Personality

മനസ്സാക്ഷിയ്ക്കൊത്തൊരു വ്യക്തിത്വം

വ്യക്തിത്വം എന്നാൽ മനസ്സാക്ഷിയ്ക്ക് ഒത്തുള്ള ഒരു ജീവിതം എന്നുംകൂടെ അർത്ഥമാക്കുന്നുണ്ട്. വ്യക്തിത്വ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൃത്യമായ ഒരു ധാരണയോടെ, ചിന്തകളോടെ, നിലപാടോടെ വ്യക്തിത്വത്തിന്റെ ഘടനയ്ക്ക് അടിയുറപ്പ് നൽകുന്നതും ശക്തമായൊരു നെടുംതൂൺ ആയി വർത്തിക്കേണ്ടതും അതിനായി ഒരു കുഞ്ഞിൽ അല്ലെങ്കിൽ ഒരു മനുഷ്യനിൽ അനിവാര്യമായി ഉണ്ടാവേണ്ടത് ആരോഗ്യവും കാതലുള്ളതുമായ ഒരു മനസ്സാക്ഷിയാണ്. ഒന്ന് മുതൽ ഏഴ് വരെയുള്ള അല്ലെങ്കിൽ പത്ത് വരെയുള്ള പ്രായത്തിനിടയിൽ ഒരു കുഞ്ഞിന്റെ മനസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ, മൂല്യങ്ങൾ, ചിന്തകൾ, വിചാരങ്ങൾ എത്രത്തിലുള്ളതാണ്, ഏതെല്ലാം വിധത്തിലുള്ളതാണ് എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് മനസ്സാക്ഷി രൂപംകൊള്ളുന്നതെന്ന് ഓരോ രക്ഷിതാക്കളും അറിഞ്ഞിരിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. പ്രത്യേകിച്ചും അച്ഛനമ്മമാർ ആവാനിരിക്കുന്ന ഒരു യുവാവിനും യുവതിയ്ക്കും ഇത്തരമൊരു അറിവ് ഒരുപാട് ഗുണം ചെയ്യും. ഈവിധത്തിൽ ആന്തരീകനിർമ്മിതമായതും മൂല്യബോധത്തിലൂന്നിയതുമായ ഒരു മനസ്സാക്ഷി മരണം വരെ ഒരാളിൽ നിലനിൽക്കുന്ന അവനവനെ സുബോധത്തിലൂടെയും അറിവിലൂടെയും ആത്മബോധതത്തിലൂടെയും മുന്നോട്ട് നയിക്കുക എന്ന മഹത്തായ കർത്തവ്യത്തിനും അതിന്റെ ശരിയായ കൃത്യനിർവ്വഹണത്തിനും എപ്പോഴും സൂക്ഷ്മതയോടെയും കണിശതയോടെയും കൂട്ട് നിൽക്കും. മാനവികതയും മനുഷ്യത്വവും പാകിയ പാതയിലൂടെ മനുഷ്യനെ നയിക്കുന്ന, മൂല്യാധിഷ്ഠിത ചിന്തകളാൽ നിർമ്മിതമായ ഒരു മനസ്സാക്ഷി സദാസമയവും മൻഷ്യരെ തെറ്റായ വഴികളിലേക്ക് സഞ്ചരിക്കുന്നതിൽ നിന്ന് തടയാൻ ജാഗരൂകതയോടെ അവനിൽ അല്ലെങ്കിൽ അവളിൽ കർമ്മനിരതമായിരിക്കും. നമുക്ക് അറിയാം മനസ്സാക്ഷിയ്ക്ക് വിപരീതമായി പ്രവൃത്തിക്കാൻ തുടങ്ങുമ്പോൾ തന്നെ നമ്മിൽ അഗാധമായ കുറ്റബോധം ജനിപ്പിക്കാറുണ്ട്. കാരണം മറ്റാരും കാണും മുമ്പേ നാം ചെയ്യുന്ന അപരാധങ്ങൾക്കും തെറ്റുകൾക്കും മനസ്സാക്ഷി ദൃക്സാക്ഷ്യം വഹിക്കുന്നുണ്ട്. മറ്റാരേക്കാളും മുമ്പേ നാം ചെയ്യുന്ന ഒരു പ്രവൃത്തി അല്ലെങ്കിൽ താൻ ഏർപ്പെട്ടിരിക്കുന്ന ഒരു കാര്യം തെറ്റാണെന്ന ബോധം നമ്മിൽ പെടുന്നനെ ഉണർത്തുന്നതും നേരെ നിർത്തി ചോദ്യം ചെയ്യുന്നതും ഇപ്പറയുന്ന അന്തകരണ ശക്തിയാണ്. സത്യത്തിൽ ഭയമാണ് മനുഷ്യർക്ക് സ്വന്തം മനസ്സാക്ഷിയാൽ ചോദ്യം ചെയ്യപ്പെടുന്നത്, “മനസ്സാക്ഷി” എന്ന കോടതിയിൽ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നതും വിചാരണ ചെയ്യപ്പെടുന്നതിനെയും ഒരാൾ ഭയക്കുന്നത് സ്വാഭാവികമാണ്. എന്നിട്ടും മനുഷ്യർ തെറ്റുകൾ ചെയ്യുകയും പാപബോധത്തോടെ ജീവിക്കുകയും ചെയ്യുന്നുണ്ട് എന്നതും മറ്റൊരു വലിയ സത്യമാണ്. വ്യക്തിത്വബോധമില്ലായ്‌മ അതിന് വലിയൊരു കാരണവുമാണ്.

അതിനാൽ കുട്ടികളിൽ മനഃസ്ഥിരത കൈവരിക്കാനും ഉറച്ച വ്യക്തിത്വം രൂപപ്പെടാനും ഫലപ്രദമായ ഒരു മരുന്നാണ് ഇത്, അവരിൽ നല്ലൊരു മനസ്സാക്ഷി രൂപപ്പെടുത്തിയെടുക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.. ആന്തരീക തലത്തിലാണ് കുഞ്ഞിന്റെ അല്ലെങ്കിൽ ഒരു വ്യക്തിയുടെ പരിണാമം അഥവാ പരിവർത്തനം സംഭവിക്കേണ്ടത്. കാരണം ആത്മനിയന്ത്രണത്തിൽ മനസ്സാക്ഷി നിർവ്വഹിക്കുന്ന പങ്ക് അത്രയയേറെ വലുതാണ്. മനുഷ്യനിൽ നീതിബോധവും മനുഷ്യത്വവും യുക്തിയും വിവേകവും ആഴത്തിൽ സ്വാധീനിക്കുകയും അവ കൃത്യമായും ഉണർന്ന് പ്രവൃത്തിക്കുകയും ചെയ്യൂന്നെങ്കിൽ അവൻ മറ്റൊരാളെയും തന്റെ അടിമയക്കാനോ സ്വാർത്ഥത മൂലമോ അല്ലെങ്കിൽ കാര്യസാധ്യത്തിനായോ ആരെയും ചൂഷണവിധേയരാക്കി നിർത്താനോ ശ്രമിക്കില്ല മാത്രമല്ല അവൻ സ്വയം ആരുടെയും അടിമയായി നിൽക്കാനും തയാറാവില്ല. പകരം എല്ലാവരെയും ആദരവോടെ കണ്ടുകൊണ്ട് മനുഷ്യനായി, വ്യക്തിയായി അംഗീകരിക്കാനും ചേർത്ത് പിടിക്കാനും സ്നേഹത്തോടെ കാണാനും തയാറാവും. എങ്കിലും മനുഷ്യരിൽ ചിലർ പലപ്പോഴും മനസ്സാക്ഷിയ്ക്ക് എതിരായി പ്രവൃത്തിക്കുന്നത് എങ്ങനെയാണ്? അവരിൽ ചിലർക്ക് മനുഷ്യത്വവിരുദ്ധവും ഹീനവുമായ പ്രവൃത്തികളിൽ ഏർപ്പെടാനും സഹജീവികളുടെ ജീവിതം ദുരിതപൂർണ്ണവുമാക്കി തീർക്കാനും കഴിയുന്നത് എങ്ങനെ? എന്ന കാര്യങ്ങളൊക്കെ നമുക്ക് ഇവിടെ ചർച്ച ചെയ്യാം.

Also read: തന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതാണെന്ന് മുര്‍സിക്ക് അറിയാമായിരുന്നെന്ന് കുടുംബം

എപ്പോഴും പറയുന്ന പോലെ അജ്ഞത മനുഷ്യന്റെ ശത്രുവാണ്. അജ്ഞത എന്നുമെന്നും മാനവരാശിയെ ഇരുട്ടിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അജ്ഞത വാഴുന്ന ഒരു സമൂഹവും അവിടുത്തെ ഭരണാധികാരികളും എന്നും മാനവകുലത്തിനും ഈ ലോകത്തിനും തന്നെ കടുത്ത ശാപമായി മാറുന്നത് അതുകൊണ്ടാണ്. അറിഞ്ഞുകൊണ്ട് നന്മകൾ ശീലിക്കാത്ത മനസ്സുകൾ അറിയാതെ തിന്മകളെ കൂടെ കൂട്ടും. പിശാചിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ പ്രത്യേകിച്ച് ഒരു എഫേർട്ട് ഒന്നും അവശ്യമില്ല, അതിൽ നിന്ന് അവനവനെ സംരക്ഷിക്കാൻ ആത്മബോധം കൂടിയേ തീരൂ. എല്ലാത്തിനെക്കുറിച്ചും എപ്പോഴും ഒരു വ്യക്തമായ ബോധം അല്ലെങ്കിൽ ധാരണ ഉണ്ടായിരിക്കണം ഉള്ളിൽ. ചിന്തകളിലെ അവ്യക്തത അറിവിലൂടെ മാത്രമേ പരിഹരിക്കപ്പെടുള്ളൂ. തെമ്മാടി, കള്ളൻ, വഞ്ചകൻ, സാമൂഹ്യദ്രോഹി, നീചൻ, അധമൻ എന്നൊക്കെ മുദ്രകുത്തി ഒരു മനുഷ്യനെ സമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യാനും അവഹേളിക്കാനും വേട്ടയാടാനും നമുക്കൊക്കെ എത്ര എളുപ്പമാണ്. ചില അപൂർവ്വം കേസുകളിലെല്ലാം സ്വന്തം മക്കളെക്കുറിച്ച് അപവാദങ്ങളും കുറ്റങ്ങളും പറഞ്ഞ് സമൂഹത്തിന് മുന്നിൽ അവരെ അപകീർത്തിപ്പെടുത്താൻ സ്വന്തം അച്ഛനമ്മമാർ തന്നെ മുൻനിരയിൽ ഉണ്ടാവും. എന്നാൽ ഒരിക്കൽ പോലും ആ മാതാപിതാക്കൾ തങ്ങളുടെ പിഴവുകൾ മനസ്സിലാക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല. സത്യത്തിൽ വളർത്തു ദോഷമാണ് മിക്ക സാഹചര്യങ്ങളിലും വലിയൊരു വില്ലൻ. ഞങ്ങൾ ഞങ്ങളുടെ സന്തോഷങ്ങൾ വരെ മാറ്റിവെച്ച് അവർക്കായി മാത്രം ജീവിച്ചതാണ്, ഊണും ഉറക്കുമില്ലാതെ കഷ്ടപെട്ടതാണ് എന്നിട്ട് ഈ മക്കൾ ഇന്ന് ഞങ്ങളോട്.. എന്നും പറഞ്ഞു കണ്ണീർവാർക്കുന്ന മാതാപിതാക്കളുടെ വാക്കുകൾ ആരുടെയും കരളലിയിക്കും കണ്ണുകളെ ഈറനണിയിക്കും. എന്താണ് ഇതിനൊക്കെ ഒരു പ്രതിവിധി? ഒന്നേ ഉള്ളൂ മക്കളെ നല്ലൊരു മനുഷ്യനാക്കി നല്ലൊരു വ്യക്തിയാക്കി വളർത്തുക. ജീവിതമെന്തെന്ന് അറിയാനുള്ള സാഹചര്യങ്ങൾ നൽകുക, തന്റെ കടമകളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും സ്വയം തിരിച്ചറിവിലേയ്ക്ക് ഏത്താൻ സഹായിക്കുക. കഴിയുന്നതും സ്വയം അവർക്ക് ഒരു ഭാരമാവാതെ നോക്കുക. അമിത ലാളന കുഞ്ഞുങ്ങളെ വഷളാക്കും അമിതമായാൽ അമൃതും വിഷമാണല്ലോ.

അതേപോലെ തന്നെ കുഞ്ഞുനാളിൽ നേരിടുന്ന അവഗണനയും കൈപ്പേറിയ അനുഭവങ്ങളും മാനസിക ശാരീരിക പീഡനങ്ങളും പിരിമുറുക്കങ്ങളും കുട്ടികളുടെ വ്യക്തിത്വത്തെ സാരമായി തന്നെ ബാധിക്കും എന്നുവെച്ചാൽ രണ്ടും നല്ലതല്ല എന്നർത്ഥം. ഇതൊക്കെ അച്ഛനമ്മമാർക്ക് പിന്നീട് വലിയൊരു തലവേദനയായും മാറാറുണ്ട്. തിരിച്ചുപിടിക്കാനോ വീണ്ടെടുക്കാനോ സാധിക്കാതെ സ്വന്തം ജീവിതവും മക്കളുടെ ജീവിതവും നഷ്ടമാവാനും ഇടയുണ്ട്. അതുകൊണ്ട് തന്നെ പാരന്റിങ് അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും നിർവ്വഹിക്കേണ്ട ഒന്നാണ്. ആവശ്യത്തിന് സ്നേഹവും ലാളനയും ശ്രദ്ധയും പരിഗണനയും നൽകിയും ചെറിയ ചെറിയ ശിക്ഷണങ്ങളിലൂടെയുമാവണം രക്ഷകർതൃത്വം നിർവ്വഹിക്കേണ്ടത്. ചിലരുണ്ട് അമിത സ്വാതന്ത്ര്യം നൽകിയും ലാളിച്ചു കൊഞ്ചിച്ചും വളർത്തിയ ഏതെങ്കിലും വീട്ടിലെ കുഞ്ഞുങ്ങൾ ഒരു ദിവസം നിഷ്ക്കരുണം എല്ലാ പ്രയാസങ്ങളും സഹിച്ച് ജന്മം നൽകി, പരിപാലിച്ച് കഷ്ടപ്പെട്ട് പോറ്റി വളർത്തിയ അച്ഛനമ്മമാരെ തെരുവിലേയ്ക്ക് എറിയുന്നതോ, നിർദാക്ഷിണ്യം കൈവിടുന്നതോ ആയ ദൃശങ്ങൾ കാണുമ്പോൾ കേൾക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ഒന്നും നൽകിയിട്ടൊന്നും ഒരു കാര്യവുമില്ല, അവരെ സ്നേഹിക്കാനെ പാടില്ല, ഒന്നും നൽകരുത് എന്ന് ചിന്തിയ്ക്കും. വളരെ തെറ്റായ ചിന്തയാണ് ഇത്. ഇപ്പറഞ്ഞ ഗതിയിലേയ്ക്കാണ് ചിന്തകൾ പോകുന്നതെങ്കിൽ ആതിന്റെയും അനന്തരഫലം മറ്റൊന്നായിരിക്കില്ല. സ്വന്തം മാതാപിതാക്കളെ നിരന്തരം ദ്രോഹിക്കുന്നതിൽ കുറ്റബോധം അലട്ടാത്ത മക്കൾക്ക് അവർ ചെയ്യുന്നത് മാപ്പ് അർഹിക്കാത്തവയായാൽ പോലും അവരുടേതായ കാരണങ്ങൾ ഉണ്ടാവുമെന്നത് എത്രത്തോളം ഖേദകരമാണ്. അതൊന്നും ഒരിക്കലും വകവെച്ചു കൊടുക്കാൻ കഴിയുന്നതല്ലെങ്കിൽ പോലും തിരിച്ചറിവ് വന്നാൽ തെറ്റുകൾ തിരുത്താൻ തയാറായാൽ അതിനായ് ഒരു അവസരം നൽകാൻ പക്ഷെ മാതാപിതാക്കൾ മനസ്സിന് വിശാലത കാണിക്കണം.

Also read: സാഹോദര്യത്തിന്റെ സൗന്ദര്യം

ബൈബിളിൽ മുടിയനായ പുത്രൻ കാലങ്ങൾക്ക് ശേഷം തിരികെ പഴയ ജീവിതത്തിലേയ്ക്ക് വരാൻ തയാറാവുമ്പോൾ കൊട്ടും പാട്ടും മേളവുമായി ആഹ്ലാദത്തോടെയും ആരവത്തോടെയും വരവേൽക്കുന്ന ഒരു പിതാവിനെക്കുറിച്ച് പറയുന്നുണ്ട്. അത്രയും നാൾ അച്ഛനെ പരിപാലിച്ച് കൂടെ നിന്ന മൂത്ത മകൻ അദ്ദേഹത്തോട് അപ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, പണത്തിന്റെയും ധൂർത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും പിന്നാലെ പോയ അവൻ ഇന്ന് തിരിച്ചു വരുമ്പോൾ അങ്ങ് അവനെ സന്തോഷപൂർവം എതിരേൽക്കുന്നു, അങ്ങയുടെ ആട്ടിൻ കൂട്ടത്തിൽ നിന്ന് ഏറ്റവും മുഴുത്ത മുട്ടാനാടിനെ തന്നെ തിരഞ്ഞെടുത്ത് അറുത്ത് വിരുന്നൊരുക്കി സ്വീകരിക്കുന്നു. നിങ്ങളെ ഇത്രയും കാലം ഈ പ്രായം വരെ പരിപാലിക്കാനും നോക്കിക്കൊണ്ടു നടക്കാനും ഈ മകൻ തന്നെ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ആ പിതാവ് പറയുന്ന ഒരു കാര്യമുണ്ട് അത് നമുക്കെല്ലാം ഒരു പാഠമാക്കാവുന്നതാണ്. അവൻ തിന്മയിൽ നിന്ന് നന്മയിലേക്ക് തിരികെ വരികയാണ് അവനെ ഇപ്പോൾ ഞാൻ തിരികെ അയച്ചാൽ അവൻ തിന്മയിലേയ്ക്ക് തന്നെ തിരികെ പോകും. എത്ര ശ്ലാഘനീയവും മഹത്വമുറ്റതുമായ ചിന്താഗതിയാണ് അത്. എന്നാൽ ശ്രദ്ധിച്ചിട്ടുണ്ടോ ഇവിടെ ചെറിയ കാര്യങ്ങൾക്ക് പോലും രക്ഷിതാക്കളിൽ പലപ്പോഴും ഈഗോയാണ് വർക്ക് ഔട്ട് ആവുന്നത്. മക്കളെ മനസ്സിലാക്കാൻ തയാറാവാത്ത ധാർഷ്ട്യം അത് അത്രത്തോളം അഭിലഷണീയമല്ല. മക്കൾ അച്ഛനമ്മമാരെ മനസ്സിലാക്കണമെങ്കിൽ ആദ്യം അച്ഛനമ്മമാർ അതിന് തയാറാവണം അതിനായി മനസ്സ് സജ്ജമാക്കണം.. ആദ്യം അവരെ കേൾക്കണം, അറിയണം, സ്നേഹത്തോടെ ചേർത്ത് പിഠിക്കണം..സെൻസിബിൾ ആയിട്ട് ചിന്തിക്കുന്ന അച്ഛനമ്മമാർ മക്കൾ തെറ്റിലേക്ക് പോകുന്നതിനെ തടയാൻ സാധിക്കുന്നവരായിരിക്കും എന്ന് വെച്ചാൽ നേരെ ചെന്ന് കുട്ടികളെ തടയുകയല്ല വേണ്ടത്. മക്കൾക്ക് ശരിതെറ്റുകളെക്കുറിച്ച് ബോധം ഉണ്ടാക്കികൊടുക്കലാണ് ആവശ്യം. തെറ്റുകൾ വന്നുപോയാൽ അത് തിരിച്ചറിയാനും തിരുത്താനുമുള്ള അവസരം നൽകണം. നല്ലൊരു വ്യക്തിയായി മുന്നോട്ട് ജീവിക്കാൻ പൂർണ്ണമായ പിന്തുണ നൽകണം.

പറഞ്ഞു വന്നത് ഇതാണ്. ജീവിതയാത്രയിൽ ശരിതെറ്റുകളെയും നല്ലതിനെയും ചീത്തയെയും വിവേചിച്ചറിയാനും നേർവഴി തിരഞ്ഞെടുക്കാനും സഹായിക്കുന്ന, വളർച്ചയുടെ പ്രാഥമികഘട്ടങ്ങളിൽ തുടങ്ങി കാലക്രമേണ രൂപപ്പെട്ടുവരുന്ന മനുഷ്യരിൽ ഇൻബിൾട്ട് ആയ ഒരു സംവിധാനമാണ് അല്ലെങ്കിൽ ഉൾബോധമാണ്, അന്തകരണ ശക്തിയാണ് മനസ്സാക്ഷി. ഒരു തെറ്റ് ചെയ്യാൻ മുതിരുമ്പോൾ അപ്പോൾ തന്നെ നമ്മിൽ ജാഗ്രത ഉയർത്തുന്ന, ചെയ്യാൻ പോകുന്ന തെറ്റിന്റെ കാഠിന്യവും അതിലെ മനുഷ്യത്വവിരുദ്ധതയും ഓർമ്മപ്പെടുത്തുന്ന ഒരു അന്തരീകശബ്ദം. ഇതിനെ പിന്തുടർന്ന് ജീവിക്കുന്നവൻ തെറ്റിലേയ്ക്ക് കാലിടറാനുള്ള സാധ്യതകൾ കുറവാണ്. കാരണം മേൽപ്പറഞ്ഞ പോലെ ഉത്തമമായ ചില ബോധങ്ങളിൽ നിന്നാണ് മനസ്സാക്ഷി രൂപപ്പെടുന്നത്. അവയിൽ പ്രാഥമിക സ്ഥാനം വ്യക്തിത്വബോധത്തിന് തന്നെയാണ്. അതുകഴിഞ്ഞ് ചില കുടുംബമൂല്യങ്ങൾ, സഹജാവബോധം പൗരബോധം, സമൂഹികാവബോധമെല്ലാം വരും. നല്ലൊരു വ്യക്തി അല്ലെങ്കിൽ വ്യക്തിത്വം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നല്ല മനുഷ്യൻ എന്നും കൂടെയാണ്. നല്ലൊരു മനുഷ്യന് ചില ക്വാളിറ്റികൾ തീർച്ചയായും കാണും. അവയിൽ ഏറ്റവും മികച്ചത് തന്നെപ്പോലെ തന്നെ മറ്റുള്ള മനുഷ്യരെയും മനുഷ്യരായി കാണുക എന്നതാണ്. സമ്പൂർണ്ണരെന്ന് വിശേഷിപ്പിക്കാൻ ഒരു മനുഷ്യനേയും കഴിയില്ല. നാം അടക്കം ഓരോ മനുഷ്യനിലും ഒട്ടേറെ ന്യൂനതകളും അപര്യാപ്തതകളും കാണും. മൂല്യാധിഷ്ഠിത ചിന്തകളിൽ നിന്ന് രൂപംകൊണ്ട മനസ്സാക്ഷിയാണ് ഏറ്റവും ശക്തവും ബലമേറിയതും. മാതാപിതാക്കൾ നിരാശരും അസംതൃപ്തിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുമാണെന്ന് ഇരിക്കട്ടെ, അവരുടെ മക്കൾക്ക് ജീവിതത്തെക്കുറിച്ച് നല്ലൊരു കാഴ്ചപ്പാട് നൽകാൻ അവർക്ക് കഴിഞ്ഞോളണം എന്നില്ല. മുന്നേറേണ്ട വഴിയെക്കുറിച്ചും വഴികളിൽ കണ്ടുമുട്ടേണ്ടവരെക്കുറിച്ചും അവരിലൂടെ ജീവിതത്തെ മനോഹരമാക്കേണ്ടതിനെ കുറിച്ചും എത്തിപ്പെടേണ്ട ലക്ഷ്യത്തെക്കുറിച്ചുമൊന്നും ഒന്നുമറിയാതെ വേണമെങ്കിൽ ആർക്കും വെറുതേ അങ്ങ് ജീവിക്കാം. പക്ഷെ കാലം ആരെയും കാത്ത് നിക്കാറില്ല. ജീവിതം എങ്ങനെയാലും മുന്നോട്ട് തന്നെ പോയ്ക്കൊണ്ടിരിക്കുമെങ്കിലും കൃത്യമായ പ്ലാൻ ഒന്നും ഇല്ലെങ്കിൽ വെറുതെ അർത്ഥശൂന്യമായ ഒരു ജീവിതം ജീവിച്ചു തീർക്കലാവും അത്. എന്നാൽ ജീവിതത്തെ അമിതഗൗരവത്തോടെ കാണുന്നതും നന്നല്ല. ജീവിതത്തിന്റെ യഥാർത്ഥ ത്രില്ല് അത് നഷ്ടപ്പെടുത്തിക്കളയും. വർത്തമാനകാലത്തിൽ ജീവിക്കണം മനുഷ്യർ. വർത്തമാനകാലത്തിൽ ഇപ്പോൾ ഈ നിമിഷം ജീവിതം നൽകിയ അനുഗ്രഹങ്ങളെ ചേർത്ത്പിടിച്ചാവണം ജീവിതം.

Also read: ‘ചിപ്പിക്കുള്ളിലെ വിസ്മയം’ മുഹമ്മദ് യാസീൻ സാഹിബ് വിടവാങ്ങി

മനസ്സാക്ഷിയോടൊത്തും ഉദ്ദേശശുദ്ധിയോടെയുമുള്ള ചിന്തകൾ സംസാരം, പ്രവൃത്തികൾ ഒരാളിലെ വ്യക്തിത്വത്തെ ആഴത്തിൽ വേരുറച്ചതും വിശ്വാസയോഗ്യവുമാക്കും. അതുകൊണ്ട് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു ഏതൊരു കാര്യവുമാവട്ടെ അതേപോലെ ഏത് തരത്തിലുള്ള വിഷയങ്ങളും കുഞ്ഞുങ്ങളുമായി സംസാരിക്കുമ്പോൾ അതിനെ ഒരിക്കലും അപൂർണ്ണതയിൽ വിടരുത്. എല്ലാത്തിനെക്കുറിച്ചും കൃത്യമായ ഒരു ചിത്രം നൽകണം. കുഞ്ഞുമനസ്സിന്റെ ഓരോ കോണുകളിലേക്കും അച്ഛനമ്മമാർ പകരുന്നൊരു വെളിച്ചമാവണം അത്. പക്വത പ്രാപിക്കുന്നത് വരെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ചിന്തകളിൽ കുമിഞ്ഞുകൂടിയേക്കാവുന്ന അവ്യക്തത നീക്കാൻ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ രീതിയിൽ ലളിതമായ ഭാവത്തിൽ അവരുടെ സെൻസിന് അഥവാ ബുദ്ധിക്ക് ഉൾക്കൊള്ളാൻ പറ്റുന്ന പാകത്തിൽ വിവരിച്ചുകൊടുക്കൽ നിർബ്ബന്ധമാണ്. അവരുടെ മനസ്സിൽ ഉയർന്നുവരുന്ന ചോദ്യങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് വിശദീകരണം നൽകാൻ തയാറാവണം. തിന്മകൾ ചെയ്യുന്നവരെ വെറുക്കാൻ പറഞ്ഞുകൊടുക്കരുത് എന്നാൽ തിന്മകളെ വെറുക്കാൻ പഠിപ്പിക്കാം. അത് തിന്മകളിൽ നിന്ന് അവനവനെ സംരക്ഷിക്കുന്നതിന് സഹായിക്കും. തെറ്റുകൾ ചെയ്യുന്ന മനുഷ്യരെക്കുറിച്ച് സംസാരിക്കുമ്പോൾ തീർച്ചയായും പറഞ്ഞുകൊടുക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. ഒരു മനുഷ്യൻ തെറ്റുകൾ ചെയ്യുന്നതിന് ഇടയാക്കുന്ന അല്ലെങ്കിൽ ഹേതുവായി മാറുന്ന സെക്കോളജിക്കൽ ആയ ഒട്ടേറെ കാര്യങ്ങൾ ഉണ്ട് ഇവയൊക്കെ ഏറെക്കുറെ നമ്മിൽ പലർക്കും അറിയാം അറിയാത്ത കുഴപ്പമാവില്ല. ഇതെല്ലാം യഥാസമയം പറഞ്ഞുകൊടുത്ത് ലോകത്തെയും മനുഷ്യരെയും അടുത്തറിയാൻ അവരെ സഹായിച്ച് നേർക്കാഴ്ചയിലൂടെയും നേരറിവിലൂടെയും മുന്നോട്ട് നയിക്കണം. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി അതാണ് ശരി എന്ന് പറഞ്ഞു പഠിപ്പിക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ മക്കളുടെ വിവേചന ബുദ്ധിയ്ക്കും യുക്തിയ്ക്കും ജീവിതത്തിൽ കാര്യമായ റോൾ ഒന്നും ഇല്ലാതെ ആവുകയാണ്. അത് പാടില്ല.

രക്ഷിതാക്കൾ പറയുന്നത് തെറ്റ് എന്ന് തോന്നിയാൽ പോലും മറിച്ചൊരു ചോദ്യം ചോദിക്കാൻ പാടില്ലാത്ത അവസ്‌ഥ അല്ലെങ്കിൽ അതല്ല ശരി, ഇതാണ് ശരി എന്ന് പറയാൻ പോലും ധൈര്യം ഇല്ലാതെ ഭീതിയോടെ ജീവിക്കാൻ അവരെ നിർബ്ബന്ധിതരാക്കരുത്. മനസ്സിനെ കുഴക്കുന്ന അല്ലെങ്കിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന എത്രയെത്ര ചോദ്യങ്ങളും സംശയങ്ങളും അവരുടെ മനസ്സിനെ അലട്ടുന്നു എന്നാൽ സംതൃപ്‌തമായ, അവരുടെ സെൻസിനെ ബോധ്യപ്പെടുത്താൻ കഴിയുന്ന ഒരു മറുപടിയോ വിശദാംശങ്ങളോ നൽകാൻ ആരുമില്ല എന്ന അവസ്‌ഥയ്ക്ക് രക്ഷിതാക്കൾ ഒരിക്കലും വഴിയൊരുക്കരുത്. മക്കളുടെ വളർച്ചയ്ക്കും നല്ലൊരു ഭാവിയ്ക്കും ഉന്നമനത്തിനും വേണ്ടി എന്നുമെന്നും അവരിലെ ചിന്താശേഷി നശിക്കാതെ കാക്കേണ്ടതുണ്ട്. അവരെ ചിന്തിക്കാൻ അനുവദിക്കണം. ചിന്തകളിലൂടെ മനുഷ്യർ സ്വാതന്ത്രരാവണം ഒരു കാര്യം മനസ്സിലാക്കുക സ്വതന്ത്രമായി ചിന്തിക്കുമ്പോഴേ കുഞ്ഞുങ്ങൾ അവനവന്റെ ചിന്തകൾക്കും പ്രവൃത്തികൾക്കും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പഠിക്കുന്നുള്ളൂ. കൂടെ നിൽക്കാൻ അച്ഛനമ്മമാർ ഉണ്ടെന്ന ബോധം അവരെ നിർഭയം ആത്മവിശ്വാസത്തിന്റെ കണികകൾ ഒട്ടും ചോർന്ന് പോകാതെ തന്നെ ജീവിതത്തിൽ മുന്നേറാൻ ഊർജ്ജം നൽകും.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker