Columns

പ്രായം പ്രവർത്തനം; ഏതാണ് പ്രധാനം

മനുഷ്യ ജീവിതം ബാല്യം കൗമാരം യുവത്വം മധ്യ വയസ്സ് വാർദ്ധക്യം എന്നീ മേഖലകകളിലൂടെ കടന്നു പോകുന്നതാണ്. ഒരാൾ എത്ര കാലം ഭൂമിയിൽ ജീവിച്ചു എന്നത് അയാളെ കുറിച്ചുള്ള ചർച്ചയിൽ പ്രസക്തമാകില്ല. അദ്ദേഹം എന്ത് ചെയ്തു എന്നത് മാത്രമാകും ചർച്ച ചെയ്യപ്പെടുക. ലോകത്തിലെ പല മഹാന്മാരെയും കുറിച്ച പഠനം അവർ എത്ര കാലം ജീവിച്ചു എന്നത് കൂടി ചേർത്ത് വായിക്കുന്നത് വിശ്വാസികൾക്ക് ഊർജ്ജമായിത്തീരും.

സഹാബികളിൽ നിന്നും അത് തുടങ്ങുന്നു. സഹാബികളിൽ പ്രമുഖനായിരുന്നു മുസ്വ്അബ് ഇബ്നു ഉമൈർ. ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ പ്രവാചകൻ മദീനയിലേക്ക് അയച്ചു. പ്രവാചകൻ മദീനയിലെത്തുമ്പോൾ പ്രവാചകനെ സ്വീകരിക്കുന്ന ജനത അദ്ദേഹത്തിന്റെ പ്രവർത്തന ഭാഗമായിരുന്നു. മുപ്പതു വർഷത്തോളം മാത്രമാണ് അദ്ദേഹം ജീവിച്ചത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ തനിക്കു ചെയ്യാനുള്ളത് ചെയ്തു തീർക്കാൻ അദ്ദേഹത്തിന് സാധിച്ചു. മക്കയിലെ ധനിക കുടുമ്പത്തിൽ ജനിച്ച അദ്ദേഹം ആഡംബര ജീവിതമായിരുന്നു ആദ്യം തിരഞ്ഞെടുത്തത്. ഉഹദ് യുദ്ധം വരെ നീണ്ടു നിൽക്കുന്ന മിസ്വ്അബിന്റെ പ്രവർത്തന രീതി വിശ്വാസികൾക്ക് എന്നും പ്രചോദനമാണ്. തന്റെ ജീവിതത്തിലെ യുവത്വം പോലും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രവാചകനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു മരണം കൂടിയായിരുന്നു മിസ്വ്അബിന്റേത്.

Also read: പള്ളിയില്‍ കിടന്നുറങ്ങാമോ?

വൈജ്ഞാനിക രംഗത്തു എന്നും ചർച്ച ചെയ്യപ്പെടുന്ന വ്യകതിത്വമാണ് ഇമാം നവവി. നാൽപ്പത്തിയഞ്ച് വർഷമാണ് അദ്ദേഹം ഈ ഭൂമിയിൽ ജീവിച്ചത്. അതിനിടയിൽ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ ഏകദേശം അമ്പതോളം വരുമെന്നാണ് കണക്ക്. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തു ഇന്നും ചർച്ച ചെയ്യപ്പെടുന്ന ആധികാരിക ഗ്രന്ഥങ്ങൾ. തന്റെ യുവത്വം കഴിയുന്നതോടെ തന്നെ അദ്ദേഹം ഈ ലോകം വെടിഞ്ഞിരുന്നു. ചരിത്രത്തിൽ രണ്ടാം ഷാഫി എന്നറിയപ്പെടുന്ന ഇമാം നവവിയുടെ രചനകളാണ് ഷാഫി ചിന്തയുടെ പ്രചാരണത്തിനും ചര്ച്ചക്കും കാരണമായി തീർന്നത് എന്ന് മനസ്സിലാക്കാം.

