Current Date

Search
Close this search box.
Search
Close this search box.

ഇപ്രകാരമായിരുന്നു ഇബ്‌നു അബ്ബാസ്(റ)

desert1.jpg

മനുഷ്യ ജീവിതത്തിലെ ശക്തിയുടെയും പ്രതാപത്തിന്റെയും ഘട്ടമാണ് യുവത്വം. പ്രയോജനകരമല്ലാത്ത കാര്യങ്ങളില്‍ യുവത്വം നഷ്ടപ്പെടുത്തിയവന്‍ വാര്‍ദ്ധക്യത്തില്‍ ഖേദിക്കുക തന്നെ ചെയ്യും. തനിക്ക് പാഴായിപ്പോയ ഘട്ടം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കും. അതിനാല്‍ തന്നെ ഇസ്‌ലാം ഈ കാലഘട്ടത്തെ വളരെ ഗൗരവത്തോടെ സമീപിക്കുന്നത്. പരലോകത്ത് അല്ലാഹുവിന്റെ സിംഹാസനത്തിന്റെ നിഴല്‍ പ്രത്യേകമായി ലഭിക്കുന്നവരില്‍ ഒരു വിഭാഗം ദൈവബോധത്തോടെ ജീവിച്ച യുവാക്കളാണല്ലോ. നാല് കാര്യങ്ങളെ കുറിച്ച് വിചാരണ ചെയ്യപ്പെടാതെ പരലോകത്ത് രക്ഷപ്പെടുകയില്ല എന്ന് വിശദീകരിച്ചതില്‍ ഒന്ന് യുവത്വം എങ്ങനെ വിനിയോഗിച്ചു എന്നതാണെന്ന് തിരുമേനിയും സൂചിപ്പിക്കുന്നു. ബാല്യം, വാര്‍ദ്ധക്യം എന്നൊന്നും അദ്ദേഹം ഇവിടെ പ്രയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്. കാരണം യുവത്വം ശക്തിയും ധീരതയുമാണ്. മനുഷ്യ ജീവതത്തിലെ സുവര്‍ണ്ണകാലമാണ്. അതിനെ പരിഗണിക്കല്‍ പ്രാധാന്യമേറിയതാണ്. യുവാക്കളെയും അവരുടെ പിതാക്കളെയും ഇക്കാര്യത്തെ കുറിച്ച് ബോധ്യപ്പെടത്തേണ്ടതുണ്ട്. പ്രത്യേകിച്ചും അവരെ ഉത്തരവാദിത്വത്തില്‍ നിന്നും തെറ്റിക്കുന്ന, അവരുടെ യൗവനം അപഹരിക്കുന്ന പലതരം വിനോദങ്ങളും തമാശകളും അധികരിച്ച ഇക്കാലത്ത്.

സുന്ദരമായ യൗവനചരിതം കൊണ്ട് ഗ്രന്ഥങ്ങളുടെ താളുകളില്‍ പരിമളം വീശിയ, വിജ്ഞാന സദസ്സുകളില്‍ നിറസാന്നിദ്ധ്യമായ പ്രയോജനപ്രദമായ കാര്യങ്ങളില്‍ മുഴുകിയ ഒരു യുവാവിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളായി മുസ്‌ലിം ഉമ്മത്ത് വിജ്ഞാനം നുകരുന്ന തെളിമയാര്‍ന്ന ഉറവകളിലൊന്നാണ് അദ്ദേഹം.

എന്നിട്ട് പോലും തിരുമേനിയുടെ ഉമ്മത്തില്‍ മഹത്തായ സ്ഥാനമാണ് ഈ ബാലന്‍ നേടിയെടുത്തത്. വളരെ ചെറുപ്രായത്തില്‍ തന്നെ സാമര്‍ത്ഥ്യവും ബുദ്ധികൂര്‍മ്മതയും പ്രകടിപ്പിച്ചു. വളരെ വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കുകയും പഠിക്കുകയും ചെയ്തു. സംവദിക്കാനും ചര്‍ച്ചനടത്താനും പ്രത്യേകം പ്രാവീണ്യം തന്നെ നേടിയെടുത്തു. ഹൃദയങ്ങളെ പിടിച്ചിരുത്തുന്ന ആകര്‍ഷണീയതയും മര്യാദയും അദ്ദേഹത്തിന്റെ സംസാരത്തിനുണ്ടായിരുന്നു. ഒരിക്കല്‍ രാത്രിയില്‍ അദ്ദേഹം പ്രവാചകന്റെ പിന്നില്‍ നമസ്‌കരിച്ചു. ശേഷം പ്രവാചകന്‍ അവനെയെടുത്ത് മുന്നില്‍ വെച്ച് നമസ്‌കരിക്കാന്‍ നിര്‍ദേശിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ തുടരാനും. ഇത് കണ്ട ഇബ്‌നു അബ്ബാസ് പിന്മാറി. പ്രവാചകന്‍ ചോദിച്ചു.’ഞാന്‍ നിന്നെ തുടരാന്‍ ഉദ്ദേശിക്കുകയും നീയാവട്ടെ ഒഴിഞ്ഞ് മാറുകയും ചെയ്യുകയോ?’ ഞാന്‍ പറഞ്ഞു. ‘അല്ലയോ ദൂതരെ, താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനായിരിക്കെ ഞാനെങ്ങനെ താങ്കളുടെ മുമ്പില്‍ നമസ്‌കരിക്കും?’ ഇത് കേട്ട തിരുദൂതര്‍ ആ ബാലന്റെ പക്വതയില്‍ സന്തോഷിക്കുകയും അവന് വിജ്ഞാനവും ഗ്രാഹ്യശേഷിയും വര്‍ദ്ധിപ്പിച്ച് തരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി.’ അഹ്മദ്. അദ്ദേഹം നല്‍കിയ ഈ മറുപടി തന്റെ പതിമൂന്നാം വയസ്സിലായിരുന്നുവെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഭാവിയെകുറിച്ച അശ്രദ്ധയും സംഭവലോകത്തെ കുറിച്ച് അജ്ഞതയും, വിനോദത്തില്‍ ഏര്‍പെടുത്തിലുള്ള താല്‍പര്യവും യുവാക്കളില്‍ ധാരാളമായി കാണപ്പെടുന്നതാണ്. പരമാവധി ആസ്വദിക്കുക, ഭാവിയിലേക്ക് നോക്കാതിരിക്കുക എന്നതാണ് അവരുടെ പ്രഖ്യാപിതനയം പോലും. ഈയൊരു വൃത്തത്തില്‍ നിന്നും പുറത്ത് കടന്ന് ഭാവിയെ കുറിച്ച് ചിന്തിച്ച, പ്രയോജനപ്രദമായ കാര്യങ്ങളില്‍ മുഴുകി, മറ്റ് സുഹൃത്തുക്കളില്‍ നിന്നും വേറിട്ട് വ്യവസ്ഥാപിത ജീവിതം നയിച്ചവര്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം നേടിക്കുകയും ചെയ്യും. ഇപ്രകാരമായിരുന്നു ഇബ്‌നു അബ്ബാസ്(റ). വര്‍ത്തമാന ലോകത്തിന്റെ അലങ്കാരത്തില്‍ വഞ്ചിതനാവാതെ ഭാവിയെ കൃത്യമായി വിലയിരുത്തുകയും തെറ്റില്‍ നിന്നും പാഴ്പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയതു. വിജ്ഞാനം തേടി യാതൊരു മടുപ്പുമില്ലാതെ കഠിനാദ്ധ്വാനം ചെയ്ത അദ്ദേഹം ഒരു രസകരമായ കഥ പറഞ്ഞു തരുന്നു. ‘പ്രവാചകന്‍ തിരുമേനി (സ) വഫാത്തായതോടെ ഞാന്‍ അന്‍സ്വാരികളില്‍ പെട്ട ഒരാളോട് ഇങ്ങനെ പറഞ്ഞു. നമുക്ക് പ്രവാചകാനുചരന്‍മാരോട് ചോദിച്ച് വിജ്ഞാനം നേടാം. അവര്‍ ധാരാളമുണ്ടല്ലോ. അദ്ദേഹം പറഞ്ഞു. ‘വല്ലാത്തൊരത്ഭുതമാണല്ലോ ഇബ്‌നു അബ്ബാസ്, സ്വഹാബാക്കള്‍ ഉള്‍പെടെ ജനങ്ങളെല്ലാം താങ്കളോട് ചോദിക്കാനാണ് നില്‍ക്കുന്നത്.’ അദ്ദേഹം പിന്മാറി. ഏതെങ്കിലും ഒരാളുടെ അടുത്ത് വല്ല ഹദീസുമുണ്ടെന്നറിഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് അത് നേടിയെടുക്കുമായിരുന്നു. ഇങ്ങനെ ഞാന്‍ ഹദീസ് സ്വീകരിച്ചവര്‍ പിന്നീട് കാണുന്നത് വിജ്ഞാനത്തിന് വേണ്ടി ജനങ്ങള്‍ എന്നെ പൊതിയുന്നതാണ്. എന്നിട്ട് അവര്‍ പറയും. ഈ കുട്ടി ഞങ്ങളെക്കാള്‍ ബുദ്ധിയുള്ളവനായിരുന്നുവെന്ന്.’

