ്ങള്‍ ജോലി ചെയ്യുന്നതായി കണ്ടാല്‍, കോണ്‍ഗ്രസ് ഒരാളുടെ ജോലി തട്ടിയെടുത്ത് രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യം അവകാശവാദം ഉന്നയിക്കുന്നവര്‍ക്ക് നല്‍കും.

യാഥാര്‍ത്ഥ്യം: കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രികയിലോ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളിലോ പിന്നോക്ക വിഭാഗത്തില്‍ നിന്നോ ദളിത് കുടുംബങ്ങളില്‍ നിന്നോ ജോലി എടുത്തുകളയുമെന്ന് പറയുന്നില്ല. ”ജാതികളെയും ഉപജാതികളെയും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും കണക്കാക്കാന്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ് നടത്തും. ഡാറ്റയെ അടിസ്ഥാനമാക്കി, തുടര്‍പ്രവര്‍ത്തനത്തിനുള്ള അജണ്ട ഞങ്ങള്‍ ശക്തിപ്പെടുത്തും. എന്നാണ് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പറയുന്നത്.

 

വിവ: സഹീര്‍ അഹ്‌മദ്
അവലംബം: സ്‌ക്രോള്‍

Related Articles