ഇമാം ഷാഫി അവര്കളും ജീവിച്ചത് അമ്പത്തി രണ്ടു വർഷമാണ്. ഇസ്ലാമിക വൈജ്ഞാനിക രംഗത്തും ചിന്താ രംഗത്തും അദ്ദേഹം കത്തിച്ചു വെച്ച പ്രഭ ഇന്നും നില നിൽക്കുന്നു. ജീവിതത്തിന്റെ വലിയ ഭാഗം അദ്ദേഹം വിജ്ഞാനം നേടാനാണ് മാറ്റിവെച്ചത്. യാത്രയും വിജ്ഞാനവും ചർച്ചകളും സംവാദങ്ങളും കൂടി ചേർന്നതാണ് ഇമാം ഷാഫിയുടെ ജീവിതം. തീർത്തും കലുഷിതമായ രാഷ്ട്രീയ കാലത്താണ് അദ്ദേഹം ജീവിച്ചത്. ഭരണ കൂടത്തിന്റെ ഭാഗത്തു നിന്ന് പോലും ഇസ്ലാം ഭീഷണി നേരിട്ട സന്ദർഭം. അമ്പത് വര്ഷം മനുഷ്യ ജീവിതത്തിൽ അത്ര വലിയ കാലമല്ല എന്ന് കൂടി ചേർത്ത് വായിക്കുമ്പോൾ മാത്രമേ അവരുടെ പ്രവർത്തന മണ്ഡലം നമുക്ക് മനസ്സിലാവൂ.

ശഹീദ് ഹസനുൽ ബന്ന ജീവിച്ചതും നാല്പത്തി രണ്ടു കൊല്ലം മാത്രം. ഒരു പാട് രാജ്യങ്ങളിൽ ഇന്ന് ശാഖകളുള്ള വൻ പ്രസ്ഥാനമായ ഇഖാവാനുൽ മുസ്ലിമീന് അദ്ദേഹം രൂപം നൽകിയത് തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിലാണ്. നാല്പത്തി രണ്ടു വയസ്സിനുള്ളിൽ ഒരു പുരുഷായുസ്സ് ചെയ്യേണ്ട കാര്യം ചെയ്തു തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹാജി സാഹിബ് ജീവിച്ചതും അമ്പതു വയസ്സിൽ താഴെയാണ്. കേരളത്തിൽ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടു വളർത്താൻ അദ്ദേഹത്തിന് ഈ കാലം അധികമായിരുന്നു. ലോകം വെട്ടിപ്പിടിച്ച അലക്‌സാണ്ടർ ചക്രവർത്തിക്ക് മുപ്പത്തി രണ്ടാം വയസ്സിൽ ജീവിതം മതിയാക്കി തിരിച്ചു പോകേണ്ടി വന്നു. മലയാളത്തിലെ പ്രസക്ത കവി മോയിൻ കുട്ടി വൈദ്യർ നാല്പതു വയസ്സിൽ ഈ ലോകത്തു നിന്നും യാത്ര പോയിരുന്നു.

Also read: അപ്പോള്‍ മെറ്റാഫിസിക്‌സ് ചര്‍ച്ചകള്‍ ഇസ്‌ലാമില്‍ പ്രസക്തമല്ലേ?

ചരിത്രത്തിൽ ഇനിയും ഒരു പാട് ഉദാഹരങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. മനുഷ്യർ ഖനിജങ്ങളാണ് എന്നൊരു പ്രയോഗമുണ്ട്. ഖനികൾ മണ്ണിനു താഴെയാണ് എന്നതിനാൽ തന്നെ പലപ്പോഴും അത് കാണാതെ പോകുന്നു. അത് പോലെ തന്നെ നമ്മിൽ അന്തർലീനമായ കഴിവുകൾ നാം അറിയാതെ പോകുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പ്രവർത്തിക്കുക എന്നതാണ് വിജയത്തിന്റെ ആധാരം. കുറെ കാലം ജീവിച്ചു ഭൂമിക്കു ഭാരമായി തീരുന്ന ചരിത്രമാണ് പലർക്കും പറയാനുണ്ടാവുക. അല്ലാഹു നൽകിയ കഴിവുകൾ എത്ര മാത്രം വിനയോഗിച്ചു എന്നതാണ് ഓരോരുത്തരുടെയും വിജയ പരാജയങ്ങളുടെ അടിസ്ഥാനം. അതിൽ പ്രായം ഒരു ഘടകമല്ല. അത് കൊണ്ട് തന്നെ യുവാക്കളുടെ പ്രവർത്തനത്തെ ഇസ്ലാം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിലെ നല്ല കാലമാണ് യുവത്വം . യുവത്വത്തെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പലർക്കും കഴിയാറില്ല. അതെ സമയം നാം മേൽ സൂചിപ്പിച്ച മഹാന്മാർ ആ സുവർണ കാലം ശരിയായി ഉപയോഗിച്ചവരാണ്.

Facebook Comments
Related Articles
Show More
Close
Close