വിജ്ഞാനം തേടുന്നതിലും ഉറപ്പ് വരുത്തുന്നതിലും അദ്ദേഹത്തിന് സ്വന്തമായ രീതി തന്നെ ഉണ്ടായിരുന്നു. ധാരാളം സഹാബാക്കളില്‍ നിന്നുമദ്ദേഹം വിജ്ഞാനം സമ്പാദിച്ചു. മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. ഒരു കാര്യം ചില സന്ദര്‍ഭങ്ങളില്‍ മുപ്പതിലധികം സഹാബാക്കളോട് ഞാന്‍ ചോദിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു.
എങ്ങനെയാണ് ഇത്രയും വിജ്ഞാനം സമ്പാദിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. ‘ചോദ്യങ്ങള്‍ ചോദിക്കുന്ന നാവും, കാര്യങ്ങള്‍ ഗ്രഹിക്കുന്ന ഹൃദയവുമാണ് അതിന് സഹായിച്ചത്.’. അന്‍സ്വാരികളിലും മുഹാജിറുകളിലുംപെട്ട മഹാന്മരായ സഹാബാക്കളുടെ കൂടെകൂടുകയാണ് ഞാന്‍ ചെയ്തിരുന്നത്.’

ആ ബാലന്‍ വളര്‍ന്നു. കൂടെ അവന്റെ ബുദ്ധിയും വിജ്ഞാനവും വികസിച്ചു. തന്നെക്കാള്‍ പ്രായമുള്ള സ്വഹാബാക്കളെ വിജ്ഞാനത്തില്‍ അദ്ദേഹം കടത്തിവെട്ടി. അവരെല്ലാം അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍ അത്ഭുതം കൂറി. ഇരുപതിനോടടുത്ത പ്രായത്തില്‍ തന്നെ അവരദ്ദേഹത്തെ അംഗീകരിച്ചു. ഒരിക്കല്‍ ഉമര്‍ (റ) അദ്ദേഹത്തോട് പറഞ്ഞുവത്രെ. ‘ഞങ്ങള്‍ക്കറിയാത്ത വിജ്ഞാനം പോലും താങ്കള്‍ നേടിയെടുത്തിരിക്കുന്നു’. അബ്ദുല്ലാഹി ബ്‌നു മസ്ഊദ് (റ) പറയുന്നു. ‘അദ്ദേഹമെങ്ങാനും ഞങ്ങളുടെ പ്രായക്കാരനായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പത്തിലൊന്ന് വിജ്ഞാനം ഞങ്ങളില്‍ ആരും ആര്‍ജിക്കുമായിരുന്നില്ല’.
വിജ്ഞാനമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയ രാഷ്ട്രീയ നയമായിരുന്നു ഉമര്‍(റ)വിന്റേത്. ഇബ്‌നു അബ്ബാസ്(റ)ന്റെ ബുദ്ധി കൂര്‍മ്മതയും അഭിപ്രായ സുബദ്ധതയും പാണ്ഡിത്യവും ബോധ്യപ്പെട്ട ഉമര്‍(റ) അദ്ദേഹത്തെ സ്വന്തക്കാരനാക്കി മാറ്റി. യുവാവായിരിക്കേ തന്നെ മറ്റ് പ്രായം കൂടി പ്രവാചകാനുചരന്‍മാരേക്കാള്‍ മുന്‍ഗണന നല്‍കി. യഅ്ഖൂബ് ബ്‌നു സൈദ് പറയുന്നു. ‘ഉമര്‍(റ)നെ എന്തെങ്കിലും പ്രശ്‌നം അലട്ടിയാല്‍ ഇബ്‌നു അബ്ബാസ്(റ) നോടായിരുന്നു അഭിപ്രായം തേടിയിരുന്നത്.
