നിഖാബ് (മുഖാവരണം) ധരിക്കുന്നതിനെ നിരോധിച്ചുകൊണ്ട് ചില മുസ്‌ലിം രാഷ്ട്രങ്ങള്‍ നിയമമിറക്കുന്നതായി കാണാന്‍ കഴിയുന്നു. ഇത്തരത്തിലുള്ള വിധികള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ സ്ഥിരപ്പെട്ട വിധികളുടെ അടിസ്ഥാനങ്ങള്‍ക്കെതിരാണ്. പ്രായപൂര്‍ത്തിയായ മുസ്‌ലിം സ്ത്രീ നിഖാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് അഭിപ്രായമാണുള്ളത്. ഒന്ന്, നിര്‍ബന്ധമില്ലെന്ന- അനുവദനീയമാണെന്ന (الاستحباب) ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. രണ്ട്, നിര്‍ബന്ധമാണെന്ന (الوجوب) ഹമ്പലീ മദ്ഹബിന്റെ അഭിപ്രായം. കൂടാതെ, ഓരോ മദ്ഹബിന്റെ പണ്ഡിതന്മാരില്‍ പലരും നിര്‍ബന്ധമാണെന്ന അഭിപ്രായം മുന്നോട്ടുവെക്കാതിരിക്കുന്നില്ല. നിഖാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിധി നിര്‍ബന്ധമാണന്നും നിര്‍ബന്ധമല്ലെന്നുമാകുമ്പോള്‍ അത് കര്‍മശാസ്ത്ര പണ്ഡിതര്‍ യോജിപ്പിക്കുന്നതിലും മുന്തിക്കുന്നതിലും സ്വീകരിച്ച നിയമങ്ങളുടെ (قواعد الجمع والترجيح) അടിസ്ഥാനത്തിലായിരിക്കേണ്ടതുണ്ട്. മുന്തിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, പ്രബലമായ അഭിപ്രായത്തെ മുന്നില്‍ വെച്ച് തെളിവുകളുടെ പന്‍ബലത്തോടെ ദുര്‍ബലമായ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കുക എന്നതല്ല. മറിച്ച്, ഇസ്‌ലാമില്‍ ഒരു കാര്യം പ്രവര്‍ത്തിക്കുന്നതിന് കര്‍മശാസ്ത്രം നിയമങ്ങള്‍ പരിശോധിക്കുക എന്നതാണത്.
കര്‍മശാസ്ത്രത്തില്‍ അംഗീകരിച്ച ചില നിയമങ്ങള്‍: ‘അഭിപ്രായ ഭിന്നതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്(മുസ്തഹബ്ബ്)’- “الخروج من الخلاف مستحب” , ‘വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നതിന് ഒരു ആക്ഷേപവുമില്ല’- “لا إنكار في مسائل الخلاف” , ‘അഭിപ്രായ ഐക്യം ആക്ഷേപിക്കുപ്പെടുന്നില്ല, അഭിപ്രായ ഭിന്നതയാണ് ആക്ഷേപിക്കപ്പെടുന്നത്’- “لا ينكر المتفق عليه، وإنما ينكر المختلف فيه” . ഇതെല്ലാം അര്‍ഥമാക്കുന്നത്, അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനെ ആക്ഷേപിക്കുന്നതിന് അനുവാദമില്ലെന്നാണ്. കാരണം, രണ്ട് അഭിപ്രായവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്നാല്‍, മതകാര്യങ്ങളില്‍ ഖണ്ഡിതമായതിന് എതിരാവുകയാണെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇവിടെ, ഒരു മുസിലിമിന് എതിര്‍ക്കേണ്ടി വരുന്നത് നിഷിദ്ധമാക്കിയ കാര്യം പ്രവര്‍ത്തിക്കുകയും കല്‍പിച്ച കാര്യം വെടിയുകയും ചെയ്യുമ്പോഴാണ്.
Also read: അപ്പോള്‍ മെറ്റാഫിസിക്‌സ് ചര്‍ച്ചകള്‍ ഇസ്‌ലാമില്‍ പ്രസക്തമല്ലേ?
ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിഖാബ് ധരിക്കുന്നത് നിരോധിക്കുന്നുവെന്നത് അത്ഭുതകരമാണ്. പ്രായപൂര്‍ത്തിയായ മുസ്‌ലിം സ്ത്രീ നിഖാബ് ധരിക്കുന്നത് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിഷിദ്ധമാണ്! എന്നാല്‍, ഇസ്‌ലാമില്‍ നിഖാബ് ധരിക്കുന്നത് നിയമാനുസൃതത്വം അംഗീകരിക്കപ്പെട്ട കാര്യമാണ്. അക്കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ക്കിടയില്‍ യോജിപ്പിണ്ട്. അഥവാ നിഖാബ് ഇസ്‌ലാമിക നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നതില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. എന്നാല്‍, അഭിപ്രായ വ്യത്യാസമുള്ളത് നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ്. നിഖാബ് ധരിക്കുന്നത് നിഷിദ്ധാണെന്നത് ഇസ്‌ലാമിക പണ്ഡിതര്‍ മുന്നോട്ടുവെച്ചിട്ടില്ലാത്ത പുത്തന്‍ ആശയമാണ്. രണ്ട് അഭിപ്രായമുള്ള ഒരു വിഷയത്തില്‍ ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കാത്ത മൂന്നാമത്തെ അഭിപ്രായമാണത്. കാരണം, കര്‍മശാസ്ത്ര പണ്ഡിതര്‍ ഒരു വിഷയത്തില്‍ ഒറ്റ അഭിപ്രായം രേഖപ്പെടുത്തുന്നു(ഇജ്മാഅ്). എന്നാല്‍ ചിലപ്പോള്‍, അവര്‍ രണ്ടോ അതിലധികമോ അഭിപ്രായത്തില്‍ യോജിക്കുന്നവരുമായിരിക്കും. അതോടെ ആ വിഷയം സ്ഥിരപ്പെടുന്നതാണ്.
ഇസ്‌ലാമിക വിധികളുടെ അടിസ്ഥാനം മനുഷ്യനിര്‍മിതമായ നിയമങ്ങളില്‍ നിലകൊള്ളുന്ന സിവില്‍ കോടതികളെ മുന്നില്‍ വെച്ച് കൊണ്ടുള്ളതല്ല. മറിച്ച്, കോടതികള്‍ വിഷയത്തെ ഫത്‌വ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കുകയെന്നതാണ്. കാരണം, അവര്‍ ആ വഷയത്തില്‍ പരിജ്ഞാനമുള്ളവരാണ്. ജനങ്ങള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ സംശയമുണ്ടായാല്‍ അവര്‍ അറിവുള്ളവരിലേക്ക് മടങ്ങട്ടെ എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ ഇമാം ശാഫിഈ വിളിക്കുന്നത് ‘ഗവേഷണത്തിലൂടെ വിശദീകരിക്കുക’ (البيان بالاجتهاد) എന്നാണ്. ‘അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിയുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കികൊള്ളുമായിരുന്നു.’ (അന്നിസാഅ്: 83).
Also read: പ്രായം പ്രവർത്തനം; ഏതാണ് പ്രധാനം
നിഖാബ് ധരിക്കുന്നത് നിഷിദ്ധമാണെന്ന് പറയുമ്പോള്‍, അത് സ്ഥാപിതമായ ഇസ്‌ലാമിക വിധികളിലൂടെ സ്ഥിരപ്പെട്ട കര്‍മശാസ്ത്ര ഇജ്തിഹാദിനോട് എതിരിടുകയാണ് ചെയ്യുന്നത്. പൊതുവായ സ്വഭാവത്തില്‍ നിഖാബിന്റെ ഇസ്‌ലാമികത കര്‍മശാസ്ത്ര പണ്ഡിതര്‍ അംഗീകരിച്ച കാര്യമാണ്; നിര്‍ബന്ധമാണെങ്കിലും അല്ലെങ്കിലും. നിഖാബ് ധരിക്കുന്നത് നിര്‍ബന്ധാണ് എന്നാണെങ്കില്‍ അതിനെ എതിര്‍ക്കുന്നത് വലിയ വിഷയമാകുന്നു. ഇനി, അത് നിര്‍ബന്ധമില്ല എന്നാണെങ്കിലും, അനുവദീയമായ കാര്യത്തെ (المستحب) രാഷ്ടത്തിന് നിഷിദ്ധമാക്കുന്നതിന് അധികാരമില്ല. ഇസ്‌ലാമിക വിധികളില്‍പ്പെട്ട നര്‍ബന്ധം (الوجوب), അനുവദനീയം(المستحب), നിഷിദ്ധം(الحرمة), വെറുക്കപ്പെട്ടത്(الكراهة) തുടങ്ങിയവയില്‍ രാഷ്ട്രത്തിന് ഇടപെടല്‍ നടത്തുന്നതിന് അനവാദമില്ല. അഭിപ്രായ വ്യത്യാസമുള്ള വിഷയത്തില്‍ മാത്രമാണ് രാഷ്ട്രങ്ങള്‍ക്ക് ഇടപെടല്‍ നടത്താന്‍ സാധിക്കുന്നത്. അതിനാല്‍, രാഷ്ട്രങ്ങള്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവരെ (أهل الاجتهاد) സഹായിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് പ്രബലമായ ഒരു അഭിപ്രായം തെരഞ്ഞെടുക്കുകയുമാണ് ചെയ്യേണ്ടത്. അപ്രകാരം തന്നെയാണ് അനുവദനീയമായ- മുസ്തഹബ്ബായ കാര്യവും. ഒന്നുകില്‍ ചെയ്യാം അല്ലെങ്കില്‍ ചെയ്യാതിരിക്കാവുന്നതുമാണ്.
എന്നാല്‍, നിഖാബ് ധരിക്കുന്നത് നിഷിദ്ധമാണെന്ന് പറുയുന്നത് ഏകപക്ഷീയമായ നിലപാടാണ്. ഇസ്‌ലാമിലെ കര്‍മശാസ്ത്രവും (الفقه) നിയമവും (القانون) അനുവദിച്ചുനല്‍കുന്ന പെതുസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണത്. നിഷിദ്ധമായ പ്രവൃത്തികള്‍ സംഭവിക്കുന്നതില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയത്ത്, സ്ത്രീകളുടെ ഹിജാബ് അഴിപ്പിക്കുന്നു; അവരുടെ മുടിയും ശരീര ഭാഗങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ഒരാളും അതിനെ എതിര്‍ക്കുന്നുമില്ല. ഒരു വ്യക്തിക്കും നിഷിദ്ധമായത് പ്രവര്‍ത്തിക്കുന്നതിന് അനുവാദമില്ലാതിരിന്നിട്ടും, അത് ഇസ്‌ലാമിക വിധികള്‍ക്കെതിരായിട്ടും, ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ നടപടി സ്വീകരിക്കുന്നില്ല. ‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപഴച്ചുപോയിരിക്കുന്നു.’ (അല്‍അഹ്‌സാബ്: 36).
Also read: പള്ളിയില്‍ കിടന്നുറങ്ങാമോ?
ഭരണാധികാരയുടെ ഉത്തരവാത്തമെന്നത് ദീനിന്റെ സംരക്ഷണവും, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ അത് നടപ്പിലാക്കികൊടുക്കുകയും, നന്മ കല്‍പിക്കുകയും, തിന്മ വിരോധിക്കുകയും, അതിന്റെ സാക്ഷാത്ക്കാരം രാഷ്ട്രത്തിന്റെ ഭാഗത്ത് നിന്ന് എത്രത്തോളമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്. തീര്‍ച്ചയായും, മുസ്‌ലിം സമൂഹമാണ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. ‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.’ (അത്തൗബ: 71). എന്നാല്‍, ഇത്തരത്തില്‍ ഉത്തരവാദിത്തമുള്ളവര്‍ ഇസ്‌ലാമിക സമൂഹത്തിന്റെ പൊതുസ്വഭാവത്തനെതിരായി പുറത്തുനിന്നുള്ള ചിന്തയെ ഏറ്റെടുത്ത് മുന്നോട്ടുപോകുന്നുവെന്നത് ആശ്ചര്യജനകമാണ്. അത്തരമൊരു രീതി കഴിഞ്ഞുപോയ കാലങ്ങളില്‍ കാണാന്‍ കഴിയുകയില്ല. അത് കാണാന്‍ കഴിയുന്നത് നിലവിലെ മതേതരത്വത്തിന്റെയും മതനിരാസത്തിന്റെയും കാലത്താണ്. അത് ശരിയായ ഒരു രീതിയല്ല. സത്യം അസത്യമാവുകയും അസത്യം സത്യമാവുകയും ചെയ്യുന്ന കാലം. നിഖാബ് ധരിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ സ്ത്രീക്കും അത് ധരിക്കുന്നതിനുള്ള സംരക്ഷണവും, സുരക്ഷിതത്വവും നല്‍കല്‍ രാഷ്ട്രത്തിന്റെ ബാധ്യതയാണ്. അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ കാര്യമാണത്. അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ കാര്യം രാഷ്ട്രത്തിന്റെ അടുക്കലും സ്വാകാര്യമാകേണ്ടതാണ്.
അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്