Current Date

Search
Close this search box.
Search
Close this search box.

സാഹോദര്യത്തിന്റെ സൗന്ദര്യം

കുടുസ്സായ പ്രതലത്തില്‍നിന്ന് വിശാലമായ പ്രതലത്തിലേക്ക് ജീവിതത്തെ ചേര്‍ത്തുവെക്കുന്ന മനോഹാരിതയാണ് സാഹോദര്യം. ചുറ്റുമുള്ളവര്‍ തന്റെ സഹോദരനോ സഹോദരിയോ ആണെന്ന ബോധമാണ് സാഹോദര്യം. സാഹോദര്യമാണ് മനുഷ്യര്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിത്തുകള്‍ വിതക്കുന്നത്. ജീവിത്തിന്റെ വ്യത്യസ്തമായ അടരുകളില്‍ സാഹോദര്യമുണ്ട്. കുടുംബത്തിലെ സാഹോദര്യമാണ് ഒന്നാമത്തെ സാഹോദര്യം. വിശ്വാസത്തില്‍നിന്ന് രൂപപ്പെടുന്ന സാഹോദര്യമാണ് രണ്ടാമത്തെ സാഹോദര്യം. സമൂഹത്തിലെ ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മിലൂള്ള സാമൂഹ്യസാഹോദര്യമാണ് മൂന്നാമത്തെ സാഹോദര്യം. ഓരോ ഇടത്തിലുമുള്ള സാഹോദര്യത്തെ ധ്യാനവിശുദ്ധിയോടെ കാത്തുസൂക്ഷിക്കണം.

പവിത്രമാണ് ജ്യേഷ്ഠനും അനിയനും സഹോദരിയും കഥാപാത്രങ്ങളായി വരുന്ന കുടുംബത്തിലെ സാഹോദര്യം. രക്തബന്ധത്താല്‍ സുദൃഢമായ സാഹോദര്യമാണിത്. വിശ്വാസത്തിന്റെ പശിമയില്‍ വിളക്കിച്ചേര്‍ത്ത വിശ്വാസസാഹോദര്യത്തിന് ഉന്നതമായ സ്ഥാനമാണുള്ളത്. ഒരേ ദൈവം, ഒരേ വേദം, ഒരേ പ്രവാചകന്‍, ഒരേ ലക്ഷ്യം എന്നിവയാല്‍ പ്രചോദിതമാത്. പഠനം, തൊഴില്‍, സമ്പര്‍ക്കം എന്നിവ വഴിയാണ് സാമൂഹ്യസാഹോദര്യം പിറവികൊള്ളുന്നത്. കുടുംബത്തിലെ സാഹോദര്യംപോലെ സ്ഥിരതയോ, വിശ്വാസസാഹോദര്യംപോലെ തുടര്‍ച്ചയോ സാമൂഹ്യസാഹോദര്യത്തിന് ഉണ്ടാവണമെന്നില്ല. അതിന്റെ തുടര്‍ച്ചയും സ്ഥിരതയും നിര്‍ണയിക്കുന്നത് വ്യക്തികളുടെ മനോഭാവവും സൗഹൃദവുമാണ്.

സാഹോദര്യത്താല്‍ പടര്‍ന്നുപന്തലിച്ച ഹരിതാഭയമായ കുടുംബത്തെയും വിശ്വാസത്തെയും സമൂഹത്തെയുമാണ് ഇസ്‌ലാം വിഭാവനചെയ്യുന്നത്. കുടുംബത്തിലെ സഹോദരീസഹോദരന്മാര്‍ ആദരിച്ചും വികാരവായ്പുകള്‍ പങ്കുവെച്ചും സ്‌നേഹത്തോടെ കഴിയണം. അല്ലലും അലട്ടലും അസ്വാരസ്യവും അവര്‍ക്കിടയില്‍ ഉണ്ടാകാവതല്ല. ഉണ്ടായാല്‍, അത് വളരെ വേഗത്തില്‍ രമ്യമായി പരിഹരിക്കണം. അതുപോലെ, ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിലും ഒട്ടും വീഴ്ച ഉണ്ടാവരുത്. പവിത്രമായ സ്ഥാപനമാണല്ലോ കുടുംബം. കുടംബവും കുടുംബബന്ധങ്ങളും ഇടമുറിയാതെ ധാരധാരയായി ഒഴുകികൊണ്ടേയിരിക്കണം. വിശുദ്ധവേദം പറയുന്നു: ”ഏതൊരു ദൈവത്തിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും”(അന്നിസാഅ്: 1).

വിശ്വാസസാഹോദര്യത്തെക്കുറിച്ച് വിശുദ്ധവേദവും തിരുചര്യയും പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധവേദം പറയുന്നു: ”വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ മാത്രമാണ്. അതിനാല്‍, നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക. നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം”(അല്‍ഹുജുറാത്ത്: 10). പ്രവാചകന്‍ പറയുകയുണ്ടായി: ”ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാകുന്നു. ഒരാള്‍ മറ്റൊരാളെ അക്രമിക്കുകയോ ശത്രുവിന് ഏല്‍പിച്ചുകൊടുക്കുകയോ ഇല്ല. ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യം നിറവേറ്റാനുള്ള ശ്രമത്തിലാണെങ്കില്‍, നിറവേറ്റുന്നയാളുടെ ആവശ്യം ദൈവവും നിറവേറ്റികൊടുക്കും”(ബുഖാരി). മറ്റൊരിക്കല്‍ പ്രവാചകന്‍ പറയുകയുണ്ടായി: ”തനിക്കുണ്ടാകണമെന്ന് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടി ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല”(ബുഖാരി).

Also read: ചിലരുടെ മൗനം – അവിടെയാണ് ഇസ്രയേല്‍ വിജയിക്കുന്നത്

സാമൂഹ്യസാഹോദര്യത്തിനും വലിയ പ്രാധാന്യം ഇസ്‌ലാം വകവെച്ചുനല്‍കുന്നു. സമത്വത്തിന്റെയും സമഭാവനയുടെയും അതുല്ല്യമായ തത്വങ്ങളാണ് സാമൂഹ്യസാഹോദര്യത്തിന്റെ കാര്യത്തില്‍ സമര്‍പ്പിക്കുന്നത്. ഭൂതലത്തിലെ മുഴുവന്‍ മനുഷ്യരും സഹോദരന്മാരും സഹോദരിമാരുമാണ്. അവരുടെ പിതാവ് ഒന്നാണ്, മാതാവും ഒന്നാണ്. അവരുടെ രക്തത്തിന്റെ നിറവും ഒന്നുംതന്നെ. വിശുദ്ധവേദം പറയുന്നു: ”മനുഷ്യരേ, നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നാം സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാണ്” (അല്‍ഹുജുറാത്ത്: 13). തിരുചര്യ പറയുന്നു: ”നിങ്ങളുടെ ദൈവം ഒന്ന്. നിങ്ങളുടെ പിതാവുമൊന്ന്. അറബ് വംശജന് അറബല്ലാത്തവനേക്കാളോ, അറബല്ലാത്തവന് അറബ് വംശജനേക്കാളോ ശ്രേഷ്ഠതയേയില്ല. വെളുത്തവന്‍ കറുത്തവനില്‍നിന്നോ, കറുത്തവന്‍ വെളുത്തവനില്‍നിന്നോ വ്യത്യസ്തനുമല്ല. എല്ലാവരും ആദമെന്ന ആദിപിതാവില്‍നിന്ന്; ആദമാകട്ടെ മണ്ണില്‍നിന്നും”(ബുഖാരി, മുസ്‌ലിം).

എന്നാല്‍, മുകളില്‍ പറഞ്ഞ ഓരോ സാഹോദര്യത്തിനും തുല്ല്യപദവിയോ തുല്യസ്ഥാനമോ അല്ല ഉള്ളത്. കുടുംബസാഹോദര്യം പോലെയല്ല വിശ്വാസസാഹോദര്യം. വിശ്വാസസാഹോദര്യം പോലെയല്ല സാമൂഹ്യസാഹോദര്യം. ഓരോ സാഹോദര്യത്തിനും അതിന്റേതായ പ്രസക്തിയും പ്രാധാന്യവുണ്ട്. സഹജീവികളെ സഹോദരന്മാരായി കാണാന്‍ ഇസ്‌ലാം പറയുന്നതിനാല്‍, ഒരു സാഹോദര്യം മറ്റു സാഹോദര്യങ്ങളെ പരസ്പരം അംഗീകരിക്കുകയും പൂരിപ്പിക്കുകയും ചെയ്യുകയാണ്. അതേസമയം, വിശ്വാസസാഹോദര്യത്തിന് ഉയര്‍ന്ന സ്ഥാനവുമുണ്ട്.

സാഹോദര്യത്തെ വിളക്കിചേര്‍ക്കുകയും ഭദ്രമാക്കുയും ചെയ്യുന്ന ചില ഘടകങ്ങളുണ്ട്. സ്‌നേഹം, സൗഹൃദം, പരസ്പര ആദരവ്, കാരുണ്യം, ദയ, അനുകമ്പ തുടങ്ങിയവ അവയില്‍ പ്രധാനമാണ്. അഗാധമായ സ്‌നേഹം സഹോദരന്മാര്‍ക്കിടയില്‍ രൂഢമൂലമാവണം. നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നുവെങ്കില്‍, ആ വ്യക്തിയോട് അതു തുറന്നുപറയണമെന്ന് പ്രവാചകന്‍ പറയുകയുണ്ടായി. സാഹോദര്യത്തിന്റെ ഫലമാണ് സൗഹൃദം. സഹോദരന്റെ ഹൃദയത്തെ സ്വന്തം ഹൃദയമായി ഉള്‍ക്കൊള്ളലാണത്. സൗഹൃദം സത്യസന്ധവും ഊഷ്മളവുമാവണം. വഞ്ചനയോ സ്വാര്‍ഥലാഭമോ അതിനെ മലിനമാക്കാവതല്ല. മലിനമാക്കിയാല്‍ സാഹോദര്യം വളര്‍ന്നു പന്തലിക്കില്ല. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ആദരിക്കുകയും മുന്‍ഗണന നല്‍കുകയും ചെയ്യണം. സുഹൃത്തില്‍നിന്ന് എന്താണോ ആഗ്രഹിക്കുന്നത് അവ ആദ്യം അങ്ങോട്ട് സുഹൃത്തിന് നല്‍കുക. അപ്പോഴാണ് പരസ്പരമുള്ള ആദരവ് വളരുക.

Also read: നാഗരിക ലോകം എന്ന മിഥ്യ!!

സാഹോദര്യത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തുവന്ന മക്കാനിവാസികള്‍ക്കും മദീനാനിവാസികള്‍ക്കും ഇടയില്‍ രൂപപ്പെട്ട സാഹോദര്യം എന്നും പ്രചോദനമാണ്. അവരെക്കുറിച്ച് വിശുദ്ധവേദത്തിന്റെ സാക്ഷ്യമിങ്ങനെയാണ്: ”നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ, അവന്‍ നിങ്ങളുടെ സ്വത്വങ്ങളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായത്തീര്‍ന്നു” (ആലുഇംറാന്‍: 103). ഓരോ പ്രവാചകനെയും വിശുദ്ധവേദം പരിചയപ്പെടുത്തുന്നത് അവര്‍ നിയോഗിതരായ ജനതയുടെ സഹോദരന്മാരായിട്ടാണ്. വിശുദ്ധവേദത്തില്‍നിന്ന് ഒരു ഉദാഹരണമിതാ: ”അവരുടെ സഹോദരന്‍ നൂഹ് അവരോടിങ്ങനെ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷമത പാലിക്കുന്നില്ലേ?”(അശ്ശുഅറാഅ്: 106). സൂക്തത്തില്‍ പ്രവാചകന്‍ നൂഹിനെ ‘അവരുടെ സഹോദരനെ’ന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അവരെന്നാല്‍ നൂഹിന്റെ ജനത എന്നര്‍ഥം.

യര്‍മൂക്ക് യുദ്ധസന്ദര്‍ഭത്തില്‍ മരണവെപ്രാളത്തില്‍ കിടന്ന മൂന്ന് സഹോദരങ്ങള്‍ കാണിച്ച സാഹോദര്യം അനുപമാണ്. സംഭവമിതാണ്: യുദ്ധക്കളത്തില്‍നിന്ന് ഒരു രോദനം കേള്‍ക്കുന്നു. വെട്ടേറ്റുവീണ ഒരു പോരാളി വെള്ളത്തിനുവേണ്ടി കേഴുന്ന ശബ്ദമായിരുന്നു അത്. ദാഹമകറ്റാന്‍ ചുമതലപ്പെട്ട വ്യക്തി വെള്ളത്തൊട്ടിയുമായി പോരാളിക്ക് അടുത്തുചെന്നു. അപ്പോഴാണ് സമാനമായ ശബ്ദം മറ്റൊരു പോരാളിയില്‍നിന്ന് കേള്‍ക്കുന്നത്. അദേഹത്തിന് വെള്ളം നല്‍കാന്‍ ആദ്യത്തെ പോരാളി വെള്ളക്കാരനോട് ആവശ്യപ്പെട്ടു. ഉടനെ വെള്ളക്കാരന്‍ രണ്ടാമത്തെ പേരാളിയുടെ അടുത്തേക്ക് കുതിച്ചു. അപ്പോഴാണ് സമാനമായ ശബ്ദം മറ്റൊരു പോരാളിയില്‍നിന്നുകൂടി കേള്‍ക്കുന്നത്. അദേഹത്തിന് വെള്ളം നല്‍കാന്‍ രണ്ടാമത്തെ പോരാളി വെള്ളക്കാരനോട് ആംഗ്യംകാണിച്ചു. മൂന്നാമത്തെ പോരാളിയുടെ അടുത്തെത്തിയപ്പോഴാണ് ആദ്യത്തെ പോരാളിയുടെ രോദനം വീണ്ടും ഉയരുന്നത്. ആദ്യത്തെ പോരാളിക്ക് വെള്ളം നല്‍കാന്‍ മൂന്നാമത്തെ പോരാളി വെള്ളക്കാരനോട് ആംഗ്യംകാണിച്ചു. ഉടനെ ആദ്യത്തെ പോരാളിയുടെ അടുത്തേക്ക് വെള്ളക്കാരന്‍ കുതിച്ചത്തി. എന്നാല്‍, അപ്പോഴേക്കും അദേഹം രക്തസാക്ഷിയായിത്തീര്‍ന്നിരുന്നു. വെള്ളക്കാരന്‍ രണ്ടാമത്തെ പോരാളിയുടെയും തുടര്‍ന്ന് മൂന്നാമത്തെ പോരാളിയുടെയും അടുത്ത് വെള്ളവുമായി എത്തിയിരുന്നുവെങ്കിലും, അവരും രക്തസാക്ഷിത്വം വരിച്ചിരുന്നു. മരണം വാ പിളര്‍ത്തി വിഴുങ്ങാന്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍പോലും, പരസ്പരമുള്ള സാഹോദര്യം മറക്കാത്ത ഈ പോരാളികളെ എങ്ങനെയാണ് വര്‍ണിക്കുക!

Also read: മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം

ഭൂമി ആദ്യമായി രക്തപങ്കിലമായത് ആദം-ഹവ്വാ കുടുംബത്തിലെ ഖാബീല്‍ എന്നു പേരുള്ള ഒരു സഹോദരന്‍ ഹാബീല്‍ എന്നു പേരുള്ള തന്റെ സഹോദരനെ വധിച്ചപ്പോഴായിരുന്നു. വിശുദ്ധവേദത്തിലെ അഞ്ചാമത്തെ അധ്യായം 27 മുതല്‍ 32 വരെയുള്ള സൂക്തങ്ങളില്‍ ഈ കഥ വിവരിക്കുന്നത് കാണാം. വളരെ രൂക്ഷമായ ഭാഷയിലാണ് ഖാബീലിന്റെ ചെയ്തിയെ വിശുദ്ധവേദം വിശകലനം ചെയ്യുന്നത്. മുഴുവന്‍ സാഹോദര്യങ്ങളെയും സാമൂഹികബന്ധത്തെയും ഉലച്ചുകളയുന്ന കൊലപാതകം ആരും ആരോടും ചെയ്യാന്‍ പാടില്ലെന്ന് വിശുദ്ധവേദം താക്കീതു ചെയ്യുന്നു. ഒരാള്‍ മറ്റൊരാളെ വധിക്കുന്നപക്ഷം മുഴുവന്‍ മനുഷ്യരെയും വധിച്ചതിന് തുല്ല്യമാണ്. അക്രമത്തിലും വധത്തിലും ഏര്‍പ്പെടാതെ സമാധാനപൂര്‍വം ജീവിക്കുന്ന വ്യക്തി സമൂഹത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും സമാധാനം നല്‍കിയതിനും തുല്ല്യമാണ്.

Related Articles