ഉമര്‍(റ) ഇബ്‌നു അബ്ബാസ്(റ)ന്റെ കൂടെകൂടിയിരുന്നത് കൂടിയാലോചനക്കായിരുന്നുവെന്ന് വ്യക്തം. അതിനാല്‍ തന്നെ ഇബ്‌നു അബ്ബാസ്(റ) രോഗിയായിപ്പോള്‍ അദ്ദേഹം സന്ദര്‍ശിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ‘താങ്കളുടെ രോഗം നമുക്കിടയില്‍ വിടവുണ്ടാക്കിയിരിക്കുന്നു. അല്ലാഹു സഹായിക്കുമാറാവട്ടെ’.

ഉമര്‍(റ)വിന്റെ അടുത്ത് അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയും ചെറുപ്രായത്തില്‍ തന്നെ ധാരാളമായി അദ്ദേഹത്തോട് കൂടിയാലോചന നടത്തിയതും മറ്റ് ചിലരുടെ അനിഷ്ടത്തിന് കാരണമായി. അവര്‍ തങ്ങളുടെയും അദ്ദേഹത്തിന്റെയും പ്രായവും അനുഭവവും തമ്മില്‍ തുലനം നടത്തിയതിന്റെ ഫലമായിരുന്നു അത്. അത് കൊണ്ട് തന്നെ ഇബ്‌നു അബ്ബാസിനെ എന്ത് കൊണ്ട് കൂടുതല്‍ പരിഗണിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ഉമര്‍(റ) ഉദ്ദേശിച്ചു. ഇബനു അബ്ബാസ്(റ) തന്നെ പറയുന്നു ‘ബദ്‌റിലെ സഹാബാക്കളോടൊന്നിച്ച് ഉമര്‍(റ) എന്നെ ഇരുത്താറുണ്ടായിരുന്നു. അവരില്‍ ചിലര്‍ ചോദിച്ചു. ‘എന്തിനാണ് ഈ യുവാവിനെ നമ്മുടെ കൂടെ ഇരുത്തുന്നത്. ഞങ്ങള്‍ക്കും ഇത്‌പോലുള്ള സന്താനങ്ങളുണ്ടല്ലോ’. അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ക്കറിയാമല്ലോ അവനെ’. ഒരു ദിവസം അദ്ദേഹം എന്നെയും മറ്റ് സഹാബാക്കളെയും ആളയച്ച് വിളിപ്പിച്ചു. അദ്ദേഹം എല്ലാവരോടുമായും ചോദിച്ചു. ‘സൂറത്തുന്നസ്്വറിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? ചിലര്‍ പറഞ്ഞു. ‘വിജയം ലഭിച്ചാല്‍ അല്ലാഹുവിനെ സ്തുതിക്കാനും പൊറുക്കലിനെ തേടാനും നാം കല്‍പിക്കപ്പെട്ടിരിക്കുന്നു’. ചിലര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്കറിയില്ല’. അപ്പോള്‍ അദ്ദേഹം എന്നോടായി ചോദിച്ചു. ‘അല്ലയോ ഇബ്‌നു അബ്ബാസ്, താങ്കള്‍ക്കെന്താണ് പറയാനുള്ളത്?’ ഇത് പ്രവാചകന്‍ തിരുമേനിയുടെ വിയോഗത്തെയാണ് സൂചിപ്പിക്കുന്നത്’ അപ്പോള്‍ ഉമര്‍(റ) പറഞ്ഞു. ‘താങ്കള്‍ പറഞ്ഞത് തന്നെയാണ് എനിക്കും അറിയുക’. (ബുഖാരി).

അദ്ദേഹം ചെറിയ ബാലനായിരിക്കെ തന്നെ ചില താബിഉകള്‍ അദ്ദേഹത്തോട് സഹവസിക്കാറുണ്ടായിരുന്നു. പ്രമുഖ താബിഇയായിരുന്ന ത്വാഊസനോട് ഇപ്രകാരം ചോദിക്കപ്പെട്ടു.’പ്രഗല്‍ഭരായ സ്വഹാബാക്കളെ ഒഴിവാക്കി ഈ ബാലന്റെ കൂടെയാണല്ലോ താങ്കള്‍ നടക്കുന്നത്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘എഴുപതോളം പ്രവാചകാനുചരന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ഇബ്‌നു അബ്ബാസിന്റെ അഭിപ്രായമാണ് സ്വീകരിക്കാറ്’. പ്രമുഖ താബിഈയായ മുജാഹിദ് ഇപ്രകാരം പറയുന്നു. ‘ഇബ്‌നു അബ്ബാസിന്റെ ഫത്‌വയാണ് ഏറ്റവും ഉത്തമമായത്.’

സമയം നഷ്ടപ്പെടുത്താതെ തന്റെ യുവത്വം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയതിന്റെ ഫലമായിരുന്നു അദ്ദേഹത്തിന് കൈവന്ന ഈ മഹത്തായ സ്ഥാനം. അല്ലാഹു നല്‍കിയ കഴിവുകള്‍ ഉപയോഗപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തത് മുഖേനയായിരുന്നു അത്. ഇബ്‌നു അബീ മുലൈക പറയുന്നു. ‘ഞാന്‍ ഇബ്‌നു അബ്ബാസ്(റ)ന്റെ കൂടെ മക്കയില്‍ നിന്നും മദീനയിലേക്ക് യാത്രപോയി. എവിടെയെങ്കിലും തമ്പടിച്ചാല്‍ രാത്രിയുടെ അന്തിയാമങ്ങളില്‍ എഴുന്നേറ്റ് സൂറത്ത് ഖാഫിലെ മരണവുമായി ബന്ധപ്പെട്ട ആയത്തുകള്‍ കരഞ്ഞ് കൊണ്ട് ഈണത്തോടെ പാരായണം ചെയ്യാറുണ്ടായിരുന്നു.’
ഇസ്‌ലാമിക ചരിത്രത്തിലെ മഹത്തുക്കള്‍ എങ്ങനെയാണ് തങ്ങളുടെ യുവത്വം ചെലവഴിച്ചതെന്ന് നമ്മുടെ യുവാക്കള്‍ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. യുവാക്കളുടെ കഴിവും ശക്തിയും പാഴാക്കിയതിലൂടെയാണ് നമ്മുടെ സമൂഹം പിന്നാക്കം നിന്ന് പോയത്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles