Current Date

Search
Close this search box.
Search
Close this search box.

പുരുഷ മനസ്സിലെ നാല് പെണ്ണുങ്ങള്‍

ലേഖനത്തിന്റെ തലവാചകം വായിക്കുമ്പോള്‍ ബഹുഭാര്യത്വത്തെ കുറിച്ചാണ് ഞാന്‍ പറയുന്നതെന്നായിരിക്കും മിക്കയാളുകളും കരുതുക. എന്നാല്‍ ഈ തലവാചകം കൊണ്ടുദ്ദേശിക്കുന്നത് അതല്ല. പുരുഷ മനസ്സില്‍ വസിക്കുന്ന ഒന്നാമത്തെ സ്ത്രീ അവന്റെ ഉമ്മയാണ്. രണ്ടാമത്തേത് അവന്റെ ഇണയും മൂന്നാമത്തേത് സഹോദരിയും നാലാമത്തേത് മകളുമാണ്. അതില്‍ ഒന്നാമത്തെയാളുടെ തൃപ്തി ദൈവപ്രീതിയുടെ ഭാഗമാണ്. രണ്ടാമത്തെ സ്ത്രീയെ ആദരിക്കല്‍ നബി തിരുമേനി(സ)യുടെ ഉപദേശം സ്വീകരിക്കലാണ്. അതിലെ മൂന്നാമത്തെ സ്ത്രീയുമായി നല്ല ബന്ധം പുലര്‍ത്തലും അവര്‍ക്ക് നന്മ ചെയ്യലും അനുഗ്രഹങ്ങള്‍ക്ക് കാരണമാവും. നാലാമത്തെ സ്ത്രീയായ മകളുടെ പരിപാലനം സ്വര്‍ഗത്തിലേക്കുള്ള നിങ്ങളുടെ കവാടമാണ്. ഈ നാല് പേരും അനുഗ്രഹവും പുരുഷമനസ്സില്‍ വസിക്കുന്നവരുമാണ്.

പുരുഷന് മാത്രം സവിശേഷമായിട്ടുള്ള ഒന്നല്ല ഇത്. ഇപ്രകാരം സ്ത്രീ മനസ്സില്‍ കഴിയുന്ന നാല് പുരുഷന്‍മാരുമുണ്ട്. പിതാവും, ഭര്‍ത്താവും, സഹോദരനും, മകനുമാണത്. അതിലെ ഒന്നാമത്തെയാളുടെ തൃപ്തി അല്ലാഹുവിന്റെ തൃപ്തിയുടെ ഭാഗമാണ്. രണ്ടാമത്തെയാളെ അനുസരിക്കലും അവരോട് നന്നായി പെരുമാറലും പ്രവാചകന്‍(സ)യുടെ ഉപദേശം സ്വീകരിക്കലാണ്. മൂന്നാമത്തെയാളുമായുള്ള ബന്ധവും അവര്‍ക്ക് നന്മ ചെയ്യലും അനുഗ്രഹങ്ങള്‍ക്കര്‍ഹയാക്കുന്നു. നാലാമത്തെയാളുടെ നല്ല പരിപാലനം സ്വര്‍ഗത്തിന്റെ കവാടവുമാണ്.

Also read: മുസ്‌ലിം രാഷ്ട്രങ്ങള്‍ നിഖാബ് നിരോധിക്കുമ്പോള്‍!

മാതാപിതാക്കള്‍ക്ക് വാക്കാലും പ്രവര്‍ത്തിയാലും നന്മ ചെയ്യണമെന്നതും അവരെ വേദനിപ്പിക്കുന്ന എല്ലാറ്റില്‍ നിന്നും വിട്ടുനില്‍ക്കണമെന്നുമുള്ളത് അല്ലാഹുവിന്റെ കല്‍പനയാണ്. ”മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്.” (അല്‍ഇസ്‌റാഅ്: 23) നബി(സ)യുടെ ഇക്കാര്യം ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ നല്ല സഹവാസത്തിന് ജനങ്ങളില്‍ ഏറ്റവും അര്‍ഹര്‍ ആരാണ്? നബി(സ) പറഞ്ഞു: നിന്റെ മാതാവ്, പിന്നെയും നിന്റെ മാതാവ്, പിന്നെയും നിന്റെ മാതാവ് പിന്നെ നിന്റെ പിതാവ്. പിന്നെ നിന്നോട് ഏറ്റവും അടുത്തവര്‍.”

ഭര്‍ത്താക്കന്‍രോടുള്ള അല്ലാഹുവിന്റെ വസിയ്യത്താണ് തങ്ങളുടെ ഇണകളോട് നല്ല രീതിയില്‍ സഹവസിക്കണമെന്നുള്ളത്. അല്ലാഹു പറയുന്നു: ”അവരോട് മാന്യമായി സഹവസിക്കുക.” (അന്നിസാഅ്: 19) നല്ല സംസാരം, ഉത്തമമായ പെരുമാറ്റം, മാന്യമായ സ്വഭാവം, അവകാശങ്ങള്‍ വകവെച്ചു നല്‍കല്‍ എന്നീ ആശയങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന ‘മഅ്‌റൂഫ്’ എന്ന പദമാണ് ഖുര്‍ആന്‍ ഇതിന്നായി ഉപയോഗിച്ചിട്ടുള്ളത്. അപ്രകാരം ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ നബി(സ)യും ഉപദേശിച്ചിരിക്കുന്നത് കാണാം. ”’നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവരാണ് , ഭാര്യമാരോട് ഞാന്‍ ഏറ്റവും നന്നായി പെരുമാറുന്നു.” സമാനമായ രീതിയില്‍ ഭാര്യമാരെയും ഉപദേശിച്ചിരിക്കുന്നത് കാണാം. നബി തിരുമേനി(സ) പറയുന്നു: ”ഒരു സ്ത്രീ അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വഹിക്കുകയും നോമ്പിന്റെ മാസത്തില്‍ നോമ്പെടുക്കുകയും തന്റെ പാതിവ്രത്യം കാത്തുസൂക്ഷിക്കുയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ നീ ഇച്ഛിക്കുന്ന ഏത് വാതിലിലൂടെയും സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുകയെന്ന് അവരോട് പറയപ്പെടും.”

Also read: എന്ത് കൊണ്ടാണ് ചില ഇസ് ലാമിസ്റ്റുകള്‍ സയ്യിദ് ഖുതുബിനെ നിരാകരിക്കുന്നത് ?

സഹോദരീ സഹോദരന്‍മാരോടുള്ള സല്‍പെരുമാറ്റത്തിന്റെ ഭാഗമായി പാലിക്കേണ്ട നിരവധി അവകാശങ്ങളുണ്ട്. സാമ്പത്തികമാണ് അതില്‍ ഒന്നാമത്തേത്. അവരുടെ അവസ്ഥ അന്വേഷിക്കുകയും അവര്‍ക്കാവശ്യമുള്ളപ്പോള്‍ സാധ്യമായ രീതിയില്‍ സഹായിക്കുകയും വേണം. ഭക്ഷണവും വസ്ത്രവും അവര്‍ക്ക് ആവശ്യമെങ്കില്‍ നല്‍കലാണ് രണ്ടാമത്തേത്. അവര്‍ വല്ല സഹായവും തേടിയാല്‍ നല്‍കലാണ് മൂന്നാമത്തേത്. നല്ല സംസാരത്തിനുള്ള അവകാശമാണ് നാലാമത്തേത്. അവരെ നിന്ദിക്കുകയോ നിസ്സാരമാക്കി അവഗണിക്കുകയോ ചെയ്യരുത്. അഞ്ചാമത്തേത് വിട്ടുവീഴ്ച്ച കാണിക്കലും തെറ്റുകളും വീഴ്ച്ചകളും പൊറുത്തുകൊടുക്കലുമാണ്. ആറാമത്തെ അവകാശം അവരുടെ ജീവിത കാലത്തും മരണ ശേഷവും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കലാണ്. ഈ അവകാശങ്ങളെല്ലാം പ്രമാണങ്ങളുടെ പിന്‍ബലമുള്ളവയാണ്. സഹോദരങ്ങള്‍ക്കിടയിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയാണവ.

മക്കളുടെ സംസ്‌കരണത്തേക്കാള്‍ അവരുടെ പരിചരണത്തിന് ഊന്നല്‍ കൊടുക്കുന്ന മാതാപിതാക്കളെയാണ് നാമിന്ന് കാണുന്നത്. അവ രണ്ടിനുമിടയില്‍ വലിയ വ്യത്യാസമുണ്ട്. നല്ല ആഹാരവും വസ്ത്രവും വിനോദോപാദികളും ഒരുക്കി കൊടുക്കലാണ് പരിപാലനം. അതേസമയം അവരുടെ സംസ്‌കരണം അവരുടെ മനസ്സില്‍ മൂല്യങ്ങളും സല്‍സ്വഭാവും വിശ്വാസവും നട്ടുപിടിപ്പിക്കലാണ്. സല്‍സ്വഭാവും ഇസ്‌ലാമിക വിശ്വാസവും നിലനിര്‍ത്താന്‍ സഹായകമായ അന്തരീക്ഷം അവര്‍ക്കായി ഒരുക്കണം. അതുകൊണ്ടാണ് സ്വര്‍ഗം സന്താനങ്ങളെ ശരിയായി വളര്‍ത്തുന്നതിന്റെ ഫലമാകുന്നത്.

Also read: പ്രായം പ്രവർത്തനം; ഏതാണ് പ്രധാനം

പ്രവാചകന്‍(സ) പറഞ്ഞു: ”ഒരാള്‍ രണ്ടോ മൂന്നോ പെണ്‍മക്കളെ അല്ലെങ്കില്‍ രണ്ടോ മൂന്നോ സഹോദരിമാരെ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ അല്ലെങ്കില്‍ മരണം അവരെ വേര്‍പെടുത്തുന്നത് വരെ നന്നായി പോറ്റിവളര്‍ത്തിയാല്‍ അയാളും ഞാനും സ്വര്‍ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും (എന്നിട്ട് നബി(സ) തന്റെ നടുവിരലും ചൂണ്ടുവിരലും ഉയര്‍ത്തി കാണിച്ചു.) മക്കളുടെ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കാനാണ് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു മാതാപിതാക്കളോട് നിര്‍ദേശിക്കുന്നത്. ”വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്‌നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്റെ ആജ്ഞകളെ അവര്‍ അല്‍പംപോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്.” (അത്തഹ്‌രീം: 6) അതുകൊണ്ടാണ് പ്രവാചകന്‍(സ)യെ കുട്ടികളെ പോലും ഹലാലും ഹറാമും വേര്‍തിരിച്ച് പഠിപ്പിച്ചത്. സകാത്തായി ശേഖരിച്ച കാരക്കയില്‍ നിന്ന് കുട്ടിയായിരുന്ന ഹസന്‍ ബിന്‍ അലി ഒരെണ്ണം എടുത്തപ്പോള്‍ നമ്മള്‍ സകാത്ത് ഭക്ഷിക്കാറില്ലെന്ന് നിനക്കറിയില്ലേ എന്ന് ചോദിച്ചു കൊണ്ട് അതുപേക്ഷിക്കാന്‍ പറഞ്ഞത്. പ്രവാചക കുടുംബത്തിലുള്ളവര്‍ സകാത്ത് സ്വീകരിക്കാറില്ലെന്ന വലിയ പാഠമാണ് ചെറിയ കുട്ടിയായ അലി(റ) അതിലൂടെ പഠിപ്പിച്ചത്. ഇതാണ് ശരിയായ സന്താനപരിപാലനം കൊണ്ടുദ്ദേശിക്കുന്നത്. മുതിര്‍ന്നവരാകുമ്പോള്‍ നിഷിദ്ധമാകുന്ന കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ചെറുപ്പത്തില്‍ തന്നെ അവ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles